Image

വിശപ്പ്.....(ദീപ ബിബീഷ് നായര്‍)

Published on 07 May, 2020
വിശപ്പ്.....(ദീപ ബിബീഷ് നായര്‍)
ഓർക്കാൻ ഓർമ്മകൾ പോലുമില്ലാതായാലുള്ള ,അവസ്ഥ ഭീകരമാണ്. ഓർമ്മകളെന്നു പറയുമ്പോൾ അവ പലതരത്തിലുള്ളതാണ്, അത് മനസിന്നാഴങ്ങളിലെവിടെയോ ഒളിപ്പിച്ചു വച്ച മധുരമുള്ള ഓർമ്മകളാവാം, വർഷങ്ങളായി മനസിൽ മാറാലകൾ പിടിച്ചു കിടക്കുന്ന ഇന്നലെകളുടെ വേദനിപ്പിക്കുന്ന മങ്ങിയ ചിത്രങ്ങളാകാം..

 കാലമേല്പിച്ച മുറിവുകളിൽ നിന്നും , മെല്ലെ കരകയറി വരുമ്പോഴും ഒരു നീറ്റലായി ചില ഓർമ്മകൾ അങ്ങനെ കൂടെക്കൂടാറുണ്ട്.

പണ്ട് ഇരുട്ടിൽ അമ്മയെ കെട്ടിപ്പിടിച്ചു പായയിൽ കിടക്കുമ്പോൾ പറഞ്ഞു കേട്ടിട്ടുള്ള ഇല്ലായ്മയുടേയും വല്ലായ്മയുടേയും കഥകൾ. അതിൻ്റെ പിൻതുടർച്ചയെന്നോണം  കുട്ടിക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകൾ.
കുടിക്കാൻ കിട്ടുന്ന കഞ്ഞിവെള്ളത്തിൽ അബദ്ധത്തിലെങ്ങാനും വീണുപോയ അരിമണികളെ നോക്കി സന്തോഷപ്പെട്ടിരുന്ന കാലം, വായിൽ തിരിഞ്ഞു കിടക്കാത്തതെന്നും കഴിച്ച് വിശപ്പടക്കിയിരുന്ന കാലം.  അത് പഴങ്കഥ...

വർഷങ്ങൾക്കു ശേഷം ഒരു ട്രെയിൻ യാത്രക്കിടയിലാണ് നമ്മൾ വലിച്ചെറിയുന്ന ഭക്ഷണപ്പൊതികൾ തേടിപ്പിടിച്ച് അത് തിന്ന് വിശപ്പ് മാറ്റുന്ന ഒരു ഭിക്ഷക്കാരനെ കണ്ടത്.  മനസ് മടുപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. അതിലും വൈകൃതമുള്ള കാഴ്ചകളും ഉണ്ടത്രേ.

വിശപ്പ് കാരണം മരിക്കുന്ന ജീവനുകൾ വർദ്ധിച്ചു വരുന്ന കാലമാണ് ഇനിയും വരാൻ പോകുന്നത്. അതേ, ശരിക്കും വിശപ്പാണ് ശരിക്കുള്ള വില്ലൻ. വിശപ്പിനുള്ള ആഹാരം കണ്ടെത്താനാണല്ലോ നാം ഇത്ര കഷ്ടപ്പെടുന്നത്. പക്ഷേ വിശപ്പിനെക്കുറിച്ചുള്ള ഒരു സംഭവം കുറച്ച് ദിവസം മുന്നേ വേറൊരു രൂപത്തിൽ വീണ്ടും കേൾക്കാനിടയായി. ഇവിടെയല്ല, അങ്ങ് കെനിയയിൽ ആണെന്ന് മാത്രം.

മക്കളുടെ വിശപ്പടക്കാൻ ഒരമ്മ പാത്രത്തിൽ കല്ലുകൾ വേവിച്ചു, മക്കളെ വിശ്വസിപ്പിക്കാൻ വേണ്ടിയിട്ട്.  ആഹാരത്തിനായി കാത്തിരുന്ന് മക്കൾ ഉറങ്ങിപ്പോകുമായിരുന്നു. വിധവയായ അവൾ വേറെന്തു ചെയ്യാനാണ്? കൊറോണ എന്ന വില്ലൻ കാരണം അവൾക്കുണ്ടായിരുന്ന വീട്ടുജോലിയും നഷ്ടപ്പെട്ടു.

കരളലിയിക്കുന്ന ആ കാഴ്ച അവരുടെ അയൽവാസിയാണ് സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. അതോടെ നിരവധി പേർ അവളെ സഹായിക്കാനെത്തി.അതേ... അങ്ങനെ ഒത്തിരി മനുഷ്യർ ലോകത്തിൻ്റെ പല കോണുകളിൽ ഇന്നും വിശപ്പിൻ്റെ വിളികളുമായി അലയുന്നുണ്ട്.

 നമ്മളൊക്കെ മനുഷ്യരല്ലെ, ആരുടെ അവസ്ഥ എപ്പോഴാണ് എങ്ങനെയാണ് മാറുക എന്ന് പറയാനാകില്ല. എന്നാലും കൊറോണയെന്നൊരണു കാരണം സാമൂഹിക അകലം പാലിക്കുന്ന ഈ വേളയിൽ നമ്മുടെ സമൂഹത്തിലാരെങ്കിലും വിശപ്പിലുരുകുന്നുവെങ്കിൽ ഒരു നേരമെങ്കിലും അവർക്ക് അന്നം നൽകാൻ നമുക്ക് കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും വലിയൊരു പുണ്യം... അതേ അപ്പോഴാണ്‌ നമ്മുടെയുള്ളിൽ ദൈവം  കുടികൊള്ളുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക