Image

അമ്മ (കവിത: ഡോ.എസ്.രമ)

Published on 10 May, 2020
അമ്മ (കവിത: ഡോ.എസ്.രമ)
ഉദരത്തുടിപ്പിനുയിരേകും
നോവിനൊടുവിലൊരു
കുഞ്ഞുജീവനെ
ഹൃത്തോടു    ചേർത്തു...
പെണ്ണൊരുത്തിയമ്മയായതങ്ങിനെ....

കരഞ്ഞെത്തിയ കുഞ്ഞുമുഖത്തെ
കുഞ്ഞിക്കണ്ണുകളാ
പേറ്റുനോവും മറവിയാക്കി. .

വാക്കുകൾ വെമ്പുമൊരു  കുഞ്ഞിളം 
ചുണ്ടമ്മേ  യെന്നുച്ചരിക്കവേ
ആഹ്ലാദാശ്രുവുതിർത്തമ്മയും   
പുഞ്ചിരി തൂകി
പൊന്നോമനയെ
കഥകൾ ചൊല്ലിയൂട്ടി.
താരാട്ടിൻ  താളത്തിൽ ചേർത്തുറക്കി.

പിച്ച നടക്കും പിഞ്ചു പാദങ്ങളിടറാതെയെപ്പോഴുമാ 
കുഞ്ഞികൈകളും  മുറുകെ പിടിച്ചു.
ആഗ്രഹങ്ങളെ സമ്മാനമാക്കവേ
 ശാഠ്യങ്ങളെ ശാസന-
കളിലൊതുക്കിയമ്മ

രുചികളെയിഷ്ടങ്ങളാക്കവേ
രോഗശയ്യയിലാധിയുടെ 
കാവലാളായിമപൂട്ടാതെയമ്മ..

ദിനരാത്രങ്ങളും
 ദശാബ്ദങ്ങളായി...
നിഷ്കളങ്കതയെ  ഗൗരവമാക്കി
പിഞ്ചു  പാദങ്ങളാ
ത്മവിശ്വാസത്തിന്റെ
ചിറകിലേറി  പറന്നു പോയി.

ചിറകു തളർന്നൊരമ്മക്കിളിയെന്നും
കൂട്ടിൽ കാത്തിരുന്നു.
കൊഴിഞ്ഞ തൂവലിലും
കുഞ്ഞിഷ്ടങ്ങളെ ചേർത്തു വച്ചു.
കുഞ്ഞിന്റെ വരവും കാത്തിരുന്നു.

തന്നിലുമേറെ വളർന്നെന്നാലുമൊരമ്മമനസ്സിൽ
പൈതലെന്നും പൈതൽ തന്നെ

ചിരി വിടർന്ന കുഞ്ഞുമുഖം.
കുഞ്ഞി ക്കണ്ണുകൾ
ചുണ്ടിൽ വെമ്പിയ വാക്കുകൾ..
ഒരമ്മയുടെ ഓർമ്മപുസ്തകത്തിൽ 
മറ്റൊന്നുമില്ലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക