Image

നൈമിഷികം (കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 05 May, 2020
 നൈമിഷികം (കവിത: രമ പ്രസന്ന പിഷാരടി)
ആരെയും കാത്തുനില്‍ക്കാതെ പോകുന്നു

കാലവും കിളിക്കൂട്ടിലെ പക്ഷിയും

 

നീലജാലകം നീക്കിയിന്നാകാശമേഘവും

യാത്ര പോകുന്നു മുന്നിലായ്

 

തീവെയിലിന്റെ സായാഹ്നവീഥയില്‍

പാരിജാതം കൊഴിഞ്ഞുവീണിടുന്നു

 

പൂവ് പോലൊന്നടര്‍ന്നു പോയിന്നലെ

ഭൂമിതന്‍ ജലകന്യ കവര്‍ന്നുവോ

 

ഇന്ദ്രനീലസമുദ്രഗര്‍ത്തങ്ങളില്‍

കണ്ടറിയാത്ത ലോകമുണ്ടെങ്കിലും

 

കണ്ടുതീരാതെയിന്നുമപൂര്‍ണ്ണമാം

കുങ്കുമപ്പൂവിടര്‍ത്തുന്ന സന്ധ്യകള്‍

 

കൂരിരുള്‍ കുടിച്ചെത്തും നിഴല്‍പ്പന-

ങ്കാട്ടിലാരോ മുഖം മറയ്ക്കുന്നുവോ

 

നൂറു നൂറു വസന്തസ്വപ്നങ്ങളെ

ഗാഢനിദ്രയില്‍ കണ്ടങ്ങുറങ്ങിയോര്‍

 

രാവില്‍ നിന്ന് നടന്നവര്‍ ചെമ്പട്ടു

പൂവുമായി മടങ്ങിപ്പിരിയുന്നു

 

ചില്ലടര്‍ന്നു തെറിച്ചുപോകും വഴി

ചിന്നിയാകെ ചിതറുന്നു സ്വപ്നങ്ങള്‍

 

പാതി പോലും  നടന്നുതീരാത്തവര്‍

ജീവനില്‍ നിന്നടര്‍ന്നു മാഞ്ഞീടുന്നു

 

പാതയോ ശൂന്യചിഹ്നം വരയ്ക്കുന്നു

തോളിലായ് ശവമഞ്ചം ചുമക്കുന്നു

 

എത്ര നൈമിഷികം പറന്നേറുന്ന

ചിത്രജാലശലഭകാലങ്ങളായ്

 

സൂര്യനെ തൊട്ടു പോരാന്‍ ശ്രമിക്കവെ

ഹോമവഹ്നി കവര്‍ന്നെടുത്തീടുന്നു

 

ആരെയും കാത്തു നില്‍ക്കാതെ പോകുന്നു

ഭൂമിയും, കുടമാറ്റും ഋതുക്കളും

 

മോഹസത്രങ്ങളെത്രയുണ്ടെങ്കിലും

പൂമരങ്ങളില്‍ തേന്‍ കിനിയുമ്പോഴും

 

താഴ്വരകള്‍ വസന്തമാകുമ്പോഴും

സൂര്യനെന്നും പ്രതീക്ഷയേകുമ്പോഴും

 

പേരെഴുതിപ്പടര്‍ന്നോരു ജീവന്റെ

വേരുകള്‍ ഭൂവിലേയ്ക്ക് പടരുന്നു

 

സ്‌നേഹഗായകാ! നീ വിളിക്കുമ്പോഴീ

പ്രാണനെന്തേ തിടുക്കം മടങ്ങുവാന്‍?

 നൈമിഷികം (കവിത: രമ പ്രസന്ന പിഷാരടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക