Image

വെള്ളരിപ്രാവുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 10 May, 2020
വെള്ളരിപ്രാവുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
കണ്‍ഫുഷ്യസ് പറഞ്ഞു: സുന്ദരിയായ നഴ്‌സിനെ ആഗ്രഹിക്കുന്നവന്‍ ഒരു രോഗി (Patient)  ആയിരിക്കണമെന്ന് (ക്ഷമാശീലന്‍). ഒന്നാം ലോകമഹായുദ്ധകാലത്ത് പതിനെട്ടുകാരനായ ഒരമേരിക്കന്‍ ആംബുലന്‍സ് ഡ്രൈവറെ യുദ്ധഭൂമിയിലുണ്ടായ സ്‌ഫോടനത്തില്‍ കാലിനു പരിക്കേറ്റ് ഇറ്റലിയിലെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ഡ്യൂട്ടിയുലുണ്ടായിരുന്ന  ഇരുപത്തിയാറുകാരിയായ നേഴ്‌സിന്റെ സൗന്ദര്യത്തില്‍ അയാള്‍ മയങ്ങിപോയി. അവളെ ജീവിതസഖിയാക്കാന്‍ മോഹിച്ചു. കാര്യപ്രാപ്തിയുണ്ടായിരുന്ന അവര്‍ ചെറുക്കന്റെ (അവര്‍ അവനെ കൊച്ചന്‍ എന്ന് വിളിച്ചു.)  മതിഭ്രമം മനസ്സിലാക്കി ഒഴിഞ്ഞുമാറി.  ആ ചെറുക്കന്‍ പിന്നീട് വിശ്വപ്രശസ്തനായി. അത് ഏണസ്റ്റ് ഹെമിംവേ ആയിരുന്നു. തന്റെ പ്രേമത്തെ ആസ്പദ്മാക്കി അദ്ദേഹം "RA farewell to Arms ' എന്ന പുസ്തകം രചിച്ചു. രോഗികളുമായുള്ള നിരന്തര സാമിപ്യം സുന്ദരിമാരായ നഴ്‌സുമാര്‍ക്ക് ചിലപ്പോള്‍ മംഗല്യസൗഭാഗ്യങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഉത്തരവാദിത്വമുള്ള ജോലിയില്‍ ഏര്‍പ്പെടുന്ന ഇവര്‍ക്ക് അത്തരം പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുക ദുഷ്കരമായിരുന്നു. എന്നിട്ടും പ്രണയപരാഗരേണുക്കള്‍ ഈ ജോലിക്കാരെ പറ്റിപ്പിടിച്ച് തൂങ്ങി കിടന്നു. അതുകൊണ്ടായിരിക്കും ക്രുസ്തുവിനു 551 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച കണ്‍ഫ്യുഷസ് നഴ്‌സുമാരുടെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞത്.

 ഒലിവ് ഇലകള്‍ കൊക്കിലൊതുക്കി വെള്ളയുടപ്പണിഞ്ഞ് എല്ലാം ശാന്തം എന്ന സന്ദേശവുമായി വെള്ളരിപ്രാവുകളെപോലെ പറന്നുവന്നു മറ്റുള്ളവരുടെ  രോഗശാന്തിക്കായി ജീവിതം ഉഴിഞ്ഞുവച്ച ഈ നിസ്വാര്‍ത്ഥമതികള്‍  കയ്യില്‍ സ്‌റ്റെതസ്‌കോപ്പുമായി ദൈവത്തിന്റെ സന്ദേശവാഹകരായി പ്രത്യക്ഷപ്പെടുമ്പോള്‍ അവിടം ഒരു ദേവാലയമായി മാറുന്നു.   ദൈവം ജോലിയില്‍ വ്യാപ്രുതനാണെന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രവര്‍ത്തിമേഖലയാണു് നഴ്‌സുമാരുടെ. ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്താനും യേശു അപ്പോസ്താലന്മാരെ അയച്ചു വെന്ന് ബൈബിളില്‍ പറയുന്നു..( ലൂക്കോസ് 9:2). ദൈവം ഭൂമിയില്‍ മനുഷ്യരെ സ്രുഷ്ടിച്ചപ്പോള്‍ അവര്‍ക്കായി കാവല്‍മാലാഖമാരെ നിയോഗിച്ചു. കാവല്‍മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലിരുന്ന് അവരുടെ സേവനമനുഷ്ഠിക്കുമ്പോള്‍ നഴ്‌സുമാര്‍ ഭൂമിയില്‍ മനുഷരെ കാത്തുസംരക്ഷിക്കുന്നു.

ആതുരസേവനം ആത്മീയമായ ഒരു പ്രവര്‍ത്തിയാണ്. ജീവിതത്തേയും മരണത്തേയും മുഖാമുഖം കണ്ടുനില്‍ക്കുന്ന ഇവര്‍ ദൈവം ഭൂമിയിലേക്ക് അയച്ച മാലാഖമാര്‍ തന്നെയാണു്. സന്യാസിനിമാരും, പുരോഹിതന്മാരും ആയി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക്് ദൈവവിളി ഉണ്ടായി എന്നു പറയാറുണ്ട്. ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവരെ ആരോ ഉള്ളില്‍നിന്ന് പ്രേരിപ്പിച്ചുവെന്ന് അവര്‍ അവകാശപ്പെടുന്നു.  എന്നാല്‍ ആതുര സേവനരംഗത്തേക്ക് വരുന്ന ഒരാളാണു് യഥാര്‍ത്ഥത്തില്‍ ദൈവവിളി കേട്ടുവരുന്നത്.  നല്ല ജീവിതം നയിച്ച്് സ്വര്‍ഗ്ഗം നേടിയെടുക്കാനുള്ള വചനഘോഷവുമായി ദൈവവേല ചെയ്യുന്നവര്‍ പരിശ്രമിക്കുമ്പോള്‍,  രോഗവിമുക്തി നേടി ആരോഗ്യത്തോടെ ഭൂമിയില്‍ ജീവിതം ആസ്വദിക്കാന്‍ നഴ്‌സ് എന്ന പദവി തിരഞ്ഞെടുക്കുന്നവര്‍ മനുഷ്യരെ സഹായിക്കുന്നു.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു പതിനേഴ് വയസ്സ് തികയാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേ ആ പെണ്‍ക്കുട്ടി തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചുവച്ചു. ദൈവവേലക്കായി എന്നെ വിളിച്ചുകൊണ്ട് ദൈവം എന്നോട് സംസാരിച്ചു. എന്നാല്‍ എന്തു വേലക്കാണു ദൈവം തന്നെ വിളിക്കുന്നത് എന്ന് അവര്‍ക്കറിയില്ലായിരുന്നു. അതുകൊണ്ട് അവര്‍ വിവാഹം വേണ്ടെന്ന് വച്ചു. തനിക്ക് വളരെ ഇഷ്ടമായിരുന്ന ചെറുപ്പക്കാരന്റെ വിവാഹാഭ്യര്‍ത്ഥ്യനയും നിരസിച്ചു. അക്കാലത്ത് നിമിഷങ്ങളോളം ബോധം നഷ്ടപ്പെട്ടുപോകയും ആ ബോധക്കേടില്‍ നിന്നുണരുമ്പോള്‍ എന്താണു സംഭവിച്ചതെന്നറിയാന്‍ കഴിയാത്ത ഒരവസ്ഥയും അവര്‍ക്കുണ്ടായിരുന്നു. അത്തരം ബോധക്കേടുകള്‍ വരുന്നത് ദൈവവേലക്ക് താന്‍  യോഗ്യയല്ലെന്നതിനു സൂചനയാണെന്ന് അവര്‍ വിചാരിക്കാന്‍ തുടങ്ങി.  പിന്നെ കുറെ കൊല്ലങ്ങളോളം അവര്‍ ദൈവവിളി കേട്ടില്ല. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍, ക്രിസ്തുദേവന്‍ തന്റെ സുവിശേഷവേല ആരംഭിച്ച വയസ്സില്‍ അവര്‍ ദൈവവിളി കേട്ടു. അവര്‍ ആതുരസേവന രംഗത്ത് പരിശീലനം തേടാന്‍ തീരുമാനിച്ചു. പ്രഭുകുടുംബത്തില്‍ ജനിച്ച  ഒരു സ്ത്രീ അത്തരം ഒരു ജോലിക്ക് പോകുന്നത് അന്ന് വളരെ എതിര്‍പ്പുണ്ടാക്കിയിരുന്നു. നമ്മുടെ മലയാളി സഹോദരിമാരില്‍ പലരും ഒരു കാലത്ത് ഈ ജോലി തിരഞ്ഞെടുത്തപ്പോള്‍ വളരെയധികം അപവാദങ്ങള്‍ക്ക് ഇരയായത് മലയാളിയുടെ ഊതിവീര്‍പ്പിച്ച സംസ്കാരപൊങ്ങച്ചം കൊണ്ടായിരിക്കണം.

മലയാളിയുടെ കുബുദ്ധിയും സങ്കുചിതത്വവും പോലെ നഴ്‌സ് എന്ന ഇംഗ്ലീഷ് പദത്തിനുള്ള മലയാളം വാക്കുകളും പോറ്റമ്മ, ധാത്രി, പരിചാരിക, ശുശ്രൂഷക, രോഗപരിചാരിണി.  എന്നൊക്കെയാണു്. വൈദിക കാലഘട്ടത്തില്‍, ക്രിസ്തുവിനു മുവ്വായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഉപചാരിക എന്ന വാക്കിനാല്‍ അറിയപ്പെട്ടിരുന്നു. ആ വാക്കുകള്‍ക്ക് തന്നെ ഒരു കുറച്ചില്‍ ഉണ്ടെന്നാണ് മലയാളി വിശ്വസിക്കുന്നത്.  ദുരഭിമാനത്തിന്റെ ദന്തഗോപുരങ്ങളില്‍ എന്നും വാടകക്ക് താമസിക്കുന്ന മലയാളിക്ക് അത്‌കൊണ്ട് നഴ്‌സ് എന്ന് പറയുന്നത് കുറച്ചിലാണ്്.  രോഗിയെ പരിചരിക്കുക എന്ന മഹത്തായ കര്‍മ്മം അനുഷ്ഠിക്കുന്നവരെ അംഗീകരിക്കാന്‍ മലയാളി മനസ്സിനു വലുപ്പം പോരാ. ഉദ്യോഗമാണെങ്കിലും മറ്റുള്ളവരെ പരിചരിക്കാന്‍ പ്രിയപ്പെട്ടവര്‍ പോകുന്നതില്‍ വിമുഖത കാണിക്കുന്നത് അവരുടെ സേവനത്തിന്റെ മഹത്വം മനസ്സിലാക്കാത്തത് കൊണ്ടാണ്. ദൈവവിളിയേക്കാള്‍ വിശപ്പിന്റെ വിളികേട്ടും ഈ രംഗത്തേക്ക് വരുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ ജോലി ഏറ്റെടുത്ത് കഴിയുമ്പോള്‍ എല്ലാവരിലും ജോലിയുടെ മഹതവും ഉത്തരവാദിത്വവും ഉളവാകുന്നു.  രോഗം മാറിപോകുന്നവരുടെ മുഖപ്രസാദം കാണുന്നത് ഈശ്വരനെ ദര്‍ശിക്കുന്നതിനു തുല്യമാണെന്ന് എത്രയോ നഴ്‌സുമാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ശരീര ശാസ്ര്തത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ച് പഠിക്കുന്ന കാലത്ത് ഒരു നഴ്‌സ് നമ്മെ സൃഷ്ടിച്ച ദൈവത്തെപ്പറ്റി ഓര്‍ക്കുന്നു.  മരുന്നുകള്‍ക്കപ്പുറം സ്‌നേഹാര്‍ദ്രവും, സാന്ത്വനപൂര്‍വ്വവുമായ സമീപനങ്ങള്‍ക്കും അവര്‍ മുന്‍ഗണന നല്‍കുന്നു.  രോഗം മൂലം അവശനായി എത്തുന്ന ഒരാള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നഴ്‌സ് ദൈവത്തിന്റെ പ്രതിനിധിയാണു്.  ഒരു പക്ഷെ ഏറ്റവും സംത്രുപ്തി നല്‍കുന്ന ഒരു ജോലിയാണു നഴ്‌സിന്റേത്. നഴ്‌സിംഗ് ഒരു തൊഴില്‍ അല്ല അത് സ്‌നേഹത്തിന്റെ, കരുതലിന്റെ, രോഗശാന്തിയുടെ ഒരു ചുമതലയാണു്. ആദ്യകാല അമേരിക്കന്‍ മലയാളി സമൂഹം ഉള്‍ക്കൊണ്ടിരുന്നതില്‍ വളരെയധികവും മാലാഖമാരുടെ കുടുംബങ്ങളായിരുന്നു. അവര്‍ക്ക് ദൈവം അഭിവ്രുദ്ധിയും ഐശ്വര്യവും നല്‍കി.   വേദനിക്കുന്നവരുടെ കണ്ണീരൊപ്പുവാന്‍, അവര്‍ക്ക് സാന്ത്വനമരുളാന്‍ കഴിയുന്നത് ദൈവീകമായ ഒരു വരമാണു്. കുടുംബം കുടുംബമായി എത്തിചേര്‍ന്നവര്‍ കൂടപിറപ്പുകളേയും, കൂട്ടുകാരെയും ഇവിടേക്ക് കൊണ്ട് വന്നു. അങ്ങനെ അമേരിക്കന്‍ മലയാളി സമൂഹം നന്മയുടെ വെളിച്ചം വിതറികൊണ്ട് സമ്പന്നത കൈവരിച്ചു. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം എന്ന സങ്കല്‍പ്പം ഇവിടെ നിറവേറികൊണ്ടിരുന്നു. പിന്നെ സ്വര്‍ഗ്ഗത്തിലെപോലെ മത്സരങ്ങള്‍ (Rev 12:7-13) അരങ്ങേറാന്‍ തുടങ്ങിയെങ്കിലും നഴ്‌സ് എന്ന ഉദ്യോഗം ജീവിതവ്രുതമായി സ്വീകരിച്ചവര്‍ അവരുടെ കര്‍ത്തവ്യങ്ങളില്‍ മുഴുകി. കാലചക്രം ഉരുളുകയും ആതുരസേവന്രംഗത്ത് വ്യാപകമായ മാറ്റങ്ങള്‍ വരുകയും ചെയ്തു. ഒരു കാലത്ത് അവജ്ഞയോടെ വീക്ഷിച്ചിരുന്ന ഈ ജോലി ഇന്ന് സ്ര്തീ പുരുഷബേധമെന്യേ എല്ലാവരും തിരഞ്ഞെടുക്കുന്നു.

മേയ് മാസത്തിലെ ആദ്യ വാരം നഴ്‌സുമാരുടെ ദേശീയ വാരാഘോഷമായി അമേരിക്കയില്‍ കൊണ്ടാടപ്പെടുന്നു. ഓരോ സ്‌റ്റെയ്റ്റുകളിലും അരങ്ങേറുന്ന പരിപാടികളില്‍ ആതുരസേവന രംഗത്ത് വേണ്ട  ധാര്‍മ്മികതയുടേയും ഉല്‍ക്രുഷ്ടമായ കരുതലിന്റേയും പ്രാധാന്യത്തെക്കുറിച്ച് യോഗ്യരായവര്‍ പ്രസംഗിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.  ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം രോഗികളെക്കുറിച്ചുള്ള സ്വകാര്യവും, രഹസ്യവുമായ വിവരങ്ങള്‍ ചോര്‍ന്നു പോകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നത് ആസ്പത്രി അധിക്രുതരെ ആശങ്കാകുലരാക്കുന്നുവെന്ന് എല്ലാവരും മനസ്സിലാക്കുകയും അതിനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ട ആവശ്യകതയും പ്രസ്തുത യോഗങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അമേരിക്കന്‍ മലയാളി നഴ്‌സുമാര്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചുകൊണ്ട് ഭാരതീയ പാരമ്പര്യത്തിന്റെ പ്രശക്തി വര്‍ദ്ധിപ്പിക്കുന്നു.  നഴ്‌സ് എന്ന ജോലിക്ക് ഇത്രമാത്രം മഹത്വം എന്ത് എന്ന് ചോദിക്കുന്നവരോട് അവര്‍ ഒരു പക്ഷെ മറുപടി പറയുകയില്ല. കാരണം ഈ ലോകത്തില്‍ ഈ ജോലി നിര്‍വഹിക്കുന്ന പരമപ്രധാനമായ കര്‍ത്തവ്യം അങ്ങനെ ഒന്ന് രണ്ടു വാക്കുകളില്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിയില്ല.  ഇന്ന് മനുഷ്യരുടെ ആയുസ്സ് വര്‍ദ്ധിച്ചു. എങ്ങനെ രോഗങ്ങള്‍ പ്രതിരോധിക്കാമെന്ന് അവരെ മനസ്സിലാക്കാന്‍ നഴ്‌സുമാര്‍ സഹായിക്കുന്നു.  അങ്ങനെ ഓരൊരുത്തരുടേയും വിലപ്പെട്ട ജീവനെ സംരക്ഷിക്കാന്‍ സന്നദ്ധത കാണിച്ച് ആതുരസേവന രംഗത്ത് പ്രകാശം പരത്തികൊണ്ട്   നില്‍ക്കുന്ന നഴ്‌സുമാരെ കൃതജ്ഞതാപൂര്‍വ്വം കൈകൂപ്പാം. "ഞാന്‍ ഒരു നഴ്‌സാണെന്ന് അഭിമാനപൂര്‍വ്വം അവര്‍ പറയുന്നത് കാതോര്‍ക്കാം. എല്ലാ നഴ്‌സുമാര്‍ക്കും അഭിനന്ദനങ്ങള്‍!

ശുഭം

Join WhatsApp News
girish nair 2020-05-10 12:28:53
ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ളോറന്‍സ് നൈറ്റിംഗെയ്‌ലിന്റെ ജന്മദിനമായ മെയ്‌ 12 അന്താരാഷ്‌ട്ര ആതുരസേവന ദിനമായി ആചരിക്കുന്നത്‌. ഈ വർഷം ഫ്‌ളോറന്‍സ് നൈറ്റിംഗെയ്‌ലിന്റെ 200 മത് ജന്മദിനം ആയതിനാൾ ലോകാരോഗ്യ സംഘടന ഈ വർഷം (2020) ആതുര സേവന വർഷം (INTERNATIONAL YEAR OF NURSE AND MIDWIFE) ആയി പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ മാലാഖമാർ സമൂഹത്തിനു നല്‍കുന്ന നിസ്വാർത്ഥ സേവനങ്ങളെ അനുസ്‌മരിക്കാനാണ്‌ എല്ലാ വർഷവും അന്താരാഷ്‌ട്ര ആതുരസേവന ദിനമായി ആചരിക്കുന്നത്‌. ഏതു പ്രതിസന്ധിയിലും ചിരിക്കുന്ന, ആത്മവിശ്വാസവും ആശ്വാസവും പകരുന്ന മുഖവുമായിട്ടാവും ഇവരെ നമ്മൾ കണ്ടിട്ടുണ്ടാവുക. മാരകമായ രോഗങ്ങൾ ഭീതി പടർത്തുന്നകാലത്ത് രാവും പകലും വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയം വച്ച് രോഗികളെ പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാരാണ് നഴ്സുമാർ എന്ന ആതുരസേവകർ. ഓരോ രോഗിയുടെയും മുന്നിൽ ചിരിച്ച മുഖത്തോടെയല്ലാതെ ഇവരെ കാണാൻ സാധിക്കാറില്ല. രോഗികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് ശുശ്രൂഷിക്കുമ്പോൾ തങ്ങളുടെ പ്രശ്നങ്ങൾ പലപ്പോഴും അതിലലിഞ്ഞ് ഇല്ലാതാകുന്നു. സിസ്റ്ററേ എന്നൊന്ന് വിളിക്കുമ്പോൾ ഓടി നമുക്ക് അരികിലേക്കെത്തുന്ന ഇവർ ശരിക്കും മാലാഖമാർ തന്നെയല്ലേ! ... എല്ലാ നഴ്‌സുമാർക്കും അഭിനന്ദനങ്ങൾ ഒപ്പം ലോകമെമ്പാടും കൊറോണ മഹാമാരി താണ്ഡവമാടുന്ന അവസരത്തിൽ നഴ്‌സുമാരെ സ്മരിച്ച് ഒരു ലേഖനം ത്യയ്യാറാക്കിയ ലേഖകനും അഭിനന്ദനം.
josecheripuram 2020-05-10 13:23:06
A very well written article,It's content is the life story of every Nurse.When you are ill,you are so helpless,a smile, a kind word can up lift your spirit tremendously.Medicine acts only if your mind is positive.
ഉയർത്തൽ മാണി 2020-05-10 13:35:54
നേഴ്സ് ചേട്ടായി അല്ലെങ്കിൽ നേഴ്സിന്റെ ചേട്ടായി നന്നായി എഴുതി
ഒരു കാലൻ ഭർത്താവ് 2020-05-10 13:45:54
ഈ വെള്ളരിപ്രാവുകളുടെയും മാലാഖാമാരുടെയും ഭർത്താക്കന്മാരെ കുറിച്ച് നിങ്ങൾ എഴുത്തുകാർ ചിന്തിക്കാറുണ്ടോ ? എന്റെ ഭാര്യ നിങ്ങൾ പറയുന്ന മാലാഖയിൽ അല്ലെങ്കിൽ വെള്ളരിപ്രാവിൽപെട്ടതാണെന്ന് അറിഞ്ഞ സമയം തുടങ്ങി എന്റെ സുഹൃത്തുക്കൾ അകലാൻ തുടങ്ങി. ജോലി സ്ഥലത്ത് ഒരുത്തൻ പറഞ്ഞത് 'ഇവൻ മരണം വിതയ്ക്കുന്ന കൊറോണ വൈറസിന്റെ വാഹകൻ ആണെന്നാണ്. ചുരുക്കി പറഞ്ഞാൽ കാലൻ . ബന്ധുക്കളും പോലും കെർബിന്റെ അരികിൽ സാധങ്ങൾ വച്ചട്ട് ഓടിക്കളയുകയാണ് . പണ്ട് എന്റെ കാരണവന്മാർ പറയാരോടും പുലയരോടും കാണിച്ച അയിത്തത്തിന്റെ കർമ്മ ഫലം പത്തിരട്ടിയായി മടങ്ങി വന്നിരിക്കുന്നു
Jyothylakshmy Nambiar 2020-05-10 14:40:36
ഒരു രോഗിയുടെ പരിചരണത്തിൽ ഒരു ഡോക്ടർ വഹിയ്ക്കുന്നതുനു തുല്യമായ, അതിൽ കൂടുതൽ എന്ന് വേണമെങ്കിൽ പറയാം പങ്ക് നേഴ്‌സിന്റേതാണ്. പക്ഷെ ചികിത്സിച്ച ഡോക്ടറെ എന്നും ഓർക്കുന്നവർ ഒരിയ്ക്കലും ഇവരുടെ സേവനത്തെക്കുറിച്ച് ഓർക്കാറില്ല എന്നതാണ്. എന്നിരുന്നാലും സമീപകാലത്ത് നേഴ്സെന്ന തൊഴിലിനോടുള്ള അവഗണനയ്ക്ക് മാറ്റം വന്നിട്ടുണ്ട്.
andrew.c 2020-05-10 16:04:43
Very beautiful narration & great tribute to front row fighters- the Nurses!
Ajmal kollamIthu njangaludae Samaria bayakan sudeer ikka allae 2020-05-10 19:18:46
Sudeer ikka ajmalaaa Nannnayi ezhuthiyallo
Sudhir Panikkaveetil 2020-05-10 20:28:34
അജ്മൽ ബായി ഞമ്മള് നിങ്ങള് ഉദ്ദേശിക്കുന്ന ആളല്ല.
Sudhir Panikkaveetil 2020-05-11 09:19:38
വായിച്ചതിനും അഭിപ്രായങ്ങൾ എഴുതിയതിനും എല്ലാവര്ക്കും നന്ദി.
Varughese Abraham Denver 2020-05-11 09:57:49
As usual, beautiful write up!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക