Image

റൂം വാടക നല്‍കാന്‍ കഴിയാതെ പ്രവാസികള്‍

Published on 14 May, 2020
റൂം വാടക നല്‍കാന്‍ കഴിയാതെ പ്രവാസികള്‍

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ഫ്‌ലാറ്റ് വാടക നല്കാന്‍ കഴിയാതെ വിദേശി തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നു. രാജ്യത്തെ വിദേശികള്‍ തിങ്ങി താമസിക്കുന്ന പല പ്രദേശങ്ങളിലും ഭീതിയോടെയാണ് വാടകക്കാര്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടു മാസമായി വാടക കൊടുക്കാത്തതിനെ തുടര്‍ന്നു പല ഫ്‌ലാറ്റുകളിലും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്. സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാതെ റൂമില്‍ തന്നെ അടച്ചിരിക്കുകയാണ് മിക്കവരും. വാടക കൃത്യ സമയത്ത് നല്‍കിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കി ഫ്‌ലാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസുകളും പതിച്ചിട്ടുണ്ട് .

കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതോടെ ആയിരക്കണക്കിനു പേര്‍ക്കാണ് വരുമാന മാര്‍ഗം നിലച്ചിരിക്കുന്നത്, മറ്റു ചില സ്ഥാപനങ്ങള്‍ ജോലിക്കാരോട് ശമ്പളമില്ലാത്ത അവധിയിലിരിക്കാനും ആവശ്യപ്പെട്ടിരിക്കയാണ്. തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ തന്നെ പലരും തൊഴിലാളികളുടെ എണ്ണവുംകുറച്ചിട്ടുണ്ട്. എന്നാല്‍ അപൂര്‍വം വരുന്ന കെട്ടിട ഉടമകള്‍ 25 മുതല്‍ 50 ശതമാനം വരെ വാടകയില്‍ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്.

ജോലികള്‍ നിര്‍ത്തിവച്ചതിനാല്‍ വാടക നല്‍കാന്‍ ബുദ്ധിമുട്ടുള്ള പ്രവാസികളുടെ അവസ്ഥ മനസിലാക്കിയ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ ''നിങ്ങളുടെ വാടകക്കാരെ സഹായിക്കുക'' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചെങ്കിലും മിക്ക കെട്ടിട ഉടമകളും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസങ്ങളിലായി ഒട്ടുമിക്ക കമ്പിനികളും ശമ്പളം വിതരണം ചെയ്തിട്ടില്ല. പല കമ്പിനികളും 50 ശതമാനത്തിലേറെ ശമ്പളം വെട്ടി കുറയ്ക്കുകകയും ചെയ്തിട്ടുണ്ട്.കോവിഡ് പ്രതിസന്ധിയില്‍ വിഷമിക്കുന്ന വാടകക്കാരെ സഹായിക്കാന്‍ കെട്ടിട ഉടമകള്‍ തയാറാകണമെന്നും അത് തങ്ങളുടെ കടമയായി കരുതുന്നമെന്നും അസോസിയേഷന്‍ കെട്ടിട ഉടമകളോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. അതിനിടെ രാജ്യത്തെ അസാധാരണ സാഹചര്യത്തില്‍ വാടക നല്‍കാത്തതിന്റെ പേരില്‍ ആരെയും ഇറക്കി വിടരുതെന്ന് നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു .

ഈ വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് എംപിമാര്‍ നോട്ടീസും നല്കിയിട്ടുണ്ട്. വാടക പിരിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക