Image

നിശ്ശബ്ദതയിലൂടെ വന്നു തൊടുന്ന മോഹത്തിന്റെയും (മോഹഭംഗത്തിന്റെയും) വിരലുകൾ.. ! (രാജലക്ഷ്മിയുടെ കഥാലോകം:അഡ്വ.ശ്രീജ സുശീല)

Published on 29 April, 2020
നിശ്ശബ്ദതയിലൂടെ വന്നു തൊടുന്ന മോഹത്തിന്റെയും (മോഹഭംഗത്തിന്റെയും) വിരലുകൾ.. ! (രാജലക്ഷ്മിയുടെ കഥാലോകം:അഡ്വ.ശ്രീജ സുശീല)
ഏകാന്തതയും മൗനവും ഇടകലർന്ന ഒരു ജലാശയമാണ് രാജലക്ഷ്മിയുടെ കഥാലോകം. ഇറങ്ങുമ്പോഴേ അറിയൂ അതിനടിയിൽ ഉറഞ്ഞു കൂടിയിരിക്കുന്ന ജീവിതരതിയും ദുരന്തബോധവും. വായന വളരുമ്പോൾ വാക്കുകൾക്കിടയിലൂടെ ഒരു തണുപ്പ് നിങ്ങളെ വന്നു തൊട്ടുപോകും. ജീവിതം എന്ന വൃഥാ വ്യായാമത്തിന്റെ ഏതൊക്കെയോ ഇടവേളകളിൽ ജൈവികമായ ജീവിതം കൊതിച്ചു യാന്ത്രികമായിപോകുന്ന പെണ്ജീവിതങ്ങളെ, നനുനനുത്ത തൂവൽ പോലെ ചിതറി പറന്നുപോകുന്ന അവരുടെ സ്വപ്‍നങ്ങളെ, ഒക്കെ മിഴിവോടെ രാജലക്ഷ്മി തന്റെ കഥകളിൽ വരച്ചിട്ടു. അതുകൊണ്ട് ആവാം ആംഗലേയ സാഹിത്യത്തിലെ സിൽവിയ പ്ലാത്തിനോട് മലയാളത്തിന്റെ ഈ എഴുത്തുകാരിയെ പലരും ചേർത്തുവയ്ക്കുന്നതും. സര്ഗാത്മകതയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ ജീവിതത്തിന് വിരാമാമിട്ട സിൽവിയ പ്ലാത്തും വിർജനിയ വൂൾഫ്ഉം രാജലക്ഷ്മിയും ഒക്കെ സാമൂഹികമായ അസമത്വങ്ങളോട് പൊരുതുമ്പോൾ തന്നെ അവരവരോടുകൂടിയും കലഹിച്ചവരായിരുന്നു. അതുകൊണ്ടുതന്നെ അവർ തമ്മിലും അത്തരം താരതമ്യചിന്തകൾക്ക് വഴിതുറക്കുന്നു.മലയാളത്തിൽ അങ്ങിനെ ഒരു കവി കൂടി നമുക്കുണ്ടായിരുന്നു എന്നത് മറന്നുകൂടാ. മറ്റാരുമല്ല അത്.ഇടപ്പള്ളി രാഘവൻ പിള്ള.

രാജലക്ഷ്‌മിയുടെ കഥകൾ സ്ത്രീകളുടെ ഒരു ലോകമാണ്. അധികാരത്തിന്റെ രൂപങ്ങളായാണ് അതിൽ പുരുഷന്മാർ വന്നുപോകുന്നത്. ഏകാന്തതയുടെ തീവ്രതയിൽ നിന്നുത്ഭവിക്കുന്ന മൗനത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോളൊക്കെയും അവരുടെ കഥകളിലേയ്ക്ക് നാം അറിയാതെ സഞ്ചരിച്ചു പോകും. ഒരു തെറ്റും ചെയ്യാതെ ദുരന്തപ്പെട്ടുപോകുന്ന മനുഷ്യരുടെ ലോകമാണ് ഒരു വഴിയും കുറെ നിഴലുകളും എന്ന 1960 ൽ കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ അവരുടെ നോവൽ. 1958 ൽ പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ടകഥയിലൂടെയാണ് രാജലക്ഷ്മി മലയാളസഹിത്യത്തിന്റെ ഉമ്മറത്തേയ്ക്ക് കടന്നിരുന്നത്. തുടർന്ന് ഏഴോളം ചെറുകഥകളും 'കുമിള' എന്നൊരു ഗദ്യകവിതയും എഴുതി. ഒരു വഴിയും കുറെ നിഴലുകളും എന്ന നോവലിന് ശേഷം ഉച്ചവെയിലും ഇളം നിലാവും (അപൂർണ്ണം) , ഞാനെന്ന ഭാവം എന്നീ നോവലുകൾ കൂടി പുറത്തുവന്നു .

ഒരേസമയം അദമ്യമായ ജീവിതതൃഷ്ണയും മൃത്യു ബോധവും പുലർത്തുന്നവയാണ് അവരുടെ കഥാപാത്രങ്ങൾ. ഒരു വഴിയും കുറെ നിഴലുകളും എന്ന നോവലിലെ രമണി സ്വയം സൃഷ്ടിച്ചെടുക്കുന്ന ഒരു ഏകാന്തതയുണ്ട്.അവിടേയ്ക്കാണ് മാധവമേനോൻ എന്ന അധ്യാപകനോടുള്ള പ്രണയം കടന്ന് വരുന്നത്.ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയം അപ്പോൾ രമണിയെ ഉന്മാദിയാക്കുന്നുണ്ട്. പക്ഷെ അയാൾ *മാറ്റകല്യാണ*മേ കഴിക്കൂ എന്നറിയുന്ന നിമിഷം അവളിലെ ജീവിതമോഹം നിരാശയിലേയ്ക്ക് കൂടുമാറുകയാണ്. മരണത്തിന് അവിടെ ഭൗതികവസ്ഥയിൽ നിന്ന് ആത്മീയവസ്ഥയിലേക്ക് പരിണാമം സംഭവിക്കുന്നു.. ആ ആത്മീയാവസ്ഥയെ അംഗീകരിച്ചുകൊണ്ടാണ് രമണി ആശയ്ക്ക് വകയില്ലാത്ത ക്ഷയരോഗിയായ അപ്പേട്ടന്റെ ജീവിതത്തിലേയ്ക്ക് ഇറങ്ങി പോകുന്നത്. അതിന് അവളുടേതായ ഭാഷയിൽ ത്യാഗത്തിന്റെ വെളുത്ത പഴം എന്നൊരു വിശേഷണം കൂടിയുണ്ട്.. തനിക്ക് ഒരു ഉപകാരവുമില്ലാത്ത ഈ ജീവിതം ആർക്കെങ്കിലും ഉപകരിക്കുന്നെങ്കിൽ ആവട്ടെ എന്നാണ് അവളുടെ ഭാഷ്യം..

പ്രണയവും മോഹങ്ങളും നിഷേധിക്കപ്പെട്ട സാമൂഹികമായ വിലക്കുകൾക്കടിപ്പെട്ട് ശ്വാസം മുട്ടി കഴിയുന്ന സ്ത്രീമനസ്സിന്റെ വിങ്ങലുകൾ ഹൃദയസംവേദനക്ഷമമായ ഭാഷയിൽ രാജലക്ഷ്മി സമൂഹ മനസാക്ഷിയ്ക്ക് മുന്നിൽ പകർത്തിവച്ചു.. വിജയികളുടെ സംഗീതത്തെക്കാൾ സാന്ദ്രതയും പരപ്പും പാരാജിതരുടെ സംഗീതത്തിനാണെന്ന് അവർ എപ്പോഴും പറഞ്ഞുകൊണ്ടേയിരുന്നു. 

"ഇളവെയിലും പൂക്കളും മഞ്ഞും മഴയും ഇഷ്ടപ്പെട്ടിരുന്ന" ലീലയും സ്വപ്നങ്ങളുടെ ഇടവഴിയിലൂടെ സഞ്ചരിച്ച ഇന്ദിരയും ഓരോ സ്‌ത്രീയിലും ഉണ്ട്. "ആത്മഹത്യ' എന്ന കഥയിലെ "നീരജ" എന്ന കഥാപാത്രം സ്നേഹരഹിതമായ ദാമ്പത്യജീവിതത്തിൽ നിന്ന് മരണത്തിലൂടെ രക്ഷപെടാൻ ആഗ്രഹിക്കുന്നവളാണ്. ഓരോ കഥയിലൂടെയും കടന്നുപോകുമ്പോൾ വ്യവസ്ഥിതിയോട് കലഹിക്കുന്ന എഴുത്തുകാരിയുടെ മനസ് നമുക്ക് അറിയാനാവും. ആ കലഹം തന്നെയാവാം മുപ്പത്തിയഞ്ചാം വയസിൽ സർഗ്ഗധനയായ ആ എഴുത്തുകാരിയുടെ ആത്മഹത്യയിൽ അവസാനിച്ചതും..!

(*മാറ്റകല്യാണം.*--സഹോദരിയെയും സഹോദരനെയും അങ്ങോട്ടും ഇങ്ങോട്ടും വിവാഹം കഴിക്കുന്ന സമ്പ്രദായം.).

നിശ്ശബ്ദതയിലൂടെ വന്നു തൊടുന്ന മോഹത്തിന്റെയും (മോഹഭംഗത്തിന്റെയും) വിരലുകൾ.. ! (രാജലക്ഷ്മിയുടെ കഥാലോകം:അഡ്വ.ശ്രീജ സുശീല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക