Image

മുഖ്യമന്ത്രി പിണറായി വിജയനോട്‌ രാഘവ ലോറന്‍സിന്റെ അഭ്യര്‍ത്ഥന

Published on 13 May, 2020
മുഖ്യമന്ത്രി പിണറായി വിജയനോട്‌  രാഘവ ലോറന്‍സിന്റെ അഭ്യര്‍ത്ഥന
 

കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളത്തിന്‌ ഉള്‍പ്പെടെ വലിയ തോതിലുള്ള സഹായങ്ങള്‍ നല്‍കി ശ്രദ്ധേയനായ നടനും സംവിധായകനുമാണ്‌ രാഘവ ലോറന്‍സ്‌. ജനങ്ങള്‍ക്കു വേണ്ടി ഒരുപാട്‌ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അദ്ദേഹം ഒരു വ്യക്തിയെന്ന നിലയില്‍ തന്റെ സഹജീവികള്‍ക്കു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെയധികം ശ്രദ്ധേയമാണ്‌. 

തന്റെ പുതിയ സിനിമയായ ചന്ദ്രമുഖി 2 വിന്‌ അഭിനയിക്കുന്നതിലായി അഡ്വാന്‍സായി ലഭിച്ച മൂന്നു കോടി രൂപയും കോവിഡ്‌ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി മാറ്റി വച്ച അദ്ദേഹം തന്റെ സുമനസ്‌ ഇപ്പോഴും തുടരുകയാണ്‌. 

ഇപ്പോഴിതാ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനോട്‌ നടത്തിയ അഭ്യര്‍ത്ഥനയാണ്‌ ഏറെ ശ്രദ്ധേയമായിരിക്കുന്നത്‌. തമിഴ്‌നാട്‌ മാധ്യമപ്രവര്‍ത്തകന്‍ അശോകന്റെ അമ്മ, തിരുവനന്തപുരത്തെ പ്രശസ്‌തമായ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച സംഭവത്തില്‍ മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള അഭ്യര്‍ത്ഥന കൂടിയാണിത്‌.

റൂമറ്റോയിഡ്‌ ആര്‍ത്രൈറ്റിസ്‌ ചികിത്സയിലിരിക്കേയാണ്‌ അശോകിന്റെ അമ്മ മരിച്ചത്‌. പോസ്റ്റ്‌മോര്‍ട്ടംകഴിഞ്ഞ്‌ അന്ത്യകര്‍മ്മങ്ങള്‍ക്കായി തമിഴ്‌നാട്ടിലെ ശുചീന്ദ്രം എന്ന സ്ഥലത്തേക്കാണ്‌ കൊണ്ടു പോകേണ്ടത്‌. 

എന്നാല്‍ പണമടയ്‌ക്കാത്തതു കാരണം ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടു നല്‍കാത്ത സാഹചര്യമാണ്‌. ഈ സാഹചര്യത്തിലായിരുന്നു രാഘവ ലോറന്‍സിന്റെ അഭ്യര്‍ത്ഥന. പണം രണ്ടു ദിവസത്തിനുള്ളില്‍ താന്‍ അടച്ചോളാം എന്നാണ്‌ അദ്ദേഹം അറിയിച്ചിരിക്കുന്നത്‌. മൃതദേഹം വിട്ടു കിട്ടുന്നതിനായി ഒന്നര ലക്ഷം രൂപയാണ്‌ സ്വകാര്യ ആശുപത്രിയില്‍ അടയ്‌ക്കേണ്ടത്‌. 

അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി എത്രയും വേഗം മൃതദേഹം വിട്ടുകിട്ടണമെന്നാണ്‌ രാഘവ ലോറന്‍സ്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. ,കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിന്‌ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക