Image

കൊറോണയും മലയാളി റസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ സേവനവും (കോര ചെറിയാന്‍)

Published on 27 April, 2020
കൊറോണയും മലയാളി റസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ സേവനവും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ യു.എസ്.എ.: അമേരിക്കയിലെ നാലായിരത്തില്‍പ്പരം ആശുപത്രികളിലായി നൂറുകണക്കിന് മലയാളി റസ്പിറേറ്ററി തെറാപ്പിസ്റ്റ് അഥവാ ആര്‍.ടി.കള്‍ പ്രഭാത- പ്രദോഷകാല വ്യതിയാനമില്ലാതെ കോവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്നു. ശക്തിയായ ശ്വാസതടസ്സത്തെതുടര്‍ന്ന് അതിവേഗത്തില്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി റൂം - കാഷ്വാലിറ്റിയിലേക്ക് എത്തിച്ചേരുന്ന നിമിഷംമുതല്‍ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെയോ അഥവാ അന്ത്യം സംഭവിക്കുന്നതുവരെയോ ഉള്ള മുഖ്യപരിചരണം ആര്‍. ടി. കള്‍ തന്നെ. ദുരിതപൂര്‍ണ്ണമായ കോവിഡ്-19 ന്റെ ആരംഭകാലം മുതല്‍തന്നെ ഒരുദിവസംപോലും പൂര്‍ണ്ണ വിശ്രമം ലഭിക്കാതെ ആത്മാര്‍ത്ഥമായ ആതുര സേവനം നടത്തുന്ന അനേകം മലയാളി ആര്‍. ടി. കള്‍ ഈ പട്ടണത്തില്‍തന്നെ കുറവല്ല.

കൊറോണ വൈറസ് പിടിപെട്ട രോഗികളും രോഗികളുടെ ബന്ധുക്കളും ആര്‍.ടി.കളുടെ ഹൃദയംഗമമായ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള കത്തുകളുടെ ഒരു പ്രവാഹമാണിപ്പോള്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡിഫെഡും, വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്‌പോണ്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ദബ്ര ബ്രിക്‌സും അമേരിക്കന്‍ ആര്‍.ടികളുടെ വിശ്രമരഹിതമായ കൊറോണ വൈറസ് രോഗികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകളെ വിവിധ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ആയിരക്കണക്കിനുള്ള വെന്റിലേറ്ററുകളുടെ കൊറോണവൈറസ്  രോഗികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും രോഗികളുടെ സ്ഥിതിഗതികള്‍ക്കനുസൃതമായി വെന്റിലേറ്ററിന്റെ പ്രവര്‍ത്തനങ്ങളും വ്യതിയാനങ്ങളും കര്‍ക്കശമായി ആര്‍.ടി.കള്‍ നിയന്ത്രിക്കുന്നു. കൂടുതല്‍ സമയവും വേദനസംഹാരി മരുന്നുകള്‍ ഐ. വി. മുഖേന നല്‍കുന്നതുകൊണ്ടും ശ്വാസനാളത്തെ വെന്റിലേറ്ററുമായി ബന്ധിപ്പിച്ചതിനാലും രോഗികളുടെ സംസാരശക്തിയും ചലനവും താത്കാലികമായി നിറുത്തുന്നു.

ഓരോ  ആര്‍.ടി.കളും ഇന്റന്‍സീവ് കെയര്‍ നഴ്‌സുകളും ഉദ്ദേശത്തിലും ഉപരിയായ സമയം പകര്‍ച്ചവ്യാധികളെ ഭയക്കാതെ സ്വന്തം ജീവന്‍പോലും തൃണവത്ക്കരിച്ച് ആത്മാര്‍ത്ഥമായ ആതുരസേവനം ചെയ്യുന്നു. സ്വന്തം ജീവന്റെ മഹത്വം മനസ്സില്‍നിന്നും മായിച്ച് 20 മിനിട്ടിലധികം ഭയാനകമായ കൊറോണവൈറസ് രോഗിയുടെ സമീപത്തിരുന്ന് നാടിഇടിപ്പില്‍നിന്നും ആര്‍ട്ടേറിയല്‍ ബ്ലഡ് സാമ്പിള്‍ ആര്‍.ടി.കള്‍ ശേഖരിക്കുന്നു. കണങ്കയ്യില്‍നിന്നോ കൈമടക്കില്‍നിന്നോ അരക്കെട്ടില്‍നിന്നോ ഉള്ള നാടിയിടിപ്പില്‍നിന്നു ശേഖരിക്കുന്ന രക്തത്തിന്റെ  ഘടകാംശം മനസ്സിലാക്കി വെന്റിലേറ്ററിന്റെ പ്രവര്‍ത്തന ഭേദഗതി വരുത്തുന്നു. അബോധാവസ്ഥയിലും സുബോധാവസ്ഥയിലും രോഗികള്‍ അതിവേദന അനുഭവിക്കുന്ന ഈ പ്രക്രിയ സകല പരദൈവങ്ങളേയും കുലദൈവങ്ങളേയും ധ്യാനിച്ചു ആര്‍.ടി.കള്‍ ചെയ്യുന്നു.

ഏതാനും ദിവസങ്ങള്‍ക്ക്മുന്‍പ് ന്യൂയോര്‍ക്കിലുള്ള ഒരു മലയാളി വീട്ടില്‍നിന്നും രണ്ടു സഹോദരങ്ങളും ഒരു സഹോദര ഭാര്യയും കോവിഡ്-19 ന്റെ ക്രൂരതയാല്‍ മൃതിയടഞ്ഞതിന്റെ ദുഃഖം മലയാളികളെ ഭയത്തിലും സംഭ്രാന്തിയിലുമാക്കി. 182 രാജ്യങ്ങളിലും ബാധിച്ചിരിക്കുന്ന മരണഭീതി കൊറോണ രോഗികളോടു ഏറ്റവും അടുത്തു രോഗപരിപാലനം നടത്തുന്ന ആര്‍.ടി.കളുടെ വൈവിധ്യത്തെയോ ഹൃദയദാര്‍ഢ്യത്തെയോ അല്പംപോലും അലട്ടിയില്ലാത്ത പ്രത്യേകത എന്നും ലോകമലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്. 6 ആഴ്ചകളിലധികമായി കൊറോണവൈറസ് രോഗികളുടെ ശ്വാസംമുട്ടലിനെ പരിരക്ഷിക്കുന്ന മലയാളി ആര്‍.ടി.കള്‍ സധൈര്യം തങ്ങളുടെ കൃത്യനിര്‍വ്വഹണം ചെയ്യുന്നു.

താഴുന്ന കപ്പലിന്റെ അടിത്തട്ടിലെ യാത്രക്കാരന്‍ ആണെന്നുള്ള സ്വയചിന്തയോടെ പരിഭവമോ പരാതിയോ ഇല്ലാതെ നിശബ്ദരായി അമേരിക്കന്‍ മലയാളി ആര്‍.ടി.കള്‍ നിലകൊള്ളുന്നു. കുടുംബാംഗങ്ങളെയോ കൂട്ടുകാരെയോ കൃത്യനിര്‍വ്വഹണത്തിലെ നിഷ്ഠകളെക്കുറിച്ചോ നിത്യവും നേരിടുന്ന വിപത്തുകളെക്കുറിച്ചോ വെളിപ്പെടുത്താറില്ല.

മരണത്തോടു മല്ലടിക്കുന്ന മഹാരോഗബാധിതരെ സധൈര്യം സമീപത്തിരുന്നു സമാശ്വാസത്തിനായി കൃത്രിമമായി ശ്വസനശക്തി പ്രദാനംചെയ്യുന്ന മലയാളി ആര്‍.ടി.കള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ദുര്‍ബലരാകുന്നു. രോഗവിമുക്തി നേടുവാനുള്ള സകല പരിരക്ഷണവും നല്കി പരാജയപ്പെടുന്ന അനര്‍ഹമായ അവസരങ്ങളില്‍ രോഗിയെ വെന്റിലേറ്ററില്‍നിന്നും വിഛേദിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ബന്ധുക്കളുടെ പരിപൂര്‍ണ്ണ രേഖാമൂലമായ അനുമതിയോടും ഗവര്‍മെന്റ് നിയമാനുസരണത്തോടുംകൂടി വെന്റിലേറ്ററിന്റെ ചലനം നിശ്ശേഷം നിറുത്തല്‍ ചെയ്ത് മരണത്തിലേക്കുള്ള യാത്രയിലും ആര്‍.ടി.കള്‍ വേദനയോടെ ദൃക്‌സാക്ഷികളാകുന്നു.
കൊറോണയും മലയാളി റസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ സേവനവും (കോര ചെറിയാന്‍)
കോട്ടയം മല്ലപ്പള്ളി സ്വദേശി റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ജിബു മാത്യു ആര്‍. ആര്‍. ടി. വെന്റിലേറ്ററിന്റെ പ്രവര്‍ത്തന ശൈലി പരിശോധിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക