Image

ഈ ഒളിച്ചുകളി ഇനി എത്രനാൾ? ( ഡോ. ബെറ്റിമോൾ മാത്യു)

Published on 09 May, 2020
ഈ ഒളിച്ചുകളി ഇനി എത്രനാൾ? ( ഡോ. ബെറ്റിമോൾ മാത്യു)
കോവിഡിനെതിരായ ആഗോള യുദ്ധരംഗത്താണു നാമെല്ലാമെന്നാണല്ലോ ബുദ്ധിജീവികൾ പറയുന്നത്. ഞാനൊരു ആരോഗ്യ വിദഗ്ധ യോ സാമ്പത്തിക ശാസ്ത്രജ്ഞയോ അല്ല.. ഒരു സാധാരണ മനുഷ്യജീവി എന്ന നിലയിൽ ഉരുത്തിരിഞ്ഞ ചില സംശയങ്ങളാണിവിടെ പങ്കുവെക്കുന്നത്.. വിദഗ്ദ്ധരും അല്ലാത്തവരും പ്രതികരിക്കട്ടെ..

യുദ്ധത്തിലേയ്ക്ക് മടങ്ങി വരാം.. നമ്മൾ നടത്തുന്ന ഈ ആഗോള യുദ്ധം ഒരു ഒളിച്ചു കളിയാണ്.. മനുഷ്യരെ മാത്രം കഷ്ടപ്പെടുത്തുന്ന ഈ വൈറസിനു പിടികൊടുക്കാതെ നമ്മൾ വീടുകളിൽ ഒളിച്ചിരിക്കുന്നു.. വൈറസ് കറങ്ങി നടന്ന് ആളു കിട്ടാതെ ഗതി കെട്ടു നശിച്ചു പോകുന്നു.. !

വൈറസ് എത്ര കാലം കൊണ്ടു നശിക്കും.. അത്ര തിട്ടം പോരാ.. 40.,45,50.. ദിവസങ്ങൾ.. ഇതിനിടയിൽ വൈറസിനു ഇടം കിട്ടിപ്പോയ മനുഷ്യർ, ഇടം കിട്ടാനിടയുള്ള മനുഷ്യർ ഒക്കെ ശത്രുപക്ഷത്തായിപ്പോകുന്നു.. അല്ലെങ്കിൽ അകറ്റി നിർത്തേണ്ടവരാകുന്നു.. ജാഗ്രതക്കുറവുള്ളവരാകുന്നു..! അവരെ തള്ളണോ.. കൊള്ളണോ...?? കൊള്ളുന്നെങ്കിൽ എങ്ങനെ..? ചർച്ചകൾക്കിടയിൽ റെയിൽവേ ട്രാക്കിലരഞ്ഞു പോയവരും കേരള അതിർത്തിയിൽ കെട്ടിക്കിടക്കുന്നവരും ഒരിക്കലും ചർച്ചയുടെ കേന്ദ്രസ്ഥാനത്തു വരുന്നില്ല.. ജാഗ്രത കരുതലിനെയും കരുതൽ വിമർശനത്തെയും ഞെരിച്ചു കൊല്ലുന്നു.!

ഈ യുദ്ധത്തിന്റെ മറ്റൊരു പ്രത്യേകത ചർച്ചകളില്ലാതെ ഉത്തരവുകൾ സ്വീകരിക്കേണ്ട കാലം എന്നതാണ്.. നമ്മൾ സ്വീകരിച്ചു കൊണ്ടേയിരിക്കുന്നു.. കഷ്ടപ്പെട്ടു നടപ്പാക്കുന്നു.. മുഖം മൂടി എത്ര കാലം വേണമെങ്കിലും വെയ്ക്കാം.. കൈ എത്ര വേണമെങ്കിലും കഴുകാം. ആഘോഷമോ ആർഭാടമോ ഇല്ലാതെ ഒതുങ്ങാം. കാരണം ഇതു മനുഷ്യ വംശത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്..!
എന്നാലും പുറത്തിറങ്ങാതെ പണിയെടുക്കാതെ എത്ര നാൾ??

ഈ യുദ്ധത്തിൽ സാമ്പത്തിക മേഖല അപ്പാടെ തകർന്നു കഴിഞ്ഞു.. സമൂഹത്തിലെ ഭൂരിപക്ഷവും പണിയും പണവുമില്ലാതെ വലയുകയാണ്.. നാമമാത്രമായ ക്ഷേമ പെൻഷനുകൾ കൊണ്ട് ഈ പ്രതിസന്ധിയെ മറികടക്കാനാവില്ല.. ക്ഷേമ പെൻഷനുകൾക്ക് വിപണിയെ ചലിപ്പിക്കാനും റോളിംഗ് മണിയായി നില നിൽക്കാനുമാവില്ല.. ബസ്, ടാക്സി, ഓട്ടോ, ഓഡിറ്റോറിയം, കേറ്ററിംഗ്, ഡെക്കറേഷൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത തൊഴിൽ മേഖലകൾ, വസ്ത്രം, ആഭരണം, തുടങ്ങിയ വ്യാപാര മേഖലകൾ, ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ തുടങ്ങിയവ.. അങ്ങനെ നീണ്ടുനീണ്ടു പോകുന്ന ലിസ്റ്റാണ് മുന്നിലുള്ളത്..! ഇവയുടെ മുതലാളിമാരുടെയും തൊഴിലാളികളുടെയും കണക്കുകൂട്ടലുകളപ്പാടെയാണു തകിടം മറിഞ്ഞത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള നല്ല ശതമാനം അദ്ധ്യാപകർക്കും ശമ്പളം മുടങ്ങിക്കഴിഞ്ഞു.. !ഇതിന്റെയെല്ലാം ദൂരവ്യാപകമായ ഫലം കടുത്ത ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമാണ്.. അതേ തുടർന്നുണ്ടാകുന്ന പട്ടിണിമരണങ്ങളും ആത്മഹത്യയും ഏത് അക്കൗണ്ടിൽ പെടുത്താനാവും.?കോവിഡിനെ പേടിച്ച് മറ്റു രോഗങ്ങൾക്കുള്ള (പ്രഷർ, പ്രമേഹാദി ) ചികിത്സ പോലും മാറ്റി വച്ച് വീട്ടിലിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്.. നാളെകളിൽ അവരും രൂക്ഷമായ ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് എത്തിപ്പെടും.. മഴക്കാല രോഗങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ..! പല ചെറുകിട സ്വകാര്യ ആശുപത്രികളും അടച്ചു പൂട്ടിക്കഴിഞ്ഞു.. പെട്ടന്നു തുറന്നു പ്രവർത്തിക്കാനാവാത്ത അവസ്ഥയിലുമാണവ.! കുട്ടികൾക്ക് സൗജന്യ പ്രതിരോധ വാക്സിൻ നല്കുന്നത് ഉൾപ്പെടെ താളം തെറ്റിക്കഴിഞ്ഞു..! ആട്ടിയകറ്റിയ ഏതൊക്കെ രോഗങ്ങൾ ഈ അവസരം മുതലെടുത്തു തിരികെ വന്നേക്കാം..??തകർന്ന സാമ്പത്തിക മേഖലയും തളർന്ന ആരോഗ്യരംഗവും താറുമാറായ തൊഴിൽ മേഖലകളുമെല്ലാം ചേർന്ന ഒരു ദുരിതകാലമാണ് മുന്നിലുള്ളത്.!

തീർച്ചയായും അത് കോവിഡിനെതിരായ ഒളിയുദ്ധത്തിന്റെ ഉൽപ്പന്നമാണ്.. അതായത് പ്രത്യക്ഷത്തിൽ നമ്മൾ കോവിഡിനെ പരാജയപ്പെടുത്തി എന്നുവന്നാലും പരോക്ഷമായി കോവിഡ് നമ്മെ തോൽപ്പിച്ചു കഴിഞ്ഞു..!വരാൻ പോകുന്ന സാമൂഹിക സാമ്പത്തിക പരാധീനതകളുടെ ഇരയായി മരണപ്പെടുന്നവരും ആത്മഹത്യ ചെയ്യുന്നവരും കോവിഡ് യുദ്ധത്തിൽ തോറ്റു പോകുന്ന മനുഷ്യർ തന്നെ..! അതുകൊണ്ടാണ് ഭീതിയോടെ ചോദിച്ചു പോകുന്നത്... ഈ ഒളിപ്പോരാട്ടം ഇനിയുമെത്ര നാൾ..?

ഒരു മരുന്നോ വാക്സിനോ കണ്ടെത്തുംവരെ കോവിഡ് ഇല്ലാതായെന്നു അല്ലെങ്കിൽ തോല്പിച്ച് ഓടിച്ചെന്നു നമുക്ക് ഉറപ്പാക്കാനും വയ്യ.! മഹാമാരികൾ വരും.. പോകും.. പുതിയതു വരും..പക്ഷേ മനുഷ്യനു ജീവിച്ചേ പറ്റൂ. കാരണം നമ്മുടെ പ്രകൃതി കേന്ദ്രിതവാദം പോലും ആത്യന്തികമായി മനുഷ്യ കേന്ദ്രിതമാണ്..!! അവിടെ വലിയൊരു ചോദ്യം ഉരുത്തിരിയുന്നില്ലേ??കോവിഡ് വന്നു മരിക്കണോ?? പട്ടിണി കൊണ്ടു മരിക്കണോ??
ഈ ഒളിച്ചുകളി ഇനി എത്രനാൾ? ( ഡോ. ബെറ്റിമോൾ മാത്യു)
Join WhatsApp News
എൽദോസ് അഗളി 2020-05-09 22:49:24
There is no answer to this. The 1918 influenza pandemic was the most severe pandemic in recent history. It was caused by an H1N1 virus with genes of avian origin. The number of deaths was estimated to be at least 50 million worldwide with about 675,000 occurring in the United States. We are not there yet. Actually The Kerala Government deserves some credit managing this Corona virus crisis with their limited resources ! Everyone loses. “The United States, Europe and China all struggle to recover despite major fiscal and monetary efforts. Things could go badly wrong. The virus could wallop third world countries that have yet to be hit hard. Social distancing measures could remain in place longer than anyone expects, meaning “the recovery will be difficult and extended, causing substantial damage to the social and political fabric in many regions.” In the U.S., “there is a growing risk that the middle class will suffer another drop in its standard of living. This could be worse in India. This thing might NEVER go away. “We must be prepared for the corona virus to become a ‘recurring fact of life,’ like the ordinary flu,
Renu Susan Thomas 2020-05-10 07:09:33
ഇടത്തരക്കാരെയും താഴെ ക്കി ടയിൽ ഉള്ളവരെയും കർഷകരെയും നല്ല കരുതൽ സാമ്പത്തിക പാക്കേജുകൾ കൊടുത്തു സർക്കാർ സഹായിക്കണം.. അല്ലെങ്കിൽ ഇവിടെ ശവങ്ങൾ ഒരു പാട് വീഴും.
ശ്രീരാഗി ആർ.ജി. 2020-05-10 08:32:27
സ്വാഭാവികമായി ഏതൊരു സാധാരണക്കാരനും തോന്നാവുന്ന ചിന്തയാണ് ഇവിടെ പങ്കുവയ്ക്കപ്പെട്ടത്. പക്ഷേ കേന്ദ്ര ഗവൺമെൻ്റിൻ്റെ പഠനറിപ്പോർട്ടിലെ വരുംകാല കണക്കുകൾ ഞെട്ടിപ്പിക്കുന്നു.
Gopika G G 2020-05-13 16:58:30
Well written
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക