Image

കോവിഡ്-19 ലെ മുന്നണി പോരാളികളായ അമ്മമാരെ ഓര്‍ക്കുമ്പോള്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 10 May, 2020
കോവിഡ്-19 ലെ മുന്നണി പോരാളികളായ അമ്മമാരെ   ഓര്‍ക്കുമ്പോള്‍ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: 'അപ്പാ ദേ, അമ്മ വന്നു-' മകന്റെ മുഖത്തെ അങ്കലാപ്പ് കണ്ടപ്പോള്‍ ഒരു മാസം മുന്‍പ് വരെ അമ്മയുടെ വരവിനായി വഴിക്കണ്ണുമായി കാത്തിരുന്ന മകനെയാണ് ഓര്‍ത്തത്. 'അമ്മ വരും മുന്‍പ് തന്നെ തന്നെ മാസ്‌ക്കും ഗ്ളൗസും ഒക്കെ അണിഞ്ഞു തയാറായിരിക്കും. അവന്റെ പറച്ചില്‍ കേട്ടാല്‍ തോന്നും ആരോ വീട്ടില്‍ അതിക്രമിച്ചു കടക്കുകയാണെന്ന്. 

അമ്മ വീട്ടിനകത്ത് കയറി കുളിക്കാന്‍ കയറുന്നതു വരെ മുഖ ഭാവം കണ്ടാല്‍ ശത്രു അടുത്തെത്തി ജാഗ്രത പാലിക്കുക എന്ന മുന്നറിയിപ്പു പോലെയാണ്. 'അമ്മ കുളിച്ച് ഡ്രസ്സും മാറി മാസ്‌ക്കും ധരിച്ച് മുറിയില്‍ മുട്ടുമ്പോള്‍.... എന്റമ്മോ എന്റെ മടിയില്‍ ഇരിക്കുന്ന അവന്‍ കുതറി ഓടി അമ്മയുടെ ചാരത്തണയും.

പിന്നെയങ്ങോട്ട് അമ്മയുടെയും മകന്റെയും ലോകമാണ്. 'അമ്മ കൂടെ കളിക്കണം, ടി.വി. കാണുമ്പോള്‍ കൂടെയിരിക്കണം, ഭക്ഷണം വാരിക്കൊടുക്കണം, പുസ്തകം വായിച്ചുകൊടുക്കണം അങ്ങനെ ഉപാധികളില്ലാത്ത ഡിമാന്റുകളാണ്. 'അമ്മ ജോലി ചെയ്തു ക്ഷീണിച്ചതാ മാനേ. അമ്മയ്ക്കുറക്കം വരുന്നു എന്ന് പറഞ്ഞാല്‍ നോ... യു നീഡ് ടുസിറ്റ് വിത്ത് മീ! രാജകല്പന പോലെയാണ് ആ വാക്കുകളുടെ ഗാംഭീര്യം.. 

പിന്നെ ഉറക്കം തൂങ്ങി അവനുറക്കം വരും വരെ കൊഞ്ചലും കളിയും. അതിനിടെ ചേച്ചിയോ ഞാനോ അമ്മയോട് മിണ്ടാന്‍ പോലും പാടില്ല. ഒരുമിച്ച് സംസാരിച്ചാല്‍ അലറിക്കൂവി അവന്റെ സ്വരം മാറും. അമ്മ ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി എന്ന ഭാവം. ചേച്ചിക്കും പറയാനുണ്ടാകും അമ്മയോട് ഒരു പാട് കാര്യങ്ങള്‍. രണ്ടു പേരും മത്സരിച്ച് പരസ്പരം വഴക്കുണ്ടാക്കിയ കഥകളായിരിക്കും ഏറെ.

കാര്യങ്ങള്‍ പറഞ്ഞു സമര്‍ത്ഥിക്കുന്നതില്‍ രണ്ടുപേരും മത്സരിക്കും. ഒടുവില്‍ അമ്മ ന്യായവിധി നടത്തുമ്പോള്‍ പ്രതികൂല വിധി ലഭിക്കുന്നവര്‍ അലറിക്കൂവും. പിന്നെ അടി പിടി, വെടി, പുക.... ആകെ ബഹളമയം. അപ്പോഴേക്കും വീടിന്റെ വിളക്ക് സംഹാരരൂപം ധരിച്ചു രൗദ്രഭാവത്തില്‍ ആട്ടം തുടങ്ങും. ചില പൊട്ടലും ചീറ്റലിനും ശേഷം രംഗം ശാന്തമാകും. അപ്പോഴേക്കും അമ്മ വിളക്ക് ക്ഷീണിച്ചവശയായി ബെഡ്ഡിലഭയം പ്രാപിച്ചിരിക്കും.

ഇതെന്റെ മാത്രം വീട്ടിലെ കഥയല്ല കൊറോണ വൈറസ് മഹാമാരി വ്യാപനത്തെത്തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ ആയ മുഴുവന്‍ കുട്ടികളുടെയും അമ്മമാരുടെയും കഥയാണ്. ഹോം സ്‌കൂള്‍ മടുത്തു പരവശരായിരിക്കുകയാണ് നമ്മുടെ കുട്ടികള്‍. സ്‌കൂളിലാണെങ്കില്‍ കൂട്ടുകാരും ടീച്ചര്‍മാരുമായി സമയം പോകുന്നതറിയുന്നില്ല. എന്നെ പോലെവീട്ടില്‍ ക്വാറന്റനില്‍ ആയി ഇരിക്കുന്ന അപ്പന്മാരാണ് ഇപ്പോൾ  ഹോം സ്‌കൂളിലെഹെഡ്മാസ്റ്റര്‍മാര്‍.

ഇന്ന് മാതൃദിനം.

ഇന്ന് ആരെക്കുറിച്ച് എഴുതുമെന്നോര്‍ത്തപ്പോഴാണ് കോവിഡ് കാലത്തെ ഹീറോകളായ ആതുരസേവന രംഗത്തെ അമ്മമാരെക്കുറിച്ചെഴുതണമെന്നു തോന്നിയത്. 

ഈ കോവിഡ് കാലത്ത് എന്തുകൊണ്ടും എഴുതാന്‍ യോഗ്യതയുള്ളത് എന്റെ മക്കളുടെ അമ്മയെക്കുറിച്ചു തന്നെ. ഇവിടെ എന്റെ ഭാര്യയും മക്കളുടെ അമ്മയുമായ നെസി തോമസ് തടത്തില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ അവള്‍ ഉള്‍പ്പെടുന്ന അമ്മക്കിളികളെ ഓര്‍ക്കുകയല്ലേ ഉചിതം. ഇതു കേവലം എന്റെ മക്കളുടെ അമ്മയുടെ കഥ മാത്രമല്ല കേട്ടോ. ആതുരസേവനരംഗത്തെ ഹീറോകളായ ഒരുപാടു അമ്മമാര്‍ ഈ കോവിഡ്കാലത്ത് കടന്നുപോയ വഴികളിലൂടെയുള്ള സഞ്ചാരമാണ്. അതുകൊണ്ട് എല്ലാ അമ്മമാര്‍ക്കും ഈ ശുഭദിനത്തില്‍ മാതൃദിനാശംസകള്‍ നേരുന്നു.

എന്റെ ഭാര്യ നെസി  നേഴ്‌സ് പ്രാക്റ്റീഷനര്‍ ആണ്. സൈയിന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്റെറില്‍ എന്‍വിഷന്‍ എന്ന ഒരു ഡോക്‌റ്റേഴ്‌സ് ഗ്രൂപ്പില്‍ ഹോസ്പിറ്റലിസ്റ്റ് ആയി ജോലി ചെയ്യുന്നു. കൊറോണ തുടങ്ങിയ കാലം മുതല്‍ കോവിഡ് രോഗികളെ മാത്രം നോക്കുന്നു. ഒരു ദിവസം 10 മുതല്‍ 15 രോഗികളെ വരെ നോക്കിയിരുന്ന കാലമുണ്ട്.

ആദ്യത്തെ കൊറോണ രോഗിയെ അറ്റന്‍ഡ് ചെയ്യാന്‍ പോയപ്പോള്‍ കൈയ്യും കാലും വിറച്ച കാര്യം അവള്‍ എന്നോട് പറഞ്ഞത് ഓര്‍ക്കുന്നു. സ്‌തെതസ്‌കോപ്പ് രോഗിയുടെ പുറത്ത് വച്ച് ലങ്ങ്സിനുള്ളിലെ ശബ്ദം കേള്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പെരുമ്പറ കൊട്ടുന്ന പോലെ തോന്നി. അത് വിറകൊണ്ടു സ്വന്തം നെഞ്ച് പിടഞ്ഞതുകൊണ്ടാകാമെന്നു തോന്നി.

 തന്റെ പരിഭ്രമവുംവിറയലും ഭാവമൊക്കെകണ്ടപ്പോള്‍ രോഗിക്ക് കാര്യം മനസിലായി. അവര്‍ മന്ദഹസിച്ചു. ക്ഷമിക്കണം ആദ്യമായിട്ടാണു ഒരു കൊറോണ രോഗിയെ പരിശോധിക്കുന്നത്.... ഐ. നോ.. ദാറ്റ് ഈസ് ഓള്‍ റൈറ്റ്..എന്നായി രോഗി . പിന്നെ പതിയെ പതിയെ നെഞ്ചിടിപ്പ് കുറഞ്ഞു.

അന്നൊക്കെ കൊറോണ വൈറസിനെക്കുറിച്ച് വല്യ ധാരണകളൊന്നുമില്ല. എങ്ങനെയാണ് പകരുന്നതെന്ന് ഒരു അറിവുമില്ല. മാത്രമല്ല അന്ന് വെറും സര്‍ജിക്കല്‍ മാസ്‌ക്ക് മാത്രം ധരിച്ചാണ് രോഗികളെ കാണുക. എന്‍ 95 മാസ്‌ക്ക് കിട്ടിത്തുടങ്ങിയത് എത്രയോ ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്. ഫേസ് ആന്‍ഡ് ബോഡി കവറിംഗ് ഷീല്‍ഡ് ലഭ്യമായത് കഴിഞ്ഞ മാസം മാത്രം. ഇതിനു മുന്‍പ് വെറും സര്‍ജിക്കല്‍ മാസ്‌ക്ക് മാത്രം മാത്രം ഉപയോഗിച്ച് രോഗികളെ കാണാന്‍ പോയത് ഒരു ദുഃസ്വപ്നം പോലെയാണ് ഇപ്പോൾ  ഓര്‍മ്മിക്കുന്നത്. 

കഴിഞ്ഞ മാസം ആദ്യത്തെ ആഴ്ചയിലാണ് കോവിഡ്-19 എയര്‍ ബോണ്‍ ഡിസീസ് (വായുവില്‍ നില്‍ക്കാന്‍ കഴിയുന്നവ) ആണെന്നറിയുന്നത്. അതോടെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ക്രമീകരണങ്ങള്‍ മികവുറ്റതാക്കി. അതറിയും മുന്‍പ് പരിശോധിച്ച രോഗികളില്‍ നിന്ന് രോഗം പകരാതിരുന്നത് ദൈവകൃപകൊണ്ട് മാത്രമെന്നാണ് അവള്‍ കരുതുന്നത്.

ഞാനും എന്റെ മക്കളും കഴിയുന്നത് ഒരു മനുഷ്യ ബോംബിന്റെ കൂടെയാണെന്ന് ഞങ്ങള്‍ തമാശയായി പറയാറുണ്ട്. അത് ഒരു പരിധി വരെ ശരിയാണെന്ന് അവളും സമ്മതിക്കും. ഒന്നാമതായി എന്റെ പ്രതിരോധശേഷികുറവ്. രണ്ടാമത്, നെസി എന്നുംകാണുന്നതാകട്ടെ മുഴുവന്‍കോവിഡ് രോഗികള്‍. 

അതുകൊണ്ടുവീട്ടിലെത്തിയാല്‍ ഗരാജില്‍ വച്ചുതന്നെ ഡ്രസ്സ് മാറി അത് അലക്കാനിട്ടു കുളിക്കാന്‍ കയറും. നല്ല ചൂടുവെള്ളത്തില്‍ നല്ലവണ്ണം സോപ്പ് പതപ്പിച്ചുള്ള കുളി. അത് കഴിഞ്ഞാല്‍ ആവി പിടിച്ച് തൊണ്ടയും ശുദ്ധീകരിക്കും. അതിനു ശേഷംമാത്രമാണ് ഞാനും മക്കളും മാളത്തില്‍ നിന്ന് പുറത്തിറങ്ങാറുകയുള്ളു. പിന്നീടുള്ള പൊല്ലാപ്പുകളാണ് നേരത്തെ പറഞ്ഞത്.

എന്റെ മകന്‍ ഒരു 'അമ്മ മകനാണ്. മോളും അങ്ങനെ തന്നെ. എന്നാല്‍ എല്ലാവരും കരുതുന്നത് അവള്‍ അപ്പന്‍ മോളാണെന്നാണ്. അവള്‍ക്ക് എന്നോടുണ്ടായ അനുകമ്പയില്‍ നിന്നാണ്അവള്‍ അപ്പന്‍ മകളാണെന്ന് എല്ലാവര്‍ക്കും തോന്നിച്ചത്.

 എട്ടു വര്‍ഷത്തിനുശേഷം അനുജന്‍ ഉണ്ടായപ്പോഴാണ് അവളുടെ തനി നിറം മനസിലായത്. കുഞ്ഞുവാവയെ 'അമ്മ ലാളിക്കുന്നത് കാണുമ്പോള്‍ അവളില്‍ കുഞ്ഞു കുശുമ്പ് ഉണരും. അതോടെ എല്ലാ കാര്യങ്ങള്‍ക്കും അവള്‍ക്കമ്മ തന്നെ വേണമെന്ന ശാഠ്യം. എല്ലാവര്‍ക്കും അമ്മയോട് മാത്രം സംസാരിക്കണം. 'അമ്മ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നെ ആകെ പൊല്ലാപ്പ്. ഒരു തരം അറ്റെന്‍ഷന്‍ സീക്കിങ്ങ്. അപ്പനെ കണ്ടാല്‍ ആലുവ മണപ്പുറത്തു വച്ചു കണ്ട ഭാവം പോലുമുണ്ടാകില്ല.

അവന്‍ ഇപ്പോഴും അമ്മയില്ലാതെ ഉറങ്ങാറില്ല. അവനുണരും മുന്‍പ് അമ്മ ജോലിക്ക് പോകും. പിന്നെ വരുന്നത് രാത്രിയിലാണ്. കോവിഡ് കാലത്തു രോഗികളുടെ ആധിക്യം മൂലം എന്നും നേരം വൈകിയാണെത്തിയിരുന്നത്. അമ്മ എത്തും വരെ ഉറങ്ങാതെ കണ്ണും മിഴിച്ചിരിക്കും.

എട്ടു വയസു വരെ മോള്‍ ഐറീനും അങ്ങനെയായിരുന്നു. എന്നും കിടപ്പ് അമ്മയുടെ കൂടെ. മാറ്റിക്കിടത്താന്‍ നോക്കിയാല്‍ കാട്ടിൽ  ഉപേക്ഷിക്കുന്ന പൂച്ച വീട്ടില്‍ മടങ്ങിയെത്തുന്നപോലെ പാതിരാത്രിയില്‍ ഉറക്കത്തില്‍ നടന്ന് അമ്മയുടെ ബെഡില്‍ ലാന്‍ഡ് ചെയ്യും.

ഓര്‍മ്മകള്‍ മരിക്കുമോ? 

അമ്മമാര്‍ക്കൊപ്പം ഉറങ്ങിയ രാത്രികള്‍, അമ്മമാര്‍ കൈപിടിച്ചു നടത്തിയതും അമ്മയുടെ ചോരുളയുടെ സ്വാദുമൊക്കെ നാം  അപ്പനമ്മയാകുവോളമെന്നല്ല, പൊക്കിള്‍ക്കൊടിയുള്ളിടത്തോളം നിലനില്‍ക്കും. അതാണ് പെറ്റമ്മയുടെ മാന്ത്രിക അടയാളം!

ഒരു പാട് മക്കളുടെ അമ്മമാര്‍ അകാലത്തില്‍ കൊഴിഞ്ഞു പോയ കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്.  ലോകം മുഴുവന്‍ നിശ്ചലമാക്കിയ കോവിഡ് -19 എന്ന മഹാമാരിയില്‍ ലോകം മുഴുവന്‍ വീര്‍പ്പുമുട്ടുമ്പോള്‍ അമ്മ എന്ന രണ്ടക്ഷരമാണ് എല്ലവര്‍ക്കും ഒരു പ്രതീക്ഷയുടെ അടയാളം. 

നാം വേദനിക്കുമ്പോള്‍ ആദ്യം ഉച്ചരിക്കുന്ന വാക്ക്അമ്മയെയാണ്. സന്തോഷം കൊണ്ട് മതിമറക്കുമ്പോള്‍ ആദ്യം വിളിക്കുന്നതും എന്റമ്മേ എന്നാണ്. നാം അത്ഭുതസ്തംഭരായിരിക്കുമ്പോഴും ആദ്യം പ്രതിധ്വനിക്കുന്നതും 'അമ്മ എന്ന വാക്കാണ്. ഭൂമിയില്‍ ദൈവത്തിനു പകരം വയ്ക്കാനുള്ള മാന്ത്രിക വാക്കാണ് 'അമ്മ.

ആസന്നമായഈ കോവിഡ് കാലത്ത് ജീവന്‍ ത്യജിക്കപ്പെട്ട മിക്കവാറുമുള്ള ആളുകള്‍ അവസാനമായി പറഞ്ഞ വാക്കും അമ്മ എന്നായിരിക്കും. നാം ജനിക്കുമ്പോള്‍ ആദ്യമേ കരയുന്നത് അമ്മേ.... എന്ന് വിളിച്ചു കൊണ്ടായിരിക്കും. അമ്മയെന്ന രണ്ടക്ഷരമാണ് ഒരാളുടെ ജീവിതത്തില്‍ ഏറ്റവും ഉച്ചരിക്കപ്പെടുന്ന വാക്ക്. 

നമ്മെ വളര്‍ത്തി വലുതാക്കി പരിപോഷിപ്പിക്കുന്നതിലും അമ്മ തന്നെയാണ് ഏറെ പങ്കു വഹിക്കുന്നത്. 

സ്വന്തം വിശപ്പറിയാതെ നമ്മുടെ വിശപ്പറിയുന്നവളാണ് അമ്മ. 

നമ്മുടെ ദുഃഖങ്ങള്‍ ഹൃദയത്തില്‍ ആവാഹിക്കുന്നവളാണ് അമ്മ. 

നമ്മുടെ നന്മക്കായി ദൈവസന്നിധിയില്‍ ഉരുകുന്നവളാണ് അമ്മ. 

നാം ഉറങ്ങുമ്പോള്‍ കാവലിരിക്കുന്നവളാണമ്മ. 

നമ്മുടെ ജീവിത വിജയത്തിൽ  ഏറ്റവും ആനന്ദിക്കുന്നവളാണമ്മ. 

നമ്മുടെ ജീവിതകാലത്ത് മറക്കാന്‍ കഴിയാത്തവിധം അമ്മ നമുക്ക് നല്‍കിയ സ്‌നേഹം, അതിനു പകരം വയ്ക്കാന്‍ ജീവിതത്തില്‍ മറ്റൊന്നില്ല. 

എല്ലാ അമ്മമാര്‍ക്കും പ്രത്യേകിച്ച് കോവിഡ് കാലത്ത് മക്കളില്‍ നിന്ന് അകറ്റപ്പെട്ട അമ്മമാരേ സ്മരിച്ചുകൊണ്ട് ഏവര്‍ക്കും സന്തോഷകരമായ ഹാപ്പി മദേഴ്സ് ഡേ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക