Image

ലച്ചു (കഥ: റാണി.ബി.മേനോൻ)

Published on 07 May, 2020
ലച്ചു (കഥ: റാണി.ബി.മേനോൻ)
ഒന്നുകൂടി നീട്ടി ശ്വാസമെടുത്തു നോക്കി അതെ എരുക്കിൻ പൂവിന്റെ മണം!
മറന്നു തുടങ്ങിയാെരാ പൂമണവും, ഒരു കുഞ്ഞു പൂച്ചക്കരച്ചിലും എവിടുന്ന്?
മഹാ നഗരത്തിലെ ബഹുനിലക്കെട്ടിടത്തിന്റെ പത്താം നിലയിലുള്ള ബാൽക്കണിയിലെവിടെ നിന്നാണാ പൂച്ചക്കരച്ചിലെത്തിയത്!

കോളിംഗ് ബെല്ലിന് വാതിൽ തുറക്കവേ അടുത്ത വീട്ടിലെ പയ്യൻ!
കയ്യിലൊരു കവർ
"ആന്റീ, ബൈ മിസ്റ്റേക്ക് യുവർ ലെറ്റർ വാസ് ഡ്രോപ്പ്ഡ് ഇൻ ഔർ ലെറ്റർ ബോക്സ്"
ആരാണിക്കാലത്ത് തനിയ്ക്ക് കത്തെഴുതാൻ?
കത്തു വാങ്ങി വാതിലടച്ചു. സീലില്ലാത്തൊരു ഇൻലന്റ് ലെറ്റർ....
കയ്യക്ഷരം...... ഓർമ്മ തോന്നുന്നില്ല....
കത്തു തുറന്നു അവസാനത്തെ ഒപ്പാണ് ആദ്യം നോക്കിയത്, ലച്ചു!
ലക്ഷ്മി!
പഴയ ഹോസ്റ്റൽ റൂം മേറ്റ്! അമ്പലവാസിയായ അവൾക്ക് എരിക്കിൻപൂവിന്റെ മണമായിരുന്നു!
ഒരു പൂച്ചക്കുഞ്ഞിന്റെ പിരുപിരുപ്പും!
സ്റ്റുഡൻസ് ഹോസ്റ്റലിന്റെ പണി നടക്കുകയായിരുന്നതിനാൽ, ഉദ്യോഗസ്ഥയായ താൻ വിദ്യാർത്ഥിനിയായ ലച്ചുവിന്റെ മുറിയിലായിപ്പോയതാണ്! സാധാരണ വിദ്യാർത്ഥിനികളേയും, ഉദ്യാേഗസ്ഥകളേയും ഹോസ്റ്റലിൽ ഒരേ മുറിയിലിടുക പതിവില്ല! വേറെ മുറിയില്ലാതിരുന്നതിനാലും, താൻ പഠിപ്പിന് പാരവയ്ക്കില്ലെന്നു തോന്നിയതിനാലുമാകണം ജോലി മാറ്റമായിവന്ന തന്നെ ലച്ചുവിന്റെ മുറിയിലാക്കിയത്!
എട്ടോ പത്തോ വയസ്സിന്റെ വ്യത്യാസം തങ്ങൾ എട്ടാേ പത്തോ ദിവസം കൊണ്ട് തകർത്തു! താനവൾക്ക് ഏച്ചിയും, അവൾ തന്റെ ലച്ചുവും! പരസ്പരമറിയാത്ത രഹസ്യങ്ങളില്ലായിരുന്നു.

അവളുടെ സ്നേഹം പ്രണയമായി വളർന്നതും തളിർത്തതും പൂത്തതും തന്റെ തണലിലായിരുന്നു. വീണ്ടും സ്ഥലം മാറ്റമായിപ്പോയശേഷവും കുറച്ചു നാൾ കൂടി ആഴമുള്ള സൗഹൃദമുണ്ടായിരുന്നു, പിന്നത് കുറഞ്ഞു കുറഞ്ഞ് മറവിയിലേയ്ക്ക് മാഞ്ഞു പോയി എന്ന് ഖേദത്തോടെയോർക്കുന്നു!

ഏച്ചി എന്ന തളർന്ന വിളിയാേടെയാണ് തുടങ്ങുതെന്നു പറഞ്ഞ കത്ത് അവളുടെ യാത്രാമൊഴിയായാണവസാനിച്ചത്.
ഏച്ചിയെ വിളിച്ച് യാത്ര പറയണമെന്നുണ്ടായിരുന്നു, വിളിച്ചാൽ ഒരു പക്ഷെ യാത്രയുണ്ടാവില്ല, എനിയ്ക്കു പോയേ പറ്റൂ.
ഞാൻ ഏച്ചിയെ വിളിച്ച് പോയാൽ എന്റെ യാത്രയന്വേഷിച്ചെത്തുന്നവർ ആദ്യം തിരക്കുക ഏച്ചിയെ ആയിരിയ്ക്കും. എനിയ്ക്ക് ഇപ്പാേൾ യാത്ര പറയേണ്ട ഒരേ ഒരാൾ എന്റെ ജീവിതത്തോട് അത്രമേൽ ഞാൻ ചേർത്തു നിർത്തിയ നിങ്ങളല്ലാതെ വേറെയാരാണ്! ഏച്ചിയ്ക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നു കരുതിയാണെഴുതുന്നത്,
കണ്ടില്ലെങ്കിലും, മിണ്ടിയില്ലെങ്കിലും ഏച്ചിയറിയും......
വായിച്ച് കഴിഞ്ഞ് ഈ കത്ത് നശിപ്പിച്ചു കളയുക, എന്നെക്കുറിച്ചൊരു തെളിവും ഭൂമിയിലവശേഷിയ്ക്കരുത്, ആ അറിവൊരു ഭാരവുമാവരുതാർക്കും, അതിനാൽ!
ഞാൻ മൊബൈൽ ഓഫ് ചെയ്യുകയാണ്, വിളിയ്ക്കാൻ ശ്രമിയ്ക്കരുത്!

അവളുടെ പ്രണയമവസാനിച്ചത് അന്നാണറിഞ്ഞത്, കാരണവും! അവളുമായുള്ള സർവ്വ കമ്മ്യൂണിക്കേഷൻസും, അയാൾ ഒരു സഭയിൽ പങ്കുവച്ചതിനാൽ; അതോടെ എനിയ്ക്കവനിലുള്ള വിശ്വാസം മാത്രമല്ല നഷ്ടമായത്, എനിയ്ക്കെന്നിലുള്ള വിശ്വാസം കൂടിയായിരുന്നു. തിരിച്ചടിച്ചു നിൽക്കാം!
ഐ നോ ഐ കാൻ വിൻ, പക്ഷെ ഐ ഡിന്റ് വാൺറ്റു അവളുടെ കത്തു തുടർന്നു.......
അവനെ സ്നേഹിച്ചതിന് ഞാൻ എന്നെ ശിക്ഷിയ്ക്കുകയാണ്, ഇത് ഞാൻ അർഹിയ്ക്കുന്ന ഒന്നാണ്!
ഇനിയൊരാളെ സ്നേഹിയ്ക്കാൻ കഴിയില്ലെന്നോ, ഭൂമിയിൽ സ്നേഹമുള്ളവരുടെ വംശം കുറ്റിയറ്റു പോയെന്നോ എനിയ്ക്കഭിപ്രായമില്ല. പക്ഷെ, എനിയ്ക്കിവിടം വേണ്ട അത്രേയുള്ളൂ! ഇത് ഞാൻ എനിയ്ക്കു വിധിയ്ക്കുന്ന ശിക്ഷയാണ്, ഞാനൊഴികെ പുറമേ നിന്നുള്ള ഒരു നിർബ്ബന്ധത്തിനും വശംവദയാകാതെ!

പുറത്തു കാറ്റു കനക്കുന്നുണ്ടായിരുന്നു, ജനലുകൾ തുറന്നടയുന്നു, ഉണങ്ങാനിട്ട തുണികൾ എടുക്കാൻ ബാൽക്കണി തുറന്നപ്പോൾ, ചെടിയുണങ്ങിയ വലിയ പൂച്ചട്ടിയിൽ നിന്ന് ഒരു തള്ളപ്പൂച്ച കണ്ണിനിയും വിരിയാത്ത കുഞ്ഞിനെ വിട്ട്, ഒന്നു സൂക്ഷിച്ചു നോക്കി, ഇനി നീ നോക്കിക്കോളൂ എന്നു പറയും പോലെ ഒന്നു മുരണ്ട്, ബാൽക്കണിയോടു ചേർന്നുള്ള ഡ്രെയ്നേജ് പൈപ്പിന്റെ അരികുകളിലള്ളിപ്പിടിച്ച് താഴേയ്ക്കിറങ്ങിപ്പോയി!

പൊടുന്നനെ കാറ്റു ശക്തമായി വീശാൻ തുടങ്ങി, കയ്യിൽ നിന്നും അവളുടെ കത്ത് പാറിപ്പറന്നു പോയി താഴെ തിരക്കുള്ള റോഡിൽ വീണു. വീഴാൻ തുടങ്ങിയ കനത്ത മഴത്തുള്ളികൾ അക്ഷരങ്ങളെ മായ്ച്ചിരിയ്ക്കണം!

തുണിയെടുത്തു വച്ച്, ഒരു കാർഡ്ബോഡ് പെട്ടിയിൽ പഴയ ഉടുപ്പുകൾ വിരിച്ച് പൂച്ചക്കുഞ്ഞിനെ അകത്തേയ്ക്കെടുത്തു വച്ചു, അൽപ്പം പാലും കൊടുത്തു കഴിഞ്ഞപ്പോൾ അവളുടെ നമ്പറിലേയ്ക്കൊന്നു വിളിയ്ക്കണമെന്നു തോന്നി!
റിംഗ് ചെയ്യുന്നുണ്ട്!
കട്ട് ചെയ്ത് വീണ്ടും വിളിച്ചു, ഇത്തവണ ആരോ ഫോണെടുത്തു!
"യെസ്" സൗമ്യമായ ശബ്ദം പറഞ്ഞു.
"ആം ഐ റ്റോക്കിംഗ് റ്റു ലച്ചു"
സംശയത്തോടെ ചോദിച്ചു
"വാട്ട്!"
തിരുത്തി,
"ആം ഐറ്റോക്കിംഗ് റ്റു ലക്ഷ്മി"
"യെസ്''
"മേ ഐ നോ ഹൂ ഇസ് ദിസ് പ്ലീസ്"! മറു ചോദ്യം!
"സോറി" പറഞ്ഞ് കട്ട് ചെയ്തു!
അതു ലച്ചുവിന്റെ ശബ്ദമല്ലെന്നുറപ്പാണ്
വീണ്ടും മുറിയിലെത്തി, കറുത്ത പൂച്ചക്കുട്ടി ശാന്തമായുറങ്ങുന്നുണ്ട്!
വെളിച്ചം വീണപ്പോൾ കണ്ണു പുളിച്ച പോലെ പകുതി തുറന്നു നോക്കി! വീണ്ടും ലൈറ്റണച്ച് ബാൽക്കണിയിലെത്തി
അപ്പോൾ......
അവളുടെ കത്തിലെ തിയതി എന്തായിരുന്നു....
മഴ കനത്ത് വെള്ളം ചാലു വച്ചൊഴുകുന്നുണ്ടായിരുന്നു താഴെ!
എരിക്കിൻ പൂമണം മാഞ്ഞിരുന്നു!
ലച്ചു (കഥ: റാണി.ബി.മേനോൻ)
Join WhatsApp News
Sudhir Panikkaveetil 2020-05-08 08:03:44
നല്ല കഥ. ലച്ചുവിനെ പരിചയമുള്ളപോലെ തോന്നി. നിസ്സഹായയായ ഒരു പൂച്ചക്കുട്ടിയുടെ കരച്ചിലും കേട്ടു.അഭിനന്ദനങൾ ശ്രീമതി റാണി ബി മേനോൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക