Image

ദുബായില്‍ നിന്ന് ഏഴ് പേരുടെ മൃതദേഹം കരിപ്പൂരെത്തിച്ചു

Published on 29 April, 2020
 ദുബായില്‍ നിന്ന് ഏഴ് പേരുടെ മൃതദേഹം കരിപ്പൂരെത്തിച്ചു

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ ദുബായില്‍നിന്നുമെത്തിയ ചരക്കു വിമാനത്തില്‍ കരിപ്പൂര്‍ എത്തിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് വിമാനം കരിപ്പൂരില്‍ എത്തിയതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. കേരള സ്വദേശികളുടെയും ഗോവ, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെയും മൃതദേഹങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് -19 ഇതര കാരണങ്ങളാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരുന്നതിലുള്ള അനിശ്ചിതത്വം അവസാനിച്ചു.

കൊല്ലം സ്വദേശി ജോണ്‍ ജോഹന്നാന്‍, പുന്നയ്ക്കല്‍ സ്വദേശി ഡേവിഡ് ഷാമി, കണ്ണൂര്‍, ചേരനെല്ലൂര്‍ സ്വദേശി സത്യന്‍, തൃശൂര്‍ സ്വദേശി ഒ.സി. മത്തായി, പത്തനംതിട്ട സ്വദേശി സിജോ ജോയ്, ശിവഗംഗ സ്വദേശി ശ്രീനിവാസന്‍, ഗോവ സൗത്തിലെ ഹെന്റിക് ഡി സൂസ എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂരില്‍ എത്തിച്ചിരിക്കുന്നതെന്ന് മലപ്പുറത്തെ സ്പെഷ്ല്‍ ബ്രാഞ്ച് സിഐഡി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തോമസ് പറഞ്ഞു.

വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സുകള്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എംബസി അധികൃതരുടെ അനുമതി ആവശ്യപ്പെട്ട് ഒരാഴ്ചയോളം ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരുന്നതില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് -19 ഇതര കാരണങ്ങളാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന കേരളീയരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ സംസ്ഥാനത്ത് കൊണ്ടുവരണമെന്ന് ഉറപ്പുവരുത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇതനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വ്യക്തിഗത അനുമതി വാങ്ങാതെ ആവശ്യമായ അനുമതികള്‍ നല്‍കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും കാലതാമസം ഒഴിവാക്കാനും നരേന്ദ്ര മോദി നിര്‍ദ്ദേശിക്കുകയായിരുന്നു.

കോവിഡ് -19 ലോക്ക്ഡൗണ്‍ കാരണം യാത്രാ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതിനാല്‍ മൃതദേഹങ്ങള്‍ ഇപ്പോള്‍ ചരക്ക് വിമാനങ്ങളില്‍ എത്തിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക