Image

നിനക്കായ്... (കവിത: റോബിൻ കൈതപ്പറമ്പ്)

Published on 29 April, 2020
നിനക്കായ്... (കവിത: റോബിൻ കൈതപ്പറമ്പ്)
തുമ്പപ്പൂ പോലെ വിരിഞ്ഞും
തുഞ്ചൻ പാട്ടിൻ താളമെടുത്തും..
നീയെൻ്റെ കരളിൻ കടവിലടുക്കാറുണ്ടെന്നും
നീയെൻ്റെ സ്വപ്നക്കനവിൽ അണയാറുണ്ടെന്നും

കനവിൽ ഞാൻ നിന്നെ നിനച്ചും
നിനവിൽ നിൻ പേരു വിളിച്ചും
നീ പോകും പാതവരമ്പിൽ നിൽക്കാറുണ്ടെന്നും
ഒരു നോക്കു കാണാനായി ശ്രമിക്കാറുണ്ടെന്നും ..

നീയെൻ്റെ സ്വപ്നമുകിലായ് വരുമോ ഇനിയൊരുനാൾ
മഴമുകിലായ് സ്നേഹനിലാവിൽ പൊഴിയാൻ
നീ വരുമോ .
ഉരുകുന്നെൻ ഹൃദയം മെഴുകായ്
തളരുന്നെൻ തനുവും മെയ്യും ..
നീ വന്നെൻ അരികത്തായിരുന്നൽ മതിയെന്നും
നിൻ പാട്ടിന് ശ്രുതിയായ് മൂളും തമ്പുരുവാകും ഞാൻ

രാവായാൽ തെളിയും തിങ്കളിൽ നിന്നെ കാണും ഞാൻ
പേമാരിയിൽ ഒന്നായ് ഒഴുകും പുഴയായ് മാറും നാം
നെഞ്ചിൽ നിൻ കണ്ണാലെയ്യും
അമ്പിൻ മുന കൊണ്ടു വലഞ്ഞു ..
നീഇന്നെൻ മാറിൽ ചേരാൻ വരുമോ പെണ്ണാളെ..
നീയിന്നെൻ സഖിയായ് വാഴാൻ കൂടെ പോന്നിടുമോ ..
Join WhatsApp News
ഓണത്തിനൊരോണപ്പാട്ട് 2020-04-29 22:48:01
തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റുവിതച്ചും നീയെന്റെ കൂടെച്ചേർന്നു നടക്കില്ലെന്നറിയാം നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം അന്തിക്ക് തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും നീയെന്റെ ശ്വാസക്കാറ്റിൽ കുളിരില്ലെന്നറിയാം മിഴിയിലയിൽ നോവിൻ മഞ്ഞ് പതിക്കില്ലെന്നറിയാം (തുമ്പപ്പൂ ) ഇനിയെന്നിൽ സ്വപ്നമുല്ല പതിക്കില്ലെന്നറിയാം പനിമതിയായി സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം ഉലയുന്നെൻ പ്രണയച്ചില്ല കൊഴിയുന്നനുരാഗപ്പൂക്കൾ നീ വന്ന് അതിലൊന്നെടുക്കില്ലെന്നറിയാം എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം (തുമ്പപ്പൂ ) രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം (തുമ്പപ്പൂ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക