Image

“വളർത്തു കവിത" (ബിന്ദു ടിജി)

Published on 05 May, 2020
“വളർത്തു കവിത" (ബിന്ദു ടിജി)
കവിതകളെ ഞാനിപ്പോൾ
കൂട്ടിലിട്ടു സൂക്ഷിക്കലാണ് പതിവ്
തുറന്നു വിട്ടാൽ  ലോകം മുഴുവൻ പറന്നു നടക്കും
സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതെ
കൂട്ട് കൂടും, സകലരോടും.
ഫേസ് ഷീൽഡ് ധരിക്കാതെ തുറിച്ചു നോക്കും
സകല വൈറസുകളെയും നേരിടാൻ നേരിട്ടിറങ്ങും
വായ് മൂടി വെയ്ക്കാതെ
തെറിക്കുത്തരം മുറി പത്തൽ എന്ന രീതി.
ഇരുട്ടുമ്പോൾ തിരിച്ചു വരുമെന്ന് യാതൊരുറപ്പുമില്ല
അടങ്ങി കിടക്കാൻ ചിറകിന്റെ അരികൽപ്പം അരിഞ്ഞു മാ റ്റി
ഇനി ആവേശം മൂത്ത് അഴികളറുത്താലോ
കൊക്കും നഖവും വെട്ടി മിനുക്കി
അവളിന്നൊരു അനുസരണയുള്ള കുഞ്ഞായി
കൊറോണ ലോകത്തിൽ നിന്ന് പോയാലും
കവിതകളെ കൂട്ടിലടച്ചു വളർത്തുന്നതാണ് നല്ലത്
“വളർത്തു കവിത”യാക്കി!
Join WhatsApp News
Sudhir Panikkaveetil 2020-05-06 17:15:13
ചില കവിതകൾ വൈറൽ ആകാറുണ്ട്. കൊറോണ വൈറസ് പോലെ അദൃശ്യമായി കവിതകളിലും അന്തർലീനമായി ചിലതുണ്ട്. അതാണോ ആധുനിക കവിത ഉൾക്കൊള്ളുന്നത്. കൊറോണ കാലത്ത് പ്രത്യക്ഷപ്പെടുന്ന എണ്ണമറ്റ കവിതകളുടെ മേന്മയില്ലായ്മയെ കവയിത്രി പരിഹസിച്ചതോ? കൊറോണ കഴിഞ്ഞാലും നിലാവാരമില്ലാത്ത കവിതകൾ പടച്ചുവിടരുതെന്ന ഉപദേശവും കാണുന്നുണ്ട്. കവിതകൾ വിമര്ശിക്കപ്പെടാതിരിക്കാൻ കയ്യിൽ തന്നെ വയ്ക്കുകയാണ് ഉചിതമെന്നും വ്യാഖ്യാനിക്കാം. കവിത എന്ത് തന്നെ സന്ദേശം നൽകാൻ ഉദ്ദേശിച്ചാലും കവിതയുടെ ശില്പഘടനയും ആവിഷ്കാരവും നല്ലത്.കവിതകൾ ചില നിബന്ധനകൾ പാലിക്കണമെന്നും വായനക്കാരൻ മനസ്സിലാക്കാം. ചന്ദ്രന്റെ മന്ദഹാസം കൊണ്ട് മാത്രം അന്ധകാരത്തിന്റെ കാണാത്ത മുറിപ്പാടുകൾ സുഖപ്പെടുത്താമെന്നു ഒരു അമേരിക്കൻ കവയിത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. കവിതയിൽ കാണാതെ കിടക്കുന്നത് കാണാൻ തടസ്സമാകുന്നതെന്തോ അതിൽ നിന്നും തന്നെ പ്രകാശം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അതിനു കവിത വീണ്ടും വീണ്ടും വായിക്കുക.
ബന്ധവസ് 2020-05-07 09:26:32
കൂട് കുറച്ചുകൂടി ബന്ധവസാക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക