Image

പത്തു രൂപാ (കഥ: സാംജീവ്)

Published on 05 May, 2020
പത്തു രൂപാ (കഥ: സാംജീവ്)
പ്രവാസിമലയാളിയായ ഞാന്‍ രണ്ടു മാസത്തെ അവധിക്കു ഊരു ചുറ്റാന്‍ വന്നതാണ്. വരുമ്പോഴൊക്കെ സന്ദര്‍ശിക്കുന്ന ചില വീടുകളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു ചിന്നമ്മിണിക്കുട്ടിയുടെ ഭവനം. അതിനു കാരണവും ഉണ്ട്.

ഗ്രാമത്തിലെ ഏറ്റവും വലിയ വീടു ചിന്നമ്മിണിക്കുട്ടിയുടേതാണ്. ഇന്നു പണ്ടത്തെ വീടല്ല. പണ്ടൊരു ഓലപ്പുരയായിരുന്നു. ഇന്നൊരു മണിമന്ദിരമാണ്. രണ്ടു മക്കളും വിദേശത്തു ഡാക്ടര്‍മാരാണ്. ചിന്നമ്മിണിക്കുട്ടിയുടെ സ്ഥിതി മാറി. രണ്ടു മക്കള്‍ ഡാക്ടര്‍മാരായാല്‍ മാതാപിതാക്കളുടെ സ്ഥിതിയും മനസ്ഥിതിയും മാറും. ഒരിക്കല്‍ മണിമന്ദിരത്തെ നോക്കി ചിന്നമ്മിണിക്കുട്ടി ചോദിച്ചത്രേ.

“സ്വര്‍ഗ്ഗം ഇത്രയും നല്ലതാണോ?”
മണിമന്ദിരത്തിന്റെ സന്ദര്‍ശനമുറിയുടെ ഭിത്തിയില്‍ ഒരു വാള്‍ തൂക്കിയിട്ടിട്ടുണ്ട്. തുരുമ്പിച്ചു വായ്ത്തല മടങ്ങിയ ഒരു വാളാണത്. വാളിന്റെ ചരിത്രം ചിന്നമ്മിണിക്കുട്ടിയ്ക്കു മാത്രമേ അറിഞ്ഞു കൂടൂ. അവള്‍ പറയുന്നതിങ്ങനെയാണ്.
“ഞങ്ങളുടെ പൂര്‍വികര്‍ ചേരനാട്ടു രാജാക്കന്മാരായിരുന്നു. ചേരനാട്ടു രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ഉടവാളാണത്.”
എന്നാല്‍ മുക്കോട്ടു വീട്ടില്‍ കറിയാ വല്യപ്പന്‍ പറയുന്നതു വേറൊരു കഥയാണ്.
“വാത്തിക്കോണത്തു മത്തായിസാറിന്റെ പൂര്‍വികര്‍ ക്ഷുരകന്മാരായിരുന്നു. അതുകൊണ്ടു വാളല്ല, പഴകിത്തുരുമ്പിച്ച ഒരു ക്ഷൌരക്കത്തിയാണു അവിടെ സ്ഥാപിക്കേണ്ടത്.”

കറിയാ വല്യപ്പന്‍ അസൂയക്കാരനാണ്, നുണയനാണ്.  അല്ലെങ്കില്‍ അയാള്‍ക്ക് ഇതിലെന്താണു കാര്യം? മാത്രമല്ല, ക്ഷുരകനും ക്ഷത്രിയനും ഒരേ സ്ഥാനം കൊടുക്കുന്ന ഇക്കാലത്തു വാളായാലെന്ത്? ക്ഷൌരക്കത്തി ആയാലെന്ത്?
ചിന്നമ്മിണിക്കുട്ടിയുടെ പിതാവായിരുന്നു വാത്തിക്കോണത്തു മത്തായിസാര്‍. എന്റെ പിതാവിന്റെ ഉത്തമസ്‌നേഹിതനായിരുന്നു. അദ്ദേഹമാണ് എന്നെ എഴുത്തിനിരുത്തിയത്. മത്തായി സാര്‍ െ്രെപമറിസ്ക്കൂളില്‍ എന്നെ പഠിപ്പിച്ചിട്ടുമുണ്ട്. മത്തായിസാര്‍ അദ്ധ്യാപകനും അതിലുപരി കൃഷിക്കാരനുമായിരുന്നു.

ഞാനും ചിന്നമ്മിണിക്കുട്ടിയും സമപ്രായക്കാരല്ല. എന്നെക്കാള്‍ നാലഞ്ചു വയസ്സിളപ്പമാണു ചിന്നമ്മിണിക്കുട്ടി. അവള്‍ എന്നെ അച്ചായനെന്നാണു വിളിക്കുക. ഒരു തവണ അച്ചാച്ചനെന്നു വിളിച്ചിട്ടുണ്ട്. അന്നവള്‍ക്കു സ്‌നേഹം കൂടിക്കാണും.

എന്റെ കുടുംബം ദാരിദ്ര്യത്തില്‍ മുങ്ങിപ്പോയ ഒരു സംവത്സരം ഉണ്ടായി, എന്റെ ഓര്‍മ്മയില്‍.
ഏതാണ്ടു നാലു ദശകങ്ങള്‍ക്കു മുമ്പാണു സംഭവം.
ഇല്ലായ്മയുടെയും വല്ലായ്മയുടെയുംകാലം.
മാഞ്ഞന്നൂര്‍ വയലില്‍ ചിറ പൊട്ടിയ കാലം.
വല്ലാത്ത കൃഷിനാശമുണ്ടായ കാലം.
നിത്യനിദാനങ്ങള്‍ പോലും മുടങ്ങിപ്പോയ ഒരു വര്‍ഷം.
യഹോവയുടെ സന്ദര്‍ശനകാലം എന്നാണു എന്റെ അച്ഛന്‍ ആ കാലത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം വലിയ ഭക്തനായിരുന്നു.
എനിക്കു പരീക്ഷാ ഫീസു കൊടുക്കാന്‍ പത്തു ഉറുപ്പിക വേണം. അച്ഛന്റെ കൈയില്‍ കാല്‍ കാശില്ല. കാര്യം മത്തായിസാറിനോടു പറഞ്ഞു. അദ്ദേഹം ഉടനെ പത്തു രൂപാ എന്റെ അച്ഛനു കൊടുത്തു. മത്തായിസാര്‍ മഹാമനസ്ക്കന്‍ ആയിരുന്നു. ചിന്നമ്മ്ണിക്കുട്ടിയുടെ കൈയിലാണു പത്തു രൂപാ കൊടുത്തയച്ചത്. ഞാന്‍ പരീക്ഷ എഴുതി; ഫസ്റ്റുക്ലാസില്‍ ജയിച്ചു. അച്ഛനു വലിയ സന്തോഷമായി. മത്തായിസാര്‍ അഭിനന്ദിച്ചു.
“മത്തായിസാര്‍ അതു വേറെ ഉദ്ദേശത്തിലാ തന്നത്. അയാളാരാ മോന്‍? ഓടുന്ന നായയ്ക്കു ഒരു മുഴം മുമ്പേ എറിയുന്നവനാ അയാള്‍.” മുക്കോട്ടു കറിയാ വല്യപ്പന്‍ പറഞ്ഞു. അയാള്‍ അസൂയക്കാരനാണ്, ഏഷണി പറയുന്നവനാണ്.

ആ പത്തു രൂപയുടെ നന്ദി കാണിക്കാന്‍ ഞാന്‍ നാട്ടില്‍ വരുമ്പോഴൊക്കെ ചിന്നമ്മിണിക്കുട്ടിയുടെ ഭവനം സന്ദര്‍ശിക്കും. വാലാട്ടുന്ന ഒരു നായ്ക്കുട്ടിയായി മാറും ഞാനാ നിമിഷങ്ങളില്‍.

സൌധത്തിന്റെ ഉയര്‍ന്ന നിലയില്‍ നിന്നും ചിന്നമ്മിണിക്കുട്ടി ഇറങ്ങി വരാന്‍ കുറച്ചു സമയം കാത്തിരിക്കേണ്ടിവരുമെന്നു കുഞ്ഞോമാച്ചന്‍ മുന്നറിയിപ്പു നല്കി. ചിന്നമ്മിണിക്കുട്ടിയുടെ ഭര്‍ത്താവുദ്യോഗസ്ഥനാണു കുഞ്ഞോമാച്ചന്‍. അമിതമായി ശീതീകരിച്ച സന്ദര്‍ശനമുറിയില്‍ ചേരനാട്ടു രാജാക്കന്മാരുടെ ഉടവാളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു ഞാനിരുന്നു. പെട്ടെന്നു ചന്ദനലേപസുഗന്ധം പരത്തിക്കൊണ്ടു ചിന്നമ്മിണിക്കുട്ടി പ്രത്യക്ഷപ്പെട്ടു; സോപാനത്തിന്റെ മുകളില്‍. ഞാന്‍ ആദരവോടെ എഴുനേറ്റു. സ്ത്രീത്വത്തെ ബഹുമാനിക്കണമെന്നു ഞാന്‍ പഠിച്ചിട്ടുണ്ട്.

വളച്ചു കെട്ടിയ സോപാനത്തിന്റെ മദ്ധ്യത്തില്‍ ഒരു പ്രതലമുണ്ട്. ലാന്‍ഡിംഗ് എന്നാണു സിവില്‍ എഞ്‌നീയറിംഗു പദം. ചിന്നമ്മിണിക്കുട്ടിയുടെ പാദപങ്കജങ്ങള്‍ ലാന്‍ഡിംഗു വരെ മെല്ലെ മെല്ലെ ചലിച്ചു. അവിടെ അവള്‍ നിന്നു. താഴെ ഭൂമിയില്‍ നില്ക്കുന്ന എന്നെ തുറിച്ചു നോക്കി. ആ കണ്ണുകളില്‍ തീജ്വാല ആളിക്കത്തുന്നതു പോലെ തോന്നി.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മശിഹാചരിത്രം നാടകം കാണാന്‍ പോയി. അച്ഛനാണു കൊണ്ടു പോയത്. അതില്‍ പീലാത്തോസ് യേശുവിനെ കുറ്റം വിധിക്കുന്ന ഒരു രംഗമുണ്ട്. ഉയര്‍ന്ന ഒരു പ്ലാറ്റു ഫോമിലാണു പീലാത്തോസു നില്ക്കുന്നത്; ബന്ധനസ്ഥനായ യേശു താഴെ കോടതി മുറിയിലും. ചിന്നമ്മിണിക്കുട്ടി പീലാത്തോസിന്റെ പെണ്‍രൂപമാണെന്നു എനിക്കു തോന്നി.
അവള്‍ ആകെ മാറിയിരിക്കുന്നു വേഷത്തിലും ഭാവത്തിലും. സമൃദ്ധമായ മുടിപടലം തോളത്തു മുറിച്ചു കളഞ്ഞിരിക്കുന്നു.
നരച്ച മുടി ചായം തേച്ചു കറപ്പിച്ചിരിക്കുന്നു.
ചുണ്ടില്‍ കടും ചുവപ്പു ചായം.
വരച്ചു വച്ച പുരികങ്ങള്‍.
മുഖം മുഴുവന്‍ റോസ് നിറത്തിലുള്ള ചായം.
കഴുത്തില്‍ മുത്തുമാലയും വീതിയുള്ള അഢ്യലും.
വില കൂടിയ പട്ടുസാരി.
അമ്പതു കഴിഞ്ഞ ചിന്നമ്മിണിക്കുട്ടി മുപ്പതുകാരി ആകാനുള്ള യത്‌നത്തിലാണ്.

“ഹല്ല, നീയോ? നീ എന്നു വന്നു?”
ചിന്നമ്മിണിക്കുട്ടിയുടെ ചോദ്യം ചാട്ടുളി പോലെ എന്റെ കര്‍ണ്ണങ്ങളില്‍ തറച്ചു.
എന്നെ ചിന്നമ്മിണിക്കുട്ടി ഒരിക്കലും നീ എന്നു വിളിച്ചിട്ടില്ല.
“ഞാന്‍ വന്നിട്ടു മൂന്നാഴ്ചയായി.”
“എന്നിട്ടു ഇപ്പോഴാണു ഇങ്ങോട്ടൊന്നു എഴുന്നെള്ളാന്‍ സമയം കണ്ടത്?”
“എനിക്കു സുഖമില്ലായിരുന്നു. കാലു മുഴുവന്‍ നീരാണ്. നടക്കുവാന്‍ പ്രയാസമാണ്.” ഞാന്‍ പറഞ്ഞു.
“ഞാന്‍ നിന്നോടൊരു കാര്യം പറയാം. ഈ അസുഖം അസുഖമെന്നു പറയുന്നതു ഒരു മാനസിക അസ്വസ്ഥതയാണ്. അതിനെ നമുക്കു ഓവര്‍കം ചെയ്യാന്‍ കഴിയണം.”
“ഞാന്‍ വീണു തലപൊട്ടി ഒരു മാസം ആശുപത്രിയില്‍ ആയിരുന്നു.” ഞാന്‍ ക്ഷമാപണം പോലെ പറഞ്ഞു. പക്ഷേ എന്റെ മാപ്പപേക്ഷ ചിന്നമ്മിണിക്കുട്ടി കാര്യമായെടുത്തില്ല.
“അതാണു ഞാന്‍ പറഞ്ഞത്, നമ്മുടെ അസുഖമെന്നു പറയുന്നതു നമ്മുടെ ആറ്റിറ്റിയൂഡാണ്. ചാണ്ടിച്ചായനെ നോക്കൂ, ഇന്നലെയും വെയിലത്തു നടന്നിവിടെ വന്നു. ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു: തീയില്‍ കുരുത്തതു വെയിലത്തു വാടുമോ? അതാണു പോസിറ്റിവ് ആറ്റിറ്റിയൂഡ്. അതാണു വേണ്ടത്.”
“അതു ശരിയാണ്. ചാണ്ടിച്ചായനു എപ്പോഴും പോസിറ്റിവ് ആറ്റിറ്റിയൂഡ് ആണ്.” ഞാനും സമ്മതിച്ചു. സമ്മതിക്കാതെ തരമില്ല. ആ പഴയ പത്തു രൂപാ നോട്ടിന്റെ ചിത്രം എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നു. അതിന്റെ ഒരു വശത്തു കടുവയും കാട്ടാനയും കാണ്ടാമൃഗവും ഒന്നിച്ചു നില്ക്കുന്ന ഒരു പടമുണ്ടായിരുന്നു.
“നിന്റെ കെട്ട്യോളു താറാ വന്നില്ലേ?”
“ഇല്ല, അവള്‍ക്കു പനിയാണ്.”
“അല്ലെങ്കിലും എനിക്കവളെ അറിയാം. അവള്‍ അഹങ്കാരിയാണ്. അവള്‍ക്കു ചീത്ത ആറ്റിറ്റിയൂഡ് ആണെപ്പോഴും.”
ഞാന്‍ മൌനമായി നിന്നു.
ചിന്നമ്മിണിക്കുട്ടിയെ സന്ദര്‍ശിക്കാന്‍ ഞാന്‍ എന്റെ ഭാര്യ സാറായെ ക്ഷണിച്ചതാണ്. അവള്‍ നിരസിച്ചു.
“പത്തു രൂപാ വാങ്ങിയതു എന്റപ്പനല്ലല്ലോ. പിന്നെ മുല്ലത്തറക്കാര്‍ക്കു വാലാട്ടി ശീലവുമില്ല.”
സാറായുടെ വാക്കുകള്‍ക്കു ചേരനാടു രാജാക്കന്മാരുടെ ഉടവാളിനെക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു.

സോപാനത്തില്‍ നിന്നു ഭൂമിയിലേയ്ക്കു ഇറങ്ങിവരാന്‍ ചിന്നമ്മിണിക്കുട്ടി തയ്യാറായില്ല. പീലാത്തോസിന്റെ പെണ്‍രൂപമായി അവള്‍ അവിടെത്തന്നെ നിന്നു.
“പിന്നെ അവളോടു പറഞ്ഞേക്കണം, നിങ്ങളുടെ എല്ലാ അഭിവൃദ്ധിയുടെയും മൂലം ആ പത്തു രൂപയാണെന്ന്.” ചിന്നമ്മിണിക്കുട്ടിയുടെ വാക്കുകള്‍ക്കും മൂര്‍ച്ചയുണ്ടായിരുന്നു.
എയര്‍ കണ്ടിഷന്‍ ചെയ്ത മുറിയില്‍ നിന്നു ഞാന്‍ വിയര്‍ത്തു. വാക്കുകള്‍ കിട്ടാതെ ഞാന്‍ കുഴങ്ങി.
“പറയാം. അതാണ് എന്റെ ഉപ്പും ചോറും.” ചില വാക്കുകള്‍ പുറത്തു വന്നു. എങ്ങനെയെങ്കിലും അവിടെ നിന്നു രക്ഷപ്പെട്ടാല്‍ മതി.

പെട്ടന്നാണു കാളിംഗു ബെല്‍ ശബ്ദം മുഴങ്ങിയത്. വീണാനാദം പോലെ തോന്നി. കുഞ്ഞോമാച്ചന്‍ ചെന്നു കതകു തുറന്നു.
“ഇതാരു സാറാച്ചേച്ചിയോ? വരണം, വരണം.”
ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. എന്റെ സഹധര്‍മ്മിണി സാറാ മന്ദസ്മിതം തൂകിക്കൊണ്ടു വാതില്ക്കല്‍ നില്ക്കുന്നു. അവളുടെ അനുജത്തി ഡെയിസിയുമുണ്ടു തൊട്ടു പിറകില്‍.
“നീയോ?” ഞാന്‍ ചോദിച്ചു.
കൊടുങ്കാറ്റും ചുഴലിക്കാറ്റും ഏറ്റുമുട്ടാന്‍ പോകുന്നു. ഇവിടെ മിന്നല്‍പ്പിണര്‍ ഉണ്ടാകും. ഞാന്‍ ഭയന്നു.
“അച്ചായന്‍ ഇറങ്ങിയ ഉടനെ ഇവള്‍ വന്നു. അപ്പോള്‍ ഞങ്ങള്‍ ഇങ്ങോട്ടു വരാമെന്നു തീരുമാനിച്ചു. ചിന്നമ്മിണിക്കുട്ടിയെ കാണാതെ പോകാന്‍ പറ്റില്ലല്ലോ.”
സന്ദര്‍ഭത്തിനൊത്തു നിറം മാറാന്‍ കഴിവുള്ളവളാണു സാറാ.
“അല്ല ചേച്ചിയോ? വരണം, വരണം.” ചിന്നമ്മിണിക്കുട്ടി ഭൂമിയിലേയ്ക്കു ഇറങ്ങിവന്നു. സാഹചര്യത്തിനൊത്തു നിറം മാറാന്‍ ചിന്നമ്മിണിക്കുട്ടിക്കും കഴിയും.
“നിങ്ങള്‍ ഇവിടിരുന്നു സംസാരിക്കുക. ഞാന്‍ നേരത്തെ വന്നതല്ലേ?”
മറപടിക്കു കാത്തു നില്ക്കാതെ ഞാന്‍ ഇറങ്ങി നടന്നു. മഴ പെയ്‌തൊഴിഞ്ഞ മേഘം പോലെ മനസ്സിന്റെ ഭാരം കുറഞ്ഞിരിക്കുന്നു.

പണ്ടു തിരുവിതാംകൂറില്‍ ഒരു ശിക്ഷാ സമ്പ്രദായം ഉണ്ടായിരുന്നത്രേ. കരം കൊടുക്കാത്ത പൌരനു 20 അടിയാണു ശിക്ഷ. രാജകിങ്കരന്മാര്‍ കുറ്റവാളിയെ മുക്കാലിയില്‍ കെട്ടിയിട്ടു ശിക്ഷ നടപ്പാക്കും. അടി കിട്ടിക്കഴിഞ്ഞാല്‍ കടബാദ്ധ്യത തീര്‍ന്നു.

അച്ഛന്‍ ചെയ്ത കുറ്റത്തിനു ഞാന്‍ ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു. കുഞ്ഞമ്മിണിക്കുട്ടിയുടെ വാക്കുകള്‍ക്കു ഇരുപതു അടിയില്‍ കൂടുതല്‍ ഘനമുണ്ടായിരുന്നു. ശിക്ഷ അനുഭവിച്ചു തീര്‍ന്ന കുറ്റവാളി വീട്ടിലേയ്ക്കു നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക