Image

നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)

Published on 26 April, 2020
നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)
അതിജീവനത്തിന്റെ ബാലപാഠം ലോകം ജപ്പാനില്‍ നിന്ന് പഠിക്കണം. ഒന്നാം ലോക രാഷ്രങ്ങളില്‍ ഒന്നാമത്തേതായിട്ടും അവര്‍ നേരിടാത്ത ദുരന്തങ്ങള്‍ ഇല്ല. ഭൂകമ്പങ്ങള്‍, ചുഴലിക്കാറ്റുകള്‍, സുനാമികള്‍, പ്രളയങ്ങള്‍, ന്യുക്ലിയര്‍ അപകടങ്ങള്‍, ഇപ്പോഴിതാ കൊറോണ.

സാമുറായിക്കാലത്ത് ഉഗ്രപ്രതാപികള്‍ ആയിരുന്നു. ലോകം കീഴടക്കാനുള്ള മോഹം അണുബോംബ് വീണതോടെ തകകര്‍ന്നടിഞ്ഞു. എന്നിട്ടും രണ്ടാം ലോകമഹാ യുദ്ധത്തിന്റെ കനലുകള്‍ ചവുട്ടി അവര്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു. ഹിറ്റാച്ചിയും മിത്സുബിഷിയും ടോയോട്ടയും സോണിയും പാനാസോണിക്കും ഷിങ്കാന്‍സെനും ലോകം കീഴടക്കി.

മരിച്ച 28,000 ഭാരതീയര്‍ക്കു വേണ്ടി യോക്കൊഹാമയില്‍ ഉയര്‍ത്തിയ സ്മാരകം അവിടത്തെ മലയാളി ബാങ്ക് ഓഫീസര്‍ സുരേഷ് ലാല്‍ കൊണ്ടുനടന്നു കാണിച്ചത് എങ്ങിനെ മറക്കാന്‍!കഴിയും! ജപ്പാനിലെ മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ആദ്യത്തെ കരു നീക്കിയ ആളാണ് തൃശൂര്‍ സ്വദേശി സുരേഷ്.

ജപ്പാനിലെ ഇന്‍ഡ്യാക്കാര്‍ മുന്‍കൈയെടുത്ത് യോക്കൊഹാമ തുറമുഖത്തോടു ചേര്‍ന്നുള്ള യമാഷിറ്റാ പാര്‍ക്കില്‍ നിര്‍മ്മിച്ച സ്മാരക ജലധാര 2010 ല്‍ അംബാസഡര്‍ സുജന്‍ ചിനോയ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രവും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

ഇന്ന് ജപ്പാനില്‍ നാല്‍പതിനായിരം ഭാരതീയര്‍ ഉണ്ടെന്നാണ് അവരില്‍ മികവ് കാട്ടിയ പുരാണിക് യോഗേന്ദ്ര എന്ന പൂനാക്കാരനെക്കുറിച്ചുള്ള എന്‍എച് കെ ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു കേട്ടത്. ആള്‍ ചില്ലറക്കാരനല്ല. ജപ്പാനില്‍ പൊതുതെരെഞ്ഞെടുപ്പിലൂടെ സിറ്റി ഭരണസമിതിയില്‍ അംഗമായ ആദ്യത്തെ ഇന്‍ഡ്യാക്കാരന്‍. ടോക്കിയോക്കടുത്തുള്ള എഡോഗാവ സിറ്റിയിലാണ് ഈ അത്ഭുതം നടന്നത്.

യോഗി എന്ന് ഓമനപ്പേരുള്ള യോഗേന്ദ്ര (43 ) കംപ്യൂട്ടര്‍ പഠിക്കാനാണ് ഇരുപതു വര്‍ഷം മുമ്പ് ജപ്പാനില്‍ എത്തിയത്. ഐറ്റിജോലിക്കിടെ മാനേജ്മെന്റ് സയന്‍സും പഠിച്ചു. മിസുഹോ എന്ന ജാപ്പനീസ് ബാങ്കില്‍ വൈസ് പ്രസിഡന്റ് വരെയായി ഉയര്‍ന്നു. ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്ന പ്രൊഫ. ഷാങ് ഷെയെ വിവാഹം ചെയ്തു. ചിന്‍മോയ് എന്നൊരു പുത്രനുണ്ട്. പത്തുവര്‍ഷമായി ഫുള്‍ടൈം രാഷ്ട്രീയം.
.
യോഗി വൈസ് പ്രസിഡന്റ് ആയിരുന്ന മിസുഹോ ബാങ്കിനു ന്യൂ യോര്‍ക്കില്‍ മന്‍ഹാട്ടനില്‍ പ്രധാനപ്പെട്ട ഒരു ശാഖയുണ്ട്. അവിടെ ഐറ്റി വിഭാഗത്തിലെ രണ്ടു ജീവനക്കാര്‍ കോവിഡിന് ഇരയായി എന്ന് ബാങ്ക് സിഇഒ ഖേദപൂര്‍വം ലോകത്തെ അറിയിച്ചു. കൊറോണയുടെ അമേരിക്കന്‍ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക് സിറ്റിയില്‍ ഇതിനകം 20,354 പേരാണ് മരിച്ചത്. അമേരിക്കയില്‍ ആകെ മരണം 55000 കവിഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍. അമേരിക്ക ഫസ്റ്റ് എന്നാണല്ലോ ട്രംപിന്റെ മുദ്രാവാക്യം!

കൊറോണയുടെ തുടക്കം ചൈനയാണല്ലോ. ഇന്നും 4632 പേരുടെ മരണവുമായി ഈസ്‌റ് ഏഷ്യയില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. അവരാണ്. ചൈനയില്‍ നിന്നാണ് ജപ്പാനില്‍ കൊറോണ എത്തിയത്. 400 പേര്‍ മരിച്ച ജപ്പാന്‍ ഈസ്‌റ് ഏഷ്യയില്‍ രണ്ടാമതാണ്. പക്ഷെ ആഗോള കണക്കു എടുക്കുമ്പോള്‍ അത് ഒന്നുമല്ല. മരണം അമ്പതിനായിരം കവിഞ്ഞ യുഎസും, 27,000 ആയ ഇറ്റലിയും 23,000 മരിച്ച സ്‌പെയിനും 20,000 കവിഞ്ഞ ബ്രിട്ടനുമാണല്ലോ അഗ്രഗണ്യര്‍.

നൂറ്റിമുപ്പത്തഞ്ചു കോടിജനവുമായി മരണം 900 ല്‍ പിടിച്ചു നിര്‍ത്തിയ ഇന്ത്യയും പന്ത്രണ്ടര കോടി ജനവുമായി മരണം 400 ല്‍ ഒതുക്കിയ ജപ്പാനും ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം ഏറ്റു വാങ്ങിയിരിക്കയാണല്ലോ.. എന്നാല്‍ രണ്ടു രാജ്യങ്ങളുടെയും മുന്‍മ്പില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ന്നു നില്‍ക്കുന്നു.

മൂന്നരക്കോടി ജനമുള്ള കേരളം മരണസംഖ്യ വെറും മൂന്നില്‍ ഒതുക്കിയത് പ്രശംസാര്‍ഹ മായ കാര്യക്ഷമതയും ആരോഗ്യ പരിരക്ഷയുമാണെന്നു വ്യക്തം. ജപ്പാനെ രക്ഷിച്ചതും ഇത് രണ്ടുമാണ്. കേരളത്തെ പ്പോലെ നൂറു ശതമാനം സാക്ഷരതയുള്ള നാടാണ് ജപ്പാന്‍. യോമിയുരി ഷിംബുണ്‍, അസാഹി ഷിംബുണ്‍ എന്നീ പത്രങ്ങള്‍ക്കു കോടിയോടടുത്ത് പ്രചാരമുണ്ട്.

ജപ്പാനില്‍ പര്യടനം നടത്തിയ കാലത്തൊക്കെ ഞങ്ങളെ സ്പര്‍ശിച്ച ഒരു കാര്യം ധാരാളം പേര്‍ പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ മുഖാവരണം ധരിച്ചിരുന്നു എന്നതാണ്. വിമാനത്തിലും ട്രെയിനിലും ബസിലും തെരുവിലും അങ്ങനെ തന്നെ. ഭൂകമ്പങ്ങള്‍ പോലുള്ള ദുരന്തങ്ങളില്‍ തകര്‍ന്നു വീഴുന്ന കെട്ടിടങ്ങളില്‍ നിന്നുള്ള പൊടിപടല
ങ്ങളില്‍ നിന്നു രക്ഷപ്പെടാനാണത്രെ അവര്‍ ആദ്യം മാസ്‌ക് ധരിച്ച് തുടങ്ങിയത്. സെഡാര്‍ പോലുള്ള മരങ്ങള്‍ പൂക്കുമ്പോഴുള്ള പൂമ്പൊടിയും അകറ്റേണ്ടിയിരുന്നു.

മഞ്ഞും മഴയും ശീതക്കാറ്റും കാരണം ജപ്പാനില്‍ ഫ്‌ലൂവും പനിയും ന്യൂമോണിയയും മാറിമാറി വരും. അവയുടെ അണുക്കള്‍ തങ്ങളിലേക്ക് പകരാതിരിക്കാനും അന്യര്‍ക്ക് കൊടുക്കാതിരിക്കാനും മാസ്‌ക് സഹായിക്കുന്നു. ഈ ശീലം പണ്ടേ ഉള്ളതിനാല്‍ രാജ്യം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയോ ദൂര പരിപാലനമോ ജപ്പാന്‍ക്കാര്‍ക്കു പുത്തരിയല്ല. ഒരിക്കലും വീടിനു പുറത്തിറങ്ങാത്ത ഹിക്കിക്കോമോറി എന്നൊരു ജനവിഭാഗം തന്നെ ജപ്പാനില്‍ ഉണ്ടെന്നു പല്ലവി അയ്യര്‍ ദി ഹിന്ദുവില്‍ എഴുതിയ ലേഖനനത്തില്‍ പറയുന്നു. അവര്‍ പത്തുലക്ഷം വരുമത്രെ.

തെരുവിലായാലും വാഹനത്തിലായാലും അധികം സംസാരിക്കുന്ന രീതി ജപ്പാന്‍കാര്‍ക്കില്ല. തലകുനിച്ച് വന്ദി ക്കും എന്നല്ലാതെ കൈകൊടുപ്പോ ആലിംഗനമോ ഇല്ല. മിക്കപ്പോഴും മൊബൈല്‍ നോക്കുകയോ, സന്ദേശം വായിക്കുകയോ അയക്കുകയോ ആയിരിക്കും. ട്രെയിനില്‍ ആണെങ്കില്‍ സംസാരമില്ല, കംപാര്‍ട്‌മെന്റില്‍ എതിര്‍വശത്ത് ഇരിക്കുന്ന ആളുമായി മൊബൈലില്‍ ചാറ്റും.

ജപ്പാന്റെ വലിയ തലവേദന അവിടെ മരണം കുറഞ്ഞിരിക്കുന്നു എന്നതാണ്. നൂറു കവിഞ്ഞവര്‍ നൂറുകണക്കിന്. തൊണ്ണൂറു കവിഞ്ഞവര്‍ ആയിരക്കണക്കിന്. 80 കഴിഞ്ഞവര്‍ ലക്ഷക്കണക്കിന്. അദ്ധ്വാന ശീലവും സമീകൃത ഭക്ഷണനവും മികച്ച ആരോഗ്യ പരിരക്ഷയുമാണ് കാരണം. ജനനവും കുറഞ്ഞു. വിവാഹം കഴിക്കുന്ന വരില്‍ നല്ലൊരു പങ്കിനും കുട്ടികള്‍ വേണ്ട. പൂച്ചയേയും പട്ടിയെയും മതി.

പ്രായമായവരെ നോക്കാന്‍ ആളില്ലെന്നതു വലിയ പ്രശ്‌നം ആയിട്ടുണ്ട്. വൃദ്ധജനങ്ങളെ സഹായിക്കാന്‍ റോബോട്ടുകളെ ഇറക്കി. പക്ഷെ അവ പൂര്‍ണമായും മനുഷ്യന് പകരമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. മലയാള സിനിമയില്‍ കണ്ട ആന്‍ഡ്രോയിഡ് കുഞ്ഞപ്പനെപ്പോലെ അവ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേറെ.

ഇരുപതാമത്തെ നൂറ്റാണ്ടിന്റെ ആദ്യ പാദം മുതല്‍ ഇന്‍ഡ്യാക്കാര്‍ ജപ്പാനില്‍ എത്തിത്തുടങ്ങി. ഗുജറാത്തി ബിസിനസ്‌കാരാണ് ആദ്യം കാല്‍ കുത്തിയത്. ബോംബയില്‍ നിന്ന് 45 ദിവസം കൊണ്ട് യോക്കൊഹാമയില്‍ നകൂരമിട്ട ഈസ്റ്റേണ്‍ ക്വീന്‍ എന്ന ബ്രിട്ടീഷ് കപ്പലില്‍ വന്നെത്തിയ ചന്ദ്രു ജി അഡ്വാനി യായിരുന്നു ഒരാള്‍. അദ്ദേഹം ഇന്ത്യ-ജപ്പാന്‍ വ്യാപാരബന്ധത്തിന്റെ അടിത്തറ പാകി.

ഇന്ത്യക്കാര്‍ അങ്കിള്‍ എന്ന് വിളിച്ചിരുന്ന ചന്ദ്രു പ്രമുഖ ജപ്പാനീസ് ബ്രാന്‍ഡുകളുടെ കയറ്റുമതിയുടെ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. 2018ല്‍ 94 ആം വയസില്‍ മരിക്കും വരെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചില്ല. ''ഞാന്‍ ഒരു ഹാമാക്കോ (യോക്കോഹാമയുടെ സന്തതി) ആണ്, അതേ സമയം ഒരു ഇന്‍ഡൊ-ജിനും (ഇന്‍ഡ്യാക്കാരന്‍) എന്ന് അദ്ദേഹം പറയുമായിരുന്നു.

ജപ്പാന്‍-ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ജഗ് മോഹന്‍ എസ് ചന്ദ്രാനയാണ് ഭാരത സമൂഹത്തിന്റെ സമാരാധ്യനായ മറ്റൊരു നേതാവ്.

രണ്ടുപതിറ്റാണ്ടായി ടോയോ സര്‍വകലാശാലയില്‍ നാനോ സയന്‍സ് പഠിപ്പിക്കുന്ന കോട്ടയത്തെ ഡോ. ഡി.ശക്തികുമാര്‍ മലയാളികളുടെ ഒരു നായകനാണ് എംബിഎ ആണെങ്കിലും ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഭാര്യ നീന മലയാളികളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നടുവിലുണ്ട്. ടോക്യോ പ്രാന്തത്തില്‍ ചിബാ പ്രവിശ്യയിലെ സുനഗോറിയി അവരുടെ വീടിനു പേര് --ദേവമംഗലം.

നിഹോം കൈരളി എന്ന (നിഹോം എന്നാല്‍ ജപ്പാന്‍) മലയാളി സമൂഹം ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ , സംഘടിപ്പിക്കുന്നു, കലാ സാംസ്‌കാരിക മത്സരങ്ങള്‍ നടത്തുന്നു, കൈരളി പുരസ്‌കാരം സമ്മാനിക്കുന്നു. താളിയോല എന്ന ഓണ്‍ലൈന്‍ മാസിക നടത്തുന്നു. കൊറോണയെ നേരിടാന്‍ വിജിലന്‍സ് ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്നു.

കുറഞ്ഞത് 1600 ആയിരം മലയാളികള്‍ ജപ്പാനില്‍ ഉണ്ടാവുമെന്നാണ് നിഹോം കൈരളിയുടെ കൊറോണ പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്ന അജയ് പീതാംബരന്‍ പറയുന്നത്. ടോക്കിയോക്കു പുറമേയുള്ള മലയാളികളെ ഒരുക്കൂട്ടാന്‍ നിഹോം അടുത്തകാലത്തു വിവിധ നഗരങ്ങളില്‍ മേഖലാ യോഗങ്ങള്‍ നടത്തുകയുണ്ടായി. തുടക്കം മുതലേ കോറോണയെ നേരിടാന്‍ മലയാളി സന്നദ്ധപ്രവര്‍ത്തകരുടെ സംഘങ്ങളെ നിഹോം നിയോഗിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ശനിയാഴ്ച്ച വീഡിയോ കോണ്‍ഫറന്‍സും നടത്തി.

മലയാളികള്‍ കൂടുതല്‍ ഉള്ളത് ടോക്കിയോ, കനഗാവ, ഒസാക്ക, നഗോയ, ടോഷിഗി, ഗുന്മ, ഫുക്കുവോക്ക എന്നിവിടങ്ങളിലാണ്. ഇവിടൊക്കെയാണ് കൂടുതാള്‍ കൊറോണ മരണവും ഉണ്ടായിട്ടുള്ളത്. ഒരു മറാട്ടിയെ വിവാഹം ചെയ്ത നമലയാളിയുടെ വീട്ടില്‍ ഭര്‍ത്താവിനും ഭാര്യക്കും കുഞ്ഞിനും കൊറോണ ബാധിച്ചതായി കേള്‍ക്കുന്നുണ്ടെന്നു അജയ് ഫോണില്‍ പറഞ്ഞു.

പാലക്കാട്ടെ കല്‍പ്പാത്തി രഥോത്സവത്തെ അനുസ്മരിപ്പിക്കുന്ന രഥോത്സവമാണ് ദക്ഷിണ ജപ്പാനിലെ കൊച്ചി നഗരത്തിലെ രഥോത്സവം. കൊയ്ത്തുത്സവങ്ങളും കെട്ടുകാഴ്ചകളും ജാപ്പനീസ് ജീവിതത്തിന്റെ അവിഭാഗ്യ ഘടകങ്ങളാണ്. എല്ലാറ്റിലും വലുത് എല്ലാകൊല്ലവുമുള്ള ചെറിബ്ലോസം ഫെസ്റ്റിവല്‍. നാടും ജനങ്ങളും ആദ്യത്തെ പൂവ് വിരിയാന്‍ കാത്തിരിക്കുന്നു.

കൊറോണ പ്രമാണിച്ച് ജനങ്ങള്‍ കൂട്ടം കൂടി ചെറിബ്ലോസം പൂമേളക്ക് എത്തരുതെന്ന അധികൃതരുടെ അഭ്യര്‍ത്ഥന ജനം തൃണവല്‍ ഗണിച്ചു. കേരളത്തിലാണെങ്കില്‍ കരുതലോടെ ആറ്റുകാല്‍ പൊങ്കാല നടത്താന്‍ അധികൃതര്‍ അനുമതി നല്‍കുകയാണ് ചെയ്തത്. സെറിബ്ലോസം എന്ന സക്കുറ പുഷ്പമേളയാണ് കൊറോണ പടരാന്‍ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ടായി. കേരളത്തില്‍ പൊങ്കാലകൊണ്ടു കുഴപ്പം ഉണ്ടായതുമില്ല.

വര്‍ഷങ്ങളോളം കാത്തുകെട്ടിയിരുന്ന ഒളിപിക്സ് അടുത്ത കൊല്ലത്തേക്ക് മാറ്റിയത് പ്രധാനമന്ത്രിഷിന്‍സു ആബെക്കും ടോക്കിയോയുടെ വനിതാ ഗവര്‍ണര്‍ യുറിക്കോ കൊയ്ക്കെക്കും ക്ഷീണമായി. ഒളിമ്പിക്‌സിനെ കവച്ചു വച്ചുകൊണ്ടു പടര്‍ന്ന ഒരു വസന്തയെ നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ജീവന്മരണ സമരം നടത്തുന്നതിനാല്‍ അടുത്ത വര്‍ഷവും മേള നടക്കുമോ ഏന് പലരും സന്ദേഹം പ്രകടിപ്പിച്ചു തുടങ്ങി.

അകിരാ കുറോസോവയെയും (ഓസ്‌കാര്‍ 1960) യാസിനാരി കവാബത്തയെയും (നൊബേല്‍, 1968) സൃഷ് ട്ടിച്ച നാടാണല്ലോ ജപ്പാന്‍. 2017 ല്‍ കാസുവോ ഇഷിഗുറോയും നൊബേല്‍ സമ്മാനം നേടിയെടുത്തു. ഇന്ത്യ ജപ്പാന്‍
കാര്‍ക്ക് അന്‍ഷുല്‍ ചൗഹാന്‍ എന്ന സംവിധായകനെയും പൈക്കോ അയ്യര്‍ എന്ന എഴുത്തുകാരനെയും സംഭാവന ചെയ്തു. അടുത്ത കാലത്തു അമല്‍ എന്ന മലയാളി എഴുത്തുകാരനെയും. ഇവരെല്ലാം ജാപ് സുന്ദരിമാരെ പരിണയിച്ചു അവിടെ കഴിയുന്നവര്‍.

യുവ സാഹിത്യകാരന്മാര്‍ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുള്ള അമല്‍ പിരപ്പന്‍കോട് വിശ്വഭാരതിയില്‍ പഠിക്കുമ്പോള്‍ കണ്ടുമുട്ടിയതാണ് കുച്ചിക്കോ തനാക്കയെ. എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം ടോക്കിയോയില്‍ വിവാഹിതരായി. താന്‍ ജോലിചയ്യുന്ന ടോക്കിയോ കെയോ ആശുപത്രിയില്‍ കുറഞ്ഞത് ഏഴു കൊറോണ ബാധിതര്‍ ഉണ്ടെന്നു അമല്‍ പറയുന്നു. രണ്ടു പേരും ജോലിക്കു പോകുന്നതിനു മുമ്പ് സാനിട്ടൈസര്‍ പൂശും. മാസ്‌ക് ധരിച്ചേ പുറത്തിറങ്ങൂ.

അതിജീവനത്തിനുള്ള ജപ്പാന്‍കാരുടെ തൃഷ്ണയെ വെല്ലു വിളിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നു അമല്‍.
നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)നാല്‍പതിനായിരം ഭാരതീയര്‍ക്കു സാമുറായി കവചം, ഈസ്റ്റേഷ്യയില്‍ ജപ്പാന്റെ ജൂഡോ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക