Image

'ഇന്ത്യ വില്‍ക്കാനുണ്ട്​'; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്​ടാഗ്​

Published on 17 May, 2020
'ഇന്ത്യ വില്‍ക്കാനുണ്ട്​'; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്​ടാഗ്​

ന്യഡല്‍ഹി: കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്ബത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ മോദി സര്‍ക്കാര്‍ കണ്ട പോംവഴി പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കലാണ്.

സ്വാശ്രയത്വം, സ്വദേശി, ഇന്ത്യയില്‍ നിര്‍മിക്കാം എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ തന്നെയാണ് കോവിഡിന്റെ മറവില്‍ വര്‍ധിച്ച തോതില്‍ സ്വകാര്യ, വിദേശ നിക്ഷേപത്തിന് വാതില്‍ മലര്‍ക്കെ തുറക്കുന്നത്. ഇതിനെതിരെ വിവിധ കോണുകളില്‍നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഇന്ത്യ വില്‍ക്കാനുണ്ടെന്ന പേരില്‍ ട്വിറ്ററില്‍ നിരവധി ഹാഷ് ടാഗുകളാണ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുഴിച്ചുമൂടിയെന്ന് പലരും ട്വിറ്ററില്‍ കുറിച്ചു. മികച്ച സെയില്‍സ് വുമണായി ധനമന്ത്രിയെ തിരഞ്ഞെടുത്തവരും നിരവധി.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ ഭാഗമായി വ്യോമയാനം, സൈനിക സാമഗ്രി നിര്‍മാണം, കല്‍ക്കരി, വൈദ്യുതി വിതരണം, ധാതുസമ്ബത്ത്, ബഹിരാകാശം, ആണവോര്‍ജം എന്നീ മേഖലകളിലാണ് ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നത്.

തന്ത്രപ്രധാനമായ പ്രതിരോധ, ബഹിരാകാശ, ആണവ, വ്യോമയാന മേഖലകളില്‍ വന്‍തോതില്‍ സ്വകാര്യ, വിദേശ നിക്ഷേപ അവസരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനുമുന്നില്‍ ഈ മേഖലയിലെ വിദഗ്ധര്‍ തന്നെ നെറ്റിചുളിക്കുകയാണ്.

20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ കോവിഡ് പ്രതിസന്ധി നേരിടുന്നവര്‍ക്കുള്ള കൈത്താങ്ങും സാമ്ബത്തിക മേഖലക്കുള്ള ഉത്തേജനവുമായി മാറുമെന്ന പ്രതീക്ഷയാണ് സര്‍ക്കാര്‍ മാറ്റിമറിക്കുന്നത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഗഡുക്കളായി ദിനേന പുറത്തിറക്കുന്ന പാക്കേജ് വിശദാംശങ്ങള്‍ അര്‍ഹിക്കുന്ന ദുരിതകാല സഹായമായല്ല, പുതിയ ബജറ്റ് പ്രഖ്യാപനങ്ങളായി മാറുകയാണ്.

തന്ത്രപ്രധാന മേഖലകള്‍ തീറെഴുതാന്‍ ലോക്ഡൗണ്‍ നിശ്ശബ്ദത അവസരമാക്കുന്ന പ്രതീതിയാണ് ഉണ്ടാവുന്നത്. ആറു വിമാനത്താവളങ്ങള്‍ കൂടി വില്‍പനക്കുവെച്ചിരിക്കുന്നു. നേരത്തേ വില്‍പനക്കുവെച്ച ആറില്‍ നാലും കൈപിടിയില്‍ ഒതുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യവസായ സുഹൃത്ത് ഗൗതം അദാനിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക