Image

കുപ്പികൾക്ക് അറിയുമോ ഒരു മീറ്റർ അകലം? ( വിജയ് സി.എച്ച്)

Published on 05 May, 2020
കുപ്പികൾക്ക് അറിയുമോ ഒരു മീറ്റർ അകലം? ( വിജയ് സി.എച്ച്)
മദ്യവിൽ‍പനശാലകൾ‍ തുറക്കാൻ അനുമതി നൽ‍കുന്ന തീരുമാനം കോവിഡിനെ കടിഞ്ഞാണിടുന്നതിൽ രാജ്യവും, സംസ്ഥാനവും ഇതുവരെ നേടിയ വിജയത്തിന് തുരങ്കം വെക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ല.

കാരണം, കുപ്പികൾക്കും കുപ്പികളിൽ സായൂജ്യമടയുന്നവർക്കും സാമൂഹിക അകലം എന്നതൊന്നില്ല. എന്തെങ്കിലുമുണ്ടെങ്കിൽ അത് സാമൂഹിക അടുപ്പം മാത്രമാണ്! കുപ്പികളും കുപ്പിക്കാരും അടുത്തേ ഇരിക്കാറുള്ളൂ!

ഒന്നു കൂടണ്ടേയെന്ന് കൂടിയാലോചിക്കുമ്പോഴും, കൂടാനുള്ള സാധനം വാങ്ങാൻ ക്യൂ നിൽക്കുമ്പോഴും, കൂടിക്കൊണ്ടിരിക്കുമ്പോഴും, കൂടിക്കഴിഞ്ഞു സൂര്യനു താഴെയുള്ള സകല സംഗതികളും ചർച്ചചെയ്ത് അതിനെല്ലാം പ്രതിവിധി കണ്ടെത്തുമ്പോഴും സംഭവിക്കുന്നത്, social distancing അല്ല, സോഷ്യൽ സാമീപ്യമാണ്!

കാശ്മീർ പണ്ഡിറ്റുകളെയും, ഫലസ്തീനി അഭയാർത്ഥികളെയും താന്താങ്ങളുടെ ജന്മനാട്ടിലേക്കു പുനരധിവസിപ്പിക്കാൻ ഏറെ സൗഹാർദ്ദപൂർവം അടുത്തടുത്തിരുന്നു സംസാരിച്ചാൽ മാത്രമേ സാധ്യമാവൂ! അത്രയും സങ്കീർണ്ണമായ വിഷയങ്ങളാണവ. സ്വാഭാവികം, കുടിക്കുന്നവർ തമ്മിലുള്ളത്രയും അടുത്ത കൂട്ടുകെട്ട് കുടിക്കാത്തവർ തമ്മിൽ സംഭവ്യമല്ല.

മാർച്ച് 24--ന് ലോക്ക്ഡൗണിനെത്തുടർന്ന് രാജ്യത്തെ ബിവെറേജ് ഔട്ട്ലറ്റുകൾ അടച്ചു. സമ്പൂർ‍ണ്ണ അടച്ചുപൂട്ടലിൻറെ മൂന്നാംഘട്ടത്തിലാണ് അവ വീണ്ടും തുറക്കാനുള്ള ഇളവ് കേന്ദ്രം മെയ് 1-ന് അനുവദിച്ചത്.

മധുവിൽ‍പനയാണ് സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമാർ‍ഗ്ഗമെന്നത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ മധുശാലകൾ‍ തുറക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയത്.

ഡൽഹി സിറ്റിയിൽതന്നെ‍ 200-ൽ പരം മദ്യവിൽ‍പനശാലകളാണ് ഇന്നലെ തുറന്നത്. ലോക്ക്ഡൗൺ‍ നഷ്ടം മദ്യംകൊണ്ടു നികത്താൻ വിലയിൽ 75 ശതമാനം വർ‍ദ്ധനവാണ് ഡൽ‍ഹി സംസ്ഥാന സർ‍ക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. മദ്യത്തിന് 'കൊറോണ ഫീ' ഈടാക്കുന്ന ആദ്യത്തെ സംസ്ഥാനവും ഡെൽഹി ആയിരിക്കും.

ആന്ധ്രയിലും വില കൂട്ടിയിട്ടുണ്ട്. തമിഴ് നാടും ഈ വഴിക്കു ചിന്തിച്ചു തുടങ്ങിയെന്നാണ് അറിവ്.

നാൽപ്പതു ദിവസത്തെ 'dry' അവസ്ഥക്കു ശേഷമെത്തിയ ഇന്നലെ മാത്രം ഉത്തർ‍ പ്രദേശിൽ വിറ്റത് 100 കോടിയുടെ മദ്യമാണ്! നൂറു കോടി രൂപയുടെ മദ്യം ഒരു ദിവസം വിൽക്കുന്നത് എക്കാലത്തെയും റെക്കോഡാണെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു.

കർ‍ണ്ണാടകയിലെ ഔട്ട്ലറ്റുകൾക്കു മുന്നിൽ നീണ്ട വരികൾ ഞാനിതെഴുതുമ്പോഴും ദൃശ്യമാണ്. ഔട്ട്ലറ്റുകൾക്കു മുന്നിൽ രൂപപ്പെടുന്ന ജനക്കൂട്ടം സകലവിധ നിയന്ത്രണങ്ങളും കാറ്റിൽ പറത്തുന്ന ദൃശ്യങ്ങളാണ് എല്ലാ സംസ്ഥാനങ്ങളിലും കാണാൻ കഴിയുന്നത്.

ഉടനെ ലഭിക്കാനിരിക്കുന്ന പരമാനന്ദമോർത്ത് സാമൂഹിക അകലം കേട്ടുമറന്നൊരു പല്ലവിയായേ മോക്ഷം കാത്തു വരിയിൽ നിൽക്കുന്നവർ കരുതുകയുള്ളൂ!

കടുത്ത നിലപാടുകളെടുത്തു നമ്മൾ നിലക്കുനിർത്തിയ കൊലയാളി കൊറോണയുടെ സാമൂഹിക വ്യാപനത്തെ, നമ്മൾതന്നെ അയച്ചുവിടുന്നത് പരിഹാസ്യമാണ്. അതിലേറെ, വിനാശകരമാണ്!

മേയ് 17 വരെ നീട്ടിയ ലോക്ക്ഡൗൺ‍ കഴിഞ്ഞ ശേഷം മദ്യവിൽ‍പന ശാലകൾ‍ തുറന്നാൽ മതിയെന്ന കേരള സർക്കാറിൻറെ തീരുമാനം യുക്തിയുക്തമാണ്. എന്നാൽ, മേയ് 17 കഴിഞ്ഞയുടനെ ഔട്ട്ലറ്റുകളും ബാറുകളും വീണ്ടും തുടങ്ങുന്നത് സ്വാഗതാർഹമേയല്ല.

കഴിഞ്ഞ വർഷം തൃശ്ശൂർ പൂരവിളംബരം ചെയ്യാൻ കൊമ്പൻ തെച്ചിക്കാട്ടുകാവ് രാമചന്ദ്രന് അനുമതി നിഷേധിച്ചപ്പോൾ, സംസ്ഥാനത്തിൻറെ സാംസ്കാരിക തലസ്ഥാനത്തെ തലകീഴായ്മറിച്ച അതേ ജനത തന്നെയല്ലേ, ഇക്കൊല്ലം പൂരമേ വേണ്ടെന്ന തീരുമാനത്തെ സവിനയം സ്വീകരിച്ചത്!

കൊറോണ വ്യാപനം തടയുകയെന്നത് മലയാളിയുടെ ഇന്നിൻറെ വികാരമാണ്! മൂന്നേമൂന്നു മരണമേ പ്രബുദ്ധ കേരളത്തിൽ ഇതുവരെ സംഭവിച്ചിട്ടുള്ളൂ!

കുടിക്കാതെ, social distance പാലിച്ച്, നമുക്ക് കുറച്ചു കാലംകൂടി ക്ഷമിച്ചിരുന്നുകൂടേ?


കുപ്പികൾക്ക് അറിയുമോ ഒരു മീറ്റർ അകലം? ( വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക