Image

തുറക്കാത്ത നിലവറ - (കഥ: പ്രൊഫ.ലീല മേരി കോശി)

Published on 26 April, 2020
തുറക്കാത്ത നിലവറ - (കഥ: പ്രൊഫ.ലീല മേരി കോശി)


     വാതിൽ പഴുതിലൂടെയായിരുന്നു ആദ്യ കാഴ്ച. ചവിട്ടുപടി കയറുന്ന വെളുത്ത കാല്പാദം;  ബാറ്റായുടെ കറുത്ത ലെതർ കോവാഡീസ് ചെരുപ്പ്; കസവുകരയുള്ള വേഷ്ടി; ഫീജീ സിൽക്ക് ജൂബ്ബ!
മുഖം കാണാൻ സാധിച്ചില്ല. അതിനുമുൻപ് അമ്മായി  പിടിച്ചു മാറ്റി. 
   കറുത്തകട്ടിമീശയുള്ള  മുഖവും, നെറ്റിയിലേക്ക് പാറി വീഴുന്ന തലമുടിയും കണ്ടത് ചായ പകർന്നു നൽകിയപ്പോഴാണ്. ഇഷ്ടമായി. സുമുഖൻ! 
     തേയിലതോട്ടങ്ങളുടെ നാട്ടിൽ നിന്നും, കടലും, കായലും,ചൊരിമണലും, നെൽപ്പാടങ്ങളുമുള്ള ആലപ്പുഴ ജില്ലയിലേക്ക്, ആ ദീർഘകായന്റെ മണവാട്ടിയായി കൈപിടിച്ചുയാത്രയായി; നെല്ലും എള്ളും മാറിമാറി വിളയുന്ന പാടശേഖരത്തിനുനടുവിൽ, പ്ലാവും, മാവും,മരച്ചീനിക്കാടുകളുമുള്ള തറവാട്ടിലേക്ക്. നാട്ടലെ പ്രമാണിമാരാണ്.
വൈകാതെ അറബിനാട്ടിലേക്ക് പറന്നു. അവിടെയും പ്രാമാണിത്തമുള്ള പദവി. 
    പണവും പ്രതാപവും മനം മയക്കി. ദിവസങ്ങളും മാസങ്ങളും കടന്നുപോയപ്പോൾ മനസ്സുകലങ്ങി. പരിശോധനകളുടെ നീണ്ട നാളുകൾ. കയ്ക്കുന്നസതൄം ! സന്താനഭാഗൄം ഇല്ല! 
ജീവിതസാഫലൄത്തിന് ലക്ഷ്യമില്ല.പ്രതീക്ഷക്ക് വകയില്ല.
    നിരാശയിൽ ഇരുവരും  മുങ്ങിപ്പോയില്ല. സഹോദരങ്ങൾക്കുവേണ്ടി അധ്വാനിക്കുന്നവരായി; ലോകത്തിന്റെ ഓരോകോണുകളിലേക്കും വിനോദയാത്ര പോയി. ഇഷ്ടപ്പെടുന്നതെല്ലാം വാങ്ങിക്കൂട്ടി. നീണ്ട വിദേശവാസം ആസ്വദിക്കാൻ പഠിച്ചു.
കുടുംബ വീട് ഇളയസഹോദരനായി ഇഷ്ടദാനം ചെയ്തു. സ്വന്തമായി വാങ്ങിയ ഭൂമിയിൽ ഇഷ്ടാനുസരണം വിശാലമായ സൗധം പണിതുയർത്തി. സഞ്ചരിച്ച ഇടങ്ങളുടെ ചിത്രങ്ങളും വാങ്ങിക്കൂട്ടിയ മനോഹരവസ്തുക്കളുടെ ശേഖരവും പ്രദർശിപ്പിക്കാനൊരിടമായി ഒരുവീട്!
   കരയുന്ന മനസ്സിന് മൂടുപടമിട്ട് ഉദ്യോഗവും സഞ്ചാരങ്ങളുമായി നീണ്ട പ്രവാസകാലം!പുഴ ഒഴുകുന്നത് താഴേക്കല്ലേ? ജീവിതവും താഴേക്ക്താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു. എല്ലാത്തിനും അറുതിയുണ്ടല്ലൊ. എല്ലാം മതിയാക്കി ഒടുവിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ പണവും പ്രതാപവും മാത്രം ബാക്കി. 
   നാട്ടുകാർക്കും, ചാർച്ചക്കാർക്കും, പള്ളിക്കാർക്കും എന്തിനും ഏതിനും കൈത്താങ്ങായി കൂടെനിന്നു. എങ്ങോട്ടു തിരിഞ്ഞാലും അച്ചാച്ചൻ സഹായിച്ചവർ! അച്ചാച്ചന്റെ കയ്യൊപ്പുള്ള സംരംഭങ്ങൾ!
വിശ്രമമില്ലാതെ ജീവിതസായാഹ്നം ആസ്വദിക്കുന്ന ഇണപ്രാവുകൾ! മറ്റുള്ളവർ അസൂയപ്പെട്ടേക്കാവുന്ന ജീവിതം!
   ഹൊ! ഞെട്ടലോടെയാണ് അത് തിരിച്ചറിഞ്ഞത്.
  അച്ചാച്ചന്റെ ഓർമ്മ ചിതറിപ്പോകുന്നു. ദിനചര്യകൾ മറന്നുപോകുന്നു. വെറുതെ ചടഞ്ഞുകൂടി ഇരുന്ന് മയങ്ങിപ്പോകുന്നു. ഭക്ഷണം ഇറക്കാൻ മറന്നുപോകുന്നു. കാര്യം എന്താണെന്ന് ആകുലപ്പെട്ടു തുടങ്ങിയപ്പോഴാണ് ആ സംഭവം ഉണ്ടായത്.
   സായാഹ്നനടത്തത്തിൽ വഴി തെറ്റി അലഞ്ഞുതിരിഞ്ഞു. ഭാഗ്യം! അയൽവാസി വീട്ടിലെത്തിച്ചു. അച്ചാച്ചന്റെ
നിസ്സംഗഭാവംകണ്ട് പരാഭ്രമിച്ചുപോയി.
    പരിശോധനകൾക്കൊടുവിൽ ആ സത്യം തിരിച്ചറിഞ്ഞു. 
മറവിരോഗം!
കാക്കയും പരുന്തും റാഞ്ചിക്കൊണ്ടുപോകാതെ തള്ളക്കോഴി കുഞ്ഞുങ്ങൾക്ക് കാവലാകുന്നതുപോലെ, കണ്ണുചിമ്മാതെ അച്ചാച്ചന് കാവലാളായി.
  സന്തോഷദിനങ്ങൾക്ക് അറുതി കല്പിച്ചിരിക്കുന്നു.
   ഇടയ്ക്കിടെയുള്ള ആശുപത്രിവാസവും, സന്തോഷം കല്ലിച്ചുപോയ ഭവനാന്തരീക്ഷവും ജീവിതത്തിന്റെ പ്രകാശം കെടുത്തിക്കളഞ്ഞു.
   അച്ചാച്ചന്റെ മനസ്സിലെ വെട്ടം മാത്രമല്ല; ജീവിതത്തിന്റെ മുഴുവൻ വെട്ടവും കെടുത്തിക്കളഞ്ഞ മറവിരോഗം!
   ഇതാ, ഇപ്പോൾ അച്ചാച്ചൻ ഈ കിടപ്പാണ്. ദീർഘകായനായ, കറുത്തകട്ടിമീശയുള്ള, നെറ്റിയിലേക്കുവീഴുന്ന തലമുടി ഇടയ്ക്കിടെ പുറകോട്ടൊതുക്കുന്നശീലമുള്ള ആ സുന്ദരൻ, ഇതാ എല്ലിച്ച്, മൂക്കിലൂടെ ട്യൂബിട്ട്, മൂത്രസഞ്ചിയുമായി,
ഇഞ്ചെക്ഷനെടുക്കാൻ കൈത്തണ്ടയിൽ കാനുല കുത്തി വെറും പേക്കോലമായി കടക്കുന്നു. നേർത്തപുതപ്പിട്ടു മറച്ചിരിക്കുന്ന എല്ലുങ്കോലും! ഉരിയാട്ടമില്ലാത്ത എല്ലിൻകുട്!
    ഓർമ്മകൾ അടുക്കടുക്കായി സൂക്ഷിച്ചിരുന്ന, കംപ്യൂട്ടറിനെ വെല്ലുന്ന ആ മനസ്സ് ചുരുണ്ടുപോയിരിക്കുന്നു. കുറച്ചു നാൾ മുൻപുവരെ പാതിവഴിവന്ന ഓർമ്മകൾ അറച്ചുനിന്ന് തപ്പിത്തടഞ്ഞു. പിന്നെ എല്ലാം മങ്ങി, വെയിലിൽ ആവിയാകുന്ന മഞ്ഞുതുള്ളിപോലെ ആ ഓർമ്മകൾ മാഞ്ഞു പോകുന്നു.
   ' അച്ചാച്ചാ' എന്ന് ആവർത്തിച്ചു വിളിക്കുമ്പോൾ പ്രകാശമില്ലാത്ത കണ്ണുകൾ ആയാസപ്പെട്ട് തുറക്കും. 
'അച്ചാച്ചാ' എന്ന വിളി ഓർമ്മകളുടെ നിലവറയിൽ പ്രകാശം പരത്തുന്നുണ്ടോ? 
  ഇണയായി തുണയായി കൈകോർത്തു നടന്ന വഴികളും, ആസ്വദിച്ച സഞ്ചാരങ്ങളും ഉൾത്തടത്തിൽ മഞ്ഞുവീണുറഞ്ഞു കിടപ്പുണ്ടോ? 
വെറുതെ മോഹിച്ചു പോകുന്നു.
   ഒരിക്കലും വിടരാത്ത സ്വപ്നവുമായി അരികത്തിരിപ്പാണ്.
    അച്ചാച്ചന്റെ മനസ്സിന്റെ നിലവറ തുറക്കാനുള്ള താക്കോലിനായി മോഹിച്ച് അറുതിയില്ലാത്ത കാത്തിരിപ്പ്.
Join WhatsApp News
Dr. Tress Radhakrishnan 2020-04-26 01:42:03
Short, cute, crispy and touchy. Nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക