Image

ഡയസ്‌പോറ കഥകളും വായനാനുഭവങ്ങളുമായി ഫര്‍സാന അലി ചില്ലയില്‍

Published on 07 May, 2020
ഡയസ്‌പോറ കഥകളും വായനാനുഭവങ്ങളുമായി ഫര്‍സാന അലി ചില്ലയില്‍

റിയാദ് : കോവിഡ് കാലത്ത് ഏറെ ശ്രദ്ധനേടിയ ഫര്‍സാന അലിയുടെ 'ചൈനീസ് ബാര്‍ബിക്യു' എന്ന കഥയുടെ വായനയും കഥാകൃത്തുമായുള്ള മുഖാമുഖവും ചില്ല യുടെ പ്രതിവാര വിര്‍ച്വല്‍ വായനാ സംവാദ പരിപാടിയില്‍ നടന്നു. ചൈനയിലെ പ്രവാസ അനുഭവങ്ങളും എഴുത്തനുഭവങ്ങളും ഫര്‍സാന ചില്ലയുമായി പങ്കുവച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ ഏതെങ്കിലും മതങ്ങള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളൊന്നും ചൈനയില്‍ നിലനില്‍ക്കുന്നില്ലെന്നു 12 വര്‍ഷത്തെ ചൈനീസ് അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ഫര്‍സാന അലി പറഞ്ഞു. വളരെ സന്തോഷത്തോടെയും യാതൊരു സമ്മര്‍ദ്ദവുമില്ലാതെയുമാണ് ചൈനയിലെ ജനങ്ങള്‍ ജീവിക്കുന്നതായി അനുഭവപ്പെട്ടതെന്നും കോവിഡ് വൈറസ് ചൈന ലാബില്‍ നിര്‍മിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും ഫര്‍സാന പറഞ്ഞു.

താനിപ്പോഴും കഥയെഴുത്ത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ചൈനാ പ്രവാസത്തിലെ നിരന്തര വായനയായിരിക്കാം എഴുതാനുള്ള പ്രചോദനമായതെന്നും ഫര്‍സാന മുഖാമുഖത്തില്‍ പറഞ്ഞു. ചെറുകഥാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്ന കഥകളാണ് ഫര്‍സാനയുടേതെന്ന് പരിപാടി നിയന്ത്രിച്ചിരുന്ന ബീന പറഞ്ഞു. ലീന കോടിയത്ത് കഥ വായിച്ചു.

കെ.പി.എം സാദിഖ്, സാലു, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, സീബ കൂവോട്, നജീം കൊച്ചുകലുങ്ക്, റസൂല്‍ സലാം, ആര്‍ മുരളീധരന്‍, ശ്രീജിത്ത് കൊന്നോളി, നാസര്‍ കാരക്കുന്ന്, സുരേഷ് ലാല്‍, ബഷീര്‍ കാഞ്ഞിരപ്പുഴ, കൊമ്പന്‍ മൂസ, നജ്മ ,നൗഷാദ് കോര്‍മത്ത്, എം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക