Image

നിലപാടുള്ള എഴുത്ത് (ദിനസരി-4: സ്വപ്ന സി. കോമ്പാത്ത്)

Published on 26 April, 2020
നിലപാടുള്ള എഴുത്ത് (ദിനസരി-4: സ്വപ്ന സി. കോമ്പാത്ത്)
സ്വന്തം കൃതിയുടെ ആധികാരികതയിൽ മാത്രമല്ല മറ്റു പല വിഷയങ്ങളിലും എഴുത്തുകാരന്റെ നിലപാട് പലപ്പോഴും ചർച്ചചെയ്യപ്പെടാറുണ്ട്.  വായനക്കാർ തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാത്ത എഴുത്തുകാരുടെ രചനകളോട് സ്വാഭാവികമായും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ നിലപാടുകൾ അമ്മയുടെ ഉദരത്തിൽ,  ഗർഭാവസ്ഥയിൽ  തന്നെ രൂപീകൃതമാകുന്നുണ്ടെന്നാണ് ശാസത്രീയമായ കണ്ടെത്തൽ.ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം ജന്മനാൽ ലഭ്യമായ പ്രതിഭയോടൊപ്പം തന്നെ കുടുംബവും സൗഹൃദവും വായനയും യാത്രകളും ഇവയെല്ലാം  ചേർന്ന അനുഭവപരിസരവും അവരുടെ രചനകളിൽ  നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കാണാം .നിലപാടുകൾ  പരിണാമ വിധേയമാകുന്ന കാഴ്ചകളും ദുർലഭമല്ല. ഒരു വ്യക്തിയിൽ രൂപം കൊള്ളുന്ന വീക്ഷണം ചില സന്ദർഭങ്ങളിൽ കൂടുതൽ ശക്തമാകുകയോ മറ്റു ചിലപ്പോൾ ദുർബലപ്പെടുകയോ ചെയ്യാം. പൊതുപ്രവർത്തകർക്കിടയിൽ ഇത് വളരെ സാധാരണമായി കണ്ടുവരുന്നതു കൊണ്ടാണ് ഇടക്കിടെ പത്രങ്ങൾക്ക് വിരുന്നായി മാറുന്ന കൂറുമാറ്റവാർത്തകൾ ഉടലെടുക്കുന്നത്.

സർഗാത്മകരചയിതാവ് എന്ന്  ശ്രദ്ധയാകർഷിക്കുന്നതിന് മുമ്പ് തന്നെ അഭിമുഖ സംഭാഷകൻ, ലേഖകൻ എന്നീ നിലകളിൽ മാധ്യമം, മലയാളം, ഭാഷാപോഷിണി, മാതൃഭൂമി ,ഇന്ത്യാ ടുഡെ തുടങ്ങിയ ആനുകാലികങ്ങളിലൂടെ മലയാളി ടി ഡി രാമകൃഷ്ണനെ  പരിചയിച്ചിരുന്നു. തമിഴ് ഈഴവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളിലൂടെ, വെറുപ്പിന്റെ / പകയുടെ പ്രത്യയശാസ്ത്രത്തെ അതിന്റെ ബഹുമുഖ സ്വാധീനത്തെ ,അത് പരാജയപ്പെടുത്താൻ ശ്രമിക്കുന്ന  സ്നേഹമുള്ള ,  കാരുണ്യമുള്ള നന്മയുള്ള  ,സമാധാനമുള്ള  ലോകത്തെ അദ്ദേഹം മറ നീക്കി പുറത്തു കൊണ്ടുവന്നിരുന്നു. ഒരു വിവർത്തകനെന്ന നിലയിൽ സാംസ്കാരിക വിനിമയത്തിന്റെ അപൂർവ്വ സാധ്യതകളെ അദ്ദേഹം ഭാഷാസ്നേഹികൾക്കു   മുന്നിൽ അവതരിപ്പിച്ചു.

 വായന, പരിചയസമ്പത്ത്, ആത്മവിശകലനം എന്നിവ   ഫിക്ഷനിലും അതോടൊപ്പം  നോൺഫിക്ഷനിലും  സർഗാത്മകനിലപാടുകളെ സ്വാധീനിക്കുന്നതെങ്ങിനെ എന്ന് വിശദീകരിക്കുന്ന 23 ലേഖനങ്ങളുടെ സമാഹാരങ്ങളാണ് ഗ്രീൻ ബുക്സ് പുറത്തിറക്കിയ കറുപ്പും വെളുപ്പും -എഴുത്തിലെ നിലപാടുകൾ എന്ന ടി ഡി രാമകൃഷ്ണൻ പുസ്തകം.  മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ , എഴുത്തുകാരന്റ  ആത്മവിശ്വാസം സ്ഫുരിക്കുന്ന വിവിധചിന്തകളും, തുറന്ന സംവാദത്തിന് ഭൂമികയാക്കാവുന്ന 23 ആശയങ്ങളുമാണിതിന്റെ ഉള്ളടക്കം.പല കാലങ്ങളിൽ, പല പല ആനുകാലികങ്ങളിലായി ചിതറിക്കിടന്നിരുന്ന ചിന്തകളുടെ ചേർത്തുവെപ്പ്.  സർഗാത്മകരചനകളിലെ തന്റെ നിലപാടാണ് ഒന്നാമത്തെ ലേഖനമായ "കോരപാപ്പന്റെ ഓരോ കളിക"ളിലൂടെ അദ്ദേഹം  വ്യക്തമാക്കുന്നത്. The characters in my novels are my own unrealised possibilities എന്ന മിലൻ കുന്ദേരയുടെ വാദത്തോടുള്ള വിയോജിപ്പാണ് സ്വന്തം കൃതികളുടെ രസതന്ത്രം മുൻനിർത്തി TD വിശദീകരിക്കുന്നത്.

" ചുറ്റുമുള്ള സമൂഹത്തിൽ നടക്കാൻ സാധ്യതയുള്ളൊരു കഥ പറയുക. ആ കഥയിലൂടെ വായനക്കാരനെ സംവാദങ്ങളുടെ അനന്ത സാധ്യതകളിലേക്ക് നയിക്കുക " എന്ന രീതിയാണ് താനിഷ്ടപ്പെടുന്നതെന്നദ്ദേഹം തുറന്നു സമ്മതിക്കുന്നു. ഇട്ടിക്കോര എതിർക്കപ്പെടുന്നതിന്റെ പ്രധാന കാരണമായി,താൻ  ആഖ്യാനത്തിൽ പരീക്ഷിച്ച ഒരു മാർഗമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. വിജയിക്കാൻ സാധ്യത തീരെക്കുറവായ ഒരു ഞാണിൽ മേൽക്കളിയാണിത് എന്നറിഞ്ഞു കൊണ്ട് നിലവിലെ മൂല്യബോധങ്ങളെ പ്രശ്നവത്കരിക്കുന്ന സാമൂഹിക,രാഷ്ട്രീയ യാഥാർഥ്യങ്ങളെ ക്രൂരവും ഹിംസാത്മകവുമായ ഫിക്ഷന്റെ സാധ്യതകളുപയോഗിച്ച് വായനനക്കാർക്ക് മുന്നിലേക്ക് തുറന്നു വെക്കുന്ന  രീതിയാണത് എന്നദ്ദേഹം സമർത്ഥിക്കുന്നു.

ആസ്തമയുടെ വലിവിനേക്കാൾ ശക്തമായി ,സാഹിത്യത്തെ പ്രാണവായു പോലെ ഉള്ളിലേക്കെടുത്ത അമ്മയും, പാട്ടിലെ പാഴ്മുളം തണ്ടുപാടിയ ശശിയും ,തന്റെ തീവ്രഇടതുപക്ഷചിന്തകളെ യാഥാസ്ഥിതികബോധത്തിലേക്ക്  തിരിച്ചുവിട്ട ഫാദർ എം.ടി ജോസഫും ഒക്കെയടങ്ങുന്ന ഹൃദയബന്ധങ്ങളിൽ നിന്ന് കൊണ്ടപ്പള്ളി സീതാരാമയ്യയും , ഐസൻസ്റ്റീനും, പാട്രിക് വൈറ്റും , ജോർജ് ഗീവർഗീസ് ജോസഫും , മാർക്വേസും, ഷോഭാശക്തിയും, രാജ് പക്സെയും, ഒബാമയും, സിസേക്കും, പുടിനും ,ലകാനും ,ദറീദയുമടങ്ങുന്ന ആഗോളബന്ധങ്ങളിലേക്ക് എഴുത്തിന്റെ വ്യാപ്തി വർധിക്കുന്നതിന്റെ തീവ്രതയാണ് ഓരോ ലേഖനങ്ങളും അനുഭവിപ്പിക്കുന്നത്. ഒന്നിനൊന്ന് മികച്ച ലേഖനങ്ങൾ .വ്യക്തിബന്ധങ്ങളിൽ നിന്ന് അതിരുകളില്ലാത്ത സാഹിത്യത്തിലേക്കും മാനവികതയുടെ ഉത്തുംഗാശയങ്ങളിലേക്കു മുള്ള പലായനം.

 ലോകരാഷ്ട്രീയത്തിന്റെ അടരുകളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഈ ലേഖനങ്ങൾ പലപ്പോഴും നമ്മുടെ അന്ത:സാര ശൂന്യതയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ഫെമിനിസത്തെ വെറുപ്പിന്റെ രാഷ്ട്രീയമായല്ലാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്ന ചിന്ത എന്തുകൊണ്ടുണ്ടാകുന്നില്ലെന്ന്  സധൈര്യം ചോദിക്കുന്ന  മറ്റൊരു എഴുത്തുകാരനെ നമ്മൾ പരിചയിച്ചിട്ടുണ്ടോ? എം.ടിയും സച്ചിദാനന്ദനും യതിയും ഭരത് മുരളിയും ഗീതാഹിരണ്യനുമെല്ലാം ആളോഹരി ആനന്ദം നൽകി ആ ലേഖനങ്ങൾക്ക് മിഴിവു പകരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മലയാളത്തിൽ വേരുകളുള്ള ആഗോളവൃക്ഷം പോലെ പടർന്നുപന്തലിക്കുന്ന ചിന്തകളുടെ കൂട്ടം. An Author of Life എഴുതിയ  Anthony T Hinks നിലപാടുകളെക്കുറിച്ച് സംസാരിക്കുന്നിടത്ത്  ഒരു ചൈനീസ് പഴമൊഴി ഉപയോഗിക്കുന്നുണ്ട്.

" To stand on a Mountain you must first Create the mountain " എന്നാണത്. അത് പ്രാവർത്തികമാക്കിയൊരു എഴുത്തുകാരനാണ് ടി ഡി രാമകൃഷ്ണൻ . നാല്പത്തിമൂന്ന് വയസ്സിനു ശേഷം എഴുതിത്തുടങ്ങിയ,  ഗോഡ്ഫാദർമാരില്ലാത്ത , വെറും നാല്  നോവലുകൾ കൊണ്ട് മലയാള സാഹിത്യത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിയ TD രാമകൃഷ്ണൻ ,അവിടെ എത്തിച്ചേർന്നത് ഋഷിതുല്യമായ ഏകാഗ്രതയോടെ  നിരന്തരം ചെയ്ത  സാധനയിലൂടെയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നിലപാടുതറയാണ്  കറുപ്പും വെളുപ്പും.
നിലപാടുള്ള എഴുത്ത് (ദിനസരി-4: സ്വപ്ന സി. കോമ്പാത്ത്)നിലപാടുള്ള എഴുത്ത് (ദിനസരി-4: സ്വപ്ന സി. കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക