Image

നീലച്ചിറകുള്ള മൂക്കുത്തികൾ ... 12 സന റബ്സ്

Published on 10 May, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ ... 12  സന റബ്സ്


  സംഭവബഹുലമായ തന്‍റെ നീണ്ട ദിവസം ദാസിനെ തളര്‍ത്തിയിരുന്നു. തിരികെ വന്നതും അയാള്‍ ഉറങ്ങാനായി പോയി. പക്ഷെ കലുഷമായ ചിന്തകള്‍ ഉറക്കത്തെ കുറേനേരം  പുറത്ത് നിറുത്തിയതേയുള്ളൂ. മിലാന്‍റെ കോളുകള്‍ അടിച്ചു നിന്നുകൊണ്ടിരുന്നു. തിരിച്ചു വിളിച്ചു എന്തെങ്കിലും പറയാന്‍ അയാള്‍ക്ക് തോന്നിയതുമില്ല.

 ദാസ്‌ ഫോണ്‍ എടുക്കതായപ്പോള്‍ അല്പം വല്ലായ്മ തോന്നിയെങ്കിലും പിന്നീട് മിലാന്‍ തന്‍റെ തിരക്കുകളിലേക്ക് അലിഞ്ഞു. രണ്ട് ദിവസത്തിന് ശേഷം അവള്‍ക്ക് ദുര്‍ഗാ ഗാര്‍മെന്റ് ഉടമസ്ഥ ദുര്‍ഗാ രാജ്നാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങി.  മിലാന്‍  അവരെ അങ്ങോട്ട്‌ പോയിക്കാണാന്‍ ആണ് തീരുമാനിച്ചത്.   മനുഷ്യര്‍ ജീവിക്കുകയും ജോലി ചെയ്യുകയും അതിജീവനത്തിന്റെ അതിരുകള്‍ വരയ്ക്കുകയും ചെയ്യുന്നത് അറിയാന്‍ അവരുള്ളിടങ്ങള്‍ ആണ് ഏറ്റവും നല്ലതെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. ദുര്‍ഗാ രാജ്നാഥ്‌  ചുറുചുറുക്കുള്ള  ഒരു ടിപ്പിക്കല്‍ നോര്‍ത്തിന്ത്യന്‍ പെണ്‍കുട്ടിയായിരുന്നു.

സാരികളും ഇന്നര്‍ ഗാര്‍മെന്റ്കളും  കൂടുതലും അവരുടെ തറികളില്‍ തന്നെയാണ് നെയ്യുന്നത്.  വിശാലമായ തറികളില്‍ നൂലുകളും നിറങ്ങളും വിടരുന്നത് മിലാനെ ദുര്‍ഗ  കൊണ്ടുനടന്നു കാണിച്ചുകൊടുത്തു.  വിലക്കുറവില്‍ ഇതെല്ലാം മുംബൈയിലോ ചെന്നൈയിലോ കിട്ടുമെന്നിരിക്കെ ഇവിടെ തറികള്‍ സ്ഥാപിച്ചത് എന്തുകൊണ്ടായിരിക്കുമെന്ന് മിലാന്‍ ചിന്തിക്കാതിരുന്നില്ല. സംസാരിച്ചതില്‍ നിന്നും ദുര്‍ഗയുടെ അമ്മയുടെ ആഗ്രഹത്തില്‍ നിന്നുമാണ് ഇത്തരം ആശയം ഉടലെടുത്തത് എന്നവള്‍ക്ക് മനസ്സിലായി. കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദുര്‍ഗ പലതും ഫോക്കസ് ചെയ്യുന്നത്.

 ചുറ്റിനടന്നു വന്നതിനുശേഷം ദുര്‍ഗയും മിലാനും അഭിമുഖമായി ഇരുന്നു. ദുര്‍ഗയുടെ ഓഫീസ് മുറിയില്‍ കൈത്തറിയുടെ ചെറിയൊരു മാതൃക ഉണ്ടാക്കിവെച്ചിരുന്നത്  ആരിലും കൌതുകമുണര്‍ത്തുന്നതായിരുന്നു.

 “മിസ്‌ മിലാന്‍, ചെയ്യുന്ന പ്രവൃത്തിയുടെ വ്യാപ്തി  തുടക്കത്തില്‍ ഞാന്‍പോലും  മനസ്സിലാക്കിയിട്ടില്ലായിരുന്നു. കുറച്ചു വീടുകളില്‍ സാനിട്ടറി നാപ്കിന്‍ നല്‍കാനായിരുന്നു ആദ്യം പ്ലാന്‍. അതും കുറഞ്ഞ വിലയില്‍. അതിനു മുന്‍പ് ഞാന്‍ ആ തെരുവില്‍ പോയിട്ടില്ലായിരുന്നു. ആദ്യ ദിവസം വാനില്‍ അങ്ങോട്ട്‌ പോയപ്പോള്‍ത്തന്നെ  അവിടത്തെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം വളരെ ഡിഫ്ഫറന്റ്‌ ആണെന്ന് മനസ്സിലായി.”

“നടാഷയെ ദുര്‍ഗയ്ക്ക് ആദ്യമേ അറിയാമായിരുന്നോ?”  മിലാന്‍ ചോദിച്ചു.

“യെസ്, അവരെ ആദ്യം കണ്ടത് ഒരു ആശുപത്രിയില്‍ വെച്ചാണ്. അവരുടെ കൂട്ടത്തിലെ ഒരു കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ട് വന്നിരിക്കയായിരുന്നു. വളരെ ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു കുട്ടി. കഷ്ടി പത്ത്പതിനഞ്ച് വയസ്സേ കാണൂ. നിലയ്ക്കാത്ത രക്തപ്രവാഹവും ക്ഷതങ്ങളുമേറ്റ് മരണവക്കില്‍ ആയിരുന്നു ആ കുട്ടി.  നടാഷ ആ കുട്ടിയെ രക്ഷിക്കാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആദ്യം കരുതിയത്‌ അവരുടെ ബന്ധുവോ മറ്റോ ആണെന്നായിരുന്നു.”

“എന്നിട്ട്? എന്തായിരുന്നു ആ കുട്ടിയുടെ അവസ്ഥക്ക് കാരണം....”

“കാരണം റേപ് തന്നെ.....”

“റേപ്.....?”  മിലാന്‍ മനസ്സിലാകാത്ത പോലെ ദുര്‍ഗയെ നോക്കി. “റേപ് എങ്ങനെ.... ഇവര്‍  അങ്ങനെ അല്ലാതെതന്നെ ആളുകളെ  സ്വീകരിക്കുന്നില്ലേ. ഐ മീന്‍, സ്വീകരിക്കുന്നവരല്ലേ? അവരെ റേപ് ചെയ്യേണ്ട ആവശ്യം വരുന്നില്ലല്ലോ..”

ദുര്ഗ മിലാനെ നോക്കി ഒന്ന് ചിരിച്ചു. “മിസ്‌ മിലാന്‍, നിങ്ങള് അവരുടെ ജീവിതത്തെക്കുറിച്ച്  വേണ്ടത്ര  മനസ്സിലാക്കിയിട്ടില്ല. കൊല്‍ക്കത്തയിലെ മാത്രമല്ല , ആ നഗരം സന്ദര്‍ശിക്കുന്ന ഓരോ പ്രബലരായ പുരുഷന്മാരും അവരെ ചുറ്റിക്കറങ്ങുന്ന സ്ത്രീകളും അവര്‍ നയിക്കുന്ന ബിസിനസ്സ് കൊഴുപ്പിക്കാന്‍ ഇരയാക്കുന്നത് ഈ തെരുവിനെയാണ്. സ്വന്തം ഇഷ്ടത്തിന് പുരുഷന്മാരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ തൊഴിലില്‍ പോലും ഇല്ല. ഒരിക്കല്‍ ഇവിടെ എത്തിച്ചേര്‍ന്നാല്‍   ഇഷ്ടങ്ങള്‍ വാടിക്കരിയുന്നു.  തേടിവരുന്നവരുടെ ഇഷ്ടങ്ങള്‍ക്കാണവിടെ മുന്‍‌തൂക്കം.  ഓരോ കുട്ടികളേയും സ്ത്രീകളേയും ആവശ്യക്കാരുടെ  ഇഷ്ടമനുസരിച്ച് കൊണ്ടുപോകുകയാണ്.”

“കേട്ടിട്ടുണ്ട്;  ഈ കുട്ടിക്ക് എന്ത് പറ്റിയതാണ്?”

“ഇതുപോലെയുള്ള തെരഞ്ഞെടുപ്പില്‍ ഈ കുട്ടി ഉണ്ടായിരുന്നു. നരധമനായ ആരോ അതിനെ പിച്ചിക്കീറി.  പണം കൊടുത്തുകഴിഞ്ഞാല്‍ സ്ത്രീശരീരത്തില്‍ എന്തും ചെയ്യാം എന്ന ബ്രൂട്ടാലിറ്റിക്കു പുറമേ  സാഡിസം കൂടി ഒന്ന് ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും?”  ദുര്‍ഗാ അല്‍പനേരം കണ്ണടച്ചിരുന്നു. “ആ കുട്ടി പിന്നീട് റിക്കവര്‍ ചെയ്തു.  ജീവിതകാലം മുഴുവനും ശാരീരിക പ്രശ്നങ്ങളും അതിലുപരി മാനസിക പ്രശ്നങ്ങളും വേട്ടയാടുമെന്ന് ഉറപ്പല്ലേ...”

ഇത്തരം കുട്ടികള്‍ വളരുമ്പോള്‍ രണ്ട് തരത്തില്‍ അവരുടെ മാനസികാവസ്ഥ മാറുന്നു എന്ന് മിലാന്‍ ഓര്‍ത്തു. ഒന്നുകില്‍ തകര്‍ന്നുപോകുന്നു. അല്ലെങ്കില്‍ എന്തും നേരിടാനുള്ള തന്റേടവും, അടക്കിയും ഭരിച്ചും നിറുത്താനുള്ള  ഗര്‍വ്വും മൃദുലഭാവങ്ങളോടുള്ള പുച്ഛവും! അങ്ങനെയാകുമ്പോള്‍ അവരിലേക്ക്‌ എത്തുന്നവരെയെല്ലാം വേട്ടയാടി അടക്കിവെക്കാനുള്ള ത്വര വര്‍ദ്ധിക്കുന്നു.  പിന്നീടു വരുന്നവരെ മുന്പേയുള്ളവര്‍ കീഴടക്കുന്നു.  ഓരോ ‘മാ’ കളും ഉണ്ടാകുന്ന വഴികള്‍ ഓര്‍ത്ത് മിലാന്‍ കുറച്ച് നേരം നിശബ്ദയായിരുന്നു.

കൊച്ചുകുട്ടികളുടെ മനസ്സില്‍ എന്തായിരിക്കും അപ്പോള്‍?  കുട്ടികളെ നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് പൂചൂടി പൊട്ട് തൊടീച്ച് കാത്തുനിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍  കയറ്റിവിടുന്ന സ്ത്രീകളെ ഈ ഭൂമിയിലെ ഏറ്റവും  സ്നേഹമൂറുന്ന കണ്ണുകളോടെ  ആ കുട്ടികള്‍  ആ നിമിഷം നോക്കിയിരിക്കില്ലേ.  ഉല്‍സവപ്പറമ്പുകളിലേക്ക്  ചുവന്ന മിഠായികള്‍ വാങ്ങാന്‍ പോകുന്ന സന്തോഷത്തോടെ പോകുന്ന കുട്ടികള്‍.......  അവസാനം  ചതഞ്ഞരഞ്ഞ്‌ ഇരുമ്പിന്‍ മുള്ളുകള്‍ ആഴത്തില്‍ പടര്‍ന്ന വേലികള്‍ക്കുള്ളില്‍ എന്നെന്നേക്കുമായി തടവിലാക്കപ്പെടുന്നു. പിന്നീടെപ്പോഴും അവരുടെ വഴിയില്‍ വരുന്ന  സ്ത്രീകളിലും പുരുഷന്മാരിലും എന്തഭയമാണ് അവര്‍ക്ക് പ്രതീക്ഷിക്കാനാവുക?

“ഞാന്‍ പറഞ്ഞു വന്നത്..”  ദുര്‍ഗയുടെ ശബ്ടം കേട്ട് മിലാന്‍  ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. 
 “ ആദ്യം കുറഞ്ഞ വിലയില്‍ അവിടെ നാപ്കിന്‍ വില്‍ക്കാന്‍ ശ്രമിച്ച ഞാന്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കാരണം അവിടെ ഓരോ സ്ത്രീയും അവര്‍ക്ക് വീതിച്ചു കിട്ടിയ മുറിയില്‍ ജീവിതം വരച്ചിട്ടത് കണ്ടപ്പോള്‍ വീണ്ടും അവരിലേക്ക്‌ ഒരു ബാധ്യത കൂടി അടിച്ചേല്‍പ്പിക്കാന്‍ തോന്നിയില്ല.  മറ്റാരുടെയും സൗജന്യങ്ങളോ സഹതാപമോ അവര്‍ക്ക് ഇഷ്ടവുമല്ല.  അവര്‍ക്ക് കിട്ടുന്ന പണത്തിന്റെ നല്ലൊരു ഓഹരി കൈപ്പറ്റാന്‍ അവരുടെയൊക്കെ നാടുകളില്‍ ഒരു കുടുംബം കാത്തിരിക്കുന്നു. അതുകൊണ്ട് ഞാന്‍ ഫ്രീ ആയി വിതരണം ചെയ്യാനുള്ള കാര്യങ്ങള്‍ ആലോചിച്ചു. എന്നെ സഹായിക്കാന്‍ തയ്യാറുള്ളവരെ കണ്ടുപിടിച്ചു. സോനാഗച്ചി എന്ന പേര് കേട്ടപ്പോള്‍ മുഖം തിരിച്ചവരായിരുന്നു സ്ത്രീകള്‍ പോലും . പക്ഷെ  പ്രതീക്ഷിക്കാത്ത പലരും കൂടെ നിന്നു.

  സാനിറ്ററി നാപ്കിന്‍ മാത്രമാല്ല ടോയിലറ്റു ഉത്‌പന്നങ്ങളും ഞങ്ങള്‍ എത്തിക്കാന്‍ പ്ലാനിട്ടു. നടാഷയെ ബോധ്യപ്പെടുത്തിയെടുക്കല്‍ ശ്രമകരമായിരുന്നു. അവരുടെ വിശ്വാസം നേടുക എളുപ്പമല്ല.  അവിടത്തെ വീടുകളില്‍ ഒരു മുറിയില്‍ അഞ്ചും ആറും  പേരുണ്ട്. അവരുടെ മാസമുറകളാണ് അവര്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമെന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ ചിന്തിച്ചത്.”ദുര്‍ഗാ രാജ്നാഥ്‌ പറഞ്ഞു നിര്‍ത്തി മിലാനെ നോക്കി.

മിലാന്‍റെ മുന്നില്‍ ആ കാഴ്ചകള്‍ നിറഞ്ഞു. നീളത്തില്‍ കെട്ടിയ അഴകളില്‍ തൂങ്ങുന്ന വസ്ത്രങ്ങളാണ് മറ്റൊരു കട്ടിലില്‍ നിന്നുള്ള മറവ്!  അങ്ങനെ കൂട്ടിയിട്ട കടുംനിറങ്ങളുടെയും നരച്ച സ്വപ്നങ്ങളുടേയും മുകളില്‍ അവര്‍ കയറിയിരിക്കുന്നു.  പൌഡറും  വിയര്‍പ്പും  പാന്‍പരാഗും ബോഡിലോഷനും  രൂക്ഷഗന്ധമുള്ള പെര്‍ഫ്യൂമുകളും  എല്ലാം കൂടിക്കലര്‍ന്ന മുറികളില്‍ ഏഴോ എട്ടോ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നു.

ശുദ്ധവായുവിനെക്കുറിച്ചുള്ള അവരുടെ സങ്കല്പം എന്തായിരിക്കും?

“പക്ഷെ, മിസ്‌ മിലാന്‍, ഞാന്‍ ഇതെല്ലാം പറഞ്ഞെങ്കിലും അവര്‍ അത്രയും നിസ്സഹായരാണെന്ന് കരുതേണ്ട കേട്ടോ, ഇവരില്‍  പല സ്ത്രീകളും കല്‍ക്കത്തയുടെ സ്പന്ദനം  നിയന്ത്രിക്കുന്നവരും ആണ്.” ദുര്‍ഗ ചെറുചിരിയോടെ പറഞ്ഞു.

“അതും കേട്ടിട്ടുണ്ട്...നമ്മുടെ സമൂഹം പോലെ തന്നെ ഇവിടെയും പാവപ്പെട്ടവരും പണക്കാരും ഉണ്ടെന്ന്....”

“അങ്ങനെയെന്ന് മുഴുവനും പറയാനും പറ്റില്ല മിസ്‌ മിലാന്‍. ഇവിടെ കൂടുതല്‍  റോള്‍ സ്വാധീനത്തിന് ആണ്.  അധികാരകേന്ദ്രങ്ങളുടെ പള്‍സ് അറിഞ്ഞു കൂടെ നില്‍ക്കാനും അവര്‍ക്ക് വേണ്ടുന്നത് എത്തിച്ചു കൊടുക്കാനും അങ്ങനെ അവരെ കൂടെ നിര്‍ത്താനും ഇവര്‍ക്കും പ്രത്യേക കഴിവുകളുണ്ട്. അതില്‍ കൂടുതല്‍ ശോഭിക്കുന്നവര്‍ക്ക് കൂടുതല്‍ തിളങ്ങാം. പണത്തേക്കാള്‍ കൂടുതലായി....”  ദുര്‍ഗ ഓര്‍മ്മിപ്പിച്ചു.

“നക്ഷത്ര വേശ്യകള്‍ എന്നും പാവപ്പെട്ട വേശ്യകള്‍ എന്നും കേട്ടിട്ടില്ലേ.... അത് തന്നെ...” അവള്‍ കൂട്ടിച്ചേര്‍ത്തു.

 മിലാന്‍ മുന്നോട്ടാഞ്ഞിരുന്നു പറയാന്‍ തുടങ്ങി. “എനിക്കവരുടെ കുടിവെള്ളപദ്ധതിയില്‍ പങ്കാളിയാകണമെന്നുണ്ട്. അതിന് വേണ്ടിയാണ് പ്രധാനമായും അവരെ സഹായിക്കുന്നവരെ കാണാന്‍ ശ്രമിക്കുന്നത്.” മിലാന്‍ താനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും അതിന് വേണ്ടിവരുന്ന ധനസമാഹാരണത്തെക്കുറിച്ചും അവരുടെ ഏരിയയില്‍ ഇപ്പോഴുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ  പറഞ്ഞു. രണ്ട്പേരും ഏറെ നേരം സംസാരിച്ചു. എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുള്ള വ്യക്തിയാണ് ദുര്‍ഗ എന്നത് മിലാനെ സന്തോഷിപ്പിച്ചു.

പിരിയാന്‍ നേരം തന്റെ പേര്‍സണല്‍ നമ്പര്‍ കൊടുത്തു മിലാന്‍ പറഞ്ഞു. “ദുര്‍ഗാ, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കാം... ഒരു ഡയലിനപ്പുറം ഞാനുണ്ട്.”

ദുര്‍ഗ ചിരിച്ചു. മാത്രമല്ല മിലാനെ ആ മുറിയില്‍ നിന്നും കാര്‍ വരെ അനുഗമിക്കുകയും ചെയ്തു.

 മടങ്ങുന്ന വഴി കാറില്‍ വെച്ച്  മിലാന്‍റെ ഫോണ്‍ അടിച്ചു. അമ്മ!

“എന്താ അമ്മാ.... വിശേഷങ്ങള്‍ പറ....”

“നിന്‍റെ കാസനോവ മടങ്ങിയെത്തിയോ? ഡല്‍ഹിയില്‍ പോയതായി കാണുന്നല്ലോ...” ശാരിക ചോദിച്ചു.

“ഇല്ലമ്മാ, എന്നെ വിളിച്ചില്ല. അവര്‍ അമ്മയും മകനും ഒരുമിച്ചല്ലേ. ശല്യപ്പെടുത്തേണ്ടല്ലോന്ന് ഞാനും കരുതി.”

“ശരി നീ വീട്ടിലേക്കു വാ, കുറെ നാളായില്ലേ വീട്ടില്‍ വന്നിട്ട്..... കുറച്ച്ദിവസം കഴിഞ്ഞു മടങ്ങിപ്പോകാം.” അവര്‍ പറഞ്ഞു.

“ചില കാര്യങ്ങള്‍ക്കൂടി ഉണ്ടമ്മേ, അത് കഴിഞ്ഞ് വരാം. രണ്ട് ദിവസമേ പറ്റൂ, എക്സാം തുടങ്ങാറായി. ഉടനെ തിരികെയും വരണം.”

“എങ്കില്‍ നീ എക്സാം കഴിഞ്ഞു വന്നാല്‍ മതി. വെറുതെ യാത്രാക്ഷീണം ഉണ്ടാക്കേണ്ട. എത്ര ദിവസം  ഉണ്ട് നിന്റെ എക്സാം, എന്ന് തുടങ്ങും?”

“ടൈംടേബിള്‍ നോക്കിയില്ല,  അമ്മാ..., പോയിട്ട് നോക്കിയിട്ട് വിളിക്കാം....” അവള്‍ പറഞ്ഞു.

റൂമിലെത്തിയ മിലാന്‍ തന്‍റെ എക്സാം ഡേറ്റ് പരിശോധിച്ചു.  ഏപ്രില്‍ അവസാനത്തോടെ തുടങ്ങി മെയ്‌ ആദ്യവാരം പരീക്ഷകള്‍ അവസാനിക്കും. അത് കഴിഞ്ഞാല്‍ ജൂണില്‍ റിനു പറഞ്ഞ അമേരിക്കന്‍ പ്രോഗ്രാമിന് വേണമെങ്കില്‍ തനിക്ക് പങ്കെടുക്കാവുന്നതേയുള്ളൂ. എന്നാല്‍  അതിനും മുന്നേ വിദേത് തീരുമാനം പറഞ്ഞാല്‍  മാത്രമേ  എല്ലാ  ഡേറ്റുകളും നിശ്ചയിക്കാനും പറ്റൂ..

അന്ന് വൈകീട്ട്   പുറത്ത് മുറ്റത്തുള്ള ചെടികളില്‍ തൊട്ട് തലോടി നടക്കവേ മിലാന്‍ വീണ്ടും ദാസിനെക്കുറിച്ചോര്‍ത്തു. എന്തുകൊണ്ടാണ്  വിദേത് ഇത്‌വരെ തിരിച്ചു വിളിക്കാത്തത്. അമ്മയെ കണ്ടതിനു ശേഷം വിവാഹക്കാര്യം എല്ലാവരെയും അറിയിക്കാമെന്ന് പറഞ്ഞിട്ട്.... അമ്മ എന്ത് പറഞ്ഞിരിക്കും... ചിലപ്പോള്‍ സമ്മതിച്ചുകാണില്ലേ.... അല്ലെങ്കില്‍ മകള്‍ എന്തെങ്കിലും ഉടക്ക് പറഞ്ഞിരിക്കുമോ..... ഫ്ലൈറ്റില്‍ ഒരുത്തി കൂടെ ഉണ്ടായിരുന്നല്ലോ. അവളെ എന്താക്കിയോ എന്നും അറിഞ്ഞില്ല. ഇനി അതിലെങ്ങാന്‍ വഴുതി വീണിരിക്കുമോ...

ഛെ..... മിലാന് തന്‍റെ ചിന്തകളെക്കുറിച്ച് ഓര്‍ത്ത് ചിരിവന്നു. വിദേത് കൊച്ചുകുട്ടിയല്ലല്ലോ ഇത്തരം സില്ലി കാര്യങ്ങളില്‍ പതറാന്‍....

ചെടികളില്‍നിന്നും കുറച്ച് കടുംനിറങ്ങളുള്ള പൂക്കള്‍ പറിച്ചെടുത്ത്‌ അവള്‍ മുറിയിലേക്ക് നടന്നു. ബെഡ്റൂമിലെ ഫ്ലവര്‍വേസിലെ വെള്ളം മാറ്റി പുതിയവെള്ളം നിറച്ച് അതിലേക്ക് അല്പം പെര്‍ഫ്യൂം തുള്ളികള്‍ ഇറ്റിച്ചു. തണ്ടുകള്‍ ഒതുക്കി ഇതളുകള്‍ വിടര്‍ത്തി വേസിലേക്ക് ഇറക്കിവെച്ചു. വേഷം മാറി കിടക്കയിലേക്ക് കയറിക്കിടന്നു. അങ്ങനെ കിടന്നവള്‍ ഉറങ്ങിപ്പോയി.

ഫോണ്‍ തുടര്‍ച്ചയായി റിംഗ് ചെയ്യുന്നത് കേട്ടാണ് പാതിരാവില്‍ എപ്പോഴോ അവളുര്‍ണര്‍ന്നത്. ദാസ്‌ ആയിരുന്നു ഫോണില്‍.

“ഹലോ...” ഉറക്കച്ചടവോടെ അവള്‍ ഫോണ്‍ എടുത്തു. “ഉറങ്ങിയോ.....?” അയാളുടെ ശബ്ദം വളരെ അകലെനിന്നപോലെ  കേട്ടു.

“സാരമില്ല. എവിടെയാ ഇപ്പോള്‍.... എന്താ വിളിക്കാഞ്ഞത്...?” മിലാന്‍ എഴുന്നേറ്റിരുന്നു. ലൈറ്റ് ഓഫ്‌ ചെയ്തില്ലെന്നും ഒന്നും കഴിച്ചില്ലെന്നും അവളോര്‍ത്തു.

“വീട്ടില്‍ത്തന്നെ. രണ്ട് ദിവസം വളരെ തിരക്കായിപ്പോയി. ആകെ ക്ഷീണവും..... വിളിക്കാന്‍ കഴിഞ്ഞില്ല.” അല്‍പ്പം ക്ഷമാപണമുണ്ടായിരുന്നു ആ ശബ്ദത്തില്‍.

“ഓക്കേ... സാരമില്ല. ആര്‍ യൂ ഓക്കേ?” മിലാന്‍ അനേഷിച്ചു. അവള്‍ എഴുന്നേറ്റു ഹാളിലേക്ക് നടന്നു.

“യെസ്.... അവിടെ എന്താ വിശേഷം?” അയാള്‍ ആരാഞ്ഞു. കുറെക്കാര്യങ്ങള്‍ സംസാരിച്ച് ഹാളിലും മുറിയിലും അവള്‍ നടന്നു. എന്തുകൊണ്ടോ തനൂജ തന്‍റെ വീട്ടില്‍ വന്ന കാര്യം പറയാന്‍ ദാസ്‌ മടിച്ചു. ഈ രാത്രിയില്‍ അങ്ങനെയൊരു വിഷയം പറഞ്ഞാല്‍ മിലാന്‍ എങ്ങനെ എടുക്കുമെന്ന് അയാള്‍ക്ക് സംശയമുണ്ടായിരുന്നു. പകരം അയാള്‍ മകളേയും മേനകയെയും അമ്മയേയും കുറിച്ചെല്ലാം പറഞ്ഞു.

“ചിലപ്പോള്‍ ഉടനെ യുഎസ് പോകേണ്ടിവരും.... ഐപിഎല്ലിന്റെ ചില പ്രധാന കാര്യങ്ങള്‍ക്ക് പോകേണ്ടതുണ്ട്. അടിക്കടി മീറ്റിംഗ്, യാത്രകള്‍, സമയം എന്‍റെ നിയന്ത്രണത്തില്‍ നില്‍ക്കുമെന്ന് തോന്നുന്നില്ല.” അയാള്‍ പറഞ്ഞു.

“ഉം....”

“വിവാഹം ഈ തിരക്കുകള്‍ കഴിഞ്ഞിട്ട് പോരെ?” റായ് വിദേതന്റെ ചോദ്യം പെട്ടെന്നായിരുന്നു.
(തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ ... 12  സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക