Image

ബജറ്റിന്റെ പേരിലൊരു തിരുത്തല്‍വാദം

ജി.കെ. Published on 14 July, 2011
ബജറ്റിന്റെ പേരിലൊരു തിരുത്തല്‍വാദം
ഒരുസര്‍ക്കാരിന്റെ ഏറ്റവുംവലിയ നയപ്രഖ്യാപനമാണ്‌ ആ സര്‍ക്കാര്‍ വര്‍ഷാവര്‍ഷം നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ്‌ എന്ന്‌ ഏവരും വിളിക്കുന്ന സാമ്പത്തികനയരേഖ. കൂട്ടായ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും വ്യക്തമായ കാഴ്‌ചപ്പാടിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ബജറ്റ്‌ പ്രാദേശിക പരിഗണനകളോ സങ്കുചിത നിലപാടുകളോ ഇല്ലാതെ സംസ്ഥാനത്തിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തി തയാറാക്കിയിട്ടുള്ളതായിരിക്കും എന്നാണ്‌ പൊതുവെ വിശ്വസിയ്‌ക്കപ്പടുന്നത്‌. എന്നാല്‍ കാല്‍ നൂറ്റാണ്‌ടിനുശേഷം മാണിസാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച്‌ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉയര്‍ന്ന മുറുമുറുപ്പുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ബജറ്റിനെ കോട്ടയം -മലപ്പുറം ബജറ്റെന്ന്‌ പ്രതിപക്ഷം ആരോപിക്കുമ്പോള്‍ അതിനെ സാധൂകരിക്കാന്‍ ഭരണപക്ഷത്തുനിന്ന്‌ ഏതാനുംപേര്‍കൂടി ഉണ്‌ടെന്നുള്ളത്‌ ഒരു സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തെപോലും ചോദ്യം ചെയ്യുന്നതാണ്‌. ബജറ്റ്‌ അവതരണം പൂര്‍ത്തിയായ ഉടനെ കോണ്‍ഗ്രസിന്റെ ടി.എന്‍.പ്രതാപനും ജോസഫ്‌ വാഴയ്‌ക്കനും ഹൈബി ഈഡനും മാണി സാറുടെ അടുത്തെത്തി പരാതി പറഞ്ഞത്‌ വരാനുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിന്റെ മറ്റൊരു പോര്‍മുഖമാണ്‌ തുറക്കാന്‍ പോകുന്നതെന്ന സൂചനയും നല്‍കുന്നുണ്‌ട്‌.

എ ഗ്രൂപ്പുകാരനായ എം.എം.ഹസന്‍ എംഎല്‍മാരുടെ പരസ്യപ്രതിഷേധത്തെ തള്ളിപ്പറഞ്ഞപ്പോള്‍ എംഎല്‍എമാര്‍ ഉന്നയിച്ച പരാതികളും പരിഗണിക്കേണ്‌ടവയാണെന്ന തന്ത്രപരമായ നിലപാടാണ്‌ വിശാല ഐ ഗ്രൂപ്പിന്റെ കൂടി അധ്യക്ഷനായ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല സ്വീകരിച്ചത്‌. ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ മാണിസാര്‍ കോട്ടയത്തെ ഏതാനും റോഡുകളുടെ പേര്‌ പറഞ്ഞതുകൊണ്‌ടോ ഭരണങ്ങാനം വികസന അതോറിറ്റി പ്രഖ്യാപിച്ചതുകൊണ്‌ടോ ഉണ്‌ടായ പ്രതിഷേധല്ല ഇതെന്ന്‌ സാരം. ഇത്തരം പ്രതിഷേധങ്ങള്‍ മുളയിലേ നുള്ളണമെന്ന്‌ ഹസന്‍ വക്താവ്‌ പറയുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക്‌ ആവശ്യത്തിന്‌ വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കാന്‍ ചെന്നിത്തല പ്രത്യേകം ശ്രദ്ധിക്കുന്നുണ്‌ട്‌ എന്നതും വസ്‌തുതയാണ്‌.

ഇനി ഗ്രൂപ്പിന്റെ പേരിലായായലും മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ പേരിലായാലും ടി.എന്‍.പ്രതാപനും പ്രതിപക്ഷവും ചൂണ്‌ടിക്കാട്ടിയ വിഷയങ്ങള്‍ അത്ര നിസാരമായി തള്ളിക്കളയാവുന്നതല്ല എന്നതാണ്‌ വസ്‌തുത. കാല്‍നൂറ്റാണ്‌ടിന്റെ ഇടവേളയ്‌ക്ക്‌ ശേഷം മാണി സാര്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന്റെ സന്തുലിത വികസനത്തേക്കാള്‍ ചില പ്രത്യേക മേഖലകളുടെയും ജില്ലകളുടെയും താല്‍പര്യങ്ങള്‍ക്ക്‌ അനര്‍ഹമായ പ്രാമുഖ്യം ലഭിച്ചുവെന്ന ആരോപണത്തില്‍ കുറച്ചെങ്കിലും കഴമ്പുണ്‌ടെന്ന്‌ മനസ്സിലാക്കാന്‍ തോമസ്‌ ഐസക്കിനെപ്പോലെ വലിയ സാമ്പത്തിക വിശാരദനൊന്നും ആവേണ്‌ടതുമില്ല.

ബജറ്റില്‍ കോട്ടയത്തിന്‌ ലഭിച്ച പദ്ധതികളിലൂടെയും പാലക്കാട്‌, വയനാട്‌, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ ജില്ലകള്‍ക്ക്‌ ലഭിച്ച പദ്ധതികളിലൂടെയും ഒന്നു കണ്ണോടിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. കേന്ദ്രത്തില്‍ റെയില്‍വെ ബജറ്റവതരിപ്പിക്കുമ്പോള്‍ റെയില്‍ മന്ത്രിമാര്‍ സ്വന്തം സംസ്ഥാനത്തേക്ക്‌ കൂടുതല്‍ ട്രെയിന്‍ അനുവദിക്കുന്നതുപോലെയെ ഉള്ളൂ ഇതെന്നും പറഞ്ഞ്‌ തള്ളിക്കളയാവുന്നതല്ല ഭരണപക്ഷവും പ്രതിപക്ഷവും ചൂണ്‌ടിക്കാട്ടിയ വിഷയങ്ങള്‍. അത്‌ തിരിച്ചറിഞ്ഞതുകൊണ്‌ടോ വരുംദിവസങ്ങളില്‍ ഇക്കാര്യം പ്രതിപക്ഷം ആയുധമാക്കുമെന്നു പേടച്ചിട്ടോ എന്തായാലും ബജറ്റില്‍ തിരുത്തല്‍ വരുത്താമെന്ന്‌ മാണി സാര്‍ പറഞ്ഞ്‌ ശുഭസൂചന തന്നെയാണ്‌.

പ്രാദേശിക പരിഗണനകളെന്ന പ്രതിപക്ഷ ആരോപണത്തെ മാറ്റി നിര്‍ത്തി നേക്കിയാലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ജനങ്ങള്‍ക്ക്‌ ആശ്വസിയ്‌ക്കാന്‍ ബജറ്റില്‍ കാര്യമായ നടപടികളൊന്നുമില്ല എന്നത്‌ വികസനവും കരുതലുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനോട്‌ യോജിക്കുന്നതല്ല.

എങ്കിലും ചെറുകിട കര്‍ഷകര്‍ക്ക്‌ പെന്‍ഷന്‍ പരിരക്ഷ നല്‍കാനുള്ള തീരുമാനവും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും തൊഴില്‍ സൃഷ്‌ടിക്കാനായി സംരഭക വികസനമിഷന്‍ സ്ഥാപിക്കാനുള്ള തീരുമാനവും മലബാര്‍ മേഖലയില്‍ രണ്‌ടെണ്ണമുള്‍പ്പെടെ നാലു പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനുള്ള തീരുമാനവും മാണിസാറുടെ ബജറ്റിലെ തിളക്കങ്ങളാണ്‌.

ജിം മാതൃകയില്‍ എമര്‍ജിംഗ്‌ കേരള എന്ന പേരില്‍ നിക്ഷേപകസംഗമം നടത്തുമെന്ന പ്രഖ്യാപനമാണ്‌ ബജറ്റിലെ ഏറ്റവും വലിയ തമാശകളിലൊന്ന്‌. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുന്‍പ്‌ ജിം എന്ന പേരില്‍ നിക്ഷേപകസംഗമം നടത്തിപ്പോള്‍ സംസ്ഥാനത്തേക്ക്‌ എത്ര വ്യവസായങ്ങള്‍ ഒഴുകിവന്നുവെന്നത്‌ ഇന്നും അജ്ഞാതമാണ്‌. നിലപാടുകളോ സമീപനമോ മാറ്റാതെ നിക്ഷേപമാകര്‍ഷിക്കാന്‍ നിക്ഷേപകസംഗമങ്ങള്‍ക്കൊണ്‌ട്‌ കഴിയില്ലെന്ന തിരിച്ചറിവ്‌ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ ഉണ്‌ടാവാത്തിടത്തോളം കാലം ജിമ്മും എമര്‍ജിംഗ്‌ കേരളയുമെല്ലാം ഓരോ വര്‍ഷവും പുതിയ പേരുകളില്‍ അവതരിച്ചുകൊണ്‌ടിരിക്കും.

അതുപോലെ എല്ലാ ബജറ്റിലും ആവര്‍ത്തിക്കുന്ന മറ്റൊരു തമാശയാണ്‌ ചെറു നഗരങ്ങളിലും പഞ്ചായത്തുകളിലുമെല്ലാം കൂടുതല്‍ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം. അത്‌ ഈ ബജറ്റിലും ഉള്‍ക്കൊള്ളിക്കാന്‍ മാണിസാറും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്‌ട്‌. ആദ്യബജറ്റുമുതല്‍ തോമസ്‌ ഐസക്കും ഇതുതന്നെയായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇതുവരെ കേരളത്തില്‍ എത്ര ഐടി പാര്‍ക്കുകള്‍ തുടങ്ങിയെന്നതിന്‌ ഉത്തരം പറയാന്‍ ആറ്റുകാല്‍ രാധാകൃഷ്‌ണനുപോലും കഴിയുമെന്ന്‌ കരുതുന്നില്ല.

തോട്ടവിളഭൂമിയുടെ അഞ്ചു ശതമാനം മറ്റ്‌ കൃഷികള്‍ക്കും ഉപയോഗിക്കാമെന്നും കൃഷി നഷ്‌ടമാണെങ്കില്‍ അതിലൊരുഭാഗം ടൂറിസം പോലുള്ള പദ്ധതികള്‍ക്ക്‌ ഉപയോഗിക്കാമെന്നുമുള്ള പ്രഖ്യാപനവും ദൂരവ്യാപക പ്രത്യാഘതങ്ങളുണ്‌ടാക്കാന്‍ പോന്നതാണ്‌. പ്രത്യേകിച്ചും നെല്ലിയാമ്പതി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സര്‍ക്കാര്‍ പാട്ടത്തിന്‌ നല്‍കിയ എസ്റ്റേറ്റുകളില്‍ പാട്ടക്കരാര്‍ ലംഘനങ്ങള്‍ കണ്‌ടെത്തിയിട്ടുള്ള സാഹചര്യത്തില്‍.

കേരളത്തിന്‌ പ്രതീക്ഷവെയ്‌ക്കാവുന്ന ടൂറിസം മേഖലയില്‍ കാര്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല എന്നതും ബജറ്റിന്റെ പോരായ്‌മയാണ്‌. അതുകൊണ്‌ടു തന്നെ കാല്‍ നൂറ്റാണ്‌ടിനുശേഷം മാണി സാര്‍ അവതരിപ്പിച്ച ബജറ്റ്‌ വികസനത്തിന്റെ കാര്യത്തില്‍ കിതച്ചുനില്‍ക്കുന്ന കേരളത്തിന്‌ വലിയ കുതിപ്പേകുന്ന ഉത്തേജകം ആവുന്നതിനുപകരം ചെറിയൊരു ദാഹശമനി മാത്രമേ ആവുന്നുള്ളൂ.
ബജറ്റിന്റെ പേരിലൊരു തിരുത്തല്‍വാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക