Image

കൊറോണയ്ക്ക് ശേഷം പ്രളയമല്ല, ഗോദയില്‍ തിരഞ്ഞെടുപ്പ് ഗുസ്തിയാണ്...(ശ്രീനി)

ശ്രീനി Published on 01 May, 2020
കൊറോണയ്ക്ക് ശേഷം പ്രളയമല്ല, ഗോദയില്‍ തിരഞ്ഞെടുപ്പ് ഗുസ്തിയാണ്...(ശ്രീനി)
 കൊറോണപ്പനിക്ക് ശേഷം ജനാധിപത്യ കേരളം വീറും വാശിയും മുറ്റിയ തിരഞ്ഞെടുപ്പിലേയ്ക്ക് കടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ നടക്കുമെന്നാണറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അടിത്തട്ടിലെ നിര്‍ണായക രാഷ്ട്രീയ പോരാട്ടമാണിത്. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പിന്റെ സ്വഭാവം നിയമസഭ, ലോക്‌സഭ ഇലക്ഷനുകളിലേതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഇവിടെ സ്ഥാനാര്‍ത്ഥിയുടെ ഗ്ലാമറിനോ ചുറുചുറുക്കിനോ രാഷ്ട്രീയ ചായ്‌വിനോ ഒന്നും അധികം പ്രസക്തിയില്ല. നമ്മുടെ അയല്‍പക്കക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരിക്കും ഗോദയില്‍ പൊരുതാനുണ്ടാവുക, ഒപ്പം ശത്രുക്കളും. ഇവിടെ വ്യക്തിപരമായ താത്പര്യങ്ങളാണ് പ്രധാനമായും ബാലറ്റ് ബട്ടണില്‍ അമര്‍ത്തപ്പെടുന്നത്. സ്‌നേഹവും കുടിപ്പകയും വാല്‍സല്യവും ബഹുമാനവും ചൂണ്ടുവിരല്‍ത്തുമ്പില്‍ സംഗമിക്കുന്നതാണ് തദ്ദേശതിരഞ്ഞടുപ്പ്.

കേരളം കോവിഡ് പ്രതിരോധത്തിലായതിനാല്‍ വാര്‍ഡ് വിഭജനമുണ്ടാവില്ല. നിലവിലുള്ള വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയായിരിക്കും ഇലക്ഷന്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി ലഭിക്കേണ്ടതുണ്ട്. അത് ലഭിച്ച് കോവിഡ് ആശങ്കയുമൊഴിയുന്നതോടെ ഒക്‌ടോബറില്‍ത്തന്നെ തിരഞ്ഞെടുപ്പ് നടത്താവുമെന്നാണ് പ്രതീക്ഷ. 2020 നവംബര്‍ 12നകം തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കണം.

 ആറ് കോര്‍പറേഷനുകളാണ് കേരളത്തിലുള്ളത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവ. ഇതില്‍ കണ്ണൂര്‍ കഴിഞ്ഞ തവണ പുതുതായി രൂപീകരിച്ചതാണ്. കൊട്ടാരക്കര, പന്തളം, ഹരിപ്പാട്, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, കൊണ്ടോട്ടി, ഫറോക്ക്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠാപുരം, ആന്തൂര്‍ എന്നിവയാണ് കഴിഞ്ഞ തിരഞ്ഞടുപ്പിന് മുമ്പ് രൂപീകരിച്ച പുതിയ മുനിസിപ്പാലിറ്റികള്‍. 

ഇവയും കണ്ണൂര്‍ കോര്‍പറേഷനും രൂപീകരിച്ചതോടെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം 987ല്‍ നിന്ന് 914 ആയി കുറഞ്ഞു. മൊത്തം 86 നഗരസഭകളുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലും പോരാട്ടം തീപാറും. മൊത്തം 86 മുനിസിപ്പാലിറ്റികളാണുള്ളത്. ആകെ1119 തദ്ദേശസ്ഥാപനങ്ങളില്‍ നിന്നായി 21,871 ജനപ്രതിനിധികളെ തിരഞ്ഞെടുക്കണം. 50 ശതമാനത്തില്‍ കുറയാത്ത സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ അനുസരിച്ചാണ് ത്രിതല സമ്പ്രദായം ഇന്ത്യയില്‍ നിലവില്‍ വന്നത്. വികസന പരിപാടികള്‍ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായ ഏജന്‍സികളായി ഉയര്‍ന്നിരിക്കുന്നു. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന അനുബന്ധ വകുപ്പുകളാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നത് ഈ വിഭാഗങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാണ്. വകുപ്പിന് ഒരു ഗവണ്‍മെന്റ് സെക്രട്ടറിയാണ് നേതൃത്വം നല്‍കുന്നത്. മന്ത്രിമാര്‍ ചേര്‍ന്നാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

എന്നാല്‍ ഈ മൂന്നു വിഭാഗങ്ങളുടേയും ഏകോപനം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം എടുക്കുന്നത് ഈ മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ഒരു സമിതിയാണ്. 1994 ല്‍ കേരളാ പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നു. 1997ല്‍ ഇ.എം.എസ് ഗവണ്‍മെന്റ് ഊര്‍ജ്ജം, ധനകാര്യം, വൈദഗ്ദ്ധ്യം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യാനുള്ള ധീരമായ സംരംഭം ഏറ്റെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശീയ പങ്കാളിത്തവും 1996-2001ലെ സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണത്തിലൂടെ പ്രോത്സാഹിപ്പിച്ചു

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് എക്കാലത്തും തികച്ചും പ്രാദേശികമായ സ്വഭാവമാണുള്ളത്. അഖില ലോകപ്രശ്‌നങ്ങളും അഖിലേന്ത്യാ പ്രശ്‌നങ്ങളും ഇവിടെ പ്രസക്തമല്ല. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഒക്കെ വോട്ടായിമാറുന്നത് അവിടങ്ങളിലെ പ്രശ്‌നങ്ങളിലും പരാതികളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈക്കൊള്ളുന്ന ജനപക്ഷനിലപാടുകളുമാണ്.

അതുകൊണ്ട് ഇടതുമുന്നണി നല്ല ആത്മവിശ്വാസത്തോടെയാണ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കൊറോണ വൈറസ് മാരകമാണെങ്കിലും ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം അതൊരു ബോണസാണ്. കേരള സര്‍ക്കാരിന്റെ കൊറോറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകകത്തിന്റെ വരെ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ ട്രംപ് കാര്‍ഡാണ് കോവിഡ് 19. ബി.ജെ.പിക്കാര്‍ക്കും നെഞ്ചു വിരിക്കാനാവും, അവരുമിറക്കുന്നത് കോവിഡ് കാര്‍ഡായിരിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉദാരസമീപനവും റേഷനരി സഹായവും ഒക്കെ അവര്‍ വോട്ടര്‍മാരുടെ മുമ്പില്‍ പൊലിപ്പിക്കും.

അതേസമയം യു.ഡി.എഫിനും പ്രത്യേകിച്ച് കോണ്‍ഗ്രസിനും തദ്ദേശക്കുളത്തില്‍ ചൂണ്ടയിടാനുള്ള കാര്യമായ ഇര തടഞ്ഞിട്ടില്ല. രമേശ് ചെന്നിത്തല ഇടതുസര്‍ക്കാരിന്റെ  സ്പ്രിംക്‌ളര്‍ ഇടപാട് പൊക്കിയെടുത്ത് വിവാദമാക്കിയെങ്കിലും ഹൈക്കോടതികയറി വെട്ടിക്കളഞ്ഞു. അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്‌ളറിന് കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കര്‍ശന വ്യവസ്ഥയോടെ കൈമാറാന്‍ സര്‍ക്കാരിന് കോടതി അനുമതി നല്‍കിയതോടെ ആ വിവാദത്തിന്റെ നട്ടെല്ലൊടിഞ്ഞു. അല്ലെങ്കില്‍ത്തന്നെ അമേരിക്കന്‍ അമേരിക്കന്‍ മലയാളിയായ രാഗി തോമസിന്റെ ഈ സ്പ്രിംക്‌ളര്‍ കമ്പനിക്ക് വിവരം കൈമാറിയാല്‍ കേരളത്തിലെ ഓണംകേറാമൂലയിലെ വാര്‍ഡുകളില്‍ കിടക്കുന്നവര്‍ക്കെന്ത് ചേതം.

അതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും പുതിയ ആയുധങ്ങള്‍ തേടിപ്പിടിക്കണം. നാടുമുഴുവന്‍ കോവിഡിന്റെ പിന്നാലെ ഇങ്ങനെ നെട്ടോട്ടമോടുമ്പോള്‍ കാര്യങ്ങള്‍ അവരുടെ കൈപ്പിടിയില്‍ വരിക പ്രയാസകരമാണ്. കോണ്‍ഗ്രസിപ്പോള്‍ ഗ്രൂപ്പും വടംവലിയുമൊന്നുമില്ലാതെ സുഖമായി ക്വാറന്റൈനില്‍ കഴിയുന്നു. യു.ഡി.എഫിലും പൊട്ടിത്തെറിയുടെ വ്യാപനമില്ല. എന്തുകൊണ്ടും നല്ല സമയമായിരുന്നു. എന്നാല്‍ കൊറോണയുടെ ക്രെഡിറ്റ് ഇടതുപക്ഷം കൊണ്ടുപോയി.

സ്പ്രിംക്‌ളര്‍ പൊങ്ങിയതോടെ ഭരണപക്ഷം വളരെ സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്. കാരണം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടനെതന്നെ നിയമസഭാ ഇലക്ഷന്‍ വരും. ഇക്കുറി ഭരണത്തുടര്‍ച്ചയില്‍ക്കവിഞ്ഞൊന്നും ഇടതു മുന്നണി പ്രതീക്ഷിക്കുന്നില്ല. അത് സംഭവിച്ചില്ലെങ്കില്‍ ആ ദുര്യോഗത്തെ ആത്മഹത്യാപരം എന്നേ വിശേഷിപ്പിക്കാനൊക്കൂ. തദ്ദേശ ഇലക്ഷന്‍ എന്ന സെമി ഫൈനല്‍ കടന്നാലേ നിയസഭാ തിരഞ്ഞെടുപ്പ് ഫൈനലില്‍ കപ്പ് ഉയര്‍ത്താനൊക്കൂ... അതിന് കൊറോണ വൈറസും കൂടി കളമൊഴിയണം.

കൊറോണയ്ക്ക് ശേഷം പ്രളയമല്ല, ഗോദയില്‍ തിരഞ്ഞെടുപ്പ് ഗുസ്തിയാണ്...(ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക