Image

പൊതുമാപ്പ് അവസാനിച്ചു; 28,000 താമസ നിയമ ലംഘകര്‍ രജിസ്റ്റര്‍ ചെയ്തു

Published on 03 May, 2020
 പൊതുമാപ്പ് അവസാനിച്ചു; 28,000 താമസ നിയമ ലംഘകര്‍ രജിസ്റ്റര്‍ ചെയ്തു


കുവൈത്ത് സിറ്റി: രാജ്യത്ത് പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. അനധികൃത താമസ ലംഘകര്‍ക്ക് പിഴയോ തടവ് ശിക്ഷയോ ഇല്ലാതെ സൗജന്യമായി മാതൃ രാജ്യത്തേക്ക് മടങ്ങാനുള്ള ആനുകൂല്യം ഭൂരിഭാഗം പേരും പ്രയോജനപ്പെടുത്തിയില്ലെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാരിന്റെ അനൗദ്യോഗിക കണക്ക് അനുസരിച്ച് രാജ്യത്ത് ഒന്നര ലക്ഷത്തിലേറെ നിയമ ലംഘകരാണ് താമസിക്കുന്നത്. അവസാന ദിവസങ്ങളില്‍ ഏറെ തിരക്ക് അനുഭവപ്പെട്ടെങ്കിലും 28,000 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 6,500 ഓളം ഈജിപ്ഷ്യരും 6300 ളം ഇന്ത്യക്കാരും 6000 ബംഗ്ലാദേശികളുമാണ് പൊതുമാപ്പ് കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയത്. കുവൈത്ത് സര്‍ക്കാര്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കുകയും പിഴ ഒഴിവാക്കി നല്‍കുകയും പുതിയ വീസയില്‍ നിയമാനുസൃതം കുവൈത്തിലേക്ക് വരാന്‍ അനുവാദം നല്‍കുകയും ചെയ്തിട്ടും വലിയൊരു വിഭാഗം തിരിച്ചുപോവാന്‍ തയാറായിട്ടില്ല.

പൊതുമാപ്പ് ഉപയോഗിക്കാതെ രാജ്യത്ത് കഴിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഭൂരിഭാഗം അനധികൃത താമസക്കാര്‍ പൊതുമാപ്പില്‍ തിരിച്ചുപോവാതെ ഒളിച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം പറഞ്ഞത്. അടുത്ത ദിവസങ്ങളില്‍ വലിയ രീതിയില്‍ സുരക്ഷാ പരിശോധനകള്‍ക്ക് തുടക്കം കുറിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക