Image

കോവിഡ് പ്രതിരോധ പോരാളികള്‍ക്ക് 'ഹൃദയപുഷ്പാഞ്ജലി' അര്‍പ്പിച്ച് പ്രിയ മനോജ്

Published on 09 May, 2020
 കോവിഡ് പ്രതിരോധ പോരാളികള്‍ക്ക് 'ഹൃദയപുഷ്പാഞ്ജലി' അര്‍പ്പിച്ച് പ്രിയ മനോജ്


അബുദാബി : ജീവിതസന്തോഷങ്ങളുടെ സമ്മോഹന മുഹൂര്‍ത്തങ്ങളിലേക്കു ഒരു ധൂമകേതുവായി അവതരിച്ച കുഞ്ഞന്‍ വൈറസ്, ലോകത്തിന്റെ താളം മാറ്റിമറിച്ചപ്പോള്‍ സ്വന്തം ജീവിതം അപകടപ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാളികളായി നില്‍ക്കുന്ന സുമനസുകള്‍ക്ക് നന്ദിയര്‍പ്പിക്കാന്‍ നാട്യ കലാകാരി തിരഞ്ഞെടുത്തത് വേറിട്ട വഴി. നടനവേദികളില്‍ നൃത്തഭാഷയുടെ മാന്ത്രിക സംവേദനത്തിലൂടെ കലാഹൃദയങ്ങളെ വിസ്മയിപ്പിച്ചിട്ടുള്ള പ്രവാസി കലാകാരി പ്രിയ മനോജാണ് കൃതഞ്ജതയുടെ നറുമലരുകള്‍ അര്‍പ്പിച്ചുകൊണ്ട് 'ഹൃദയ പുഷ്പാഞ്ജലി' ഒരുക്കിയത്.

കോവിഡ് രോഗബാധ മനുഷ്യരെ ആശങ്കകളിലേക്കും പ്രാണഭയത്തിലേക്കും വലിച്ചിഴച്ചപ്പോള്‍ ആശ്വാസത്തിന്റേയും കരുതലിന്റേയും സ്‌നേഹലാളനകള്‍ പകര്‍ന്ന ആരോഗ്യപ്രവര്‍ത്തകര്‍ , നിയമം നടപ്പിലാക്കാന്‍ സമയം നോക്കാതെ, ഭക്ഷണം പോലും വെടിഞ്ഞു വെയിലിലും മഴയിലും ജോലി ചെയ്യുന്ന നിയമപാലകര്‍ ,ഭക്ഷണപ്പൊതിയും ആശ്വാസ വചനങ്ങളുമായി വീടുവീടാന്തരം കയറി ഇറങ്ങുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ,ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന ഭരണകര്‍ത്താക്കള്‍ തുടങ്ങി ഈ രോഗകാലത്തു നമ്മള്‍ കടപ്പെട്ടിരിക്കുന്ന എല്ലാ സമൂഹത്തിനും സാധാരണ ജനങ്ങള്‍ക്കുള്ള നന്ദിയുടെയും കടപ്പാടിന്റേയും ഹൃദയഭാഷയെ നൃത്തചുവടിലൂടെ അര്‍പ്പിക്കുകയാണ് താന്‍ ചെയ്തതെന്ന് പ്രിയ മനോജ് പറഞ്ഞു .

മലയാളഭാഷയുടെ അഭിമാനമായ ആലംകോട് ലീലാകൃഷ്ണനാണ് ആമുഖം അവതരിപ്പിച്ചിരിക്കുന്നത് .ആശയത്തെ ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത് പ്രിയാ മനോജ്. കലാമണ്ഡലം ഗണേശന്‍ രചിച്ച വരികള്‍ക്ക് അജിത് ഇടപ്പള്ളി സംഗീത സംവിധാനം നിര്‍വഹിച്ചു ആലാപനം നടത്തിയിരിക്കുന്നു .

പ്രിയയുടെ സ്വന്തം സംരംഭമായ ഭരതാഞ്ജലിയുടെ യു ട്യൂബ് പേജിലാണ് ഹൃദയപുഷ്പാഞ്ജലി യുടെ പ്രകാശനം നിര്‍വഹിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക