Image

വീടുകളില്‍ അടച്ചിരുന്നും `അടി'ച്ചിരുന്നും ഹര്‍ത്താല്‍ അനുഷ്‌ഠാനങ്ങള്‍

ജി.കെ. Published on 25 May, 2012
വീടുകളില്‍ അടച്ചിരുന്നും `അടി'ച്ചിരുന്നും ഹര്‍ത്താല്‍ അനുഷ്‌ഠാനങ്ങള്‍
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത്‌ ഒരു ഹര്‍ത്താല്‍ കൂടി പൂര്‍വാധികം വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. പതിവുപോലെ ജനം വീടുകളില്‍ അടച്ചിരുന്നും `അടി'ച്ചിരുന്നും ഈ ഹര്‍ത്താലും പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചു. ഹര്‍ത്താല്‍ പിറ്റേന്ന്‌ അവധി ആഘോഷത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന്‌ എന്തിനുവേണ്‌ടിയായിരുന്നു ഈ ഹര്‍ത്താലെന്നുപോലും ഓര്‍ക്കാതെ പതിവുപോലെ ജനം പുറത്തിറങ്ങി പ്രവര്‍ത്തനനിരതരാവുകയും ചെയ്‌തു. എന്നിട്ടും പൊടുന്നനെയുള്ള പ്രഖ്യാപനമായിരുന്നതിനാല്‍ ഹര്‍ത്താല്‍ അവധി ആഘോഷിക്കാന്‍ വേണ്‌ടത്ര സമയം ലഭിച്ചില്ലെന്നൊരു പരാതി മാത്രമെ ജനത്തിനുമുള്ളൂ.

അതിലുള്ള വിഷമം തീര്‍ക്കാല്‍ എന്‍ഡിഎ നേരത്തെ തന്നെ ഭാരത ബന്ദ്‌ പ്രഖ്യാപിച്ചിട്ടുണ്‌ടെന്നത്‌ മാത്രമാണ്‌ ഏക ആശ്വാസം. സമയവും തീയതിയുമെല്ലാം നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ആഘോഷിക്കാനായി നേരത്തെ ഒരുങ്ങിയിരിക്കാം. അതിനപ്പുറം ഈ ഹര്‍ത്താലുകള്‍കൊണ്‌ട്‌ ജനങ്ങളും അത്‌ പ്രഖ്യാപിച്ച രാഷ്‌ട്രീയ പാര്‍ട്ടികളും എന്തു നേടി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുന്നു.

ജനവിരുദ്ധ നയങ്ങള്‍കൊണ്‌ടു ജനങ്ങളുടെ നടുവൊടിക്കുന്നതില്‍ സ്‌പെഷലൈസ്‌ ചെയ്യുന്ന യുപിഎ സര്‍ക്കാര്‍ ഡീസല്‍, പാചകവാതക വിലവര്‍ധന ഉടനുണ്‌ടാവുമെന്ന്‌ പ്രഖ്യാപിച്ച്‌ മറ്റൊരു ഹര്‍ത്താല്‍ കൂടി ഉടനെയുണ്‌ടാവുമെന്ന സൂചനയും നല്‍കിയിട്ടുണ്‌ട്‌. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച്‌ ഈ മാസം അഞ്ചിന്‌ സംസ്ഥാനത്ത്‌ യുഡിഎഫ്‌ വക ഒരു ഹര്‍ത്താല്‍ ഉണ്‌ടായിരുന്നു. ഈ മാസം മുപ്പത്തൊന്നിനു തന്നെ എന്‍ഡിഎ ഭാരത ബന്ദിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്‌ട്‌. അതില്‍ നിന്ന്‌ കേരളത്തെ ഒഴിവാക്കുമെന്ന്‌ പറഞ്ഞിട്ടുണ്‌ടെങ്കിലും അവധി ആഘോഷിക്കാന്‍ കാത്തിരിക്കുന്ന ഒരു ജനതയും പുറത്തിറങ്ങിയാല്‍ കല്ലെറിയാന്‍ കാത്തിരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളുമുള്ളൊരു നാട്ടില്‍ ഇത്‌ എത്രമാത്രം ഫലപ്രദമാകുമെന്ന്‌ കണ്‌ടറിയണം. 31ന്റെ ഭാരത ബന്ദ്‌ കൂടിയാകുമ്പോള്‍ ഒരു മാസത്തില്‍ ഹാട്രിക്‌ ഹര്‍ത്താല്‍ കൊണ്‌ടാടിയതിന്റെ അപമാനവും സംസ്ഥാനത്തിന്‌ സ്വന്തമാവും.

അടിക്കടി പെട്രോള്‍ വില വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെയും അതിനു കുടപിടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടികള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല. പക്ഷേ, അതിന്റെ പേരില്‍ പ്രതിഷേധമെന്ന പേരില്‍ അനുഷ്‌ഠാന ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ വീണ്‌ടും ശിക്ഷിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ തീരുമാനങ്ങള്‍ക്ക്‌ ജനങ്ങള്‍ ഇനിയും കൂട്ടു നില്‍ക്കേണ്‌ടതുണ്‌ടോ എന്നാണ്‌ പ്രസക്തമായ ചോദ്യം. ഇത്തരം മിന്നല്‍ ഹര്‍ത്താലുകള്‍കൊണ്‌ട്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ അത്‌ പ്രഖ്യാപിക്കുന്ന നേതാക്കന്‍മാര്‍ക്കോ നഷ്‌ടങ്ങളൊന്നുമുണ്‌ടാവുന്നില്ലെന്ന്‌ കൂടി ജനം തിരിച്ചറിയേണ്‌ടതുണ്‌ട്‌. ബുധനാഴ്‌ച വൈകിട്ടാണു പെട്രോള്‍ വില വര്‍ധന പ്രഖ്യാപിക്കപ്പെട്ടത്‌. തൊട്ടുപിന്നാലെ ഹര്‍ത്താല്‍ ആഹ്വാനവുമുണ്‌ടായി. എന്നാല്‍, ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌ത നേതാക്കളുടെ ഒരു പരിപാടിയും മുടങ്ങിയില്ല. നെയ്യാറ്റിന്‍കരയില്‍ മൂന്നു പ്രമുഖ സ്ഥാനാര്‍ഥികളും മോട്ടോര്‍ വാഹനങ്ങളില്‍ പ്രചാരണം നടത്തി. മന്ത്രിമാരും മറ്റു ജനപ്രതിനിധികളുമെല്ലാം ഔദ്യോഗിക വാഹനങ്ങളില്‍ സഞ്ചരിച്ച്‌ തങ്ങളുടെ ചുമതലകള്‍ നിറവേറ്റി.

പക്ഷേ, മിന്നല്‍ ഹര്‍ത്താല്‍ മുന്‍കൂട്ടി അറിയാന്‍ കഴിയാതെ റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും വന്നിറങ്ങിയ ദീര്‍ഘദൂര യാത്രക്കാര്‍ പെരുവഴിയില്‍ വലഞ്ഞു. ഹര്‍ത്താല്‍ മൂലം മിക്ക സ്ഥലങ്ങളിലും ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകമ്പോളങ്ങള്‍ തുറന്നില്ല. അന്നന്നത്തെ അഷ്ടിക്കു വക കണെ്‌ടത്താന്‍ പെട്ടിക്കട തുറന്നിരിക്കുന്ന ലക്ഷക്കണക്കിന്‌ ദരിദ്രനാരായണന്മാരുടെ പീടികയില്‍ കെട്ടിത്തൂക്കിയിരുന്ന ചെറിയ പഴക്കുലകള്‍ ചീഞ്ഞതും മാത്രം മിച്ചം. ഇത്‌ ഇനി എന്നാണ്‌ ജനം തിരിച്ചറിയുക.

ഹര്‍ത്താല്‍ പോലുള്ള സമരമുറകള്‍ പ്രതിഷേധത്തിന്റെ നെല്ലിപ്പലകയാണ്‌. പണെ്‌ടാക്കെ അനേക വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമായിരുന്നു ഒരു ബന്ദ്‌. ഭരണകൂടങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്ന വജ്രായുധം എന്ന നിലയിലായിരുന്നു അന്ന്‌ ബന്ദ്‌ നടത്തിയിരുന്നത്‌. അതുകൊണ്‌ടുതന്നെ, ബന്ദിനെ ഭരണകൂടങ്ങളും ഭയന്നിരുന്നു. എന്നാല്‍ ഇന്നു സ്ഥിതി അതല്ല. പൊതുവഴിയില്‍ പൈപ്പ്‌ പൊട്ടിയാലും പട്ടി ചത്താലും പ്രതിഷേധിച്ചു പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുന്നവരുടെ നാടായി മാറി കേരളം. ബന്ദിന്റെയും ഹര്‍ത്താലിന്റെയും വില കെടുത്തിയതല്ലാതെ ഇത്തരം പ്രതിഷേധം കൊണ്‌ട്‌ ജനങ്ങള്‍ക്കോ നാടിനോ ഒരു ഗുണവും കിട്ടുയിട്ടില്ലെന്നതല്ലെ വസ്‌തുത.

ഇന്നലെ ഹര്‍ത്താല്‍ നടത്തിയ കക്ഷികളുടെ ദേശീയ നേതൃത്വങ്ങള്‍ ഈ മാസാവസാനം പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്‌ത സാഹചര്യത്തില്‍ അതുവരെയെങ്കിലും കാത്തിരിക്കാന്‍ നടത്തിയ മിന്നല്‍ ഹര്‍ത്താലിന്‌ എന്തു ന്യായീകരണമാണുള്ളത്‌. ഇത്തരം മിന്നല്‍ ഹര്‍ത്താല്‍ കൊണ്‌ട്‌ ഒരു തീരുമാനവും ഭരണകൂടങ്ങള്‍ തിരുത്തിയ ചരിത്രവുമില്ല. സംസ്ഥാനത്തിന്‌ ആയിരം കോടിയോളം രൂപയുടെ പൊതുനഷ്ടവും സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഒരു ദിവസത്തെ തൊഴില്‍ നഷ്ടവും മാത്രമാണ്‌ ഇന്നലത്തെ സമരം സമ്മാനിച്ചത്‌. ഇത്‌ എന്ന്‌ ജനം തിരിച്ചറിയുന്നുവോ അന്നേ നമ്മുടെ നാട്ടിലെ ഹര്‍ത്താല്‍ ആഘോഷങ്ങളും ഹര്‍ത്താല്‍ അനുഷ്‌ഠാനങ്ങളും അവസാനിക്കു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക