Image

കരുണയുടെ പുസ്തകം : മുരളീ കൈയ്മൾ

Published on 30 April, 2020
കരുണയുടെ പുസ്തകം : മുരളീ കൈയ്മൾ




""പുലി ചന്ദ്രൻ താഴെ ഗ്രൗണ്ടിൽ ഉണ്ട്."
നേഴ്സറിയുടെ പിറുപിറക്കലായിരുന്നു.
ഗ്രേയ്റ്റ് ഹോളിന് മുൻപിലെ ചൂളമര ചോട്ടിലെ കുട്ടത്തിലേക്കാണ് അവന്റെ സന്ദേശം
           " ഉവ്വോ ?"

           "  എവിടെ?  "

" താഴെ വലിയ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി തീരാറായി. അവന്റെ കോളേജിലെ ടീം ക്യാപ്റ്റൻ  പുലി ചന്ദ്രനാ.
താഴെത്തെ ഗേറ്റ്  (ശവക്കോട്ടയുടെ  വശത്തെ)പൂട്ടി ഇട്ടിരിക്കുന്നതു കൊണ്ട് ഇതിലെ വരികയുള്ളു.
ഞാൻ ബാക്കി എല്ലാവരോടും പറയാം
അവനെ വിടണ്ട . കുറെ നാളായി അവനെ പിടിക്കാൻ നമ്മുടെ പ്രസ്ഥാനം നടക്കുക യല്ലേ?  ."
തീരുമാനങ്ങൾ പെട്ടന്നാണ് അക്കാലത്ത് എടുക്കുക.
കോളേജ് ക്യാ മ്പസിൽ മുഴുവൻ സന്ദേശമെത്തി എന്ന് തോന്നുന്നു. എത്തിയ പല സഖാക്കളുടെയും കയ്യിൽ ഒടിച്ച ഡസ്ക് കാലുകൾ പിന്നിൽ ഒളിപ്പിച്ചു പിടിച്ച നിലയിൽ കണ്ടു

ഇതിന് ഒരു പിന്നാമ്പുറമെന്നോ ഫ്ളാഷ് ബാക്ക് എന്നു പറയാവുന്ന ചിത്രമുണ്ട്

നഗരത്തിനു പുറത്തെ കലാലയത്തിൽ ആണ് തുടക്കം. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ താലൂക്ക് സെക്രട്ടറി അവിടെയാണ് പഠിച്ചിരുന്നത്. സർക്കാർ കോളേജായതു കൊണ്ട് സാധാരണക്കാരുടെ മക്കൾ കൂടുതൽ പഠിക്കുന്നു.
അതുകൊണ്ട് തന്നെ സ്വാഭാവികമായി സഖാക്കൾ കൂടുതൽ.
 
സാധാരണക്കാരന്റെ ഭരണം അധികാര കേന്ദ്രങളിൽ ഉണ്ടാവും  എന്ന് സ്പനം കണ്ട കാലം . 
വിശ്വസിക്കുന്ന പ്രസ്ഥാനം-വിദ്യാർത്ഥി ,യുവജനങ്ങളെ കൈ ചേർത്ത് പിടിച്ച് വളർത്തി വരുന്ന അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലം.
വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ
താലൂക്ക് സെക്രട്ടറി തന്റെ അധികാര പരിധിയിൽ . പെട്ട കോളേജിൽ പുതിയതായി എത്തിയ . വിദ്യാർത്ഥിയുമായി സ്വാഭാവികമായി ഇടഞ്ഞു. കോളേജിന് അടുത്തു വീടുള്ള പുലി ചന്ദ്രൻ തിണ്ണമിടുക്കിന്റെ ധൈര്യത്തിൽ സെക്രട്ടറിക്ക് എതിരെ ശബ്ദമുയർത്തി.
ചൊടിച്ച സെക്രട്ടറി പുതിയ പയ്യനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. കായികശേഷി കൂടുതൽ ഉണ്ടാവുകയും, അതിൽ  അമിത ആത്മ വിശ്വാസം കൊണ്ടിരുന്നു പുലി ചന്ദ്രൻ . 
താടിക്ക് തട്ടിയ സെക്രട്ടറിയെ വലിച്ച് എറിഞ് കഴിഞ്ഞാണ് ഇദ്ദേഹത്തിന്റെ സ്ഥാനത്തെ കുറിച്ച് പുലിക്ക് പോലും ജ്ജാനം ഉണ്ടായത്.

അക്കാലത്ത് വിദ്യാർത്ഥി യുവജന പ്രവർത്തകരുടെ കരുത്ത് തൊഴിലാളികളുടെ  , പ്രത്യേകിച്ച് ചുമട്ടു തൊഴിലാളികളുടെ പിൻബലമായിരുന്നു. ഉയിര് കൊടുത്തും തങ്ങളുടെ സഖാക്കളെ രക്ഷിക്കാൻ തയ്യാറാകുന്ന വർക്കിയും , ജോയിയും, ആലപ്പി രാജനും, ഓട്ടോ യൂണിയൻ സഖാക്കളായ സച്ചിയും, ഇക്കായും ഒക്കെ :----
എല്ലാ വൈകുന്നേരവും മോട്ടർ തൊഴിലാളി ഓഫീസിന് മുൻപിൽ എത്തുന്ന വിദ്യാർത്ഥി യുവജന സംഘങ്ങളിൽ സെക്രട്ടറിയുടെ പരാതി എത്തി.
അന്ന് ഗുരുസ്ഥാനീയനായ ഗോപൻ ചേട്ടൻ വിവിധട്രേഡ് യൂണിയനുകളുടെ ഭാരവാഹി ആയിരുന്നു . 
--"ഭയം --"എന്ന വാക്ക് തൊട്ടു തീണ്ടാത്ത നേതാവ്. പോലീസിനെയും , മുതലാളികളുടെ ഗുണ്ടകളെയും എതിർ ചേരിയെയും ഭയപ്പെടാത്ത ധീരൻ .
ചില മനുഷ്യർ അങിനെയാണ്. അവർ പകരുന്ന ധൈരവും ചങ്കുറ്റവും നമ്മളെ എന്തു ചെയ്യാനും കെൽപ്പുള്ളവരാക്കും.
ഏതു പ്രശ്നവും കേട്ടിട്ട് . സിഗരറ്റ് ആഞ്ഞ് വലിച്ചിട്ട് , കണ്ണുകൾ ചെറുതാക്കി ഗോപൻ ചേട്ടൻ പറയുന്ന തീരുമാനങൾ നടപ്പിലാക്കാൻ 100 കണക്കിന് ആളുകൾ തയ്യാർ.
അടച്ച് ഉറപ്പുള്ള ഒരു പാർട്ടി ഓഫീസ് ഇല്ലാത്ത കാലമായിരുന്നു അത്.
ട്രേഡ് യൂണിയൻ ഓഫീസിൽ ഒരു മേശയും നാലോ അഞ്ചോ ബെഞ്ചും , മുന്നോ നാലോ കസേരയും ഉള്ള കാലം.
ഇടക്ക് പറയട്ടെ ആ തൊഴിലാളി യൂണിയൻ ഓഫീസ് ഇന്നും അതുപോലെ തന്നെ എന്റെ നഗരത്തിൽ പ്രവർത്തിക്കുന്നു.
അവിടുന്ന് എടുത്ത തീരുമാനത്തിൽ വൈകിട്ട് കുറച്ച് പേർ പുലിയുടെ വീട് തേടി പോയി. പക്ഷേ കിട്ടിയില്ല. പിന്നെ അവൻ പഠിക്കുന്ന കലാലയത്തിൽ തേടി ചെന്നു. അപ്പോഴും പുലി അസാമാന്യ മെയ്ക്കരുത്തിൽ വഴുതി മാറി.

അപ്പോഴാണ് ഞങളുടെ കലാലയത്തിൽ ക്രിക്കറ്റ് മത്സരം. 
എല്ലാരും , എല്ലാം മറന്നു എന്ന ചിന്തയാവും, അല്ലെങ്കിൽ ഈ സ്വകാര കോളേജ് അങ്കണത്തിൽ തന്നെ ആരും ആക്രമിക്കില്ല എന്ന ധൈര്യമാവാം പുലിയെ ഞങളുടെ കോളേജിൽ എത്തിച്ചത്.
താഴത്തെ വലിയ ഗ്രൗണ്ടിന്റെ പടിക്കെട്ടിൽ കാവലായി കുറച്ചു പേർ നിന്നു .
ഇതിലെ ഏറ്റവും വലിയ തമാശ ഇതിന് മുൻപ് പുലി ചന്ദ്രനെ കണ്ട ഒന്നോ രണ്ടോ പേർ മാത്രമേ നമ്മുടെ കൂട്ടത്തിൽ അന്ന് ഉള്ളു .
 അതു കൊണ്ട് തന്നെ ഗ്രൗണ്ടിൽ നിന്ന് അവന്റെ കോളേജ് ടീമംഗങ്ങൾ പ്രധാന കവാടത്തിലേക്ക് നടക്കുന്നതു വരെ കാത്തു .
ഭുതവും, നേഴ്സറിയുമാണ് അവനെ തിരിച്ചറിഞ്ഞത്.

 "ബാറ്റുമായി നടക്കുന്ന അവനെ പിടിക്കടാ -"എന്ന അലർച്ച 
പുലി കോളേജിന്റെ മെയിൻ ഗെയ്റ്റിലേക്ക് കുതിച്ചു.
മെയിൻ ഗയ്റ്റ് വലിയ വേഗതയിൽ അടച്ച് കുറ്റിയിട്ടത് ഉണ്ണി ആണ് എന്ന് തോന്നുന്നു.
സൈക്കിൾ ഷെഡിൽ പതുങ്ങി നിന്ന ഞങ്ങൾ ഒക്കെ അലറിക്കൊണ്ട് ആണ് അവന്റെ നേരേ അടുത്തത്.
പ്രാണരക്ഷാർത്ഥം കോളേജ് ഓഫീസിലേക്ക് ,രണ്ടാം നിലയിലേക്ക് ഓടി കയറാൻ ശ്രമിച്ചപോൾ , അതിന് മുൻപ്, ആ രക്ഷാമാർഗ്ഗം അടച്ചിരുന്നു.

 "പ്രിൻസിപ്പൽ പോലീസിനെ വിളിക്കും, ടെലിഫോൺ ലൈൻ മുറിക്കു-"
ഈ നിർദേശം നടപ്പിലാക്കാൻ ടെലിഫോൺ ലൈനിൽ കയറിയത് സോമുവായിരുന്നു.
കോളേജ് ആഫീസിന് മുൻപിൽ വച്ച് തന്നെ ആദ്യ അടി ചന്ദ്രന്റെ പുറകിൽ കിട്ടി.

എന്താവും ആ ചെറുപ്പക്കാരന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് ഞങ്ങൾ ആലോചിച്ചില്ല.
മരണത്തെ നേരിൽ കണ്ട അവൻ താഴത്തെ നിലയിലെ പോസ്റ്റ് ഓഫീസിൽ ഓടി കയറി.
കാര്യം എളുപ്പമായി.
കയ്യിലെ ബെഞ്ച് കാലുകൾ ആയുധങളായി. പോസ്റ്റ് ഓഫീസ് മേശക്കടിയിൽ അഭയം പ്രാപിച്ച പുലിയെ പൊതിരെ തല്ലി. ആദ്യം അലറി വിളിച്ച് പിന്നെ, ചോരയിൽ കുളിച്ച് ബോധരഹിതനായി കിടന്ന അവനെ,അവിടുത്തെ ഭാരം നോക്കാൻ വെച്ച കട്ടി എടുത്ത് ഇടിക്കുമ്പോൾ , സ്നേഹമുള്ള കായികാദ്ധ്യപകൻ ഞങ്ങളെ  വലിച്ചിറക്കി.
ഉച്ചത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ചെവിയിൽ

 "ഇനി അടിച്ചാൽ അവൻ ചത്തു പോകും നിങ്ങൾ പോകൂ-"
രണ്ടുകൈയും കൂപ്പി ആ വലിയ മനുഷ്യൻ പറഞ്ഞ വാക്കുകൾ കേട്ട് , കട്ടി താഴെ ഇട്ട് പുറത്ത് ഇറങ്ങുമ്പോൾ അലറി കൊണ്ട് ഓടി വന്ന മറ്റൊരാൾ വെള്ളം നിറച്ച് വെച്ച കുജ ഉയർത്തി ചന്ദ്രന്റെ തലക്കടിക്കാൻ ശ്രമിക്കുന്നതു കണ്ടു. 
വീണു കടക്കുന്നവനെ തല്ലിയ അദ്ദേഹം , അഴിമതി തൊട്ട് തീണ്ടാത്ത പോലീസ് അധികാരിയായി പിന്നീട് മാറി.
പോലീസ് എത്തുന്നതിന് മുൻപ്, കോളേജിന്റെ ചെറിയ ഗയ്റ്റ് വഴി ഓടി പാർട്ടി ഓഫീസിൽ എത്തി ഗോപൻ ചേട്ടനെ കണ്ടു. വിവരം ധരിപ്പിച്ചു.
 "വളരെ സീരിയസ്സ് ആണെങ്കിൽ കുറച്ച് ദിവസത്തേക്ക് നഗരത്തിൽ നിന്ന് മാറി നിൽക്കണം " ഉപദേശിച്ചത് ഗോപൻ ചേട്ടനായിരുന്നു.
വൈക്കം ബസ്സിൽ ഓടി കയറി, ഫെറികടന്ന് ഒറ്റപുന്നക്ക് .
അവിടെ നിന്നു അരുക്കറ്റി ബസിൽ നാൽ പെത്തെണ്ണീശ്വരത്തിന് .
ഇരവിമംഗലം തറവാട്ടിൽ അമ്മയുടെ അമ്മയുടെ മുന്നിൽ. ഒന്നും പറഞ്ഞില്ല. 
പന്ത്രണ്ടേലും നാൽപ്പത്തെണ്ണീശ്വരത്തും കറങ്ങി ഒരാഴ്ച .
അന്ന് പ്രൈമറി സ്ക്കൂളിൽ പഠിക്കുന്ന സന്ധ്യയുടെ പാO പുസ്തകത്തിലെ പദ്യങ്ങൾ ഇന്നും മനപാഠം.
സന്ധ്യ എന്ന ആ കുഞ്ഞി പെങ്ങൾ, സുനിലിന്റെ ഭാര്യയായി കോട്ടയത്ത് എത്തി.(ഭാഷാപോഷിണിയിൽ ജോലി ചെയ്യുന്ന സന്ധ്യ ഈ കോവി ഡ് ബന്ധന കാലത്ത് വിളിച്ചപ്പോഴാണ് ഉള്ളിലെ പഴയ  തീപ്പൊരി കനലായി മാറിയത്.)

ഇപ്പോഴത്തെ പോലെ അക്കാലത്ത് മൊബൈൽ ഫോണുകളും , വാർത്തകൾ അറിയിക്കാനും വഴിയില്ല.
ഒരാഴ്ച കഴിഞ്ഞ് തിരിച്ച് ഗോപൻ ചേട്ടന്റെ മുന്നിൽ
ഒരു തല്ല് കൊള്ളിക്കാതെ, പോലീസിന്റെ തെറി കേൾപ്പിക്കാതെ സ്റ്റേഷൻ ജാമ്യം.
അപ്പോഴും പുലി ആശുപത്രിയിൽ തന്നെ.
11 പ്രതികളായിരുന്നു
കേസ് കോടതിയിൽ എത്താൻ താമസം പിടിച്ചില്ല.
വലിയ കുറുപ്പും, വടക്കൻ സാറും കോട്ടയം കോടതികളിൽ രക്ഷക്കെത്തി. അക്കാലം അങ്ങിനെയായിരുന്നു. സംഘം ചേരുന്നവർക്ക് ആയി അവസാന തുള്ളി ചോര ചിന്താൻ എല്ലാ രംഗത്തും സഖാക്കൾ ഉണ്ടായിരുന്നു. പണവും , സ്ഥാനമാനങളുo കാക്ഷിച്ചല്ല അവർ കേസ് നടത്തി തന്നത്.
നീണ്ടു പോയ അവധികൾ .
ഒരു പ്രതി വരുമ്പോൾ മറ്റ് രണ്ട് പേർ ഉണ്ടാവില്ല.
പിന്നെ ,പിന്നെ കോടതിയിൽ എത്തുമ്പോൾ പുലി ചന്ദ്രനുമായി സൗഹർ ദത്തിന്റെ , ദിവസ ങൾ തുടങുകയായി.
അവസാന വിസ്താര വേളയിൽ ഏ പി.പി , ചന്ദ്രനോട് ചോദിച്ച ചോദ്യം ഓർമ്മയുണ്ട്

 "ആ പ്രതികൂട്ടിൽ നിൽക്കുന്നവരല്ലേ നിങ്ങളെ തല്ലി കൊല്ലാൻ ശ്രമിച്ചത് ? "
 "അറിയില്ല . 'എന്ന് മറുപടി
" ഇവരുടെ മുഖം എന്താ ഓർക്കാത്തത്? "
"ആദ്യ അടി പിന്നിലായിരുന്നു , അതുകൊണ്ട് മുഖം ആരുടെയും കണ്ടില്ല."

പേടിച്ചിട്ടല്ല ചന്ദ്രൻ അങ്ങിനെ പറഞ്ഞത് എന്ന് എനിക്ക് ഉറപ്പ്.
ഞങ്ങളെ ഒക്കെ ശിക്ഷക്കപെടണം എന്ന് അയാൾക്ക് ആഗ്രഹമില്ലായിരുന്നു. ഇരയിൽ നിന്ന്  വേട്ടക്കാരനായി മാറമായിരുന്നു അയാൾക്ക് . നിയമത്തിന്റെ പരിരക്ഷയും ഉണ്ടായിരുന്നു ,
ഈ അടുത്ത കാലത്ത് കണ്ണൻ സാർ എന്നെ ചന്ദ്രന്റെ ഭാര്യയെ  ഫോണിലൂടെ പരിചയപ്പെടുത്തി.
പഴയ കാലം  അറിയാത്ത അവർ പറഞ്ഞു 
"ഞാൻ ചന്ദ്രന്റെ ഭാര്യ യാണ് . പണ്ട് എല്ലാവരും  പുലി ചന്ദ്രൻ എന്നു കളിയാക്കുന്ന ചന്ദ്രന്റെ-"

"ഒരു വലിയ കടപ്പാട് നിങ്ങളുടെ ഭർത്താവിനോട് ഉണ്ട് . ദേദപ്പെട്ട ജോലി ചെയ്തു ഞങളിൽ പലരും ജീവിക്കുന്നത് നിങളടെ ഭർത്താവ് പറഞ്ഞ ഒരു വലിയ കള്ളം കൊണ്ടാണ്.."

ചില കടങ്ങൾ അങ്ങിനെയാണ്. ഈ ജന്മത്തിൽ തന്നെ മാപ്പ് പറഞ്ഞ് തീർക്കാൻ കഴിയണം.

പക്ഷേ ഈ സംഘം ചേരലിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ പോരായ്മ എന്താണ് എന്ന് ഇപ്പോൾ മനസ്സിലാകുന്നു.

ആരെയും , എന്തിനെയും ഭയമില്ലാതിരിക്കുക.

അത് ശരിക്കും അപകടമാണ്. ആത്മഹത്യാപരമാണ്.

 ഇപ്പോഴത്തെ സമൂഹത്തിൽ ഭയന്നും, തൻ കാര്യം നോക്കി നടക്കുന്ന വർക്കാണ് സമാധാനം. സന്മനസുള്ളവർക്കല്ല .

 വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്നവരോട് ഒപ്പം പ്രവർത്തിച്ച ആ കാലം കൈ കരുത്തിന്റെ, സംഘബലത്തിന്റെ കാലമായിരുന്നു.
             ഇല്ല.

ആ സംഘം ചേരലുകളെ പറ്റി ഒരു പശ്ചാത്താപവുമില്ല.
കാരണം നോവു ത്മാവിനെ സ്നേഹിക്കാത്ത തത്ത്വശാസ്ത്രങളെ സ്നേഹിക്കാതിരിക്കാൻ ആണ്  അന്ന് പഠിച്ചത്.
പക്ഷേ ആരുടെ കരുണയിലാണ് ചന്ദ്രനെ ആശുപത്രി കിടക്കയിൽ നിന്ന് ജീവിതത്തിലേക്കും, ഞങ്ങളെ ഒക്കെ ജയിലിൽ പോകാതെ ഈ ജീവിതത്തിലേക്കും കൊണ്ട് വന്നത് എന്ന് അറിയില്ല.
നക്ഷത്രക്കല്ലുകൾ പാകിയ വഴിയിൽ നടക്കാനിറങുന്ന ദൈവത്തിന്റെ പുസ്തകത്തിലെ കരുണയുടെ താളുകൾ ആവാം.
muralee kaimal    parunith@gmail.com
9446051204


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക