Image

നേര്‍ക്കാഴ്ചകള്‍ (ചെറുകഥ: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 06 May, 2020
നേര്‍ക്കാഴ്ചകള്‍ (ചെറുകഥ: ദീപ ബിബീഷ് നായര്‍)
പല യാത്രകള്‍ക്കിടയിലും വഴിമദ്ധ്യേ കാണുന്ന ചില കാഴ്ചകള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്. വളരെ ദുര്‍ബലമായ മനസായതുകൊണ്ടാകാം വിഷമം തോന്നുന്ന എന്തു കണ്ടാലും ഞാനറിയാതെ എന്റെ കണ്ണ് നിറയും. അതിലൊരനുഭവം പറയാതിരിക്കാന്‍ കഴിയില്ല. പ്രവാസിയായ എനിക്ക്  നാട്ടിലേക്കുള്ള യാത്ര എന്നും ആവേശം തരുന്നതാണ്. നാട്ടിലെത്തിയാലോ വണ്ടിയുടെ സൈഡില്‍ ഇരുന്ന് കാഴ്ചകള്‍ കണ്ട് ബന്ധുവീട്ടിലേക്കുള്ള യാത്രകളാണ് കൂടുതലും. 

അങ്ങനെ ഒരു യാത്രയ്ക്കിടയിലാണ് വഴിയരികിലെ ഹോട്ടലിനു മുന്നിലായി 'ഊണ് റെഡി' എന്ന ബോര്‍ഡും പിടിച്ചു കൊണ്ടിരിക്കുന്ന 70 - 75 വയസ് അടുപ്പിച്ച് പ്രായം വരുന്ന ഒരു വൃദ്ധനെ കണ്ടത്. കൂടെയുണ്ടായിരുന്ന സഹോദരനാണ് പറഞ്ഞത്,.  'ഉച്ചക്ക് ഒരു 12 മണിക്ക് തുടങ്ങുന്ന ആ ഇരുപ്പ് 3-4 മണിവരെയുണ്ടാകുമെന്ന് '. അത്രയും സമയം പുകയും പൊടിയും വെയിലും കൊണ്ടുള്ള ആ നില്‍പ്പ് കാണുന്നത് തന്നെ അസഹനീയം. കൈയില്‍ തന്നേക്കാല്‍ പ്രായമുള്ള ഒരു കാലന്‍ കുട ഉണ്ടെങ്കിലും ബോര്‍ഡ് പൊക്കിപ്പിടിക്കണം എന്നതിനാല്‍ പൊരിഞ്ഞ വെയിലത്തും കുട മാറ്റി വച്ച് സേവനത്തില്‍ മുഴുകി ഇരിക്കുകയാണ്. 

ശരിക്കും കട ഉടമയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി എനിക്ക്. കച്ചവടം നടക്കാന്‍ വേണ്ടിയാണെങ്കിലും ഇത്രയും പ്രായമുള്ളൊരാളെ ഈ പൊരിവെയിലത്ത് ഇങ്ങനെ ഇരുത്താന്‍ പാടുണ്ടോ?  കുറച്ച് മാറി കാര്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ഹോട്ടലിലേക്ക്  കയറിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.അദ്ദേഹം വീണ്ടും തന്റെ കടമ തുടര്‍ന്നു. ഭക്ഷണം കഴിക്കാനിരുന്നപ്പോഴും ആ വൃദ്ധന്റെ മുഖമായിരുന്നു എന്റെ മനസില്‍.

ഈ പ്രായത്തിലും മറ്റുള്ളവരോട് യാചിക്കാതെ അദ്ദേഹം ജോലി ചെയ്യുന്നതില്‍ അഭിമാനം തോന്നിയെങ്കിലും ആ കുഴിഞ്ഞ കണ്ണുകളില്‍ എന്തോ വലിയൊരു സങ്കടമുണ്ടെന്ന് എനിക്ക് തോന്നി. ആ മനസില്‍ എന്തൊക്കെയോ വിഷമങ്ങള്‍ അലട്ടുന്നുണ്ടാകാം... ഒറ്റപ്പെടുന്ന വാര്‍ദ്ധക്യമോ, സഹധര്‍മ്മിണിയുടെ വിയോഗമോ, സാമ്പത്തിക പരിമിതിയോ എന്തുമാകാം അദ്ദേഹത്തിന്റെ ഈ ചുറ്റുപാടിന് കാരണം.  വേറെ ആരും കൊടുക്കാനില്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനെ കൊടുംവെയിലിലും നിന്ന് അദ്ദേഹം ഈ പണി ചെയ്യുന്നത് എന്നോര്‍ത്തപ്പോള്‍ സങ്കടവും  ആരോടെന്നില്ലാത്ത ഈര്‍ഷ്യയും എനിക്ക് തോന്നി. 

 ഭക്ഷണം കഴിച്ച് തിരികെ ഇറങ്ങുമ്പോള്‍ തത്ക്കാല സഹായമായി ഒരു തുക കൈയ്യില്‍ വച്ചു കൊടുത്തു. ആ ചുക്കിച്ചുളിഞ്ഞ മുഖത്ത് നന്ദിയെക്കാളുപരി,  സ്‌നേഹത്തോടെയുള്ള ഒരു പുഞ്ചിരി ഞാന്‍ കണ്ടു.അതല്ലാതെ വേറൊരു സഹായവും ചെയ്യാന്‍ എനിക്ക് കഴിയില്ലല്ലോ എന്നോര്‍ത്ത് മുഖം കുനിച്ചാണ് ഞാനും അവിടെ നിന്ന് മടങ്ങിയത്.......

നേര്‍ക്കാഴ്ചകള്‍ (ചെറുകഥ: ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക