Image

പുഴുത്താറിച്ചക്ക (ചെറുകഥ: സാംജീവ്)

Published on 12 May, 2020
പുഴുത്താറിച്ചക്ക (ചെറുകഥ: സാംജീവ്)
പുഴുത്താറിപ്ലാവിന്റെ തണലില്‍ വെയിലാറിയ നേരത്തു രണ്ടു മനുഷ്യരൂപങ്ങള്‍ നില്ക്കുന്നു.
ഒരാണും ഒരു പെണ്ണും.
ചതുപ്പില്‍ തോമാ പാണക്കണ്ടന്‍ മാവിന്റെ മറവില്‍ നിന്നാണു കണ്ടത്.
പെണ്ണിന്റെ കൈകള്‍ നീളുന്നു.
ആ കൈകളില്‍ എന്താണുള്ളത്?
പുസ്തമാണോ? എഴുത്താണോ?
ആണിന്റെ കൈകള്‍ നീളുന്നു. പെണ്ണിന്റെ കൈകളില്‍ നിന്നും ആ സാധനം ഏറ്റു വാങ്ങുന്നു.
വലിയ സദാചാരഭൃംശം സംഭവിച്ചിരിക്കുന്നു. ചതുപ്പില്‍ തോമാ ആണിനെയും പെണ്ണിനെയും കണ്ടു.
പെണ്ണു കറുത്ത സാറായാണ്. ആ മരംകേറി സാറാ. പുതുവല്‍ മത്തായിയുടെ മകള്‍ സാറാ.
ചെറുക്കന്‍ ആശാരിച്ചെറുക്കന്‍ ആനന്ദനും.
പ്രായം തികഞ്ഞ പെണ്ണ്.
പ്രായം തികഞ്ഞ ചെറുക്കന്‍.
ഇരുണ്ട സന്ധ്യയില്‍ മറ്റാരുമില്ലാത്ത നേരത്ത്.

കാര്യം നാട്ടില്‍ പാട്ടായി. കറമ്പിത്താറായും ആശാരിച്ചെറുക്കനും പ്രേമത്തിലാണ്.
പട്ടാണിപ്പരമുവിന്റെ ചായക്കടയിലാണു വിസ്താരം.
“കറുത്ത പെണ്ണു തെറിച്ച പെണ്ണാണ്.”
“കറുത്ത പെണ്ണു നാടു മുടിക്കും.”
“അവള്‍ സ്കൂളില്‍ പോകുന്നതു ആമ്പിള്ളാരെ ചൂണ്ടയിടാനാണ്.”
“പക്ഷേ അവള്‍ സ്കൂളില്‍ പഷ്ടാണ്.”
“അവള്‍ കലാതിലകമാണെന്നു പറയുന്നു.”
“എത്ര തിലകമായാലും പുതുവല്‍ മത്തായിയുടെ മകള്‍ തന്നല്ലേ.”
“അതിനെന്താ? കാമത്തിനു കണ്ണില്ലല്ലോ.”
“പുതുവല്‍ മത്തായിയുടെ ഭാഗ്യം.”
“അതെന്താ?”
“സ്ത്രീധനം കൊടുക്കേണ്ടല്ലോ. മരം കേറി തന്നെ ഒരുത്തനെ ചൂണ്ടയിട്ടോളും.”
“അവള്‍ക്കീ ആശാരിച്ചെറുക്കനെ മാത്രമേ കിട്ടിയുള്ളോ?”
“അതിനെന്താ? അവന്‍ സിംബളനല്ലേ? കറമ്പിപ്പെണ്ണിനെ കെട്ടാന്‍ വേറാരു വരും?”
“പുതുവല്‍ മത്തായി മരംകേറി പെണ്ണിനെ കെട്ടിച്ചു വിടാന്‍ നോക്കട്ടെ.”
“കെട്ടിച്ചുവിടാന്‍ അവന്റെ കൈയില്‍ എന്തിരിക്കുന്നു? പുഴുത്താറി പ്ലാവിന്റെ ചക്ക കൊടുത്താല്‍ സ്ത്രീധനമാകുമോ?”
“ഇങ്ങനെപോയാല്‍ മരംകേറി തന്നെ സ്ത്രീധനം ഉണ്ടാക്കിക്കൊള്ളും.”
എല്ലാവരും ചിരിച്ചു. പട്ടാണിപ്പരമുവിന്റെ ചായക്കട ഇളകിച്ചിരിച്ചു.

സഭയിലെ മൂപ്പന്മാര്‍ വിവരം അറിഞ്ഞു. അവര്‍ സദാചാരത്തിന്റെ കാവല്‍ ഭടന്മാരാണ്. സമുദായക്കോടതി കൂടി. അവര്‍ പുതുവല്‍ മത്തായിയെ വിളിച്ചു ശാസിച്ചു.
“പെണ്ണിനെ നിലയ്ക്കു നിറുത്തണം .കെട്ടിച്ചു വിടാന്‍നോക്ക്. മരംകേറിപ്പെണ്ണു നാടു മുടിക്കും.”

അന്നുരാത്രി പുതുവല്‍ മത്തായി സാറായെ വിളിച്ചു ശാസിച്ചു.
“നേരം നോക്കണം
നില നോക്കണം
തന്നേ നോക്കണം
താന്‍ നോക്കണം.”
സാറാ പറഞ്ഞു.
“നാട്ടുകാര്‍ പറയുന്ന ബന്ധമൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ ഒരുമിച്ചു പഠിക്കുന്നവരല്ലേ? ഒരു നോട്ടുപസ്തകം വാങ്ങാനാണു ആനന്ദന്‍ ഇവിടെ വന്നത്. ഞാന്‍ കൊടുത്തു; അത്ര തന്നേ.”
പുതുവല്‍ മത്തായി മകളെ വിശ്വസിച്ചു. പക്ഷേ നാട്ടുകാര്‍ വിശ്വസിക്കണ്ടേ?


അയല്‍പക്കമാണു ആശാരിവീട്. ആനന്ദനും സാറായും സമപ്രായക്കാര്‍. അവര്‍ ഒരുമിച്ചാണു വളര്‍ന്നത്. പുഴുത്താറിപ്ലാവിന്റെ തണലില്‍ കളം വരച്ചു കളിച്ചിരുന്നു. കഞ്ഞിയും കറിയും ചിരട്ടയില്‍ പാകം ചെയ്തു കളിച്ചിരുന്നു.
അതു അന്തക്കാലം! ഇന്നവര്‍ കൊച്ചു കുട്ടികളല്ല. യുവത്വത്തിന്റെ പടിവാതിലില്‍ നില്ക്കുന്നവരാണു. നന്മതിന്മകളെ തിരിച്ചറിയുന്ന അറിവിന്റെ വൃക്ഷത്തണലിലാണു ഇന്നവര്‍. വിലക്കപ്പട്ട കനി തിന്നരുത്. അതു വേദപുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതാ.

പെരിയസ്വാമി വന്നു. പുതുവല്‍ മത്തായി സ്വീകരിച്ചിരുത്തി. ഒടിഞ്ഞ ഒരു കസേര മാത്രമാണു വീട്ടിലുള്ളത്. അതു കയറുകൊണ്ടു കെട്ടി ബലപ്പെടുത്തിയിട്ടുണ്ട്.
മുട്ടുവരെ കിടക്കുന്ന ളോഹ പോലെയുള്ള ജുബായാണു പെരിയസ്വാമിയുടെ വേഷം. കഴുത്തില്‍ ഉത്തരീയം വളച്ചു ഇട്ടിട്ടുണ്ട്. റിസ്റ്റുവാച്ചില്ല. പകരം പോക്കറ്റുവാച്ചുണ്ട്. അതിന്റെ സ്വര്‍ണ്ണത്തുടല്‍ പോക്കറ്റില്‍ നിന്നും ബട്ടണ്‍ഹോളിലേയ്ക്കു നീണ്ടു പോകുന്നു.
“മത്തായിച്ചാ, സാറയ്ക്കു പത്തിരുപതു വയസ്സായില്ലേ? എന്താണു നിങ്ങളുടെ പ്ലാന്‍?” പെരിയ സ്വാമി ചോദിച്ചു.
“അവള്‍ക്ക് ഇരുപതു ആയില്ല. അതിനു രണ്ടു കൊല്ലം കൂടി പോണം. ഹൈസ്ക്കൂള്‍ പസ്റ്റു ക്ലാസില്‍ പാസായി നില്ക്കുവാ. തുടര്‍ന്നു പടിപ്പിക്കാന്‍ നിവര്‍ത്തിയില്ല.” മത്തായി പറഞ്ഞു.

“ശരിയാണ്. പെണ്‍പിള്ളാരെ കൂടുതല്‍ പഠിപ്പിക്കുന്നതു ബുദ്ധിയല്ല. കൂടുതല്‍ പഠിക്കുന്തോറും നമ്മുടെ ഭാരം കൂടും. അതുമാത്രം. അതിനു തക്ക ചെറുക്കന്‍ വേണ്ടേ കെട്ടാന്‍? അപ്പോള്‍ സ്ത്രീധനവും കൂടും. അല്ലാതെ ഇക്കാലത്തു ആരും ധര്‍മ്മക്കല്യാണത്തിനു വരികയില്ല. അതു കൊണ്ട് അവളെ കെട്ടിച്ചു വിടാന്‍ നോക്ക്.” പെരിയസ്വാമി ഉപദേശിച്ചു.

“അതിനു പണം വേണ്ടേ? ഞാന്‍ എങ്ങനെ പണമുണ്ടാക്കും? താമസിക്കുന്നതു പുതുവല്‍ ഭൂമിയിലാ. ഇന്നാളു പാര്‍വത്യാരു വന്നു പറഞ്ഞു ഇറങ്ങുന്നതാ ബുദ്ധിയെന്ന്. പിന്നയ്യാള്‍ക്കു കൈക്കൂലി കൊടുക്കാന്‍ പനന്തയ്യത്തു കുറുപ്പാണു 50 രൂപാ തന്നത്. ആ കടം ഇനിയും കിടക്കുന്നു.” പുതുവല്‍ മത്തായി തന്റെ ഗതികേടു വിശദീകരിച്ചു.
“ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ മത്തായിച്ചനു അലോഹ്യമാകരുത്. നിങ്ങടെ നന്മയ്ക്കുള്ള കാര്യമാ. ഇഷ്ടമല്ലെങ്കില്‍ വിട്ടു കളയുക.”
“എന്താണാവോ പെരിയസ്വാമിക്കു പറയാനുള്ളത്?” പുതുവല്‍ മത്തായി ആരാഞ്ഞു. സംഭാഷണം കുഞ്ഞേലിയാമ്മ കേട്ടു. അവര്‍ അടുക്കളയുടെ കതകിന്റെ മറവിലേയ്ക്കു മാറി നിന്നു. പിന്നില്‍ സാറയും ഒളിച്ചു നിന്നു. എന്തായിരിക്കും പെരിയസ്വാമി പറയാന്‍ പോകുന്ന നന്മയ്ക്കുള്ള കാര്യം? അവര്‍ക്കും കേള്‍ക്കാന്‍ ജിജ്ഞാസയായി.

“മധുരയ്ക്കടുത്ത് വാണിപ്പേട്ട എന്നൊരു സ്ഥലമുണ്ട്. നമ്മുടെ ആള്‍ക്കാരാ അവിടെ മുഴുവനും. അരുളപ്പന്‍ സ്വാമിയുടെ കാലത്തു വലിയ ഉണര്‍വ്വുണ്ടായ സ്ഥലമാ. നല്ല മിടുക്കന്മാരായ ആമ്പിള്ളാരുണ്ട്. നല്ല സ്വഭാവ ഗുണമുള്ളവര്‍. ആ പിള്ളാര്‍ക്കു നമ്മുടെ നസ്രാണി പെണ്‍പിള്ളാരെ ഇഷ്ടമാ. സ്ത്രീധനം കൊടുക്കേണ്ട. അവരു നമ്മടെ പിള്ളാരെ പൊന്നുപോലെ നോക്കിക്കൊള്ളും. എന്റെ പരിചയത്തില്‍ തന്നെ പല പിള്ളാരുണ്ട്. നമ്മുടെ സാറായ്ക്കു ചേരുന്ന ഒരുത്തനെ ഞാന്‍ കണ്ടുപിടിച്ചു വച്ചിട്ടുണ്ട്. നിങ്ങള്‍ക്കു ഇഷ്ടമാണെങ്കില്‍ ഞാന്‍ അടുത്താഴ്ച തന്നെ അവനെ ഇവിടെത്തിക്കാം. ഞാന്‍ ഇടയ്ക്കിടയ്ക്കു സന്ദര്‍ശിക്കാറുള്ള സ്ഥലമല്യോ വാണിപ്പേട്ട.” പെരിയസ്വാമി പറഞ്ഞു.
“അയ്യോ അതു വേണ്ടാ. പെണ്ണിനെ പാണ്ടിയില്‍ കെട്ടിച്ചയക്കാനോ? അതു നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലല്ലോ. കണ്ണും കാതും എത്താത്തിടത്തു പെണ്ണിനെ പറഞ്ഞയയ്ക്കാനോ?” കുഞ്ഞേലിയാമ്മ ഉള്ളു തുറന്നു.
“വേണ്ടങ്കില്‍ വേണ്ടാ. നിങ്ങള്‍ക്കു നന്മ വരുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞെന്നേയുള്ളു. എന്റെ മനസ്സിലൊള്ള ചെറുക്കന്‍ കാശൊള്ളവനാ. ഈ ബന്ധം നടന്നാല്‍ നിങ്ങളും കര കേറും. അതേ എനിക്കു പറയാനൊള്ളു.”
പുതുവല്‍ മത്തായി ഒന്നും പറഞ്ഞില്ല.
“മത്തായിച്ചന്‍ എന്തു പറയുന്നു?”
“പെരിയസ്വാമി, കയ്ചിട്ടു ഇറക്കാനും വയ്യാ, മധുരിച്ചിട്ടു തുപ്പാനും വയ്യാ എന്നു പണ്ടാരാണ്ടോ പറഞ്ഞ പോലെയാ.”
“നിങ്ങള്‍ ആലോചിച്ചിട്ടു പറഞ്ഞാല്‍ മതി. പിന്നെ ദൂരം, അതു വല്യ കാര്യമൊന്നുമല്ല. കൊട്ടാരക്കര റയില്‍വേസ്‌റ്റേഷനില്‍ സന്ധ്യയ്ക്കു വരുന്ന മദിരാശിമെയില്‍ വണ്ടിയില്‍ കേറിയാല്‍ നേരം വെളുക്കുമ്പോഴേയ്ക്കും മധുരയിലെത്തും. ഞാന്‍ പതിവായി പോകുന്നതല്യോ.”
പെരിയസ്വാമി പ്രാര്‍ത്ഥിച്ചു പെട്ടെന്നിറങ്ങി. പുതുവല്‍ മത്തായി ഒരു രൂപാ പെരിയസ്വാമിക്കു ദക്ഷിണ കൊടുത്തു. അതു പതിവൊള്ളതാ. പെരിയസ്വാമി വെളുക്കെ ചിരിച്ചു. പെരിയസ്വാമി കൈ നീട്ടിക്കൊണ്ടു തന്നെ പറഞ്ഞു.
“ഓ, ഇതിന്റെ ഒന്നും ആവശ്യമില്ല മത്തായിച്ചാ.”

രണ്ടാഴ്ച കഴിഞ്ഞു പെരിയസ്വാമി വീണ്ടും വന്നു. ഇത്തവണ രണ്ടു മൂന്നു പേരും കൂടിയുണ്ടായിരുന്നു. കൂട്ടത്തില്‍ പ്രായം കുറഞ്ഞ ഒരുവനു മീശയുണ്ടായിരുന്നു; പ്രേംനസീര്‍ സ്‌റ്റൈലിലുള്ള മേല്‍മീശ. പക്ഷേ മീശയുണ്ടെന്നു പറയുകയില്ല, ഒരൊറ്റ നോട്ടത്തിില്‍. അവന്റെ ത്വക്കിന്റെ നിറവും മീശയുടെ നിറവും ഒന്നു തന്നേ. അവന്റെ കണ്ണുകള്‍ പുതുവല്‍ മത്തായിയുടെ കുടിലില്‍ ഇഴഞ്ഞു നടന്നു; ഇരയെ തേടി നടക്കുന്ന ചേരയെപ്പോലെ.

“നിനക്കു ചെറുക്കനെ ഇഷ്ടപ്പെട്ടോടി?” കുഞ്ഞേലിയാമ്മ ആരാഞ്ഞു.
“ഇഷ്ടപ്പെട്ടു; വളരെ ഇഷ്ടപ്പെട്ടു.” അര നിമിഷം കഴിഞ്ഞു സാറാ ആത്മഗതമെന്നോണം പറഞ്ഞു.
“പുഴുത്താറിച്ചക്കയ്ക്ക് ഒരു പുഴുക്കേടു കൂടി.”
അല്പം ഉറക്കെയുള്ള ആ ആത്മഗതം പുതുവല്‍ മത്തായി കേട്ടു. അയാളുടെ ഹൃദയത്തില്‍ ഒരു വെള്ളിടി ആഞ്ഞു പതിച്ചു.
രണ്ടാഴ്ച കഴിഞ്ഞു. ഒരു സായംസന്ധ്യയില്‍ പുതുവല്‍ മത്തായിയുടെ കുടിലില്‍ നിന്നും ഒരു പ്രാര്‍ത്ഥനാഗീതം ഉയര്‍ന്നു.
എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായി ഞാന്‍
എന്തു ചെയ്യേണ്ടു നിനക്കേശു പരാഇപ്പോള്‍
നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേന്‍ദേവാ
പാട്ടു കഴിഞ്ഞ് പെരിയസ്വാമി തന്നെ ഒരു സങ്കീര്‍ത്തനം വായിച്ചു. നാല്പത്തഞ്ചാം സങ്കീര്‍ത്തനം. അതിന്റെ പത്താം വാക്യം പെരിയസ്വാമി അടിവരയിട്ടതു പോലെ എടുത്തു വായിച്ചു.
അല്ലയോ കുമാരീ, കേള്‍ക്ക, നോക്കുക, ചെവിചായ്ക്ക. സ്വജനത്തേയും നിന്റെ പിതൃഭവനത്തെയും മറക്കുക.
വാക്യം ഉറക്കെ വായിച്ചിട്ടു പെരിയസ്വാമി സാറയുടെ മുഖത്തേയ്കു നോക്കി. അറക്കുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവളുടെ മുഖം നിര്‍ജ്ജീവമായിരുന്നു.

പാട്ടുകേട്ടു ആശാരിവീട്ടിലെ ആനന്ദന്‍ പുതുവല്‍ മത്തായിയുടെ വീട്ടിലേയ്ക്കു നടന്നു. അവിടെ പലര്‍ കൂടിയിട്ടുണ്ട്; ഇണങ്ങരാണ്; ചില ബന്ധുക്കളും. കുഞ്ഞേലിയാമ്മ ചിണുങ്ങുന്നു. മറ്റു ചില സ്ത്രീകളുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു.
പെരിയസ്വാമി പ്രാര്‍ത്ഥിച്ചു. പെരിയസ്വാമി പ്രാര്‍ത്ഥിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ വലിച്ചു നീട്ടും. ആ ആന്ദോളനങ്ങള്‍ വിശ്വാസികളില്‍ ഭക്തിരസം കൂട്ടും.
“മധുര വരെ പോകാനുള്ളതാ. ഏഴു മണിക്കു തന്നെ റയില്‍വേസ്‌റ്റേഷനില്‍ ചെല്ലണം. പെട്ടെന്നാകട്ടെ.” ചതുപ്പില്‍ തോമാ ശബ്ദമുയര്‍ത്തി. അയാള്‍ക്കു ശബ്ദമുയര്‍ത്താം. അയാള്‍ സമുദായത്തിലെ പ്രധാനിയാണ്.
കല്യാണപ്പെണ്ണും പെരിയസ്വാമിയുടെ അമമാളും അഞ്ചു പുരുഷന്മാരും അടങ്ങുന്ന കൂട്ടമാണു കല്യാണപ്പാര്‍ട്ടി. പെണ്ണിനു കൂട്ടായിട്ടാണു പെരിയസ്വാമിയുടെ ഭാര്യ.
മുറ്റത്തേയ്ക്കിറങ്ങിയ സാറാ പ്ലാവിനു മറഞ്ഞു നില്ക്കുന്ന ആനന്ദനെ കണ്ടു. ആനന്ദന്‍ പുഴുത്താറിപ്ലാവിനെ കെട്ടിപ്പിടിച്ചാണു നില്ക്കുന്നത്; അഞ്ചു വയസ്സുകാരന്‍ കുട്ടി അമ്മയെ കെട്ടിപ്പിടിച്ചു നില്ക്കുന്നതു പോലെ.
നാലു കണ്ണുകള്‍ ഇടഞ്ഞു.
നാലു കണ്ണുകള്‍ നനഞ്ഞു.

കാലത്തിന്റെ പ്രവാഹത്തില്‍ അര ശതാബ്ദം ഒലിച്ചൊലിച്ചു പോയി. അടുത്ത കാലത്തു ഞങ്ങളുടെ നാട്ടില്‍ നിന്നും ഒരു സുവിശേഷകന്‍ വാണിപ്പേട്ട സന്ദര്‍ശിച്ചു. യോഗം കഴിഞ്ഞപ്പോള്‍ തല നരച്ച ഒരു വൃദ്ധ മുന്നോട്ടുവന്നു. അവര്‍ തമിഴു കലര്‍ന്ന മലയാളഭാഷയില്‍ സുവിശേഷകനോടു ചോദിച്ചു.
“നിങ്കള്‍ ചിറയ്ക്കല്‍ തങ്കമ്മാവിന്‍ മകന്‍ താനേ? താടിയില്‍ കറുത്ത മറുകുള്ള തങ്കമ്മയുടെ മകന്‍?”
“അതേ, അമ്മയ്ക്കു എന്നെ എങ്ങനെ അറിയാം?” സുവിശേഷകന്‍ അല്പം അമ്പരപ്പോടെ പ്രതിവചിച്ചു.
“നാന്‍ പുതുവല്‍ മത്തായി മഹള്‍. മൂത്ത മഹള്‍ സാറാ.” വൃദ്ധ പറഞ്ഞു.
“പുതുവല്‍ മത്തായിച്ചായന്റെ ഒരു മകളെ പാണ്ടിനാട്ടില്‍ കെട്ടിച്ചിട്ടുണ്ടെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാണാന്‍ കഴിഞ്ഞല്ലോ.”
“കെട്ടിച്ചുവെന്നു പറഞ്ഞാല്‍ ശരിയാവില്ല. ഊരേ വിട്ടു തുരത്തപ്പെട്ടേന്‍, കൈതികള്‍ മാതിരി. കുറ്റവാളികളെ പണ്ടു ആന്‍ഡമാന്‍ ദ്വീപിലേയ്ക്കു നാടു കടത്തിയിരുന്നില്ലേ? അതു പോലെ.”
“അതിനനമ്മ കുറ്റവാളിയൊന്നുമല്ലല്ലോ നാടു കടത്താന്‍.” ഉത്തരം മുട്ടിയ സുവിശേഷകന്‍ പുലമ്പി.
“ആരു പറഞ്ഞു കുറ്റവാളി അല്ലെന്നു?” വൃദ്ധ തുടര്‍ന്നു.
“പെണ്ണായി പിറന്നതു തന്നെ കുറ്റം; അതും സമ്പത്തില്ലാത്ത വീട്ടില്‍. പിന്നെ കറുത്ത പെണ്ണായി പിറന്നതു അതിലും വലിയ കുറ്റം.” ഒരു നിമിഷം മൌനമായി നിന്നിട്ടു വൃദ്ധ ചോദിച്ചു.
“ഉങ്ക നാട്ടില്‍ പരുത്തിയറ പേരില്‍ ഊര്‍ ഇരുക്കിറതാ?”
“ഉണ്ട്, കാളച്ചന്ത അവിടെയാണല്ലോ.”
“അതേ, മാടിനെ വില്ക്കുന്ന സ്ഥലം. ഒരു മാടായി പിറന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു; ഇറച്ചിവിലയെങ്കിലും അപ്പനു ലഭിക്കുമായിരുന്നു.”
“അമ്മയ്ക്കു സുഖമാണോ ഇവിടെ?” സുവിശേഷകന്‍ വാക്കുകള്‍ക്കു പരതി.
“സുഖം തന്നെ, പരമസുഖം.”
“കുടുംബമെല്ലാം ഇവിടെത്തന്നെയല്ലേ?”
“തന്നെ, തന്നെ.” അടുത്തുകൂടി നിന്ന ഒരു പറ്റം കുട്ടികളെ നോക്കി വൃദ്ധ പ്രതിവചിച്ചു.
“നോക്കൂ, ഇതെല്ലാം പേരക്കൊടന്തകള്‍.”
“അതു കൊള്ളുപ്പേത്തി.” ഒരു പെണ്‍കുട്ടിയെ ചൂണ്ടി വൃദ്ധ പറഞ്ഞു.
“എത്രയുണ്ടെന്നു എനിക്കു തന്നെ അറിയില്ല. മുപ്പതോ നാല്പതോ കാണും.”
“പുതവല്‍ മത്തായിച്ചായന്‍ മരിച്ചതു അറിഞ്ഞിട്ടുണ്ടാവുമല്ലോ?” സുവിശേഷകന്‍ ചോദിച്ചു. വൃദ്ധയുടെ മുഖത്തെ നിസംഗമനോഭാവം സുവിശേഷകന്‍ ശ്രദ്ധിച്ചു. അതില്‍ വെറുപ്പിന്റെ ഒരംശം ഒളിഞ്ഞു കിടപ്പുണ്ടോ!
“ങാ, എനക്കു ജോണിക്കുട്ടി ഇറന്തം ഒരു കടിതം കിടൈത്തത്.” പുതുവല്‍ മത്തായിയുടെ ഇളയ മകനാണു ജോണിക്കുട്ടി.
“മോനേ, ഞങ്ങളുടെ വീടിന്റെ കിഴക്കു വശത്തു നിന്നിരുന്ന ആ പുഴുത്താറി പ്ലാവ് ഇപ്പോഴും ഉണ്ടോ?” സാറാത്തള്ള ചോദിച്ചു.
“ഇല്ല, രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു ജോണിക്കുട്ടി അതു വെട്ടി വിറ്റു.”
“കഷ്ടം; അതു വേണ്ടായിരുന്നു. ആ പുഴുത്താറിപ്ലാവാണു എന്നെ വളര്‍ത്തിയത്. അവള്‍ തന്ന ചക്ക കൊണ്ടാണു ഞാനും എന്റെ വീടും ജീവന്‍ നിലനിറുത്തിയത്; പട്ടിണി നാളുകളില്‍. അവളുടെ തണലില്‍ ഇരുന്നാണു ഞാനും ആനന്ദനും കളിച്ചത്, പഠിച്ചത്, വളര്‍ന്നത്.
ഒരിക്കല്‍ ഞാനവളെ കെട്ടിപ്പിടിച്ചു. ഞാന്‍ ഒത്തിരി കരഞ്ഞു.
അവള്‍ വെറും പ്ലാവായിരുന്നില്ല. എനിക്കു അമ്മയോ അക്കായോ ആയിരുന്നു.
വെട്ടിവിറ്റു. എന്നുടയ ഗതി താന്‍ അവള്‍ക്കും.”
“ഇനി നാട്ടിലേയ്‌കൊന്നു വന്നുകൂടേ? നാടൊക്കെ വളരെ മാറി.” വിഷയം മാറ്റാനെന്നോണം സുവിശേഷകന്‍ പറഞ്ഞു.

“എന്തിനു വരണം കുഞ്ഞേ? എന്റെ പുഴുത്താറിപ്ലാവ് ഉണ്ടായിരുന്നുവെങ്കില്‍, അവളെ കാണാന്‍ വരാമായിരുന്നു. മനുഷ്യനെക്കാള്‍ എത്ര നല്ലവളായിരുന്നു പുഴുത്താറിപ്ലാവ്.”
യാത്ര പറയുന്നതിനു മുമ്പു സുവിശേഷകനോടു സാറാത്തള്ള ചോദിച്ചു.
“മോനേ, ആ ആനന്ദന്‍ സാറു ജീവിച്ചിരിപ്പുണ്ടോ? ആശാരിവീട്ടിലെ ആനന്ദന്‍?”
സുവിശേഷകന്‍ അതിനു മറുപടി പറഞ്ഞില്ല. അയാളുടെ മുഖഭാവം സാറാത്തള്ള വായിച്ചറിഞ്ഞു. അവര്‍ ചങ്ങമ്പുഴയുടെ മദിരോത്സവത്തിലെ നാലു വരികള്‍ പാടി, ആത്മഗതമെന്നോണം. കലാതിലകം സാറാ ഹൈസ്ക്കൂളില്‍ പഠിച്ചതാവണം.
“കഴിയുന്നു വത്സരങ്ങള്‍
കഴിയുന്നു ജീവിതങ്ങള്‍
കഴിയുന്നു കഴിയുന്നു ജഗത്തിലെന്തും
കഴിയല്‍! ആപ്പദം പോലും കരയലല്ലേ?”

പെട്ടെന്നു സാറാത്തള്ളയുയുടെ കൈകള്‍ നീണ്ടു. ഒരു യാചകിയുടെ കൈകള്‍. സുവിശേഷകന്‍ അവരുടെ ഒട്ടിയ വയറിലേയ്ക്കും വിറയ്ക്കുന്ന കൈകകളിലേയ്ക്കും നോക്കി. അയാള്‍ കീശയില്‍ പരതി. ചില കറന്‍സി നോട്ടുകള്‍ തപ്പിയെടുത്തു. അതു വിറയ്ക്കുന്ന കൈകളില്‍ വച്ചു കൊടുത്തു.
നിറയുന്ന കണ്ണുകള്‍ സുവിശേഷകന്‍ കാണാതിരിക്കാനാവണം സാറാത്തള്ള പെട്ടെന്നു തിരിഞ്ഞു നടന്നു. പത്തടി നടന്ന അവര്‍ ഒരു നിമിഷം നിന്നു. പെട്ടെന്നു തിരിച്ചു വന്നു. കൈയിലിരുന്ന കറന്‍സി നോട്ടുകള്‍ സുവിശേഷകന്റെ കീശയില്‍ അവര്‍ തന്നെ ബലമായി നിക്ഷേപിച്ചു.
“ഈ കാശ് ആനന്ദന്റെ കുഞ്ഞുങ്ങളില്‍ ആര്‍ക്കെങ്കിലും കൊടുത്തേയ്ക്കണം. ഒരിക്കല്‍ വിശപ്പു മാറ്റാന്‍ ആശാരി വീട്ടില്‍ നിന്നും ഒരു കോപ്പ കഞ്ഞി ആരും കാണാതെ ആനന്ദന്‍ എനിക്കു കൊണ്ടു തന്നിട്ടുണ്ട്.”

ഒരു ഊന്നു വടിയില്‍ ഭാരമര്‍പ്പിച്ചു നീങ്ങുന്ന വൃദ്ധയുടെ രൂപം ചോദ്യചിഹ്നം മനുഷ്യരൂപമെടുത്തതു പോലെ തോന്നി. ചോദ്യചിഹ്നം ചെറുതായി ചെറുതായി പാതയോരത്തു ഒരു ബിന്ദുവായി പരിണമിച്ചു.
Join WhatsApp News
RAJU THOMAS 2020-05-13 21:09:00
Heart-rending! Such pathos! With such truth of life. Such stuff makes for great literature, if written well, like here. Also, it took my mind off this accursed Corona. The ending is superb: she faded into the distance like a question mark dwindling to a point.
ജീവിതം സാക്ഷി 2020-05-13 23:01:21
ഉള്ളടക്കം ഗ്രഹിച്ചു വായിക്കുമ്പോൾ കണ്ണ് നിറയും!! ഇത് താങ്കളുടെ നേരിട്ടറിയാവുന്നവരുടേയോ, അല്ലെങ്കിൽ ആത്മകഥ തന്നെയോ സംജീവ്? എന്തായാലും ഹൃദയത്തിൽ കൊണ്ടു...
പ്ലാവിൻ ചുവട്ടിലെ പറയാത്ത പ്രണയം 2020-05-13 23:14:13
ആ പുഴുത്താറി പ്ലാവ് എനിക്ക് കാണാൻ പറ്റുന്നുണ്ട്, ആനന്ദനെയും സാറയെയും കാണാൻ പറ്റുന്നുണ്ട്, പട്ടാണി പരമുവിനെയും ചായക്കടയിലെ അപവാദ പ്രചാരകരെ കാണാൻ പറ്റുന്നുണ്ട്... Oh God, what a strong story.....
ഉപയോഗശൂന്യർ 2020-05-14 12:06:11
കഥാകാരാ.. നിങ്ങൾ ഒരു ആണായിപ്പോയി!! സ്ത്രീ ജനങ്ങളുടെ പേരും ഫോട്ടോയും ആയിരുന്നെങ്കിൽ ഇവിടുത്തെ പ്രതികരണ തൊഴിലാളികൾ ചാടിവീണേനെ, വീറോടെ മത്സരിച്ചു പുകഴ്ത്തിയേനെ. അങ്ങോട്ടും ഇങ്ങോട്ടും മാത്രം പുറം ചൊറിയലിൽ കോൾമയിൽ കൊള്ളുന്ന ഒരു പറ്റം... നല്ല ഒരു കഥാകാരൻറെ സൃഷ്ട്ടികളെ തിരിഞ്ഞുപോലും നോക്കുകയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക