Image

കൊറോണ ബാധിച്ചു വിദേശങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായധനം പ്രഖ്യാപിയ്ക്കുക: നവയുഗം.

Published on 04 May, 2020
 കൊറോണ ബാധിച്ചു വിദേശങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായധനം പ്രഖ്യാപിയ്ക്കുക: നവയുഗം.
ദമ്മാം: കൊറോണ രോഗബാധയേറ്റ് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍  ഇരുപത് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ നേടിക്കൊടുക്കുന്ന വിദേശനാണ്യം. ലോകബാങ്കിന്റെ കണക്ക്പ്രകാരം, കഴിഞ്ഞ വര്‍ഷം മാത്രം 80 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേയ്ക്ക് അയച്ചത്. ലോകത്തു തന്നെ ഏറ്റവുമധികം പ്രവാസിപണം ലഭിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രവാസികള്‍ മൂലം ഇന്ത്യയിലേയ്ക്ക് വരുന്ന വിദേശ നിക്ഷേപങ്ങളും കോടികളാണ്.

തങ്ങളുടെ വിയര്‍പ്പൊഴുക്കി രാജ്യത്തെ സേവിയ്ക്കുന്ന പ്രവാസികളോട്, ഈ കൊറോണ രോഗബാധയുടെ ദുരിതകാലത്ത് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണന നിറഞ്ഞ മനോഭാവം ഏറെ വേദന ഉണ്ടാക്കുന്നു. മറ്റു രാജ്യങ്ങള്‍, വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ മുഴുവന്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ ഏര്‍പ്പെടുത്തി സ്വന്തം നാട്ടിലേയ്ക്ക് തിരികെ കൊണ്ടുപോയികഴിഞ്ഞിട്ടും, ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. അടിയന്തരമായി നാട്ടിലേയ്ക്ക് മടങ്ങാന്‍ കൊതിയ്ക്കുന്ന, ഗര്‍ഭിണികളും, വൃദ്ധരും, മറ്റു രോഗങ്ങള്‍ ബാധിച്ചവരും അടക്കമുള്ള പ്രവാസികളെയെങ്കിലും നാട്ടിലേയ്ക്ക് മടക്കിക്കൊണ്ടു പോകാന്‍ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും, പ്രവാസി സംഘടനകളും, കേരളം അടക്കമുള്ള സംസ്ഥാനസര്‍ക്കാരുകളും പലപ്രാവശ്യം അഭ്യര്‍ത്ഥിച്ചിട്ടും, കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി പോലും നല്‍കിയിട്ടില്ല.

കോവിഡ് 19 ബാധിച്ച ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യന്‍ എംബസ്സികളുടെ പ്രവര്‍ത്തനം ഫലപ്രദവുമല്ല.  വേണ്ടത്ര ചികിത്സ ലഭിയ്ക്കാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ പ്രവാസികളുടെ വിവരങ്ങളാണ് എന്നും പുറത്തു വരുന്നത്. അത് പോലെ തന്നെ മരണമടയുന്ന പ്രവാസികളുടെയും എണ്ണം കൂടി വരുന്നു.

വലിയ സമ്പാദ്യമൊന്നുമില്ലാത്ത പ്രവാസികള്‍ കൊറോണ ബാധിച്ചു മരണമടഞ്ഞാല്‍, അത്തരം മരണത്തോടെ നാട്ടിലെ അവരുടെ കുടുംബങ്ങള്‍ അനാഥമാകുന്ന അവസ്ഥയുണ്ട്. ഏക വരുമാനമാര്‍ഗ്ഗം ഇല്ലാതാകുന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേയ്ക്കും പ്രയാസങ്ങളിലേയ്ക്കും പ്രവാസി കുടുംബങ്ങള്‍ എത്തപ്പെടുന്നു.അത്തരം കുടുംബങ്ങളെ സഹായിയ്‌ക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം ഇന്ത്യന്‍ സര്‍ക്കാരിന് ഉണ്ട്.

കൊറോണ ബാധിച്ചു മരണമടയുന്ന ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലെ കുടുംബത്തിന് മിനിമം ഇരുപത് ലക്ഷം രൂപ വീതം അടിയന്തര ധനസഹായമായി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭ്യര്‍ത്ഥിയ്ക്കുന്നു.  

അതോടൊപ്പം വിദേശത്തു മരിയ്ക്കുന്ന മലയാളി പ്രവാസികള്‍ക്ക് കേരള സര്‍ക്കാരും ആനുപാതികമായി സഹായധനം പ്രഖ്യാപിയ്ക്കണമെന്നും നവയുഗം ആവശ്യപ്പെടുന്നു.  

ഇക്കാര്യം ഉന്നയിച്ചു വിദേശകാര്യ മന്ത്രാലയം അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്കും, കേരള സര്‍ക്കാരിനും നിവേദങ്ങള്‍ നല്‍കാനും നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക