Image

അനുരാഗിണി...(പുസ്തക പരിചയം: വാസുദേവ് പുളിക്കല്‍)

Published on 26 April, 2020
അനുരാഗിണി...(പുസ്തക പരിചയം: വാസുദേവ് പുളിക്കല്‍)
ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ കഥാസമാഹാരം ഈയ്യിടെയാണ് വായിക്കാന്‍ സാധിച്ചത്. ചെറുകഥ, കവിത, നിരൂപണം ലേഖനം, ഹാസ്യഭാവന തുടങ്ങി സാഹിത്യത്തിന്റെ വിഭിന്ന മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞ് ശോഭിച്ചു നില്‍ക്കുന്ന പ്രതിഭ ശ്രീ സുധീര്‍ പണിക്കവീട്ടിലിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ കഥകളിലൂടെ കടന്നു പോയപ്പോള്‍ "അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍'' എന്ന പ്രേമഗാനത്തിന്റെ ഈരടികള്‍ മനസ്സിലൂറി വന്നു. "നിന്‍ മിഴിയിതളിലെ മദജലകണങ്ങളില്‍, എന്നഭിലാഷങ്ങള്‍ അലിയുമെങ്കില്‍, അപ്‌സരസ്സേ നിന്റെ താരുണ്യ തനുവിന്മേല്‍, അനുരാഗ കവിത ഞാന്‍ കുറിക്കുമല്ലോ'' എന്ന ശ്രീ സുധീറിന്റെ കവിതയും ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്. കവിത മാത്രമല്ല അനുരാഗ കഥകളും അദ്ദേഹം കുറിക്കുന്നു. ശ്രീ സുധീറിന്റെ കഥാരാമത്തില്‍ നറുമണം പരത്തുന്നതും സൗരഭ്യമുള്ളതുമായ നിരവധി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കഥാകാരന്‍ മനസ്സില്‍ വിരിയിച്ച വര്‍ണ്ണശബളാഭമായ ചാരുതയാര്‍ന്ന കഥാപുഷ്പങ്ങള്‍ വായനക്കാരുടെ മടിത്തട്ടിലേക്കിട്ടു തരികയാണ്. കഥകളില്‍ ചിത്രീകരിക്കുന്ന കോമളഗാത്രികള്‍  മുഗ്ധഭാവത്തോടെ അനുരാഗത്തിന്റെ മധുരസ്വപ്നങ്ങള്‍ വായനക്കാരുടെ മനസ്സിലുണര്‍ത്തുന്നു. സുകുമാരപദങ്ങള്‍കൊണ്ട് സമൃദ്ധമായ കഥകള്‍ കാവ്യാത്മകവും മാനസാനന്ദം നല്‍കുന്നവയുമാണ്. കഥാകാരന്‍ വിളമ്പിത്തരുന്ന മധുവുണ്ട് വായനക്കാര്‍ക്കാസ്വദിക്കാം. അന്യാദൃശ്യമായ ആത്മാനന്ദം പകര്‍ന്നു തരാന്‍  പര്യാപ്തമായ കഥകളോടൊപ്പം തന്നെ ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യവുമായി കൂട്ടിയുരുമ്മുമ്പോഴുള്ള സംഘര്‍ഷവും അനിശ്ചിതത്വവും ചിത്രീകരിച്ചിരിക്കുന്ന കഥകളും നര്‍മ്മഭാവനകളുമുണ്ട്. അങ്ങനെ വൈവിധ്യവും വൈജാത്യവും നിറഞ്ഞ ആശയങ്ങള്‍ ശില്‍പഭംഗിയോടെ ആവിഷ്കരിച്ചിട്ടുള്ള അന്‍പതു കഥകളുടെ കൂമ്പാരമാണു ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ "സുധീറിന്റെ കഥകള്‍'' എന്ന കഥാസമാഹാരം. ഈ കഥാസമാഹരത്തിലെ ഏതാനം കഥകളുടെ അവലോകനവുമായി ഞാന്‍ നില്‍ക്കുന്നു.
         
ഹാസ്യഭാവനയിലൂടെ ചില വ്യക്തികളുടെ സ്വഭാവത്തിന്റെ ജീര്‍ണ്ണതയും മറ്റുചിലരുടെ വ്യക്തിത്വമില്ലായ്മയും വരച്ചു കാണിക്കുന്നു. സാമൂഹ്യ-സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മാന്യനെയാണ് കഥാകാരന്‍ "നിങ്കള്‍ ഒരു നാരിയല്ലേ'' എന്ന ഹാസ്യഭാവനയില്‍ അവതരിപ്പിക്കുന്ന കഥാനായകന്‍. ജനം മാന്യനെന്നു കരുതുന്ന കഥാനായകനില്‍ വീട്ടിലിരുന്നും കൂട്ടുകാരോടൊത്തും മറ്റുള്ളവരെ "നാറി'' എന്നു വിളിച്ച് പരിഹസിക്കുന്ന ദുഷ്ടത ഒളിഞ്ഞിരിക്കുന്നു. ചിലരുടെ പേരുകള്‍ വെളിപ്പെടുത്തിക്കൊണ്ട് അവരെ "നാറി'' (അവനൊരു നാറിയല്ലേ) എന്നു പറയുന്നത് മകള്‍ കേട്ടിട്ടുണ്ട്. ആ പെണ്‍കുട്ടി  ഒരിക്കല്‍ വീട്ടില്‍ വന്നവര്‍ക്ക് ചായ കൊടുക്കുന്നതിനിടയില്‍ തന്റെ പപ്പ "നാറി'' എന്നു വിളിക്കുന്ന ഒരാളെ തിരിച്ചറിഞ്ഞ് അയാളെ നോക്കി "നിങ്കള്‍  ഒരു നാരിയല്ലേ (ഉക്ലാരണഭേദം കൊണ്ട് "നാറി' നാരിയായി) എന്ന് നിഷ്കളങ്കതയോടെ ചോദിക്കുന്നതു കേട്ട് കൂടെ വന്നവര്‍ ചിന്താമഗ്നരായി. കുട്ടികളുടെ സ്വഭാവവല്‍ക്കരണത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ട്. മാതാപിതാക്കളുടെ സംസ്കാരമാണ് സാധാരണ കുട്ടികള്‍ പകര്‍ത്തുന്നത്. വളര്‍ത്തുദോഷംകൊണ്ട് കുട്ടികള്‍ തിരുത്താനാകാത്ത തെറ്റുകളിളിലേക്കു വഴുതി  വീണെന്നിരിക്കും. മാതാപിതാക്കളുടെ സംസ്കാരത്തിലെ ജീര്‍ണ്ണത കുട്ടിയില്‍ വേരുറച്ചേക്കാം.  എന്നാല്‍, ഇവിടെ ആ പെണ്‍കുട്ടി തന്റെ പപ്പയെ അനുകരിച്ചത്  താല്്കാലികമാണ്. കഥാനായകന്റെ സ്വഭാവത്തിന്റെ വൈകൃതം മകളെ സ്വാധീനിച്ചില്ലെന്ന് തൊന്നിപ്പിക്കുമാറ് താന്‍ വളരെയധികം സ്‌നേഹിച്ചിരുന്ന പപ്പയെ വൈകിയാണെങ്കിലും മനസ്സിലാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട് എന്നു അവള്‍ പറയുന്നുണ്ട്.  ആ പെണ്‍കുട്ടി അവളുടേതായ വ്യക്തിത്വവും അറിവും വളര്‍ത്തിയെടുത്തിട്ടുണ്ട്. അറിവെല്ലാം വലിയവരുടെ കുത്തകയാണെന്നാണു നാം ധരിച്ചു വെച്ചിരിക്കുന്നത്. കുട്ടികളോട് ഇടപഴകുമ്പോള്‍ ജ്ഞാനികള്‍ പറഞ്ഞേക്കാവുന്ന എത്രയെത്ര കാര്യങ്ങള്‍ ഗുരുമുഖത്തെന്നെ പോലെ കുട്ടികളില്‍ നിന്നു വരുന്നതായി മനസ്സിലാക്കാം. അവരുടെ സരളവും ഋജുവുമായ ബുദ്ധിയുടെ മുമ്പില്‍ നമ്മള്‍ തല കുനിച്ചു പോകും. പരദൂഷണം പറയാനുള്ള പ്രവണത വളര്‍ത്തിയെടുക്കാതെ അവരെ നിഷ്കളങ്കരും ഹൃദയശുദ്ധിയുള്ളവരുമായി വളര്‍ത്തിക്കൊണ്ടു വരേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെയും കുഞ്ഞുങ്ങളെ പോലെ ആകണമെന്ന് യേശുദേവന്‍ ഉപദേശിച്ചത് പരമസത്യമായി അവശേഷിക്കണമെങ്കില്‍ കുഞ്ഞുങ്ങള്‍ ശുദ്ധഹൃദയത്തോടെ വളര്‍ന്നു വരണം. എന്നാല്‍ മനുഷ്യന്റെ ചില സ്വഭാവങ്ങളും ചിന്തകളും വാസനകളും മാറ്റുക എന്നത് ദുഷ്കരമാണ് എന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ല എന്ന വിധത്തിലാണ് കഥാനായകന്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. "ഞാന്‍'' എന്ന ഭാവം അഹങ്കാരമായി മാറുമ്പോള്‍ അത് ശാപമായി മാറുന്നു. അങ്ങനെ സ്വയം ശപിക്കപ്പെട്ട വ്യക്തിയാണ് കഥാനായകന്‍ എന്നു വായനക്കാര്‍ക്ക് ബോധ്യമായേക്കും.  ഈ പെണ്‍കുട്ടിയുടെ ദയനീയമായ അകാലമരണം അവളുടെ പപ്പക്കുണ്ടാക്കിയ ദുഃഖത്തിന്റെ ആഴവും അദ്ദേഹത്തിന്റെ സാമൂഹ്യ - സാഹിത്യ ജീവിതത്തിലുണ്ടായ വിള്ളലുകളും കഥാകാരന്റെ ചിന്തയില്‍ വേദനയുടെ നിഴല്‍ പരത്തുന്നതായി തോന്നി. കഥയുടെ അന്ത്യം ഹൃദയസ്പൃക്കായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. പെണ്‍കുട്ടിയുടെ വിഭിന്ന മുഖങ്ങളും അവളുടെ ജീവിത നാടകത്തിലെ കരളലിയിക്കുന്ന രംഗങ്ങളും വായനക്കാരുടെ മനോദര്‍പ്പണത്തില്‍ തെളിഞ്ഞു വരും. ഹാസ്യഭാവത്തില്‍ തുടങ്ങിയ കഥ അവസാനിക്കുന്നത് ദുഃഖഭാവത്തില്‍ ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ച് വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലാണ്.
         
"മഹാമണ്ഡൂകം'' എന്ന ഹാസ്യഭാവനയിലെ നായകന്‍ ഒരു മുതുക്കന്‍ തവളയാണ്. മുതുക്കന്‍ തവളയെന്നു കരുതി നിസ്സാരമായി തളിക്കളയണ്ട. മഹാവിക്രമിയാണു മുതുക്കന്‍ തവള. മുതുക്കന്‍ തവള റാ..റാ എന്ന ശബ്ദം   ഉണ്ടാക്കിക്കൊണ്ട് വെള്ളത്തില്‍ കളിച്ചു തിമിര്‍ത്തുകൊണ്ടിരുന്നു. കേട്ടുനിന്നവര്‍ പരിചയമില്ലാത്ത ശബ്ദം കേട്ട് അത് ഏതോ സംഗീതധ്വനിയാണെന്ന് തെറ്റിദ്ധരിച്ച് മുതുക്കന്‍ തവളയെ പുകഴ്ത്താന്‍ തുടങ്ങി. അതൊരു സംഗീതപ്രസ്ഥനാം തന്നെയാണെന്നു അവര്‍ പ്രഖ്യാപിച്ചപ്പോള്‍ മുതുക്കന്‍ തവള സന്തോഷം കൊണ്ടു തുള്ളിച്ചാടി. വിഭിന്ന രാഗങ്ങള്‍ ആലപിക്കാന്‍ കഴിവുള്ള താന്‍ തന്നെ കേമന്‍ എന്ന ഭാവത്തില്‍ മുഴുകി ഒന്നുകൂടി തലയൂയര്‍ത്തി റാ--റാ ശബ്ദം തുടര്‍ച്ചയായി പുറപ്പെടുവിച്ചുകൊണ്ടിരുന്നു. മുതുക്കന്‍ തവള അനിഷേധ്യനായ നായകനായി ചമഞ്ഞു. മുതുക്കന്‍ തവളയും അനുയായികളും സമാനചിന്തയുള്ളവരായിത്തീര്‍ന്നു. സമാനമനസ്കരായ ആളുകള്‍ക്ക് ഏതാണ്ട് ഒരു വിധത്തിലുള്ള മാര്‍ഗ്ഗനിനിര്‍ദ്ദേശം കൈക്കൊള്ളാനും ഓരോ വ്യക്തികള്‍ക്കും അയാളുടെ വ്യക്തിത്വത്തിന്റെ സവിശേഷഭാവത്തിനു ഇണങ്ങും വണ്ണം തന്റെ രീതികളെ ക്രമീകരിക്കുന്നതിനുമുള്ള കഴിവുണ്ടെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ തങ്ങളെ നയിക്കുന്നയാളിന്റെ ആജ്ഞാനുവര്‍ത്തികളായി അധഃപതിച്ച് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തുന്നു.

മസ്തിഷ്ക്കത്തിലെ വിവേചനാശക്തി തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്.
ഈ കഥയെപറ്റി കഥാകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍, "ആധുനിക കവിതകളെ നര്‍മ്മബോധത്തോടെ    നോക്കിക്കാണുകയായിരുന്നു. ഇതേ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും ഇറങ്ങുന്ന ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇതു താനല്ലയോ അച്ചായന്‍ എന്നു ഒരാള്‍ക്ക് വര്‍ണ്യത്തിലാശങ്ക ഉളവാകുകയും അയാളും അയാളുടെ ശിങ്കിടികളും കൂടി റാ...റാ എന്ന ശബ്ദം വെച്ച് ഈ കൃതിയെ വിവാദമാക്കുകയും ചെയ്തു.' അങ്ങനെ മുതുക്കന്‍ തവളക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്,  അനുയായികളെ മുതുക്കന്‍ തവള "മാക്രികള്‍' എന്നു വിളിച്ചു പരിഹസിച്ചതിനെ അന്വര്‍ത്ഥമാക്കി.  മുതുക്കന്‍ തവളയും കുറെ മാക്രികളും. മൗലികമായ മനോഭാവത്തിന്റെ പ്രതിഫലനമല്ല മാക്രികളില്‍ പ്രത്യക്ഷമായത്. അടിച്ചേല്‍പ്പിക്കപ്പെട്ട ശിക്ഷണത്തിന്റേയും സമ്മര്‍ദ്ദത്തിന്റെയും പരിണിതഫലമായി അവരുടെ മൗലികമായ വിശ്വാസങ്ങള്‍ അവഗണിക്കേണ്ടി വന്നു. മുതുക്കന്‍ തവള ഒരിക്കല്‍ പൊട്ടക്കിണറ്റില്‍ വീണു. മുതുക്കന്‍ തവളയുടെ നിസ്സഹായത കണ്ട് അനുയായികള്‍ മുതുക്കന്‍ തവളയെ കരകേറ്റി. എന്നാല്‍ മുതുക്കന്‍ തവള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നവരെ സ്മരിക്കുന്ന സ്വഭാവക്കാരനല്ല. സാമ്യബുദ്ധിക്കു പകരം സ്വാര്‍ത്ഥബുദ്ധിയുണ്ടാകുന്നതായാല്‍ ഒരാളുടെ പ്രവൃത്തികള്‍ മറ്റൊരാളുടെ ദുഃഖത്തിനു കാരണമായി വരും. തന്റെ ലാഭം മുന്നില്‍ കണ്ടുകൊണ്ട് സ്വാര്‍ത്ഥമതികളായും പരദ്രോഹികളായും ജീവിക്കുന്നവരെ ദുഷ്കൃതന്മാരെന്നു പറഞ്ഞു പോരുന്നു. കൃതഘ്‌നതയുടെ എവറസ്റ്റാണ് മുതുക്കന്‍ തവള. സ്വകാര്യ നേട്ടത്തിനായി എത്ര വലിയ  അപവാദവും മിന്നല്‍ വേഗത്തില്‍ പറഞ്ഞു പരത്തും. അതിനു തമ്പേറടിക്കാന്‍ മാക്രികള്‍ ഉള്ളപ്പോള്‍ മുതുക്കന്‍ തവളക്ക് പുളച്ചു ചാടാനുള്ള ആവേശം കൂടുന്നു. മാക്രികള്‍ കഥാകാരന്റെ കാവ്യഭാഷയില്‍ "മുഖസ്തുതി പാടുന്നോര്‍ വാക്കൈ പൊത്തിടുന്നോര്‍, കണ്ടാലോ കാലിലും വീഴുന്നവര്‍, സ്വന്തമഭിപ്രായമില്ലാത്തോര്‍, അന്യന്റെ കാല്‍ക്കീഴില്‍ പട്ടിയായ് കഴിയുന്നവര്‍, എണ്ണമറ്റോരയ്യോ സ്വന്തം മനസ്സാക്ഷി, പണയപ്പെടുത്തുന്ന പാവത്തന്മാര്‍.' തവളക്കഥയില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, മുതുക്കന്‍ തവളയേയോ മാക്രികളേയോ? വ്യഭിചാരത്തിനു സാധാരണ കുറ്റപ്പെടുത്തുന്നത് സ്ത്രീകളെയാണ്. സ്ത്രീകള്‍ വ്യഭിചാരത്തിനുള്ള ശമ്പളം വാങ്ങുതേയുള്ളൂ, ശമ്പളം കൊടുക്കുന്നത് പുരുഷനാണ്. ശമ്പളമില്ലെങ്കില്‍ വ്യഭിചാരമില്ല. അപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി വ്യഭിചാരത്തിന്റെ ഉത്തരവാദിത്വം പുരുഷനെയാണു ഏല്പിച്ചു കൊടുക്കേണ്ടത്. അതുപോലെ മുതുക്കന്‍ തവളയെ അനുകരിച്ച് റ.. റാ ശംബ്ദമുണ്ടാക്കുന്ന മാക്രികളെ വെറുതെ വിടാം. മുതുക്കന്‍ തവളക്കു ബോധോദയമുണ്ടായി ധാര്‍മ്മികതയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് കഥ ആവിഷരിച്ചിരിക്കുന്നത്. ഇതു സാധ്യമാകണമെങ്കില്‍ മുതുക്കന്‍ തവളയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സാരമായ മാറ്റങ്ങള്‍ സംഭവിക്കണം.
         
സുതാത്മജന്‍ തൃശ്ശൂരില്‍ നിന്ന് ഡല്‍ഹിയിലെത്തി രാത്രിയായപ്പോള്‍ താമസിക്കാന്‍ മുറിയന്വേഷിച്ചു വിഷമിച്ചു. ഒടുവില്‍ ഒരു ഹോട്ടലില്‍ എത്തിയപ്പൊള്‍ കൗശലക്കാരനായ റിസപ്ഷനിസ്റ്റ് അവിടത്തെ കാബറെ നര്‍ത്തകി കിടക്കുന്ന മുറിയില്‍ സുതാത്മജനെ കൊണ്ടുപോയി നര്‍ത്തകി കിടക്കുന്നതിന്റെ ഒരു വശത്ത് രണ്ടു തലയിണകള്‍ വെച്ച് തലയിണകള്‍ക്ക് ഇപ്പുറത്ത് സുതാത്മജനെ കിടത്തൂന്നതാണ് " ഒരു സുന്ദരിയും രണ്ടു തലയിണകളും'' എന്ന കഥയുടെ തുടക്കം. അവള്‍ ആറുമണിക്കേ എഴുന്നേല്‍ക്കൂ, താന്‍ അഞ്ചു മണിക്ക് എഴുന്നേറ്റു പോകണം എന്ന മുന്നറിയിപ്പും നല്‍കി റിസപ്ഷനിസ്റ്റ് പോയി. പകല്‍ മുഴുവന്‍ അലഞ്ഞുതിരിഞ്ഞു ക്ഷീണിതനായ സുതാത്മജന്‍ പെട്ടെന്നുറങ്ങിപ്പോയി. ആറുമണിക്കു മുമ്പ് ഒരിക്കലും എഴ്‌ന്നേല്‍ക്കാറില്ലാത്ത നര്‍ത്തകി പുരുഷന്റെ സാമീപ്യം സ്വപ്നം കണ്ടിട്ടെന്നപോലെ ഞെട്ടിയുണര്‍ന്നു. രണ്ടു തലയിണകള്‍ക്കപ്പുറത്തു കിടക്കുന്ന യുവാവിനെ കണ്ടവള്‍ അത്ഭുതപ്പെട്ടു. കാണികളെ കാമപരിതപ്തരാക്കൂന്ന അവള്‍ക്ക് ഒരു യുവാവ് അടുത്തു കിടക്കുന്നതു കണ്ടിട്ട് കാമാവേശമുണ്ടായില്ല. കാണികളില്‍ കാമാവേശമുണര്‍ത്തുന്ന കാബറെ നൃത്തം അവളുടെ തൊഴിലാണെന്ന ബോധം അവള്‍ക്കുണ്ട്. ഒരു സുന്ദരി അടുത്തുകിടന്നിട്ടും ഇയ്യാളില്‍ കാമാവേശം ഉണ്ടാകുന്നില്ലല്ലോ എന്നവള്‍ ചിന്തിച്ചുകാണും. മനുഷ്യരുടെ അജ്ഞാത ഭാവം. താന്‍ ഒരു പര്‍വ്വതാരോഹണക്കാരനാണ് എന്ന് അയാള്‍ പറയുന്നതുകേട്ട് പൊട്ടിച്ചിരിച്ചുകണ്ടവള്‍ മന്ത്രിച്ചു, "ഒരു രാത്രി മുഴുവന്‍ ഉണ്ടായിട്ടും രണ്ടു തലയിണകള്‍ മറികടക്കാന്‍ കഴിയാത്ത നിങ്ങള്‍ ഏതു പര്‍വ്വതമാണു മറികടക്കാന്‍ പോകുന്നത്. ജീവിതയാത്രയില്‍ പ്രലോഭനങ്ങള്‍ക്കാടിമയായി കാലിടറി വീഴുന്നയാളല്ല കഥാനായകന്‍. മാന്യത വെച്ചുപുലര്‍ത്തുന്ന, സ്വധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കാത്ത ഒരു ഉത്തമപുരുഷനെയാണ് കഥാകാരന്‍ കാണിച്ചു തരുന്നത്. സെക്‌സില്‍ നിന്നു ലഭിക്കുന്ന നൈമിഷിക സുഖത്തിന്റെ മായാവലയത്തില്‍ പെടാത്ത അയാളുടെ കാതുകളില്‍ മുഴങ്ങുന്നത് ധര്‍മ്മരക്ഷക്കായ് കുരുക്ഷേത്രത്തില്‍ കൃഷ്ണന്‍ മുഴക്കിയ പാഞ്ചജന്യത്തിന്റെ ധ്വനിയായിരിക്കാം. സെക്‌സ് ഊര്‍ജ്ജം വാര്‍ന്നെടുക്കുമെന്നയാള്‍ക്കറിയാം. ചേകവര്‍ അങ്കം കുറിച്ചു കഴിഞ്ഞാല്‍ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതായി നമ്മള്‍ വടക്കന്‍ പാട്ടുകളില്‍ വായിക്കുന്നു. സദാചാരത്തിന്റെ മാതൃകയായി കഥാനായകന്‍ ചിത്രീകരിക്കപ്പെടുന്നു.
         
കുങ്കുമപ്പൊട്ടും തൊട്ട് അധരത്തില്‍ പുഞ്ചിരിയുമായ് വന്നണഞ്ഞു "കുങ്കുമപ്പൊട്ട്'' എന്ന കഥയിലെ അപ്‌സരസ്സ് എന്നു തോന്നാം. എന്നാല്‍ അപ്‌സരസ്സു വന്നില്ല. കുപ്പായകീശമേള്‍ കുങ്കുമപ്പൊട്ടുമായ് വന്നത് കോളേജില്‍ നിന്ന് ഉണ്ണികൃഷ്ണനാണ്. ഉണ്ണിയുടെ കാമിനി സുന്ദരിയായ വാര്യരുകുട്ടിയുടെ പൊട്ടാണ് ഉണ്ണിയുടെ ഷര്‍ട്ടില്‍ പതിഞ്ഞതെന്നു സഹോദരി കളിയാക്കിച്ചിരിച്ചു. സഹോദരിയുടെ കളിയാക്കല്‍ കേട്ട് ഉണ്ണി ഒന്നുമറിയാത വിഷമിച്ചു. എല്ലാം കേട്ടുകൊണ്ട് ഉണ്ണിയെ കാത്തിരുന്ന മുത്തശ്ശി കടന്നു വന്നപ്പോള്‍ ഉണ്ണിക്കാശ്വാസമായി. പ്രേമരഹസ്യം മറച്ചു വയ്ക്കാനാണ് സാധാരണ കമിതാക്കള്‍ ശ്രമിക്കുന്നത്. തന്റെ അപ്‌സരസ്സിനെ അവതരിപ്പിക്കാന്‍ ഉണ്ണികൃഷ്ണനും അവസരത്തിനായി കാത്തിരിക്കുകയാണ്. അപ്പോഴാണ് മുത്തശ്ശിയുടെ മുന്നില്‍ സഹോദരിയുടെ വെളിപ്പെടുത്തല്‍. മുത്തശ്ശിക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. ഉണ്ണികൃഷ്ണന്റെ അമ്മയിക്ലാത്തതിന്റെ ദുഃഖം അകന്നുപോകുന്നത് മുത്തശ്ശിയുടെ സ്‌നേഹത്തണലിലാണ്. സ്‌നേഹത്തിന്റെ മാധുര്യം  അസാധരണമാണ്. മാതൃത്വത്തിന്റെ പവിത്രമായ ശ്രീകോവിലിലുടെ (യോനി) കടന്നു വരുന്ന കുഞ്ഞില്‍ ആദ്യമുണ്ടാകുന്ന വിവേകം തന്റെ മാതാവ് ഉച്ഛരിക്കുന്ന വാക്കില്‍ നിന്നാണ്. ഇപ്രകാരം അവള്‍ ഉത്ഭവത്തിന്റേയും വളര്‍ച്ചയുടേയും പ്രതീകമായിത്തിരുന്നു. മാതൃസ്‌നേഹം അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ണിക്കുണ്ടായില്ല. തന്റെ ഷര്‍ട്ടില്‍ കുങ്കുമപ്പൊട്ട് എങ്ങനെ വന്നുയെന്നു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഒടുവില്‍ ഹിസ്റ്ററി ടീച്ചര്‍ തന്നോടു ചേര്‍ന്നു നിന്നു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവരുടെ കുങ്കുപ്പൊട്ടാണു ഷര്‍ട്ടില്‍ പതിഞ്ഞതെന്ന് സുജാത പറഞ്ഞപ്പോഴാണു മനസ്സിലായത്. അവള്‍ കോപത്തോടെ പറഞ്ഞു, "വലിയ കൃഷ്ണനാകുമ്പോള്‍ ഗോപികമാരുമായ് കറങ്ങാം. തല്‍ക്കാലം രാധയെ, എന്നെ മാത്രം സ്‌നേഹിച്ചാല്‍ മതി. സുജാത സ്വയം രാധയായി. രാധാ-കൃഷ്ണ വേര്‍പാട് സാധാരണ സമൂഹത്തില്‍ കാണുന്ന ഒരു പ്രേമകഥയുടെ തകര്‍ച്ചയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ കൃഷ്ണന്‍ അതേപോലൊരു കാമുകനല്ല, രാധ കാമുകിയുമല്ല. കൃഷ്ണനെന്ന സര്‍വ്വേശ്വരനുമായി താദാത്മ്യം പ്രാപിക്കാന്‍ വെമ്പുന്ന ഒരു ഭക്തയാണു രാധ. ഈശ്വര ചൈതന്യം മനസ്സില്‍ നിറഞ്ഞു വരുന്ന അനുഭൂതിയായ ഭക്തിയുടെ പാരമ്യത്തില്‍ മുക്തി ലഭിക്കുന്നു. രാധക്ക് അതിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു. "ത്വല്‍ കഥാശ്രവണേന ഭക്തി വര്‍ദ്ധിക്കും, ഭക്തി വര്‍ദ്ധിക്കുമ്പോള്‍ വിജ്ഞാനമുണ്ടായ് വരും, വിജ്ഞാനജ്ഞാനാദികള്‍കൊണ്ട് മോക്ഷവും വരും, ആകയാല്‍ ത്വത്ഭക്തിയും നിങ്കലേ പ്രേമവായ്പും സദാ സംഭവിക്കേണമേ' എന്ന പ്രാര്‍ത്ഥനയിലാണ് രാധ. കഥാകാരന്‍ വായനക്കാര്‍ക്ക് ഈശ്വരനിലേക്കുള്ള വഴി തുറന്നിടുന്നതായി തോന്നി. സമൂഹത്തില്‍  പൂവണിയാതെ ഉലഞ്ഞു പോകുന്നതു പല സ്‌നേഹബന്ധങ്ങളുടേയും തനിയാവര്‍ത്തനമായി പരിണമിക്കുമോ തങ്ങളുടെ സ്‌നേഹന്ധവും എന്നു സംശയിക്കുന്ന വിധത്തില്‍ സുജാത ഇപ്പോള്‍ എവിടെയെന്നറിയിക്ല എന്നു ഉണ്ണികൃഷ്ണന്‍ പറയുന്നുണ്ടെങ്കിലും പൂഞ്ചേലചുറ്റി നാണത്തില്‍ കുണുങ്ങി മനോഹരാംഗിയായി കതിര്‍മണ്ഡപത്തില്‍ പുടവ വാങ്ങാന്‍ അവള്‍ എത്തുമെന്നു അയാള്‍ മോഹിക്കുന്നുണ്ടാകും. അനുവാചകര്‍ ഉണ്ണികൃഷ്ണന്റെ വികാരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചേക്കാം.
         
മറ്റുള്ളവര്‍ പറയുന്നത് ശരിയാംവണ്ണം ഗൃഹിക്കാതെ തനിക്കു മാനസാനന്ദം നല്‍കുന്നതാണവര്‍ പറയാന്‍ പോകുന്നതെന്നു മനപ്പായസം കുടിച്ച് നടന്ന് ഒടുവില്‍ സത്യാവസ്ഥയറിയുമ്പോള്‍ വിഷണ്ണനായ ചാക്കോച്ചനേയും (കഥ- ചാക്കോച്ചനോടൊരു കാമം), വീട്ടില്‍ കൈകളില്‍ വളയിട്ട സുന്ദരിയുള്ളപ്പോള്‍ അയല്‍പക്കത്തെ സുന്ദരിയുടെ ആകാരവടിവില്‍ മയങ്ങി അനുരാഗലോലനാകുന്ന സ്വാമിയുടെ ആഗ്രഹത്തിനു വഴങ്ങാമെന്ന അയല്‍പക്കത്തെ സുന്ദരിയുടെ നിലപാടില്‍ പരിഭ്രാന്തനാകുന്ന സ്വാമിയുടെ നിസ്സഹായത (കഥ- വളയൊച്ചകള്‍), താഴ്ന്ന ജാതിക്കാരനെ ചൂഷണം ചെയ്ത് സാഹിത്യ അവാര്‍ഡു കരസ്ഥമാക്കാനുള്ള ഒരു മാര്‍ക്കവാസിയുടെ കുതന്ത്രങ്ങള്‍ (കഥ- ചെറിയവനും അവാര്‍ഡ്), പിറകില്‍ നിന്ന് ഒരു സ്തീയെ നോക്കി അത് തന്റെ ഭാര്യയാണെന്നു കരുതി ആലിംഗനം ചെയ്യുന്ന പുരുഷന്റെ ജാള്യതയകറ്റാന്‍ കണ്ണാടി മാറ്റണം, കണ്ണാടിയുടെ പ്രശ്‌നംകൊണ്ട് ആളിനെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്ന് പറയുന്ന സൂത്രക്കാരന്‍ ഭര്‍ത്താവിനെ വിശ്വസിക്കുന്ന നിഷ്കളങ്കയായ ഭാര്യ (കഥ- ശ്ശ് ആരോടും പറയരുത്), നേഴ്‌സുമാരെയും മറ്റും അവഹേളിച്ചുകൊണ്ട് എഴുതുന്ന എഴുത്തുകാരുടെ ശല്യം അവസാനിപ്പിച്ചു തരണേ എന്ന് ദൈവത്തിന്റെ മുന്നില്‍ നിവേദനം സമര്‍പ്പിക്കുമ്പോള്‍ എഴുത്തുകാരോട് അനുഭാവം കാണിക്കുന്ന ദൈവം ( കഥ- എഴുത്തുകാരുടെ ശല്യം). 
         
അങ്ങനെ സമൂഹത്തിന്റെ പരിഛേദത്തില്‍ നിന്ന് ഒപ്പിയെടുത്ത വൈവിധ്യമാര്‍ന്ന കഥകള്‍. വ്യതസ്തമായ ചിന്താഗതികളുള്ള വായനക്കാര്‍ക്ക് സ്വീകാര്യമാകത്തക്കവിധത്തില്‍ കഥകള്‍ ആവിഷ്കരിച്ചിരിക്കുന്നു. ഏതു രീതിയിലുള്ള നിരാശയുള്ളവരാണെങ്കിലും കണ്ണുനീരില്‍ മുഴുകി ജീവിക്കുന്നതിനു പകരം അതില്‍ നിന്നൊക്കെ കരകേറി ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കാനുള്ള മോഹം മനസ്സിലുണര്‍ത്തുന്ന തരത്തില്‍ വളരെ സൂക്ഷ്മമായ ഒരു രീതിവിധാനംകൊണ്ട് കഥാവിഷയത്തെ സമുചിതമായി അവതരിപ്പിക്കാന്‍ കഥാകാരന്‍ ബോധപൂര്‍വ്വം നടത്തുന്ന ആവിഷ്കരണ സംബ്രദായം കഥാകാരന്റെ മാത്രം സ്വന്തമാണ്.  ശ്രീ സുധീര്‍ പണിക്കവീട്ടിലിന് അഭിനന്ദനങ്ങള്‍.

അനുരാഗിണി...(പുസ്തക പരിചയം: വാസുദേവ് പുളിക്കല്‍)
Join WhatsApp News
girish nair 2020-04-29 12:10:13
അനുരാഗിണി ....... സുധിറിന്റെ കഥകളെക്കുറിച്ഛ് ശ്രീ പുളിക്കൽ സാറിന്റെ വിശകലനം വളരെ രസകരവും അസാധാരണവുമായി മായിരിക്കുന്നു, കാരണം ശ്രീ സുധിർ സർ തന്റെ രചനയിൽ നമ്മുടെ ദൈനംദിന ജീവിതത്തെ അതായത് കുടുംബ കാര്യങ്ങൾ കുറച്ഛ് ഹാസ്യം കലർത്തി പ്രതിഫലിച്ചിരിക്കുന്നതിനാൽ പ്രത്യേകിച്ഛ് സ്ത്രീ വായനക്കാർക്ക് പുസ്തകം വളരെ ഇഷ്ടമായി കാണും. ശ്രീ സുധിർ സാറിനെ അഭിനന്ദിക്കുന്നു ഒപ്പം ശ്രീ പുളിക്കൽ സാറിനെയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക