Image

നീലച്ചിറകുള്ള മൂക്കുത്തികൾ ..13 -സന റബ്‌സ്

Published on 16 May, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ  ..13  -സന റബ്‌സ്


ഒരു നിമിഷം കഴിഞ്ഞ് മിലാന്‍ സ്വരം വീണ്ടെടുത്തു. “വിദേത്, വിവ്ഹത്തിനു തിടുക്കം കൂട്ടിയത് ഞാനല്ല. അമ്മയെ കാണാനും  സമ്മതം വാങ്ങാനുമെല്ലാം  എന്നേക്കാള്‍ തിടുക്കം വിദേതിനായിരുന്നു.”

“ഐ നോ. ഐ നോ. ഒഫ്കോഴ്സ് ദാറ്റ്‌സ് മി… ഇപ്പോള്‍ മൈന്‍ഡ് ഫ്രീ ആകുന്നില്ല. അതാണ് പറഞ്ഞത്. നാളെയും ഓരോ തിരക്കുകള്‍ ആണ്. സ്വസ്ഥമായി ഒരിടത്തിരുന്നിട്ട്തന്നെ കുറെ ദിവസങ്ങളായി. ഓരോന്ന് ഒതുക്കുമ്പോള്‍ തിരമാല പോലെ അടുത്തത് വരുന്നുണ്ടാകും.”

“ശരി വിദേത്. എനിക്കൊരു വിരോധവുമില്ല.  സമയമാകട്ടെ.” അവള്‍ പറഞ്ഞു.

“വെയ്ക്കട്ടെ...നീ മറ്റൊന്നും വിചാരിക്കേണ്ട. അഞ്ചു മിനുട്ട് ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ വിളിക്കും. എടുത്തില്ലെങ്കില്‍ മെസ്സജോ വോയിസ്‌ ക്ലിപ്പോ ഇടണം.  തിരികെ ഫോണിനരികില്‍ ഫ്രീയായി എത്തിയാല്‍ ഉടനെ ഞാന്‍ വിളിച്ചോളം.”

“ഉം...”അവള്‍ മൂളി.

അയാള്‍ ഫോണ്‍ വെച്ചിട്ടും കുറേനേരം അവള്‍ കണ്ണടച്ചിരുന്നു. എന്തോ മനസ്സാകെ അസ്വസ്ഥം! കൂടെയുള്ളവര്‍ ദൂരേക്ക് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു നീറ്റല്‍പോലെ. തന്‍റെയും വിദേതിന്റെയും മാനസികനിലകള്‍ വ്യത്യസ്തമാണെന്ന് അവള്‍ക്കറിയാം. ഒരു സെലിബ്രിറ്റിയുടെ മനസ്സ് തന്നില്‍ ആവേശിക്കാത്തതാണോ തന്‍റെ അസ്വസ്ഥതയ്ക്ക് ഇപ്പോഴും കാരണം?”

 ബാക്കിയുള്ള രാത്രി അവളുടെ മുന്നില്‍ നിവര്‍ന്നങ്ങനെ കിടന്നു.   പുലരാറായപ്പോള്‍  അവള്‍ റിനുവിനെ വിളിച്ചു. ഉറക്കച്ചടവോടെ റിനു വിളികേട്ടു. “എന്താടാ ഇത്ര നേരത്തെ?... ഉറങ്ങിയില്ലേ ..?

“റിനൂ....”അവള്‍ പതുക്കെ വിളിച്ചു. അവളുടെ സ്വരം അടഞ്ഞിരുന്നു.

“എന്ത് പറ്റി മിലൂ....” പെട്ടെന്ന് റിനു ഗൌരവത്തിലായി.

“ഒന്നുമില്ല ..  ഒരു കാര്യമറിയാന്‍ ആയിരുന്നു.  നീയന്നു ഫ്ലൈറ്റില്‍ വെച്ച് വിദേതിനേയും തനൂജയേയും  കണ്ടെന്ന്പറഞ്ഞില്ലേ... തനൂജ പിന്നീട് എങ്ങോട്ട് പോയെന്ന് അറിയാമോ...?”

“ഇല്ലല്ലോ...  എന്താ കാര്യം...?”

“ചോദിച്ചെന്നേയുള്ളൂ ...  വെറുതെ...”

“ഫ്ലൈറ്റ് ഇറങ്ങുമ്പോഴും   രണ്ട്പേരും കൂടെത്തന്നെ ആയിരുന്നു. എനിക്ക് ലഗേജ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് വെയിറ്റ് ചെയ്യേണ്ടി വന്നില്ല. എന്തേ ചോദിക്കാന്‍...?”

“ഏയ്.... ചുമ്മാ.... വെയ്ക്കട്ടെ... ഉറക്കം വരുന്നു... രാത്രി തീരെ ഉറക്കം വന്നില്ലായിരുന്നു.” പറഞ്ഞിട്ട് മിലാന്‍ ഫോണ്‍ വെച്ചു.

റിനുവിനാകെ   കണ്‍ഫ്യൂഷനായി. എന്താണ് മിലാന്‍ ഇത്ര രാവിലെ വിളിച്ചുണര്‍ത്തി ഒന്നും പറയാതെ ഫോണ്‍ വെച്ച് പോയത്. എന്തോ ഉണ്ടല്ലോ..... റിനു കിടന്നുകൊണ്ട് തന്നെ തന്റെ ഫോണില്‍ ഒരു നമ്പര്‍ ഡയല്‍ ചെയ്തു. കുറച്ചു കഴിഞ്ഞു അവള്‍ മിലാനെ തിരികെ വിളിച്ചു.

“തനൂജ അന്ന് എവിടെപ്പോയി  എന്നറിയാനാണോ നീ വിളിച്ചത്?  അവള്‍ അവിടെ നിന്നും നേരെ ദാസിന്‍റെ കൂടെ അയാളുടെ വീട്ടില്‍ പോയി. അന്നവിടെ താമസിച്ചിട്ടില്ല. തനൂജ  അന്ന് വൈകുന്നേരം പങ്കെടുത്ത പരിപാടികള്‍ ഉണ്ട്. രാത്രി താമസിച്ചത് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍....  വേണമെങ്കില്‍ സ്യൂട്ട്‌നമ്പറും തപ്പിയെടുക്കാം. വേണോ?”

“ആര് പറഞ്ഞു ഇത്രയും കാര്യങ്ങള്‍ നിന്നോട്?”  മിലാന്‍  അല്പം അവിശ്വസനീയതയോടെ ചോദിച്ചു.

“എന്‍റെ മോളെ, ഇതിനൊക്കെ നമ്മുടെ കൈയില്‍ ആളുകളുണ്ട്. ഒന്ന് ഡയല്‍ ചെയ്യുകയേ വേണ്ടൂ...” റിനു ചിരിച്ചു.

“വിദേത് എന്നെ വിളിച്ചിരുന്നു. പക്ഷെ ഇതൊന്നും പറഞ്ഞില്ല.”

“ശരി, എന്താ നിന്റെ മൂഡോഫിനു കാരണം? അത് പറ...”  റിനു  ചോദ്യം ആവര്‍ത്തിച്ചു.

“ഒന്നുമില്ല, വിദേത് വിളിച്ചപ്പോള്‍  വിവാഹം  കുറച്ച് നീട്ടാന്‍ പറഞ്ഞു. തിരക്കുകളാണ് കാരണമായി പറഞ്ഞത്. പക്ഷേ എനിക്കെന്തോ....”  മിലാന്‍ അടഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

 “അത്രേയുള്ളൂ. ഞാന്‍ കരുതി എന്തോ ആനക്കാര്യമാണെന്ന്.... നീയും അയാളും തിരക്കുകളില്‍ അല്ലെ. പോസിറ്റീവായി  എടുക്കൂ.”

“ഉം.... ശരി.” മിലാന്  യാതൊരു ഉന്മേഷവും തോന്നിയില്ല. തനൂജ വീട്ടിലേക്ക് വന്ന കാര്യം അയാള്‍ പറഞ്ഞില്ലല്ലോ എന്നത് കനലായി എരിഞ്ഞുകൊണ്ടിരുന്നു. 

      മിലാനോട്  ഇക്കാര്യങ്ങള്‍ പറഞ്ഞില്ല എന്നത് ദാസിന്‍റെ മനസ്സിലും അല്പം  അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.  മറ്റൊരു സന്ദര്‍ഭത്തില്‍ ആകട്ടെ എന്നയാള്‍ കരുതി.  തനൂജയെ പിണക്കാനും വയ്യ.  ഐപിഎല്ലില്‍ കോടികള്‍ മുടക്കിയിരിക്കുന്നു. ഉടനെ യുഎസില്‍ പോകേണ്ടി വരും. യാത്രകള്‍ ഒരുമിച്ചാവാന്‍ സാധ്യതകളേറെ കിടക്കുന്നു.  സ്വാധീനവും പണവും കൂടാതെ അതിസാമര്‍ത്ഥ്യവും  ഉള്ളവരോട് സൂക്ഷിച്ചേ നില്‍ക്കാന്‍ പറ്റൂ.

 അടുത്ത ദിവസത്തെ യുഎസ് യാത്രയിലേക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ അയാള്‍ ഓഫീസില്‍ വിളിച്ചു പറഞ്ഞു. പതിവിന് വിപരീതമായി അയാളുടെ പി എ  നാരായണസാമി  വൈകുന്നേരം അയാളെ കാണാനെത്തി.

“ടിക്കെറ്റ് ആന്‍ഡ്‌ ഫോര്‍മാലിറ്റീസ് കഴിഞ്ഞില്ലേ?  എനിതിംഗ് സ്പെഷ്യല്‍?”

“യെസ്  സാബ്, സാബിന്‍റെ  ടിക്കെറ്റ് ആന്‍ഡ്‌ സ്റ്റേ ഏര്‍പ്പാട് ചെയ്തിരിക്കുന്നത് തനൂജാ മേഡം ആണ്. ഞാന്‍ അവരെ വിളിച്ചിരുന്നു. യുഎസ്  കാര്യങ്ങള്‍ തനൂജാമേഡം  നോക്കിക്കൊള്ളാം എന്നാണ് പറഞ്ഞത്.” നാരായണസാമി പറഞ്ഞത് കേട്ട് ദാസിന്റെ നെറ്റിയില്‍ വരകള്‍ വീണു.

“ഓക്കേ, ഞാന്‍ നോക്കിക്കൊള്ളാം. ലെറ്റ്‌ മി ഹാന്റ്റില്‍ ദിസ്‌.” അയാള്‍ പറഞ്ഞു.

അത്യാവശ്യമായ ബിസിനസ് മീറ്റിംഗുകള്‍ അയാള്‍ക്കന്നുണ്ടായിരുന്നു. പൂനെയില്‍ ഒരു ജ്വല്ലറി തുടങ്ങുന്നതിന്‍റെ  കാര്യങ്ങള്‍ക്കായുള്ള ഡിസ്കഷന്‍ ഇന്ന് അവസാനഘട്ടമാണ്.    പേപ്പറുകളില്‍ സൈന്‍ ചെയ്യേണ്ടതുണ്ട്.

റായ് വിദേതന്‍ ദാസ്  ഓഫീസിലെത്തുമ്പോള്‍  എല്ലാവരും മീറ്റിംഗ് തുടങ്ങാനായി അയാളെ കാത്തിരിക്കയായിരുന്നു.   അയാള്‍ ഇരുന്നയുടനെ  അയാളുടെ സെക്രട്ടറി  പ്രധാനപ്പെട്ട കാര്യങ്ങള്‍ പറഞ്ഞു. സ്ക്രീനില്‍ പുതിയ ജ്വല്ലറിയുടെ  മിനിയേച്ചര്‍  തെളിഞ്ഞു.   വജ്രപരസ്യത്തിന്റെ ഒരു  ഷോട്ടില്‍ മിലാനും വേറെ കുറച്ച് മോഡലുകളും  നിറഞ്ഞുനിന്ന ഒരു ഭാഗം  മിന്നിമാഞ്ഞുപോയി.

“ബിഫോര്‍ സൈനിംഗ് ദി പേപ്പര്‍ എനിക്കൊരു പ്രധാനപ്പെട്ട കാര്യം റായിയുമായി സംസാരിക്കാനുണ്ട്.”  ദാസ് കൊടുത്ത ഡോക്യുമെന്റ്കള്‍ വാങ്ങിയശേഷം  അതില്‍ ഒപ്പ് വെയ്ക്കാതെ  മുംബൈ ബിസിനസ് പാര്‍ട്ട്‌ണര്‍  ഹരിലാല്‍ മെഹ്റ ദാസിനടുത്തേക്ക്‌ ചെരിഞ്ഞ് കാതില്‍ മന്ത്രിച്ചു.

“ഷുവര്‍,  പ്ലീസ്....”  ദാസ്‌ ഉടനെ എഴുന്നേറ്റു മെഹ്റയെ  തന്‍റെ പേര്‍സണല്‍ ക്യാബിനിലേക്ക് നയിച്ചു.

“മിസ്റ്റര്‍ റായ്, ഈ ബിസിനസ്സില് എനിക്ക് ചില താല്പര്യങ്ങളുണ്ട്‌. പൂനെ എന്‍റെ ഫേവറിറ്റ് പ്ലേസ് ആണ്. ഇലക്ഷന്‍  വരുമ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഭാഗവും ആണ്.” ഹരിലാല്‍ മെഹരാ പറഞ്ഞു.

ദാസിനതറിയാം. മെഹ്റാ പാര്‍ലമെന്റിലെ മുന്‍ എംപി കൂടിയാണ്. “അറിയാമെനിക്ക്. എന്താണ് പറയാന്‍ വന്നത്?” ദാസ്‌ അയാളെ നോക്കി.

“ ഈ ബിസിനസ്സിലെ ഷെയര്‍ വാങ്ങുന്നത് നടി തനൂജയുടെ കൂടെ ഇന്റെരസ്റ്റില്‍ ആണ് ; ഒഫ് കോഴ്സ് ഞാനിത് മുന്‍പേ റായിയോട് പറയേണ്ടതായിരുന്നു. ഇപ്പോഴും നിങ്ങള്ക്ക് ഒബ്ജെക്ഷന്‍ ഒന്നും ഇല്ലല്ലോ അല്ലെ...?”  ഒപ്പിടുന്നതിന് തൊട്ടുമുന്‍പുള്ള ഈ വെളിപ്പെടുത്തല്‍ കേട്ട് ദാസ്‌ സത്യത്തില്‍ ഞെട്ടിപ്പോയി. ഞെട്ടല്‍  പുറത്തു കാണിക്കാതെ നില്‍ക്കാന്‍ അയാള്‍ക്ക് നന്നേ പണിപ്പെടെണ്ടി വന്നു.

“നമ്മുടെ കഴിഞ്ഞ മീറ്റിങ്ങില്‍ ഈ വിവരം ഞാന്‍ നിങ്ങളോട് പറയാന്‍ തുടങ്ങിയതായിരുന്നു. പക്ഷേ തനൂജ തടഞ്ഞു. അവര്‍തന്നെ നിങ്ങളോട് പറയാമെന്നാണ് പറഞ്ഞത്. മാത്രമല്ല  നമ്മുടെ ഇനിയുള്ള പരസ്യങ്ങള്‍ തനൂജക്ക് കൊടുക്കണം എന്നവര്‍ പറഞ്ഞിരുന്നു. ആള്‍റെഡി  റായിയുടെ ബിസിനസില്‍ പങ്കാളിയാണല്ലോ തനൂജ.”

“പക്ഷെ തനൂജ ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഐപിഎല്‍ അല്ലാതെ എനിക്ക് തനൂജയുമായി ബിസിനസ്സില്‍ ബന്ധങ്ങളുമില്ല.” ദാസിന്‍റെ പുരികങ്ങള്‍ കൂട്ടിമുട്ടി.

“സ്വന്തം ബിസിനസ് പ്ലാറ്റ്ഫോമില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് പ്രിവിലേജുണ്ടല്ലോ. അതായിരിക്കാം അവരുടെ ലക്ഷ്യം.” മെഹ്റ പറഞ്ഞത് കേട്ട് ദാസ്‌ നിഷേധാര്‍ത്ഥത്തില്‍ തല വെട്ടിച്ചു.

 “മിസ്റ്റര്‍ മെഹ്റാ, പരസ്യങ്ങള്‍ ആര് ചെയ്യണമെന്നു നമ്മള്‍ വളരെ മുന്‍പേ തീരുമാനിച്ചതാണ്.  ഒരു വര്‍ഷത്തേക്കുള്ള എഗ്രിമെന്റ് കൊടുത്തുകഴിഞ്ഞ  പരസ്യങ്ങളാണ്. അതും എജെന്‍സികളാണ് ചെയ്യുന്നത്.  അവരുടെ ധാരണകള്‍ സമ്മതിച്ച് ഒപ്പിട്ട്കൊടുക്കുന്ന എഗ്രിമെന്റ് പിന്‍വലിക്കാന്‍ കഴിയില്ല.”

“റായ്, തീരുമാനങ്ങള്‍ നമ്മളാണല്ലോ ഉണ്ടാക്കുന്നത്‌. പ്രത്യേകിച്ച് ഇത്തരം ഞാണിന്മേല്‍ കളികള്‍ ഉണ്ടാകുമ്പോള്‍ .... എടുത്ത  തീരുമാനങ്ങള്‍ പൊളിച്ചേ പറ്റൂ..”  മെഹ്റ  ഒരു പ്രത്യേക ഭാവത്തില്‍ ചിരിച്ചു.

“മനസ്സിലായില്ല.?” ദാസിന്‍റെ നെറ്റിയിലെ  വരകളും കണ്ണിന്‍റെ കീഴ്ഭാഗവും തുള്ളിക്കൊണ്ടിരുന്നു.  “ മുന്‍പേ കൊടുത്ത പരസ്യങ്ങള്‍ തിരുത്താന്‍ മാത്രം ഇവിടെ എന്താണ് സന്ദര്‍ഭം രൂക്ഷമായത്? കാന്‍ യു എക്സ്പ്ലൈന്‍?”

“ തനൂജ ഈ വജ്രാഭരണ ശാലയില്‍ പാര്‍ടണര്ഷിപ്പ് എടുത്തിരിക്കുന്നു.  ഇപ്പോഴത്തെ നടി മിലാന്‍ പ്രണോതിയെ ഒഴിവാക്കണം എന്നാണവരുടെ ഡിമാന്റ് മിസ്റ്റര്‍ റായ്. ഞാന്‍ ഹെല്പ്ലെസ്സ് ആണ്. കാരണം എന്‍റെ മൂന്ന് ബിസിനസ്സുകളില്‍  തനൂജയുടെ കോടികള്‍ കിടക്കുന്നു. അതുകൊണ്ട് അവരെ പിണക്കി നമ്മുടെ ഡീല്‍  എടുത്താല്‍ എന്റെ മൂന്ന് ബിസിനസ്സിനു എനിക്കവരുടെ പണം ഉപയോഗിക്കാന്‍ കഴിയില്ല. ... അപ്പോള്‍ എനിക്ക് ഈ ബിസിനസ് ഡീല്‍ ഉപേക്ഷിക്കുന്നതാണ് എളുപ്പം. നിങ്ങള്‍ക്കും അത് മനസ്സിലാവുമല്ലോ...മെഹ്റാ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

ദാസ് തീപ്പിടിച്ചതുപോലെ തന്‍റെ കസേരയില്‍ നിന്നെഴുന്നേറ്റു. മെഹ്റാ അയാളുടെ അരികിലേക്ക് വന്നു.

“ മാത്രമല്ല റായ്, അടുത്ത  ഇലക്ഷന്  ഇപ്പോഴത്തെ സര്‍ക്കാരിന് തനൂജ കോടികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.  എനിക്കൊരു സീറ്റ് അടുത്ത ഇലക്ഷനില്‍ കിട്ടുകയും വേണം. “

താനൊരു ത്രികോണവ്യൂഹത്തില്‍ അകപ്പെട്ടതുപോലെ ദാസിന് തോന്നി.  ചെന്നിയിലും കവിളിലും വിയര്‍പ്പുത്തുള്ളികള്‍ പൊടിയാന്‍ തുടങ്ങി. “നിങ്ങള്‍ എന്താണിത് എന്നോട് മുന്‍പേ പറയാഞ്ഞത് മെഹ്റാ?” ദാസിന്‍റെ വാക്കുകള്‍  അല്പം പരുഷമായിരുന്നു. “ഈ ലാസ്റ്റ് മൊമെന്റ്റില്‍ എല്ലാ പേപ്പറുകളും ശരിയായ നിമിഷത്തില്‍ ഇങ്ങനെ പറഞ്ഞാല്‍... നിങ്ങള്‍ക്കറിയാമല്ലോ മറ്റുപലര്‍ക്കും നമ്മുടെ ഈ ഡീലില്‍ വളരെ താല്‍പ്പര്യമുണ്ടായിരുന്നു. അതെല്ലാം ക്യാന്‍സല്‍ ചെയ്താണ് നമ്മളിവിടെ നില്‍ക്കുന്നത്.” റായ് വിദേതന്‍ ദാസിന്‍റെ ഇതുവരെയുള്ള ജീവിതത്തില്‍ അയാളിങ്ങനെ വിശദീകരണം നല്‍കാന്‍ ആരുടെ മുന്നിലും നിന്നിട്ടില്ലായിരുന്നു.

“സോറി റായ്, നിങ്ങളെ വിഷമിപ്പിക്കാനായല്ല ഞാന്‍ പറഞ്ഞത്. നമ്മുടെ പല കാര്യങ്ങളിലും നമ്മള്‍ ഒരു നിമിഷം കൊണ്ട് തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടല്ലോ. ആ സ്പോര്‍ട്ട് ആക്ഷന്‍ സ്പിരിട്ട് നിങ്ങളില്‍ എപ്പോഴുമുണ്ടല്ലോ.  വേണ്ടെങ്കില്‍ നമുക്കിതിവിടെ അവസാനിപ്പിക്കാം.”

ദാസ്‌ ചോദ്യരൂപത്തില്‍ ഹരിലാല്‍ മെഹ്റയെ നോക്കി. “വാട്ട്‌ ടൂ യൂ മീന്‍..?”

“ഐ മീന്‍ വാട്ട്‌ ഐ സഡ് നൌ . ഈ കണ്ടീഷന്‍സ് പറ്റുന്നില്ലെങ്കില്‍ ദിസ്‌ ഡീല്‍ ഈസ്‌ നോ മോര്‍ എ  ഡീല്‍.” ഹരിലാല്‍ മെഹ്റാ ദാസിന് പുറംതിരിഞ്ഞു നിന്നാണ് അത് പറഞ്ഞത്. “ഈ നിമിഷത്തില്‍ ഈ തീരുമാനമെടുക്കാനുള്ള ക്രെഡിറ്റ്‌ ഞാന്‍ ഉപയോഗിക്കുന്നു മിസ്റ്റര്‍ ദാസ്.” മെഹ്റാ ദാസിന് നേരെ തിരിഞ്ഞു.

“ഒരു പരസ്യത്തിന്റെ പേരിലാണ്   നമ്മുടെ ബിസിനസ്സില്‍ നിന്ന് നിങ്ങള്‍ ഒഴിവാകുന്നത്.  ഞാനിത് മറക്കില്ല.” തന്‍റെ ചുളിവ് വീഴാത്ത ബ്രൌണ്‍ കളറുള്ള ജുബ്ബയുടെ പോക്കറ്റില്‍  കൈ തിരുകി ഒരു പ്രത്യേക തരത്തില്‍ അയാളെ നോക്കിക്കൊണ്ട്‌ റായ് വിദേതന്‍ അയാള്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തു.

മെഹ്റാ  വീണ്ടും തിരിഞ്ഞു നിന്നു.” മറക്കരുത്. നമ്മള്‍ മിത്രങ്ങള്‍ തന്നെയെന്ന കാര്യം.” മിത്രം എന്ന വാക്കിന് അല്പം ഊന്നല്‍ കൊടുത്താണ് മെഹ്റാ പറഞ്ഞത്.

ഹരിലാല്‍ മെഹ്റായും  അയാളുടെ കൂടെ വന്നവരും പോകുന്നത്  ദാസ്‌ തന്‍റെ ഓഫീസ് മുറിയിലെ ക്യാമറയിലൂടെ നോക്കിനിന്നു.  ദാസിന്‍റെ എല്ലാ സ്റ്റാഫുകളും ഈ അസാധാരണ സാഹചര്യം മനസ്സിലാവതെ അമ്പരന്ന്  നില്‍പ്പുണ്ടായിരുന്നു.

തന്‍റെ എതിരുകളില്ലാത്ത  ബിസിനസ് ജീവിതത്തില്‍ ആദ്യമായേറ്റ അടി ഉള്‍ക്കൊള്ളാനാവാതെ  ദാസ്‌  വലിഞ്ഞുമുറുകി നിന്നു.

നിമിഷങ്ങള്‍ പൊഴിഞ്ഞുവീണ്കൊണ്ടിരുന്നു. മൂന്നാല് മിനിട്ടുകള്‍ക്ക് ശേഷം  അയാളുടെ ഫോണ്‍ റിംഗ് ചെയ്തു.

“ഹായ് റായ്..”                                                                                                            തനൂജയുടെ സ്വരം അയാളുടെ  കാതില്‍ വീണു.                                                             ദാസിന്‍റെ പല്ലുകള്‍ ഞെരിഞ്ഞമര്‍ന്നു. “റായ് വിദേതന്‍ ദാസിന്‍റെ  ജ്വല്ലറിയുടെ പരസ്യത്തില്‍, വെറുമൊരു പരസ്യത്തില്‍ അഭിനയിക്കാനായി കോടികള്‍ മുടക്കിയത് എന്തായാലും അത്ഭുതകരമായിരിക്കുന്നു. നീ ഇത്രയ്ക്കു ക്യാമറാവെളിച്ചം കിട്ടാതെ ഇരിക്കയാണെന്ന് അറിയില്ലായിരുന്നു.”                    അയാളുടെ സ്വരം കുപ്പിച്ചില്ലുകള്‍ പോലെ തീവ്രമായിരുന്നു.

“ഒഹ് മൈ ഡിയര്‍ റായ്, റായ് വിദേതന്റെ ജ്വല്ലറിയോ മോഡലോ അല്ല പ്രശ്നം. ഇത് വെറുമൊരു പേര് മാറ്റുന്ന നിസ്സാര പ്രശ്നമല്ലേ?” തനൂജയുടെ സ്വരം മദ്യപിച്ചെന്ന പോലെ കുഴഞ്ഞിരുന്നു.

“മനസ്സിലായില്ല.”

“ജസ്റ്റ്‌ സിമ്പിള്‍ , തനൂജാ തിവാരി എന്ന പേര്  തനൂജാ റായ് വിദേതന്‍ ദാസ് എന്ന പേരിലെക്കുള്ള ഒരു മൊഴിമാറ്റം. അത് മിന്നുന്ന ക്യാമറാലൈറ്റുകള്‍ക്ക് മുന്നിലാവാന്‍ കുറച്ച് കോടികള്‍ എറിഞ്ഞുടച്ചു. ആ ക്യാമറാവെളിച്ചം  നമ്മുടെ വിവാഹവസ്ത്രങ്ങളിലേക്ക് ഫോക്കസ് ചെയ്‌താല്‍ നന്നായിരിക്കില്ലേ?”

തനൂജാ തിവാരിയുടെ ഉന്മാദം നിറഞ്ഞ ശബ്ദത്തിലെ  ആഗ്രഹവും അഭിനിവേശവും വെല്ലുവിളിയും റായ് വിദേതന്റെ  ഫോണിനെ ചുട്ടുപൊള്ളിച്ചു.

                                        (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ  ..13  -സന റബ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക