Image

നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്ന പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കുക: നവയുഗം

Published on 27 April, 2020
നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്ന പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കുക: നവയുഗം
ദമ്മാം:  ഗള്‍ഫ് നാടുകളില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്ന പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കാന്‍  അടിയന്തരനടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവാസികളില്‍ നിന്നും, കേരളസംസ്ഥാനസര്‍ക്കാരില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പ്രവാസികളുടെ മടക്കയാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അനുകൂലമായ ഒരു സമീപനം സ്വീകരിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു എന്നത് പ്രത്യാശ നല്‍കുന്ന വാര്‍ത്തയാണ്  എന്നാല്‍ അതിലേറെ ഗൗരവതരമായ ഒരു വിഷയമാണ്, നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരിടത്തും അധികാരികള്‍, കൊറോണ ബാധിച്ച രോഗിയുമായുള്ള സമ്പര്‍ക്കമോ, അസുഖ ലക്ഷണങ്ങളോ ഇല്ലാത്ത ആളുകള്‍ക്ക് കൊറോണ ടെസ്റ്റ് നടത്തുന്നില്ല. കോവിഡ് ടെസ്റ്റ് നടത്താനുള്ള അധികാരമുള്ള സ്ഥാപനങ്ങളും കുറവാണ്. അതിനാല്‍ തന്നെ മടക്കയാത്രയ്ക്ക് തയ്യാറാകുന്ന എല്ലാവരും കോവിഡ് നെഗറ്റിവ് ആണെന്ന് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക എന്നത് അപ്രായോഗികമാണ്. അതിനാല്‍  കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് അതാത് ഗള്‍ഫ് രാജ്യഭരണാധികാരികളുമായി നയതന്ത്രതലത്തില്‍ സംസാരിച്ചു, കൊറോണ ടെസ്റ്റ് നടത്താനുള്ള പ്രായോഗികമായ എന്തെങ്കിലും മാര്‍ഗ്ഗം തീരുമാനിച്ചു നടപ്പാക്കേണ്ടിയിരിയ്ക്കുന്നു. ഇന്ത്യന്‍ എംബസിയും, കേരളസര്‍ക്കാരും, നോര്‍ക്കയും പ്രവാസി സംഘടനകളും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണം.

ഗള്‍ഫ് രാജ്യങ്ങളില്‍ രോഗബാധ കൂടുതല്‍ വഷളാകുന്നതിനു മുന്‍പ്, അടിയന്തരമായി മടക്കയാത്ര നടത്തേണ്ട ഗര്‍ഭിണികളും, വൃദ്ധരും, വിസിറ്റ് വിസക്കാരും അടക്കമുള്ള എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരികെ വരാനുള്ള സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍  ഒരുക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക