Image

ലോക്ക്‌ ഡൗണ്‍ വില്ലനായി, ആദ്യ സിനിമ തീര്‍ക്കാന്‍ കഴിയാതെ ഈ സംവിധായകന്‍

Published on 13 May, 2020
ലോക്ക്‌ ഡൗണ്‍ വില്ലനായി, ആദ്യ സിനിമ തീര്‍ക്കാന്‍ കഴിയാതെ ഈ സംവിധായകന്‍

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന സ്വപ്‌ന സാക്ഷാത്‌ക്കാരത്തിനു മേല്‍ അപ്രതീക്‌ഷിത ലോക്ക്‌ ഡൗണ്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇനിയും മോചിതനാകാന്‍ കഴിയാതെ വിഷമിക്കുകയാണ്‌ ഷാജി യൂസഫ്‌ എന്ന സംവിധായകന്‍. വര്‍ഷങ്ങള്‍ മനസിലിട്ട്‌ കൊണ്ടു നടന്ന മോഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്‌. 

എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തീകരിച്ചതിനു ശേഷം ഇദ്ദേഹത്തിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഷാജി തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത എണ്‍പതുകളിലെ ഏഭ്യന്‍മാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌ കഴിഞ്ഞെങ്കിലും പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇത്‌ വലിയ സാമ്പത്തിക ബാധ്യത വരുത്തി വച്ചു. വീടിന്റെ ആധാരം വരെ പണയപ്പെടുത്തിയാണ്‌ ഷാജി തന്റെ ചിത്രം ഒരുക്കിയത്‌.

സീരിയലുകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു ഷാജി. ആ സമയത്ത്‌ തിരക്കഥകള്‍ എഴുതുന്നതിലായിരുന്നു ഷാജിക്ക്‌ താല്‍പര്യം. തന്റെ ചില സുഹൃത്തുക്കളുമായി അങ്ങനെ പല കഥകളും പറഞ്ഞിരുന്നത്‌ പിന്നീട്‌ സിനിമകളായി വന്നതോടെ ഷാജി നിരാശനായി പിന്‍വാങ്ങി സിനിമ എന്ന മോഹം കൈവിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം മക്കളിലൊരാള്‍ സൗണ്ട്‌ എന്‍ജിനീയറും മറ്റൊരാള്‍ എഡിറ്ററുമായി. അങ്ങനെയാണ്‌ സിനിമയെന്ന സ്വപ്‌നത്തിലു പിന്നാലെ ഷാജി വീണ്ടും യാത്ര തുടങ്ങിയത്‌.

മക്കള്‍ മുതിര്‍ന്നപ്പോള്‍ റിക്കോര്‍ഡിങ്ങ്‌ സ്റ്റുഡിയോ ആരംഭിച്ചു. അയ്യപ്പഭക്തിഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ സിഡി നിര്‍മ്മിച്ചു. ചില കാരണങ്ങളാല്‍ ഇതിന്റെ റിലീസ്‌ നടന്നില്ല. പിന്നീട്‌ റിലീസുമായി മുന്നോട്ടു പോയെങ്കിലും നോട്ടു നിരോധനവും മറ്റും പ്രതികൂലമായി ബാധിച്ചു. കടബാധ്യതയില്‍ മുങ്ങുകയായിരുന്നു ഷാജി ഓരോ ദിവസവും. ഒടുവില്‍ കടം വീട്ടാന്‍ വേണ്ടി നിധി പോലെ കാത്തു സൂക്ഷിച്ചിരുന്ന ക്യാമറയും മറ്റുപകരണങ്ങളും വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ക്യാമറയും മറ്റും വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ സഹായത്തിനെത്തി. സാജു കൊടിയന്‍, ഫസല്‍, ജോബി ആന്റിണി എന്നിവര്‍ പിന്തുണയുമായെത്തി. അവരുടെ സഹായത്താലാണ്‌ സിനിമ പൂര്‍ത്തിയാക്കിയത്‌. 

എന്നാല്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്‌ നടത്താന്‍ തുടങ്ങുമ്പോള്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപനം വന്നു. കൈയ്യിലെ പണം മുഴുവന്‍ ചിത്രത്തിനു വേണ്ടി ചിലവഴിച്ചിരുന്നു. വിതരണത്തിനെടുക്കാന്‍ പലരും തയ്യാറായെങ്കിലും പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതു കൊണ്ട്‌ അതിനും സാധിച്ചില്ല.

ചെന്നൈയിലെ സ്റ്റുഡിയോയിലാണ്‌ ബാക്കി ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ളത്‌. അതെപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന്‌ ഷാജിക്കറിയില്ല. ബാങ്കില്‍ നിന്നെടുത്ത വായ്‌പയുടെ പലിശ ഓരോ ദിവസവും കഴിയുമ്പോള്‍ കൂടുകയാണ്‌. സ്വന്തമായി ഒരു വീടു പോലും ഉണ്ടായിരുന്നില്ല.

 അടുത്ത കാലത്താണ്‌ അത്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. എന്നാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ അതിന്റെ ആധാരവും പണയപ്പെടുത്തേണ്ടി വന്നു. ഏറെ ആഗ്രഹിച്ച്‌ മക്കള്‍ക്കായി നിര്‍മിച്ച റിക്കോര്‍ഡിങ്ങ്‌ സ്റ്റുഡിയോയും കൈവിട്ടു പോകുമെന്ന അവസ്ഥയാണ്‌.

എണ്‍പതുകളിലെ ഏഭ്യന്‍മാര്‍ എന്ന ചിത്രത്തിലെ നായക വേഷം ചെയ്‌തിരിക്കുന്നത്‌ ഇദ്ദേഹത്തിന്റെ മകന്‍ നിസാം ആണ്‌. ഐശ്വര്യ, റിയ, സോഫിയ എന്നിവരാണ്‌ നായികമാരായി എത്തുന്നത്‌. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ സംഗീത സംവിധായകന്‍ ശരത്തിന്റെ സഹോദരന്‍
രഞ്‌ജിത്താണ്‌. 

രണ്ടു ഗാനങ്ങള്‍ പാടിയിരിക്കുന്നത്‌ വിജയ്‌ യശുദാസുമാണ്‌. അപ്‌സല്‍, ജിതിന്‍രാജ്‌ എന്നിവരും ഷാജി യൂസഫിന്റെ മകള്‍ വര്‍ഷയും ഈ ചിത്രത്തിനു വേണ്ടി പാടിയിട്ടുണ്ട്‌. ഗാനരചന ഷാജി തന്നെയാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. സീമ.ജി.നായര്‍, കുളപ്പുള്ളി ലീല, ജയകൃഷ്‌ണന്‍ എന്നിവരാണ്‌ മറ്റു താരങ്ങള്‍. റോബി തങ്കച്ചനാണ്‌ ഛായാഗ്രഹണം.     
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക