Image

പ്ലാസ്മ എങ്ങനെ ശേഖരിക്കാം; വിനിയോഗിക്കാം: സംശയങ്ങൾ അകറ്റി ഫോമാ വെബിനാർ

Published on 08 May, 2020
പ്ലാസ്മ എങ്ങനെ ശേഖരിക്കാം; വിനിയോഗിക്കാം: സംശയങ്ങൾ അകറ്റി ഫോമാ വെബിനാർ
ന്യൂ യോർക്ക്: ഫോമാ കെയർ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് ആൻഡ് ഹെല്പ് ലൈനിന്റെ  നേതൃത്വത്തിൽ പ്ലാസ്മ തെറാപ്പി എന്താണ്, ഫലപ്രദമായി എങ്ങനെ ശേഖരിക്കാം, വിനിയോഗിക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച വെബിനാർ വൻവിജയം, നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.

ലോകവ്യാപകമായി ദിനംപ്രതി ആയിരങ്ങൾ  കൊറോണ രോഗത്തിന് അടിമപ്പെടുന്നു, നിരവധി ആൾക്കാർ മരണപ്പെടുന്നു, നിലവിൽ  ലോകത്ത് ഇരുന്നൂറിലധികം രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധിച്ചിരിക്കുന്നു, പല ചികിത്സാ രീതികളും ഈ വൈറസിനെതിരെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ഒരു ചികിത്സാരീതി ഇതുവരെ നടപ്പിലായിട്ടില്ല. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും അടക്കമുള്ള  ചികിത്സാ സമ്പ്രദായങ്ങൾ അവലംബിക്കുന്ന പ്രമുഖർ ഇതിനെക്കുറിച്ചുള്ള ഗവേഷണങ്ങളിലാണ്. കൊറോണ വ്യാപനത്തിന്റെ  കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ  അമേരിക്കയിലെ  അവസ്ഥയും വിഭിന്നമല്ല. ഹൈഡ്രോക്സിക്ലോറോക്വിൻ പോലുള്ള    മരുന്നുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ആശാവഹമായ ഒരു പുരോഗതി ഈ മേഖലയിൽ നടത്താൻ  സാധിച്ചിട്ടില്ല.

ഈ അവസരത്തിലാണ്  കാൻവലസന്റ് പ്ലാസ്മാ തെറാപ്പി രോഗാവസ്ഥയിൽ നിന്നും മുക്തി നേടുവാനുള്ള ഒരു ചികിത്സാ ഉപാധിയായി ഈ രംഗത്തെ വിദഗ്ദർ  പരീക്ഷിച്ചു നോക്കിയത്, രോഗവിമുക്തനായ ഒരു വ്യക്തിയുടെ പ്ലാസ്മ ശേഖരിച്ച് ഒരു രോഗിക്ക് നൽകുന്നതിലൂടെ ആ രോഗിയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗബാധക്കെതിരെ രോഗിക്ക് സ്വയം പോരാടുവാൻ  കഴിയുന്ന അവസ്ഥയിൽ എത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ ചികിത്സാരീതി കൊണ്ട് ഉദ്ദേശിക്കുന്നത്.

എഫ് ഡി എ യുടെ അംഗീകാരത്തോടുകൂടി  പരീക്ഷണാർത്ഥം ഉപയോഗിക്കുന്ന ഒരു ചികിത്സാരീതിയാണിത്. അമേരിക്കയിൽ റെഡ്ക്രോസ് മറ്റ് രക്തബാങ്കുകൾ എന്നിവയുടെ സഹകരണത്താൽ ആണ് ചികിത്സാരീതി ഏകോപിപ്പിക്കുന്നത്. . ഈ സാഹചര്യത്തിൽ ഇന്ത്യൻ അമേരിക്കൻ സന്നദ്ധ സംഘടനയായ സേവാ ഇൻറർനാഷണൽ പ്ലാസ്മാ ശേഖരണത്തിനു വേണ്ടി ഒരു രജിസ്ട്രി തയ്യാറാക്കുകയും അതിൽ ദാതാവിൻറെയും രോഗിയുടെയും  പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയുമുണ്ടായി, കൂടാതെ ഒരു രോഗിക്ക് ചേർച്ചയുള്ള പ്ലാസ്മാ കണ്ടുപിടിച്ചാൽ രോഗിയുടെയും ദാതാവിനെയും മാത്രമല്ല അവരുടെ ഡോക്ടേഴ്സിന്റേയും ആശുപത്രിയുടെയും കൂടെ പ്രവർത്തിച്ച് രോഗിക്ക് പ്ലാസ്മാ എത്തിക്കാനുള്ള സൗകര്യങ്ങളും സേവാ ഇൻറർനാഷണൽ ചെയ്തുകൊടുക്കുന്നുണ്ട്.

ഈ അവസരത്തിലാണ്  പ്ലാസ്മാ തെറാപ്പിയെ കുറിച്ചും പ്ലാസ്മ ശേഖരത്തെ കുറിച്ചും ആളുകൾക്ക് കൃത്യമായ അറിവു ലഭിക്കുന്നതിനും കൂടുതൽ ആളുകളിൽ പ്ലാസ്മ കൊടുക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഫോമായും സേവാ ഇൻറർനാഷണലും ചേർന്ന് ഒരു  വെബിനാർ സംഘടിപ്പിച്ചത് ,. മെയ് 3  ഞായറാഴ്ച ന്യൂയോർക്ക് സമയം 8.30ന് നടന്ന വെബിനാറിൽ വിസ്കോൺസിൻ മെഡിക്കൽ കോളജിലെ പ്രൊഫസറും, ഹെമറ്റോളജി ഓൺങ്കോളജി വിഭാഗം തലവനും, എ കെ എം ജി യുടെ മുൻ പ്രസിഡണ്ടും, ഈ രംഗത്തെ വിദഗ്ധനുമായ ഡോക്ടർ പരമേശ്വരൻ ഹരി പ്ലാസ്മ തെറാപ്പിയെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി,. സേവാ ഇൻറർനാഷണലിന്റെ പ്ലാസ്മാ ശേഖരണ വിഭാഗം കോർഡിനേറ്റർ ആയ ഡോക്ടർ മദൻ ലൂത്ര പ്ലാസ്മ ശേഖരണം, വിനിയോഗ സാധ്യതകളെക്കുറിച്ചും സംസാരിക്കുകയുണ്ടായി,. ന്യൂയോർക്ക് ആരോഗ്യ വിഭാഗം നേഴ്സിംഗ് അസിസ്റ്റൻറ് ഡയറക്ടർ ആയ ഡോക്ടർ ഷൈല റോഷിൻ ആയിരുന്നു  ഈ വെബിനാറിന്റെ മോഡറേറ്റർ  

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ടാസ്ക് ഫോഴ്സിന്റെ  പ്രത്യേക താൽപര്യപ്രകാരമാണ് ദേശീയതലത്തിൽ ഇങ്ങനെയൊരു വെബിനാർ ഫോമാ സംഘടിപ്പിച്ചത് . നാഷണൽ  കോർഡിനേറ്റർ ജിബി തോമസ്, അനിയൻ ജോർജ്, ബെന്നി വാച്ചാച്ചിറ, ഉണ്ണികൃഷ്ണൻ, ബൈജു വർഗീസ്, ജോസ് മണക്കാട്, ഐയ്ഞ്ജല സുരേഷ് എന്നിവരാണ്  ഫോമാ കെയർ  ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ  ഈ വെബിനാർ സംഘടിപ്പിക്കാനും അതിൻറെ വിജയത്തിനും വേണ്ടി പ്രവർത്തിച്ചത്, നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഈ പരിപാടി വളരെ വിഞ്ജാനപ്രദമായിരുന്നുവെന്നും പ്ലാസ്മ ഡൊണേറ്റ് ചെയ്യുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് - 
sewacovidplasma.org


അമേരിക്കയിൽ നിരവധി കൊറോണാ രോഗികൾക്ക് വലിയ  ആശ്വാസവും ആശ്രയവും ആകുന്ന ഈ വെബിനാറിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി  ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ,സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു, ജോയിൻറ് സെക്രട്ടറി സാജു ജോസഫ്, ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക