Image

കോവിഡ് കാലത്ത് ജനപ്രീതി നേടിയ നേതാക്കള്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 03 May, 2020
കോവിഡ് കാലത്ത് ജനപ്രീതി നേടിയ നേതാക്കള്‍ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: വാഴ നായ്ക്കുമ്പോള്‍ ചീരയും നനയുമെന്ന ചൊല്ല് കേട്ടിട്ടില്ലേ. എന്ന് പറഞ്ഞതുപോലെ കോവിഡ് -19 കാലത്ത് പബ്ലിസിറ്റി നേടിയ ചിലരുണ്ട് അമേരിക്കയില്‍. തെറ്റിദ്ധരിക്കരുത്! അമേരിക്കന്‍ മലയാളികളല്ല കേട്ടോ...

പറഞ്ഞുവരുന്നത് നമ്മുടെ ഗവര്‍ണര്‍മാരുടെയും മേയര്‍മാരുടെയും കാര്യമാണ്. കോവിഡ്കാലം തങ്ങളുടെ പ്രശസ്തി വാനോളമുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞുവെന്ന് പറഞ്ഞാല്‍ കുശുമ്പ് പറയുകയാണെന്ന് തോന്നരുത്. 

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ ഇപ്പോള്‍ ആരാന്നാ വിചാരം? കഴിഞ്ഞ ഒന്നുരണ്ടു മാസംകൊണ്ട് അദ്ദേഹം ലോകം മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിയായി മാറി. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള രണ്ടാമത്തെ ആളായി കോമോ. ഡമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ മാറ്റി കോമൊയെ കൊണ്ടു വരണമെന്നു വരെ ചിലര്‍. എന്താലേ? ഈ കൊറോണ വരും മുന്‍പ് ലോകത്ത് എത്രപേര്‍ അറിയുമായിരുന്നു ആന്‍ഡ്രൂ കോമോ എന്ന ന്യൂയോര്‍ക്ക് ഗവര്‍ണറെ?

ദേശീയ വാര്‍ത്തകളില്‍ അത്രയ്ക്കൊന്നും ഇടംപിടിക്കാത്ത ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയുടെ കാര്യവും വ്യത്യസ്തമല്ല. കൊറോണക്കാലമായപ്പോള്‍ വാര്‍ത്തകളില്‍  മര്‍ഫിയും തന്റെതായ രീതിയില്‍ രംഗത്തുണ്ട്.

ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി  ബ്ലാസിയോ ആണ് മറ്റൊരാള്‍. ഗവര്‍ണര്‍ സ്വന്തം പാര്‍ട്ടിക്കാരനാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ നഗരത്തിന്റെ പിതാവായ തനിക്കും ചിലതൊക്കെ കാണിക്കേണ്ട. അദ്ദേഹവും ആരംഭിച്ചു പ്രതിദിന പത്രസമ്മേളനം.

ന്യൂയോര്‍ക്ക് ഗവര്‍ണറുടെ 12 മണിക്കുള്ള പത്രസമ്മേളനം കഴിഞ്ഞാലുടന്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡേ ബ്ലാസിയോയുടെ ഊഴമാണ്. 

എല്ലാ ദിവസവും മൂന്ന് മണിയാകുമ്പോള്‍ ന്യൂജേഴ്സി ഗവര്‍ണറുടെ പത്ര സമ്മേളനമാണ്. കോമോയെപ്പോലെ തന്നെ സ്റ്റേറ്റിലെ മരണ വാര്‍ത്തകളും രോഗ വ്യാപനവും തുടര്‍ നടപടികളുമായിരിക്കും വിഷയം.

ഇവരുടെ പത്രസമ്മേളനങ്ങളും വിവാദങ്ങളും പത്രങ്ങളിലും ടി.വി, ചാനലുകളിലെ പ്രൈം ന്യൂസുകളില്‍വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ ആയി നിറഞ്ഞങ്ങനെ നില്‍ക്കും. ഒരുകാലത്ത് പത്രങ്ങളിലെ പ്രധാന വാര്‍ത്തകളും ചാനലുകളിലെ പ്രൈം ന്യൂസുകളും പ്രധാനമായും കൈയ്യടക്കിയിരിക്കുന്നത് വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നായിരുന്നു. കാരണം രാജ്യത്തെ പ്രധാന ഭരണപരമായ കാര്യങ്ങള്‍ പ്രസിഡണ്ട് ജനങ്ങളെ അറിയിക്കുന്നത് വൈറ്റ് ഹൗസില്‍ നടത്തുന്ന പ്രസ് ബ്രീഫിംഗിലൂടെയാണ്. ഇന്ന് പ്രസിഡണ്ട് ട്രമ്പിനൊപ്പം ലോകം കാതോര്‍ക്കുന്നത് ഗവര്‍ണര്‍ കോമോയുടെ വാക്കുകള്‍ക്കാണ്.

പ്രസിഡണ്ടിന്റെ പ്രസ് ബ്രീഫിംഗില്‍ എന്നും പൊട്ടലും ചീറ്റലുമാണെന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രസിഡണ്ട്  പ്രസ് ബ്രീഫിംഗ് പൂര്‍ത്തിയാക്കി ചോദ്യോത്തര സെഷനില്‍ എത്തുമ്പോള്‍ തന്നെ വെടിപൊട്ടും. ഇവിടെ ട്രമ്പിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു മയവുമില്ലാത്ത ചോദ്യങ്ങളല്ലേ സി.എന്‍.എന്‍കാര്‍ നടത്തുന്നത്. ചോദ്യോത്തരവേള തുടങ്ങുമ്പോള്‍ തന്നെ അവര്‍ ചൊറിച്ചില്‍ തുടങ്ങും. ആദ്യമൊക്കെ സഹിഷ്ണതയോടെ ചോദ്യങ്ങളെ നേരിടുന്ന ട്രമ്പ് സി.എന്‍.എന്‍.കാരുടെ ഊഴം വരുമ്പോള്‍ ഉരുളയ്ക്കുപ്പേരിപോലെ മറുപടി നല്‍കും. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ ട്രമ്പ് പഴയ ട്രമ്പ് ആയി മാറും.

ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നസി.എന്‍.എന്‍ ലേഖകന്റെ ചോദ്യം കേള്‍ക്കേണ്ട താമസം മറുപടി വരും. 'ഞാന്‍ ഉത്തരവാദിയല്ല, ഞാന്‍ ഉത്തരവാദിയേ അല്ല '- മറുപടി. പിന്നെ ...#@*%&... വെടിയും പുകയും. പത്ര സമ്മേളനം അവിടെ അലമ്പിപ്പിരിയും.

ദോഷം പറയരുതല്ലോ, കൊറോണക്കാലമായിട്ടുകൂടി ട്രമ്പിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല. എന്ത് ചോദ്യം ചോദിച്ചാലും തര്‍ക്കുത്തരം തന്നെ. ' നല്ലതൊന്നും ചോദിക്കില്ല. ഉദ്ദേശം എനിക്കറിയാം'.- ഇങ്ങെനയായിരിക്കും ട്രമ്പിന്റെ പതിവ് പത്രസമ്മേളനം എന്നും അവസാനിക്കുക. ലെഫ്‌റ് വിംഗ് മാധ്യമപ്രവര്‍ത്തകര്‍ക്ക്ട്രമ്പ് എന്ന് കേട്ടാല്‍ തന്നെഅനിഷ്ടം. ട്രമ്പിനാകട്ടെ അവരെ കാണുമ്പോള്‍ ദുഃശകുനം പോലെ. അവര്‍ ട്രമ്പിനെ എത്രമാത്രം മോശമാക്കാന്‍ ശ്രമിച്ചാലും ട്രമ്പ് അതിശക്തിയോടെ എന്തെങ്കിലും ലൊട്ടുലൊടുക്ക് കാര്യങ്ങള്‍ നിരത്തി ജനങ്ങളെ കൈയിലെടുക്കും. കൂടെയുള്ള വൈറ്റ് ഹൗസ്കൊറോണ ടാസ്‌ക് ഫോഴ്സ് കോര്‍ഡിനേറ്റര്‍മാരായ ആന്റണി ഫൗച്ചി, ഡോ. ഡെബോറ ബിര്‍ക്സ് എന്നിവരുടെ വിശദീകരണത്തിലും ട്രമ്പിന്റെ വിശദീകരണത്തിലും എന്നും പൊരുത്തക്കേടുണ്ടാവും. ഉടന്‍ ഇടതു വിങ്ങ് മാധ്യമങ്ങള്‍ ചോദ്യശരങ്ങള്‍ ഉയര്‍ത്തി അവരെ കുഴപ്പത്തിലാക്കും. അപ്പോള്‍ ട്രമ്പ് ഇടപെടും 

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഒരു ഉടക്ക് പാര്‍ട്ടിയായി തുടരുമ്പോഴാണ് മാധ്യമങ്ങള്‍ക്കായിപുതിയ താരോദയം. അതും കൊറോണ കാലത്ത്. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് വ്യാപകമായപ്പോള്‍ ആദ്യമൊക്കെ ആഴ്ചയില്‍ രണ്ടു തവണയായിരുന്നു കോമോ പത്ര സമ്മേളനം നടത്തിയിരുന്നത്. ഇപ്പോള്‍ ഞായറാഴ്ചയുള്‍പ്പെടെ എല്ലാദിവസവും. ഗവര്‍ണര്‍ കോമോയുടെ മുഖം കാണാത്ത ദിവസങ്ങളില്ല. അങ്ങനെ ഗവര്‍ണര്‍ ആളൊരു സൂപ്പര്‍ താരമായി. അമേരിക്കക്കാരുടെ സ്വീകരണ മുറികളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യനായ വ്യക്തിയായി മാറിയ കോമോ ഉച്ചയ്ക്ക് 12 നുനടത്തുന്ന പ്രതിദിന പ്രസ്ബ്രീഫിംഗില്‍ സി.എന്‍.എന്‍, ഫോകസ്, എ.ബി.സി. തുടങ്ങിയ നിരവധി ചാനല്‍ പടകളുടെ ബഹളമാണ്. അദ്ദേഹത്തിന്റെ പത്രസമ്മേളനം ലൈവ് ടെലികാസ്‌റ് ചെയ്യുന്നത് കാണാന്‍ ലോകം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

എത്ര ദുഃഖകരമായ വാര്‍ത്തയാണെങ്കിലും വ്യത്യസ്തമായ ഒരുഅവതരണ ശൈലിതന്നെയാണ് അദ്ദേഹത്തിനുള്ളത് ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ വളരെ സിമ്പിളായി ന്യൂയോര്‍ക്കിലെ മരണനിരക്കുകളുടെ ഏറ്റക്കുറച്ചിലുകള്‍ നിരത്തുമ്പോള്‍ മഹത്തായ എന്തോ ജനോപകാരപ്രദമായ കൃത്യനിര്‍വഹണം നടത്തിയ പോലെയാണ് തോന്നുക.

ഓരോ ദിവസവും മരണനിരക്ക് കൂടുമ്പോള്‍ അദ്ദേത്തിനു തന്റേതായ നിലപാടുകളുണ്ട്. മാധ്യമങ്ങളെ കൈയിലെടുക്കാന്‍ പ്രത്യേക കഴിവുമുണ്ട്. ട്രമ്പിന്റെ പത്രസമ്മേളനത്തില്‍ ശൗര്യമൊന്നും കോമോയുടെ മുന്‍പില്‍ സി.എന്‍. എന്‍. പുലിക്കുട്ടികള്‍ കാട്ടുന്നുണ്ടോ എന്ന് സംശയമാണ്. മരണനിരക്ക് കൂടിയാൽ ഫെഡറല്‍ സഹായം നല്‍കുന്നില്ലെന്ന് പറയും. മരണ നിരക്ക് കുറഞ്ഞാല്‍ തങ്ങള്‍ വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്തുതുകൊണ്ടാണ് രോഗവ്യാപനവും മരണനിരക്കും കുറയാന്‍ കാരണമെന്ന് പറഞ്ഞു ക്രെഡിറ്റ് എടുക്കും.

ഒരു തികഞ്ഞ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ആന്‍ഡ്രൂ കോമോ കഴിഞ്ഞ എട്ടു വര്‍ഷമായി ഈ പദവിയില്‍ തുടരുന്നു. ന്യൂയോര്‍ക്കിലെ 56 മത് ഗവര്‍ണര്‍ ആയ അദ്ദേഹം ഒരു വലിയ രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചയാളാണ്. മൂന്നു തവണ ന്യൂയോര്‍ക്ക് ഗവര്‍ണറായിരുന്ന പിതാവ് മാരിയോ കോമോയുടെ പാതയില്‍ തന്നെ ആന്‍ഡ്രൂ കോമോയും ഗവര്‍ണര്‍ പദത്തില്‍ ഇത് മൂന്നാം തവണ. അക്കാലത്ത് പിതാവ് മാരിയോ കുമോ പ്രസിഡണ്ട് ആയേക്കുമെന്നുവരെ പറഞ്ഞുകേട്ടിരുന്നു. പിതാവിന്റെ പാതയില്‍ പുത്രനും അങ്ങനെയൊരു സാധ്യത പട്ടികയില്‍ എത്തി.

കോമോയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്നു ആവശ്യമുണ്ടായപ്പോള്‍ ഞെട്ടിയത് ബൈഡന്‍ മാത്രമല്ല. സാക്ഷാല്‍ ട്രമ്പ് വരെ ഞെട്ടി. കാരണം കൊറോണ മാനേജ്‌മെന്റില്‍ ട്രമ്പിന്റെ ഇമേജ് ആകെ നഷ്ട്ടമായപ്പോള്‍ അതേ കാരണത്താല്‍ ഇമേജ്  കിട്ടിയ   അളാണു കോമൊ.

ലോക്ക് ഡൗണില്‍ ഒരു പണിയുമില്ലാതെ വീട്ടില്‍ കഴിയുന്ന പൗരന്‍മാര്‍ നേതാക്കളുടെ കീറുവാണം കേട്ട് കോറോണാ വൈറസ് ഇപ്പം തീരും എന്നു കരുതി എന്നും നിരാശരായി മാറുന്നത് മാത്രം മിച്ചം.

കൊറോണ ആദ്യം വ്യാപിച്ചത് വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ്. അവിടുത്തെ ഗവര്‍ണര്‍മാര്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ എത്തും മുന്‍പ് തന്നെ നടപ്പിലാക്കിയിരുന്നു. എന്നാല്‍ 8 മില്യണ്‍ ആളുകള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ ലോക്ക് ഡൗണ്‍ പ്രവര്‍ത്തികമായപ്പോഴേക്കും കമ്മ്യൂണിറ്റി രോഗവ്യാപനം ഏതാണ്ട് പൂര്‍ത്തിയായിരുന്നു. സ്റ്റേറ്റുകള്‍ക്കു സ്വന്തമായി ഡിസാസ്റ്റര്‍ ഫണ്ടുകള്‍ ഉണ്ട്. കാലിഫോര്‍ണിയ ഗവര്‍ണര്‍ ചൈനയില്‍ നിന്ന് ആവശ്യത്തിന് മാസ്‌ക്കുകളും വെന്റ്റിലേറ്ററുകളും ലഭ്യമാക്കിയപ്പോള്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് കാത്തിരുന്നു.

ന്യൂയോര്‍ക്ക് പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളിലൂടെയാണ് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സ്റ്റേറ്റുകളില്‍ ഏറ്റവും കൂടുതല്‍ രോഗം പടര്‍ന്നത്. കൂടാതെ എം.ടി.എ.യുടെ സബ് വേ ട്രെയിന്‍ - ബസ് സര്‍വീസുകള്‍, എന്‍.ജെ. ട്രാന്‍സിറ്റ്, ട്രെയിന്‍ - ബസ് സര്‍വീസുകള്‍ എന്നിവയുടെ ഓട്ടം കൊറോണ വൈറസ് വ്യാപകമായ കാലത്ത് വ്യാപകമായി തുടര്‍ന്നതാണ് ഈ രണ്ടു സ്റ്റേറ്റുകളില്‍ രോഗവ്യാപനവും മരണനിരക്കും കൂടാന്‍ കാരണം. 

ഇക്കാര്യങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥത്തില്‍ ആരാണ് ഉത്തരം പറയേണ്ടത്? സി.ഡി.സി.യും ഫെഡറല്‍ ഗവര്‍മെന്റിന്റെ മറ്റു ഏജന്‍സികളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ സംസ്ഥാത്തെ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്ത് കൊണ്ട് ഗവര്‍ണര്‍മാര്‍ അവരുടെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഉപയോഗിച്ചില്ല. 

ന്യൂയോര്‍ക്കുകാര്‍ക്കും ന്യൂജേഴ്‌സിക്കാര്‍ക്കുമൊക്കെ നിത്യേനയുള്ള മരണവിവര കണക്കുകള്‍ കൊണ്ടുള്ള വാര്‍ത്തകളും മറ്റും കേള്‍ക്കുന്നത് ഒരു തരം നിര്‍വികാര്യതയോടെയാണ്. മിക്കവാറും എല്ലാവരുടെയും മനസ് മരവിച്ചു കഴിഞ്ഞു. മറ്റൊരു പണിയുമില്ലാത്തതിനാല്‍ വാര്‍ത്തകള്‍ കാണുക തന്നെ ശരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക