Image

പടം (കവിത: കീർത്തന വരുൺ)

Published on 04 May, 2020
പടം (കവിത: കീർത്തന വരുൺ)
മൗനം കടമെടുക്കുമ്പോളിതാ
നൂറിടങ്ങളിലെന്റെ  'പട' ങ്ങളേറെ
പണിയില്ല പാതി വയറു നിറയ്ക്കുവാനിനിയും
പകലുകളേറെയില്ല

ഒരു പൊതിച്ചോറിനായേറെ നേരം വെറും
വയറുമായ് വെയിൽ കൊണ്ടു കാത്തുനില്പു...
പണ്ടൊരു നേരമുണ്ണാൻ
പണം വേണമെങ്കിൽ ഇന്നതിനു
വിലയൊരു സെല്ഫിയത്രേ

ഇനിയും വിശക്കുന്നുവമ്മേ  എന്നോതിയെൻ
മകനവൻ കൈകൾ പതുക്കെ നീട്ടി
അരുതരുതുണ്ണി ഇനിയും വിശന്നാലവർക്കു
പ്രിയം, നിൻ പടങ്ങളത്രെ
പടമെടുത്തോട്ടെ, എന്നാലുമെൻ അരവയർ
നിറവയറാ വുമിന്നെങ്കിലമ്മേ

ഉയിർ പോവുമെന്നതിലേറെയില്ലിനിയൊന്നുമൊരു
പടവുമീ പടവുകളും
അതുകൊണ്ടു നീ പോകയെന്നതു കേൾക്കവേ
ഓടിയെന്നുണ്ണി മടിച്ചിടാതെ

ഒരു പൊതിച്ചോറവൻ കൈകളിൽ കിട്ടവേ
നിറചിരിയോടവൻ മുഖമുയർത്തി
അരുത് കുഞ്ഞേ നിൻ ചിരി വേണ്ട
ഞങ്ങൾക്ക് വേണ്ടതു കണ്ണുനീരൊന്നു മാത്രം

കളറാവണ്ടേ? നാലുപേരറിയണ്ടേ?
ഉണ്ണീ നിൻ പടമങ്ങു മുന്നിൽ തെളിഞ്ഞിടേണ്ടേ
കരയൂ നീ അതു വിറ്റു പേരെടുക്കേണം
നാട്ടിലൊരുപാടു പേരു പറഞ്ഞിടേണം

ഞങ്ങളൊരു പൊതിച്ചോറു  നൽകിയെന്നൊരു
നൂറു പേരൊരുമിച്ചു പുകഴ്തിടേണം
അറിഞ്ഞില്ലയമ്മേയെൻ കണ്ണീരിനും
വിലയേറെ, വിശപ്പു തന്നെ ഭേദം
അരവയറൊന്നു മുറുക്കിപിടിച്ചവൻ
മടിയിൽ കിടന്നു തളർന്നുറങ്ങി
ദുരിത കാലത്തുമിതരുതെയെൻ കൂട്ടരേ
പലരും കളിക്കുമീ നാടകങ്ങൾ
പതിവായി മാറുമീ പ്രഹസനങ്ങൾ
പടം (കവിത: കീർത്തന വരുൺ)
Join WhatsApp News
VARUN RAJ P A 2020-05-05 02:34:48
https://youtu.be/7gF8O4YYrCc
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക