Image

കല്പന(കഥ -ഭാഗം:1) -ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 29 April, 2020
കല്പന(കഥ -ഭാഗം:1) -ജോണ്‍ വേറ്റം
ആനിയും ബന്നിയും അപരിചിതരായിരുന്നു. അവരുടെ വിവാഹം മുറപോലെ നടത്തി. മധുവിധുവിന് രണ്ട് മാസം. ആത്മാവുകളില്‍ ഒട്ടിപ്പിടിച്ച സുഖദ ദിനങ്ങള്‍! വാരിപ്പുണര്‍ന്ന മധുരിതരാവുകള്‍! ദാമ്പത്യജീവിതത്തിലെ അപരിചിതഭാവങ്ങളും ആരംഭലജ്ജയും പെട്ടെന്ന് മാഞ്ഞു. ആദ്യാനുഭവങ്ങളുടെ ആനന്ദലഹരി! അ്ത അവസാനിക്കരുതെന്ന് ആഗ്രഹിച്ചു. കൊതിയും വികാരവും വിട്ടുമാറാഞ്ഞ വേള. കാണാക്കാഴ്ചകളുടെ തുടക്കം. ഇമ്പമുള്ള ചലചനങ്ങള്‍!

ആനി അമേരിക്കയിലേക്ക് മടങ്ങിയപ്പോള്‍, ഇരുവര്‍ക്കും ഏകാന്തതയുടെ മൗനം. മോഹപാരവശ്യം. വിരഹവേദന! എങ്കിലും, ഏഴ്മാസം പിന്നിട്ടപ്പോള്‍ ബന്നി ഭാര്യയുടെ കൂട്ടിനെത്തി. വാടകവീട്ടിലായിരുന്നു തുടക്കം. ആഹ്ലാദകരവും ഉദ്ദീപിതവും അടുക്കും ചിട്ടയുമുള്ള സ്വതന്ത്രജീവിതം. ഒരു കുഞ്ഞ് സ്വന്തം ഭവനത്തില്‍ ജനിക്കണമെന്ന ആനിയുടെ താല്പര്യമനുസരിച്ച്, നല്ലൊരു വീട് വിലയ്ക്ക് വാങ്ങി. സമാധാനവും സന്തുഷ്ടിയും കുടുംബത്തില്‍ വേണമെന്ന നിര്‍ബന്ധവും രണ്ട് പേര്‍ക്കും ഉണ്ടായിരുന്നു. അന്യോന്യം മറച്ചുവയ്ക്കാന്‍ സ്വകാര്യരഹസ്യങ്ങള്‍ അവര്‍ക്കില്ലായിരുന്നു. സുഭിക്ഷജീവിതം!

ആനിയുടെ ആദ്യഗര്‍ഭധാരണം അഴിഞ്ഞുപോയി! അത് നല്‍കിയ ഉള്‍ക്കിടുക്കം അവളെ വിട്ടുമാറിയില്ല. എപ്പോഴും എല്ലാം പൂര്‍ണ്ണമാക്കുന്ന ഭാഗ്യം കിട്ടാറില്ലല്ലോ. അവര്‍ കൃപയുടെ വചനങ്ങള്‍ വായിച്ചു. പ്രത്യാശയോടെ പ്രാര്‍ത്ഥിച്ചു! ആനി വീണ്ടും ഗര്‍ഭം ധരിച്ചു. ഒരു മകനെ പ്രസവിച്ചു. 'റ്റോമി' ദൈവികദാനമെന്ന് ആനി വിശ്വസിച്ചു. ഒരു പിതാവിന്റെ കരുതലും കാവലും ബന്നിക്ക് ലഭിച്ചു. മൂന്ന് മക്കള്‍ വേണമെന്നും അയാള്‍ ആഗ്രഹിച്ചു. എന്നാല്‍ വീണ്ടും ഗര്‍ഭം ധറിക്കാന്‍ ആനി ഇഷ്ടപ്പെട്ടില്ല. സ്വന്തതീരുമാനപ്രകാരം അവള്‍ പ്രസവം നിറുത്തിയെങ്കിലും, അത് തര്‍ക്കവിഷയമായില്ല. എന്നിട്ടും, മകന്റെ വളര്‍ച്ചക്കൊപ്പം അവരുടെ ആശയങ്ങള്‍ ഭിന്നിച്ചു. കഷ്ടതയും ദാരിദ്ര്യവും എന്തെന്നറിഞ്ഞും, കരുണയും സ്‌നേഹവും ഉള്ളവനായും മകന്‍ വളരണമെന്ന് ബന്നി ആഗ്രഹിച്ചു. ആവശ്യപ്പെടുന്നത് കൊടുക്കാതെ കുറ്റപ്പെടുത്തിയും ശിക്ഷിച്ചും നിയന്ത്രിച്ചും പുത്രനെ വളര്‍ത്തിയാല്‍, അവന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ മാതാപിതാക്കളെ വെറുക്കുമെന്ന് ആനി വിശ്വസിച്ചു. അതിനാല്‍ റ്റോമിയുടെ ദുഃശാഠ്യം കോപിപ്പിച്ചെങ്കിലും ബന്നി ശിക്ഷിച്ചില്ല. അഴകും ആരോഗ്യവുമുള്ള ശരീരവും നല്ലപെരുമാറ്റവുമുള്ളവനായിത്തീരുവാന്‍, മകനുവേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. മക്കളെ മാതാപിതാക്കള്‍ ചേര്‍ന്നു വളര്‍ത്തണമെന്ന സിദ്ധാന്തവും ഉണ്ടായിരുന്നു. റ്റോമി തന്റെ വംശാവലിയുടെ തുടര്‍ച്ചയാണെന്ന ചിന്ത ഒരു തേന്‍കണം പോലെ മനസ്സില്‍ പറ്റിപ്പിടിച്ചു. അവനെ അനുസരണമുള്ളവനാക്കി. എന്നാലും, ആവശ്യപ്പെടുന്നതെല്ലാം കൊടുത്തു സന്തോഷിപ്പിച്ച അമ്മയോടായിരുന്നു മകന് കൂടുതല്‍ അടുപ്പം!

റ്റോമി കോളേജ് വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍, അവന് ഇഷ്ടമുള്ള മോട്ടോര്‍കാര്‍ ആനി സമ്മാനിച്ചു. മകന്റെ ആനന്ദവും സംതൃപ്തിയും ആ അമ്മക്ക് ആശ്വാസവഴിയായി. അവധിദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുമൊത്ത് വിനോദസഞ്ചാരത്തിന് പോകുന്നത് റ്റോമി പതിവാക്കി. കൂട്ടുകാരുടെ സംഘത്തില്‍ വിദ്യാര്‍ത്ഥിനികളും ചേര്‍ന്നു. വിധവയും സഹപാഠിയുമായ ഒരു യുവതിയുടെ ഭവനത്തില്‍ വിരുന്നൂട്ടിനും പോകുമായിരുന്നു. ആ വിവരം അറിഞ്ഞപ്പോള്‍ ബന്നി അസ്വസ്ഥനും കുപിതനുമായി. കാമദാഹത്തിന്റെ മുന്നില്‍, പാതിവ്രത്യവും ബ്രഹ്മചര്യവും വീണുടയുമെന്നും, യൗവനവികാരങ്ങള്‍ക്കു വഴിതെറ്റുമെന്നും അറിയാമായിരുന്നു. ആരോഗ്യമുള്ള, സുമുഖരായ യുവാക്കളെ വശീകരിക്കുന്ന സാമര്‍ത്ഥ്യവും രീതിയും വിവാഹിതകള്‍ക്കുമുണ്ടെന്ന വാസ്തവം ഭയപ്പെടുത്തി. അരുതാത്തബന്ധം അപമാനവും കണ്ണീരുമാകുമെന്നു പറഞ്ഞു മകനെ തടഞ്ഞു. അതും ആനിക്ക് ഇഷ്ടപ്പെട്ടില്ല. പുത്തന്‍തലമുറയിലുള്ള പെണ്ണുങ്ങളുടെ സ്വഭാവം എന്തെന്നറിയേണ്ടത് അത്യാവശ്യമാണെന്നും, അതിന് അനുവദിക്കാതെ, എന്നും വീടിനുള്ളില്‍ കെട്ടിയിട്ടാല്‍ ഷണ്ഡത്വം ഉള്ളവനെപ്പോലെയാകുമെന്നും അവള്‍ പറഞ്ഞു. അതുകൊണ്ട്, രണ്ടുപേരും കൂടിയാലോചിച്ചു. കോളേജ് പഠനം പൂര്‍ത്തിയാകുമ്പോള്‍ റ്റോമിയുടെ വിവാഹം നടത്തണമെന്ന് തീരുമാനിച്ചു. സുന്ദരിയായ മരുമകളെയും നിഷ്‌കളങ്കതയുടെ നിറകുംഭങ്ങളായ ചെറുമക്കളെയും ഇരുവരും ഭാവനയില്‍ കണ്ടു! മനസ്സുകൡ മാധുര്യം പകര്‍ന്ന വത്സലചിന്തകള്‍! യൗവനത്തിലെ വിവാഹം ഭാവിജീവിതത്തെ ക്രമപ്പെടുത്തുമെന്ന് അവര്‍ വിശ്വസിച്ചു. അഴകും സ്വഭാവശുദ്ധിയുമുള്ള ഒരു യുവതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

അയല്‍സംസ്ഥാനത്തുള്ള ഒരു സര്‍വ്വകലാശാല സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തില്‍ ചേരാന്‍, സഹപാഠിയുമൊത്ത് 'റ്റോമി' പോയിരുന്നു. അന്ന് അത്താഴത്തിനു മുമ്പ് വീട്ടില്‍ മടങ്ങിയെത്തുമെന്ന്, രാവിലെ അറിയിച്ചിരുന്നു. എങ്കിലും വന്നില്ല. ആനിയും ബന്നിയും വിളിച്ചപ്പോഴും മറുപടി കിട്ടിയില്ല. പിറ്റേന്ന്, പ്രഭാതമായിട്ടും വിളി വന്നില്ല. ആനി അസ്വസ്ഥതയോടെ ജോലിക്ക് പോയി. ബന്നി അന്ന്‌ത്തേക്ക് അവധിയെടുത്തു. പത്ത്മണിയായപ്പോള്‍, ഒരു വിളി വന്നു. പോലീസ് സ്‌റ്റേഷനില്‍ എത്തണമെന്ന അറിയിപ്പ്. അന്ധാളിച്ചെങ്കിലും, ആനിയോട് പറയാതെ, അയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി. അപ്പോള്‍, ഇന്‍സ്‌പെക്റ്റര്‍ പറഞ്ഞു: 'താങ്കളുടെ മകന്‍ നാല്പത് മൈല്‍ അകലെയുള്ളൊരു ആശുപത്രിയിലുണ്ട്. അവിടെയുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തണം. അത് ഞങ്ങളുടെ അധികാര പരിധിക്കുള്ളിലല്ല.' ആ വിവരവും ആനിയെ അറിയിച്ചില്ല. ഇന്‍സ്‌പെക്റ്റര്‍ പറഞ്ഞുകൊടുത്ത അപരിചിതവഴിയിലൂടെ ബന്നി ആശുപത്രിയിലേക്ക് പോയി. കറുത്തപാറകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുന്നിന്റെ അടിവാരത്തുള്ള സമതലത്തിലാണ് ആശുപത്രി. അവിടെ എത്തിയപ്പോള്‍ അപരാഹ്നം. അധികൃതരെ കണ്ടു സ്വയം പരിചയപ്പെടുത്തിയപ്പോള്‍, അവര്‍ ്'റ്റോമി' കിടക്കുന്ന മുറിയില്‍ കൊണ്ടുപോയി. പ്രത്യേക തീവ്രപരിചരണം നല്‍കുന്നിടത്ത്, ബോധമറ്റുകിടന്ന മകനെ കണ്ട് ബന്നി സ്തംഭിച്ചുനിന്നു! ഭയവും ആശങ്കയും. ആത്മാവ് തേങ്ങി!

ആശുപത്രിയില്‍ നിന്നും ഒരു മൈല്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍, അവിടെയുള്ള ഉദ്യോഗസ്ഥന്‍ ബന്നിയോട് പറഞ്ഞു: സംഭവം സംബന്ധിച്ച് രണ്ട് പേര്‍ കസ്റ്റഡിയിലുണ്ട്. കേസ് ഉണ്ടാവും. ഒരു വക്കീലിനെ വിളിക്കണം' അപ്പോള്‍ത്തന്നെ, ബന്നി ഭാര്യയെ വിളിച്ചു. സംഭവിച്ചത് എന്തെന്ന് പറഞ്ഞു. ആശുപത്രിയില്‍ മടങ്ങിയെത്തി. റ്റോമിയെ കണ്ടു. അവന്‍ അപകടനില പിന്നിട്ടുവെന്ന് ഡാക്ടര്‍ അറിയിച്ചു. അപ്പോള്‍, മനസ്സില്‍ നിന്നും ഭീതി ഒഴിഞ്ഞു. വിശ്വാസത്തിന്റെ ആത്മാവ് ദൈവത്തെ സ്തുതിച്ചു! റ്റോമിയുടെ കൂടെ യാത്ര ചെയ്ത കൂട്ടുകാന്‍ 'ബിജു' മറ്റൊരു മുറിയില്‍ ബോധമറ്റനിലയില്‍ കിടപ്പുണ്ടായിരുന്നു. അയാളും അപകടാവസ്ഥ പിന്നിട്ടുവെന്ന് അറിഞ്ഞു. എന്നിട്ടും, ജീവിതത്തിലെ ആ യാദൃശ്ചികസംഭവം ഉലച്ചു!

അഞ്ചാംമണിനേരമായപ്പോള്‍, ആനിയും അറ്റോണി 'ജാക്‌സനും' വന്നു. ബോധമറ്റു കിടന്ന മകനെ കണ്ട് ആനിപൊട്ടികരഞ്ഞു! നഴ്‌സും ഡാക്ടറും അവളെ ആശ്വസിപ്പിച്ചു. ജാക്‌സനും ബന്നിയും പോലീസ് സ്‌റ്റേഷനില്‍ എത്തി. അപകടം സംബന്ധിച്ച വിവരണം രേഖപ്പെടുത്തി. തലേന്ന് സന്ധ്യയായപ്പോള്‍ കനത്തമഴയും ഇരുളും ഉണ്ടായിരുന്നുവെന്നും, റ്റോമി അമിതവേഗത്തില്‍ കാറോടിച്ചതിനാല്‍, റോഡ് വളപ്പിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു മറിയുന്നത് കണ്ടുവെന്നും, പോലീസ് കസ്റ്റഡിലെടുത്ത രണ്ടുപേര്‍ മൊഴി നല്‍കിയെന്നായിരുന്നു ജാക്‌സനു കിട്ടിയ വിശദീകരണം. അത് അപൂര്‍ണ്ണമാണെന്ന മുന്‍വിധിയോടെ ജാക്‌സനും ബന്നിയും ആശുപത്രിയില്‍ മടങ്ങിയെത്തി. അപ്പോള്‍, ബിജുവിന്റെ ബോധം തെളിഞ്ഞു. ഡാക്ടറുടെ അനുവാദത്തോടെ, പോലീസ് അയാളുടെ മൊഴിയെടുത്തു. സന്ധ്യയായപ്പോള്‍ മഴ കനത്തതിനാല്‍ വണ്ടിയുടെ വേഗത കുറച്ചുവെന്നും, വഴിയില്‍ കൊള്ളനടത്തുന്ന രണ്ടുപേര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കാറിന്റെ വേഗത കൂട്ടിയെന്നും, വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ടകാര്‍ വശത്തേക്ക് മാറി മരത്തിലിടിച്ചുവെന്നും, മറ്റൊന്നും ഓര്‍ക്കുന്നില്ലായെന്നും ബിജു പറഞ്ഞു. മുറിവുകളിലെ വേദന അസഹ്യമായതിനാല്‍, മരുന്ന് കഴിച്ച് അയാള്‍ ഉറങ്ങി. ജാക്‌സന്‍ പോലീസ് സ്‌റ്റേഷനിലേക്ക് മടങ്ങി. രാത്രി എട്ട് മണിയായപ്പോള്‍, റ്റോമി മിഴി തുറന്നു! മാതാപിതാക്കളെ നോക്കി. സംസാരിച്ചില്ല. വീണ്ടും കണ്ണടച്ചു. കണങ്കാലിന്റെ അസ്ഥിപൊട്ടുകയും തലയ്ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. അപ്പോഴും, റ്റോമി അപകടസ്ഥിതി പിന്നിട്ടുവെന്ന് ഡാക്ടര്‍ പറഞ്ഞ് ആശ്വസിപ്പിച്ചു.

(തുടരും...)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക