Image

ഏപ്രില്‍ ക്രൂരമായിരുന്നു... പ്രതീക്ഷകളുടേതാകട്ടേ ഈ വസന്തകാലം (സില്‍ജി ജെ ടോം)

സില്‍ജി ജെ ടോം Published on 27 April, 2020
ഏപ്രില്‍ ക്രൂരമായിരുന്നു...  പ്രതീക്ഷകളുടേതാകട്ടേ ഈ വസന്തകാലം (സില്‍ജി ജെ ടോം)
 ടി എസ്‌ എലിയറ്റ്‌ `വേസ്റ്റ്‌ ലാന്‍ഡി'ല്‍ പറയുന്നതുപോലെ, കടന്നു പോകുന്ന ഈ ഏപ്രില്‍ വളരെ ക്രൂര മായ മാസമായിരുന്നു, പ്രത്യേകിച്ച്‌ അമേരിക്കയില്‍. അത്‌ ചുറ്റിലും വേദനകള്‍ മാത്രം തന്നു. മരണങ്ങളും...ലോകം തന്നെ വിഷാദത്തിലാണ്‌. 

ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ വസന്തകാലമെത്തിക്കഴിഞ്ഞു. ഉണങ്ങിയ പോലെ നിന്ന മരങ്ങള്‍ തളിരിട്ടുതുടങ്ങി. പൂമരങ്ങള്‍ പൂത്തുലഞ്ഞുതുടങ്ങുന്നു. റോഡുകളില്‍ നിറച്ചാര്‍ത്തൊരുക്കി മരങ്ങളില്‍ നിന്നും പൂക്കള്‍ പൊഴിഞ്ഞു വീഴുന്ന മനോഹര കാഴ്‌ചകളാണ്‌ നിറയുന്നത്‌, പക്ഷേ മനം മടുത്തിരിക്കുമ്പോള്‍ കാത്തിരുന്ന വസന്തത്തിന്‌ പോലും ഭംഗിയില്ലാതായിരിക്കുന്നുവെന്ന്‌ എല്ലാവരും പറയുന്നു. കാഴ്‌ചകള്‍ക്ക്‌ നിറമില്ലാതായിരിക്കുന്നു. പക്ഷേ, അതിജീവിച്ചേ പറ്റൂ നമുക്ക്‌, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന്‌, ലോകത്തിനും. തണുപ്പ്‌ മാറി തെളിഞ്ഞ കാലാവസ്ഥയില്‍ സൂര്യപ്രകാശം നിറയുമ്പോള്‍, ഈ വസന്തത്തില്‍ പ്രതീക്ഷകള്‍ തളിരിട്ടേ പറ്റൂ. 

17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ കവി-ജോണ്‍ മില്‍ട്ടന്റെ masque Comus എന്ന കൃതിയിലെ പ്രശസ്‌തമായ വരികളാണ്‌, "every cloud has a silver lining''(ഓരോ കാര്‍മേഘത്തിനും ഒരു സില്‍വര്‍ ലൈനിംഗ്‌ ഉണ്ട്‌)എന്നത്‌. മേഘങ്ങളെപോലെ ഇരുളിമയാര്‍ന്നതാവാം ഈ പ്രതിസന്ധി ഘട്ടങ്ങള്‍. എന്നാല്‍ കവി പറയുന്നു, പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ജീവിതം മുന്നോട്ടു കൊണ്ട്‌ പോകുക, ഓരോ പ്രതിസന്ധി ഘട്ടത്തിനോടൊപ്പവും പ്രത്യാശയുടെ വെളിച്ചം കാത്തിരിക്കുന്നുണ്ട്‌ എന്ന്‌. മേഘങ്ങളില്‍ പ്രകാശംതട്ടി വെള്ളിരേഖകള്‍ തെളിയുന്നതുപോലെ നാളെകള്‍ തിളക്കമുള്ളതാവുമെന്നു പ്രതീക്ഷിക്കുക, എല്ലാ വിഷമങ്ങളിലും ഒരു പ്രതീക്ഷയുടെ കിരണം കാത്തിരിക്കുന്നുണ്ടാകും. 

ഈ കൊറോണക്കാലത്ത്‌ നിരാശയില്‍ നിന്ന്‌ പ്രതീക്ഷകളിലേക്കു കൈ പിടിച്ചു നടത്തുന്നതാവണം ഓരോ പ്രഭാതവും. പ്രതിസന്ധിയുടെ വേനലുകളില്‍ ഉണങ്ങിപ്പോകാതെ ജീവിതമാകുന്ന പച്ചപ്പിന്‌ നിറം പകരാന്‍ പ്രത്യാശയുടെ ജലമൊഴിച്ചേ പറ്റൂ, ദിവസവും. 

കൊറോണ മരണങ്ങളെകുറിച്ചുള്ള ആകുലമായ ഓര്‍മപ്പെടുത്തലുകളുമായാണ്‌ ഓരോ പുലരികളുമിന്ന്‌ തുടക്കമിടുന്നത്‌. അമേരിക്കയിലെ മരണനിരക്കില്‍ ദിവസവുമുണ്ടാകുന്ന വര്‍ധന തെല്ലൊന്നുമല്ല മനസിനെ വിഷമിപ്പിക്കുന്നത്‌. ന്യൂയോര്‍ക്കിലുള്ള സുഹൃത്തുക്കളില്‍ ചിലര്‍ക്കൊക്കെ കോവിഡ്‌ വന്നുസുഖമായി എന്നുകേട്ടു, അത്രയുമാശ്വാസം. സുഹൃത്തുക്കളില്‍ പലരും ആരോഗ്യരംഗത്ത്‌ ജോലി ചെയ്യുന്നുണ്ട്‌. 

`ഈമലയാളി'യിലെ ലേഖനങ്ങളില്‍ നിന്ന്‌ അമേരിക്കയെകുറിച്ച്‌ മിക്കവാറും എല്ലാ വിവരങ്ങളും ലഭിക്കാറുണ്ട്‌. ന്യൂജേഴ്‌സിയിലുള്ള സീനിയര്‍ പത്രപ്രവര്‍ത്തകന്‍, റസ്‌പിരേറ്ററി തെറാപ്പിസ്റ്റ്‌ കൂടിയായ ജോര്‍ജ്‌ തുമ്പയില്‍, നിലവിലെ കഠിനവും നൊമ്പരപ്പെടുത്തുന്നതുമായ ജോലിതിരക്കിനിടയിലും ന്യൂജേഴ്‌സിയെകുറിച്ചുള്ള വ്യക്തമായ ചിത്രം വാര്‍ത്തകളിലൂടെയും വിലയിരുത്തലുകളിലൂടെയും നല്‍കുന്നത്‌ ശ്രദ്ധയോടെ വായിക്കാറുണ്ട്‌. 

മനുഷ്യന്റെ സന്തോഷങ്ങളെ കെടുത്തി കൊറോണയെന്ന കൊച്ചുവൈറസ്‌ ലോകമെങ്ങും സംഹാരതാണ്‌ഡവം തുടരുമ്പോള്‍ മനുഷ്യന്‍ നിസഹായനാവുന്നു. താന്‍ എത്ര നിസാരനെന്ന്‌ മനുഷ്യന്‍ തിരിച്ചറിയുന്ന നിസഹായതയുടെ ദിനങ്ങളാണിത്‌. സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും വീട്ടുകാരില്‍ നിന്നും പോലും ഒറ്റപ്പെടുന്ന അവസ്ഥ ഏകാന്തമായ ജീവിതാവസ്ഥകളിലേക്കാണ്‌ അവനെ നടത്തുന്നത്‌. 

 ടി എസ്‌ എലിയട്ട്‌ `വേസ്റ്റ്‌ ലാന്‍ഡി'ല്‍ സൂചിപ്പിക്കുന്നതുപോലെ, ജീവിതത്തിന്റെ പ്രയാസങ്ങളാല്‍ അലട്ടപ്പെടുന്ന മനുഷ്യന്‍ വിന്ററിലെന്നതു പോലെ മരവിപ്പില്‍ ഒതുങ്ങികൂടാന്‍ ഇഷ്ടപ്പെടുന്ന ദിനങ്ങളാണിത്‌. വിന്ററിലെ മരണത്തിന്റെ, തണുപ്പിന്റെ, മരവിപ്പിന്റെ ജീവഛവമായ അവസ്ഥയില്‍നിന്നും ഉണര്‍ന്നെണീറ്റേപറ്റൂ.
തണുപ്പും മഞ്ഞും മാഞ്ഞിട്ടില്ലെങ്കിലും വസന്തം വിരുന്നെത്തുമ്പോള്‍ അമേരിക്കക്കാരുടെ മനസില്‍ സന്തോഷം നിറയേണ്ടതാണ്‌, പക്ഷേ ഈ വസന്തകാലത്തും ജനം മരവിച്ച മനസുമായാണ്‌ ദിനങ്ങള്‍ തള്ളിനീക്കുന്നത്‌, ലോകത്ത്‌ എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെ. ഇന്നത്തേതുമാതിരി സന്തോഷമില്ലാത്ത, ആശങ്ക നിഴലിക്കുന്ന മുഖങ്ങളുമായി നിസഹായമായൊരു മനുഷ്യസമൂഹത്തെകുറിച്ച്‌ ആരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. മരണത്തിന്‌ മുന്നില്‍ എല്ലാവരും നിസഹായരാകുന്നു, മരണവുമായി മല്ലിടുന്ന ഹതഭാഗ്യരില്‍നിന്നും വെന്റിലേറ്ററുകള്‍ നീക്കപ്പെടുന്നു, ജീവിതം ബാക്കി നില്‍ക്കുന്ന യുവത്വത്തിനുവേണ്ടി. ആ നിമിഷം നിസഹായമായ ആ കണ്ണുകളില്‍ നിറയുന്ന വേദനയുടെ നീര്‍തുള്ളികള്‍ ആരുടെ ഹൃദയത്തെയാണ്‌ നൊമ്പരപ്പെടുത്താത്തത്‌. ഫ്യൂണറല്‍ ഹോമുകള്‍ മരിച്ചവരെ എടുക്കാന്‍ പോലും ഭയപ്പെടുന്നു. ഉറ്റവരും പ്രിയപ്പെട്ടവരുമില്ലാത്ത അന്ത്യയാത്രകള്‍.

പക്ഷേ, ചുറ്റുവട്ടത്തൊക്കെയും കൊറോണ വൈറസ്‌ ബാധയില്‍ ആയിരങ്ങള്‍ മരിച്ചുവീഴുമ്പോഴും ജീവിതത്തെകുറിച്ച പ്രതീക്ഷകളാണ്‌ മനുഷ്യനെ മുന്നോട്ട്‌ നയിക്കേണ്ടത്‌. കൊറോണ നമ്മെ ബാധിക്കില്ലന്ന അമിത ആത്മവിശ്വാസമൊന്നും വേണ്ട. അതാണ്‌ ഞങ്ങള്‍ കോട്ടയംകാര്‍ക്ക്‌ പറ്റിയത്‌. ഒരാഴ്‌ച മുമ്പ്‌ വരെ ഗ്രീന്‍ സോണിലായിരുന്ന കോട്ടയം എത്ര വേഗമാണ്‌ റെഡ്‌ സോണിലേക്ക്‌ മാറുന്നത്‌. ഞങ്ങളുടെ നാടായ പരിപ്പില്‍ നിന്ന്‌ രണ്ടു മൂന്നു കിലോ മീറ്റര്‍ മാത്രം ദൂരത്തിലുള്ള ഒളശയില്‍ ആരോഗ്യപ്രവര്‍ത്തകന്‌ കൊറോണ വൈറസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ ഞെട്ടലിലാണ്‌ ഞങ്ങളെല്ലാവരും.
ഞാനിതെഴുതുമ്പോള്‍ അല്‍പം മാറിയുള്ള ചെറിയ കടയ്‌ക്ക്‌മുന്നില്‍ ഒരു പോലിസ്‌ ജീപ്പ്‌ നിര്‍ത്തിയിട്ടിട്ടുണ്ട്‌. പുറത്തിറങ്ങി സമീപത്തുനില്‍ക്കുന്നവരെ പോലിസ്‌ ബോധവല്‍കരിക്കുന്നുണ്ട്‌. 

കഴിഞ്ഞദിവസം അഞ്ചാറ്‌ ചെറുപ്പക്കാര്‍ റോഡിലൂടെ പാഞ്ഞുപോകുന്നതുകണ്ടു, രണ്ടു മിനിറ്റ്‌ കഴിഞ്ഞില്ല, ഒരു പോലിസ്‌ ജീപ്പ്‌ റോഡിലൂടെ കടന്നുപോയി. പോലിസ്‌ വരുന്നുവെന്ന്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ കൂട്ടംകൂടി നിന്ന ചെറുപ്പക്കാര്‍ തൊട്ടടുത്ത പാടത്തേക്ക്‌ ഓടിമറയുകയായിരുന്നു. അല്ലെങ്കിലും നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ ജനം കൂട്ടാക്കാത്തത്‌ പോലീസിനെ വലയ്‌ക്കുന്നുണ്ട്‌, പലയിടത്തും രോഗവ്യാപനമുണ്ടാകുന്നതും അതുകൊണ്ടുതന്നെ. നാട്ടിലെ പോലിസ്‌ വിരട്ടിയും മറ്റും ഇത്തരക്കാരെ വീട്ടിലേക്ക്‌ പറഞ്ഞുവിടുന്നു. മറ്റ്‌ രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിന്‌ കൂടുതല്‍ വിലകൊടുക്കുന്നതുകൊണ്ട്‌ അത്‌ സാധ്യമാകുന്നില്ല. അതുകൊണ്ടുതന്നെ എത്രപെട്ടന്നാണ്‌ 55,000-ത്തിലേറെ പേരെ അമേരിക്കയില്‍ നിന്ന്‌ മാത്രം മരണത്തിന്‌ കൂട്ടിക്കൊണ്ടുപോകാനായത്‌.

ഭയാക്രാന്തമായ ഒരു കാലഘട്ടത്തിലൂടെതന്നെയാണ്‌ നാം കടന്നുപോകുന്നത്‌. ജീവിതത്തിന്റെ നിരര്‍ത്ഥകത മനുഷ്യനെ ആകുലപ്പെടുത്തുന്നു. ഈ ചെറിയൊരു വൈറസിന്‌ മുന്നില്‍ നിന്ന്‌ മനുഷ്യന്‍ മാത്രമാണിങ്ങനെ പേടിച്ച്‌ ഓടിയൊളിക്കുന്നത്‌, മറ്റു ജീവികള്‍ സ്വതന്ത്രരായി ഭയമില്ലാതെ പുറത്തിറങ്ങുന്നു,
മത്സര ബുദ്ധിയോടെ വെല്ലുവിളിച്ചു നടന്ന മനുഷ്യന്‍ ഇന്ന്‌ പ്രാണഭയത്തോടെ ചുറ്റും നോക്കുന്നു. ജീവിതത്തിന്റെ ക്ഷണികത മനുഷ്യനെ പ്രകൃതി ഓര്‍മപ്പെടുത്തുന്നു.
എങ്കിലും ഭയമല്ല ജാഗ്രതയാണ്‌ വേണ്ടതെന്ന തിരിച്ചറിവ്‌ ഭൂരിഭാഗം മനുഷ്യരിലും ഉണ്ടായിട്ടുണ്ട്‌. പരസ്‌പരമുള്ള സ്‌നേഹത്തിലും സഹകരണത്തിലുമാണ്‌ എല്ലാവരും മുന്നോട്ട്‌ പോകുന്നത്‌. 

ഒ. ഹെന്‍റിയുടെ പ്രശസ്‌തമായ `ലാസ്റ്റ്‌ ലീഫ്‌' എന്ന കഥയിലേതുപോലെ സഹജീവികളോടുള്ള കരുതലിന്റെ ഇലകള്‍ നാമും മറ്റുള്ളവര്‍ക്കായി വരച്ചുവെക്കേണ്ടിയിരിക്കുന്നു. ഏതു കാറ്റിലും മഴയിലും കൊഴിഞ്ഞുവീഴാത്ത, പ്രതീക്ഷയുടെ ഒരു ഇല രോഗികള്‍ക്കായി കാത്തുവെക്കുന്ന നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സല്യൂട്ട്‌.
`ലാസ്റ്റ്‌ ലീഫി'ല്‍, ഒരു കാറ്റിനും അടര്‍ത്തിവീഴ്‌ത്താനാവാത്ത അവസാനത്തെ ഇല കഥാനായികയുടെ ആത്മവിശ്വാസത്തെ കെടാതെ ജ്വലിപ്പിച്ചു നിര്‍ത്തി. പിന്നെ, ജീവിതത്തിലേക്ക്‌ അവള്‍ ധൈര്യമായി ചുവടുവച്ചു. അതുപോലെ നമുക്കും പ്രതീക്ഷയിലേക്ക്‌ ചുവടുവെക്കാം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക