Image

ഏറെ വിമര്‍ശനങ്ങളും അധിക ചാര്‍ജുമായി വന്ദേഭാരത് മിഷന്‍ അമേരിക്കയില്‍ നിന്നും ആദ്യ വിമാനം ഇന്ന്

Published on 09 May, 2020
ഏറെ വിമര്‍ശനങ്ങളും അധിക ചാര്‍ജുമായി വന്ദേഭാരത് മിഷന്‍ അമേരിക്കയില്‍ നിന്നും ആദ്യ വിമാനം ഇന്ന്
ന്യൂയോര്‍ക്ക്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കുടുങ്ങിപ്പോയ ഇന്‍ഡ്യക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്‍ഡ്യയുടെ ആദ്യ വിമാനം ഇന്ന് രാത്രി, പ്രാദേശിക സമയം 11 മണിക്ക്, സാന്‍ഫ്രാന്‍സിസ്‌ക്കോ എയര്‍പോര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് തിരിക്കും.

ഇന്നു മുതല്‍ 15 വരെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നു 7 വിമാനങ്ങളാണു ഇന്ത്യയിലേക്കു പോകുക. കേരളത്തിലേക്ക് ഒന്നുമില്ല. അടുത്ത ഘട്ടത്തില്‍ കേരളത്തിലേക്കു സര്‍വീസ് ഉണ്ടാകാമെന്നു കരുതുന്നു.

ഇവിടെ നിന്നു വണ്‍ വേ ചാര്‍ജായി 1360- ഡോളറാണു ഇപ്പോള്‍ ചാര്‍ജ് ചെയ്യുന്നത്. അത് അന്യായമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തരമായി പോകുന്നവരില്‍ പലര്‍ക്കും ഇത്രയും തുക കൊടുത്തു പോകാന്‍ കഴിവുള്ളവരല്ല. പ്രത്യേകിച്ച് വിസിറ്റേഴ്‌സ് ആയി വന്നവര്‍, വിദ്യാര്‍ഥികള്‍, ജോലി പോയവര്‍ എന്നിവര്‍.

വിമാനം ഇങ്ങോട്ടു വരുമ്പോള്‍ അവിടെ നിന്നു അമേരിക്കക്കുള്ളവരെ കൊണ്ടു വരുന്നുണ്ട്. അതിനും ഉയര്‍ന്ന ചാര്‍ജാണു ഈടാക്കുന്നതെന്നറിയുന്നു.

ഇവിടെ നിന്നുള്ള വിമാനത്തില്‍ ഭക്ഷണവും വിനോദവുമില്ല. 15-16 മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നു കരുതുന്ന തണുത്ത ഭക്ഷണം കഴിക്കാം

ഡല്‍ഹി, മുംബൈ, ബംഗളുര്‍, ഹൈദരബാദ്, ചെന്നൈ വിമാനത്താവളങ്ങളിലേക്കാണു ഫ്‌ലൈറ്റുകള്‍ പോകുന്നത്. അവിടെ ചെന്നാല്‍ 14 മുതല്‍ 28 ദിവസം വരെ ക്വാറന്റൈന്‍. അതിനു പ്രതിദിനം ഒരാള്‍ക്ക് 4000 ഉതല്‍ 7000 രൂപ വരെ കൊടുക്കണം. 14 ദിവസത്തേക്ക് 7000 വച്ച് ഒരു ലക്ഷത്തോളം രൂപ!. കേരളത്തില്‍ ആണെങ്കില്‍സൗജന്യം. ഹോട്ടലില്‍ താമസിക്കണമെങ്കില്‍ മാത്രം അതിനുള്ള തുക കൊടുത്താല്‍ മതി.

ന്യു യോര്‍ക്കിലൊ സാന്‍ ഫ്രാന്‍സിസ്‌കോയിലോ ഉള്ള ആള്‍ക്ക് വിമാനത്താവളത്തിലെത്തുക വിഷമമല്ല. ടെക്‌സസിലുള്ള ആളോ? അവിടേ നിന്നു ഡൊമസ്റ്റിക് ഫ്‌ലൈറ്റില്‍ വാഷിംഗ്ടണ്‍, ഡി.സിയിലോ ചിക്കാഗോയിലോ എത്തണം. ഫ്‌ലൈറ്റ് പുറപ്പെടുന്നതിനു ഒരു ദിവസം മുന്‍പാണു വിമാനത്തില്‍ സെലക്ട് ചെയ്ത കാര്യം അറിയിക്കുക. അപ്പോള്‍ ലോക്കല്‍ വിമാന ചര്‍ജ് എത്ര ആയിരിക്കും.

ഒരു നാലംഗ കുടുംബം ഇപ്പോള്‍ യാത്ര ചെയ്താല്‍ നല്ലൊരു തുക ആകും.

എന്തായാലും കേരളത്തിലേക്കുള്ള എത്ര പേര്‍ ഈ വിമാനങ്ങളില്‍ ഉണ്ടെന്നു വ്യക്തമല്ല. അധികം പേര്‍ ഉണ്ടാവില്ല എന്നു തന്നെ കരുതാം.

ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ അല്ലേ സര്‍ക്കാര്‍ ജനത്തെ സഹായിക്കേണ്ടത് എന്നതു ന്യായമായ ചോദ്യം. അതോ ലാഭം നോക്കേണ്ട സമയമോ ഇത്?

യാത്രക്കു താല്പര്യമുണ്ടോ എന്നു ചോദിച്ചു വിളിക്കുന്ന ആരും ചാര്‍ജ് കൂടൂതല്‍ കൊണ്ട് വേണ്ട എന്നു പറഞ്ഞിട്ടില്ല എന്നാണു അധിക്രുത വിശദീകരണം. അതു പോലെ ഇവിടെ വിദ്യാര്‍ഥികളായി വരുന്നവരൊക്കെ സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് ടിക്കറ്റ് ചാര്‍ജും ക്വാരന്റൈന്‍ ഫീസും ഒന്നും പ്രശ്‌നമാകില്ലെന്നും വിശദീകരണം

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം, രോഗികള്‍, പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. യാത്ര തിരിക്കും മുമ്പ് എല്ലാവരും സ്‌ക്രീനിംഗിന് വിധേയരാകണം. അതുപോലെ, നാട്ടില്‍ ചെന്നാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയാമെന്നുള്ള സമ്മതപത്രവും ഒപ്പിട്ടു നല്‍കേണ്ടതാണ്.

ഏതാണ്ട് ഇരുപതിനായിരത്തിലധികം ഇന്‍ഡ്യക്കാരാണ്, അമേരിക്കയിലെ വിവിധ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റലുകളില്‍ നാട്ടില്‍ പോകുവാനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആയിരത്തോളം മലയാളികളും ഉള്‍പ്പെടും. കോവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്‍ഡ്യക്കാരെ നാട്ടില്‍ എ്ത്തിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത 'വന്ദേഭാരത് മിഷനില്‍' പന്ത്രണ്ട് വിദേശ രാജ്യങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 7 മുതല്‍ 15 വരെ നീളുന്ന ആദ്യ ഘട്ടത്തില്‍, ഏതാണ്ട് 15,000 ഇന്‍ഡ്യക്കാരെ നാട്ടില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടത്തില്‍, അമേരിക്കയില്‍നിന്ന് മുംബൈയിലേക്കും, ഡല്‍ഹിയിലേക്കും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക്, കേരളത്തിലേക്ക് കണക്ഷന്‍ ഫ്ളൈറ്റ് ഇല്ലെങ്കിലും, രണ്ടാം ഘട്ടത്തില്‍ കേരളത്തിലേക്കും ഉണ്ടാകുമെന്നാണ് അറിയുവാന്‍ സാധിക്കുന്നത്.
Join WhatsApp News
അനുഭവിച്ചോളു 2020-05-09 18:42:03
കോൺഗ്രസായിരുന്നെങ്കിൽ സൗജന്യമായി കൊണ്ട് പോകുമായിരുന്നു. ഇനി ചാർജ് ഈടാക്കിയാൽ കൂടി നാമ മാത്രം. മനുഷ്യന്റെ വിഷമത മോദിക്കോ ബി.ജെ.പിക്കോ അറിയില്ല. അക്രമ രാഷ്ട്രീയത്തിന്റെ ആളുകളാണല്ലോ അവർ ഈ പോകുന്നവർ മിക്കവാറും ബി.ജെ.പി സപ്പോർട്ടർമാരാണ്`. അനുഭവിച്ചോളു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക