Image

വിദേശ രാജ്യത്തുനിന്നു ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി മാര്‍ഗരേഖയുണ്ടാക്കണം: പ്രവാസി ലീഗല്‍ സെല്‍

Published on 04 May, 2020
 വിദേശ രാജ്യത്തുനിന്നു ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി മാര്‍ഗരേഖയുണ്ടാക്കണം: പ്രവാസി ലീഗല്‍ സെല്‍


കോവിഡിനെത്തുടര്‍ന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മാര്‍ഗരേഖയുണ്ടാകണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍. ഇക്കാര്യമുന്നയിച്ചു പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു നിവേദനം നല്‍കിയത്.

സൈനിക കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് പ്രവാസി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്, കൂടാതെ വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ മുഖേനെ റജിസ്‌ട്രേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്നും നിവേദനത്തില്‍ പറയുന്നു.

ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണയിലാണ്. ഈ ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിയെ ഒരു നിവേദനമായി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാലാഴ്ചക്കകം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും ഏപ്രില്‍ 13 നു പാസാക്കിയ ഉത്തരവില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുമ്പാകെ പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചത്.

വിദേശരാജ്യത്തുനിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കണമെന്ന് പ്രധാനമായും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവരുടെ മുന്‍ഗണക്രമുള്‍പ്പെടെ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തണമെന്നും ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 300 ഓളം ഗര്‍ഭിണികളെ യുദ്ധകാലാടിസ്ഥാനത്തില്‍ കൊണ്ടുവരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് സൗജന്യ വിമാന ടിക്കറ്റ് നല്‍കി നാട്ടിലെത്തിക്കണമെന്നും ജോലി നഷ്ട്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്കായി ഒരു പുനരധിവാസ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ക്ക് അനുകൂല നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പില്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക