Image

മറ്റൊരുത്തി (കവിത: സിന്ധു .എം)

Published on 26 April, 2020
മറ്റൊരുത്തി (കവിത: സിന്ധു .എം)
ഞാനല്ലാതെ മറ്റൊരു സ്ത്രീ
ഇവിടെ പാർക്കുന്നുണ്ട്.
അടുക്കളയിൽ നിന്ന് കിടപ്പറയിലേക്ക്
നടക്കുമ്പോൾ ഒരു സാരിയിളക്കം
പാദസരകിണുക്കം
വളകിലുക്കം.
ആരാണിവൾ ഇത്ര ധൈര്യത്തിൽ
എന്റെ ഇടങ്ങളിൽ?
എത്ര ശ്രമിച്ചിട്ടും പിടിതരുന്നില്ലവൾ.
പക്ഷേ ഒരുവൾ നിശ്ചയമായും
പാർക്കുന്നുണ്ട് ഇവിടെ.
ഞാൻ അടച്ചു വെച്ചതൊക്കെ തുറന്നിടുകയും
എന്റെ പ്രിയപ്പെട്ട ആഭരണങ്ങളിലും
സാരിയിലും മെത്തയിലും
അവളുടെ മണം പരന്നൊഴുകി തുടങ്ങിയിട്ടുണ്ട്.
കറികളിൽ എരിവും പുളിയും കൂടുന്നതും
ചായയിൽ അധികമധുരം കോരിയിടുന്നതും
അവളാകണം.
ഒറ്റമിന്നായമേ കാണൂ
ചമയമേശമേൽ പടർന്നു കിടക്കുന്ന
സിന്ദൂരത്തിലും കണ്മഷിയിലുമൊക്കെ
അവളുടെ വിരലടയാളം പതിഞ്ഞിട്ടുണ്ട്.
ലിപ്സ്റ്റിക്കിൽ അവളുടെ തുളുമ്പുന്ന
ചുണ്ടിന്റെ നനവ്
പതിഞ്ഞു കിടക്കുന്നുണ്ട്.
പകൽ സമയങ്ങളിലാണ്.
അവളുടെ ഈ മായം തിരിച്ചിലുകൾ
രാത്രി പുറത്തിറങ്ങാൻ പേടിയുള്ളതു പോലെ
കട്ടിലിന്റെ മൂലയിൽ ഇരുട്ടിനൊപ്പം പതുങ്ങും.
എന്റെ വീട്ടിലെ അവളുടെയീ രഹസ്യ വാഴ്ച
എനിക്ക് സഹിക്കാവുന്നതിലും
അപ്പുറം ആയിരുന്നു.
അവളെയെങ്ങിനെ കുടിയൊഴിപ്പിക്കുമെന്ന
ചിന്തയിലായി ഞാൻ.
എല്ലായിടത്തും എപ്പോളും ലൈറ്റ് ഇട്ടു വെക്കാൻ
തീർച്ചപ്പെടുത്തി
അവൾ വരുന്ന വഴികൾ ഏതെന്നു അറിയാൻ
കാത്തിരുന്നു.
തല്ക്കാലം കാണാതായപ്പോൾ
ഞാൻ ആശ്വസിച്ചു.
ലൈറ്റുകൾ കെടുത്താത്തതുകൊണ്ട്
ഉറക്കമില്ലാതെ എന്റെ കൺപോളകൾ
വീർത്തു കെട്ടി.
ഞാൻ തീർത്തും അവശയായി

ഒരു ദിവസം വെളിച്ചത്തിലേയ്ക്കു
തുറിച്ചു നോക്കിയിരിക്കുന്ന
എന്റെ മുന്നിലേക്ക് കട്ടപിടിച്ച
ഇരുട്ടായി അവൾ മറിഞ്ഞു വീണു.
ആരും കാണാത്ത ആരും കേൾക്കാത്ത അവൾ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക