Image

ചൈന പുറത്തുവിട്ട കണക്കുകള്‍ കെട്ടിച്ചമച്ചത്; സൈനിക സര്‍വ്വകലാശാലയിലെ വിവര ചോര്‍ച്ചയില്‍ പുറത്തു വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നത്

Published on 16 May, 2020
ചൈന പുറത്തുവിട്ട കണക്കുകള്‍ കെട്ടിച്ചമച്ചത്; സൈനിക സര്‍വ്വകലാശാലയിലെ വിവര ചോര്‍ച്ചയില്‍ പുറത്തു വരുന്ന  കണക്കുകള്‍ ഞെട്ടിക്കുന്നത്

ഡല്‍ഹി: കൊറോണ രോഗവ്യാപനത്തെക്കുറിച്ചും മരണ സംഖ്യയെക്കുറിച്ചും ചൈന പുറത്തു വിടുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവയെന്ന് റിപ്പോര്‍ട്ട്. 


ചൈനയിലെ ഒരു സൈനിക നിയന്ത്രിത സര്‍വ്വകലാശാലയില്‍ നിന്നും ചോര്‍ന്ന വിവരങ്ങളാണ് ഞെട്ടിക്കുന്ന പുതിയ കണക്കുകള്‍ക്ക് ആധാരം.


എണ്‍പത്തിനാലായിരം പേര്‍ക്ക് മാത്രമാണ് ചൈനയില്‍ കൊവിഡ് 19 ബാധിച്ചത് എന്നാണ് ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തു വിടുന്ന വിവരം. എന്നാല്‍ ആറ് ലക്ഷത്തി നാല്പതിനായിരത്തിലധികം പേര്‍ക്ക് ചൈനയില്‍ രോഗബാധയുണ്ടായതായാണ് കണക്കുകള്‍. 


രോഗബാധയുമായി ബന്ധപ്പെട്ട കണക്കുകളില്‍ ചൈന സുതാര്യത പുലര്‍ത്തുന്നില്ലെന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിമര്‍ശനത്തിന് പിന്‍ബലം നല്‍കുന്നതാണ് പുതിയ കണക്കുകള്‍.


2020 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. 230 നഗരങ്ങളിലെ 640,000 കൊവിഡ് കേസുകളുടെ കണക്കുകളാണ് ഹാക്കര്‍മാര്‍ പുറത്തു വിട്ടിരിക്കുന്നത്. 


മരണപ്പെട്ടവരുടെയും രോഗമുക്തരായവരുടെയും കണക്കുകളിലും ചൈന കൃത്രിമം കാട്ടിയിട്ടുണ്ടന്നാണ് വിവരം. ഇതിന്റെ യഥാര്‍ത്ഥ കണക്കുകളും ഉടന്‍ പുറത്തു വരുമെന്നാണ് സൂചന. കൊവിഡ് വിവരങ്ങളില്‍ വെള്ളം ചേര്‍ത്തു എന്ന ആരോപണം നേരിടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വിവരം.


ചൈന കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ കള്ളം പറയുന്നുവെന്നും ചൈനീസ് സര്‍ക്കാര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് ആവര്‍ത്തിച്ച്‌ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക