Image

മുഖമറക്കുള്ളിൽ (കവിത: സിദ്ധാർത്ഥ ശിവ)

Published on 03 May, 2020
മുഖമറക്കുള്ളിൽ (കവിത: സിദ്ധാർത്ഥ ശിവ)
പണ്ടീ റോഡിറമ്പിലെ കടവരാന്തകളിൽ
പരിചിതമായ കുറേ മുഖങ്ങൾ ഉണ്ടായിരുന്നു
ഒരു ബഷീറും സാജനും നിയാസും ദേവനും
പേരറിയാമെങ്കിലുമത്
എപ്പോഴും വിളിക്കാത്ത ചിലർ
പേരറിയാത്ത എപ്പോഴും കാണുന്ന മറ്റുചിലർ
മീശ ഒതുക്കി വെട്ടിയവൻ മൂക്ക് പരന്നവൻ
ചുണ്ട് തടിച്ചവൻ
ക്ലാവ് പിടിച്ച ചുണ്ണാമ്പ് പല്ലുള്ളവൻ
കല്ല് മൂക്കുത്തി ഇട്ടു നുണക്കുഴി ഉള്ളവൾ
ഇടത്തെ മേൽച്ചുണ്ടിൽ പാലുണ്ണി മറുകുള്ളവൾ
പൊടിമീശ വളർന്നു കവിളിറങ്ങിയ കൃതാവുള്ളവൾ
ഇന്ന് ആ റോഡിറമ്പിൽ അധികമാരുമില്ല
കണ്ണുകളിലെ വെളുത്ത തരിശു നിലങ്ങളും
ചുവന്ന കൈത്തോടുകളും
ആർക്ക് എന്തൊക്കെയെന്ന്
ഓർത്തുവെക്കാത്തതിനാൽ
ആ മുഖമറക്കുള്ളിൽ ആരെന്ന് തിട്ടമില്ല
എങ്കിലും സന്തോഷം !
ആ മറകൾക്കുള്ളിൽ
ബഷീറും സാജനും നിയാസും ദേവനും
മീശ മുറിച്ചവനും മറുകുള്ളവളും
ഗതകാലത്തെ ഓർത്തു ചിരിക്കുന്നവനും
ചിരിക്കാത്തവനും
സുഖമായിരിക്കുന്നല്ലോ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക