Image

ആ അനുഭവമുണ്ടാവാൻ ഞാൻ ഭാഗ്യവാനായിരുന്നു (കേ നിക്കോൾ ഷ്വാസ് ഗാർഡിയൻ- വിവർത്തനം:നമത്)

Published on 17 May, 2020
ആ അനുഭവമുണ്ടാവാൻ ഞാൻ  ഭാഗ്യവാനായിരുന്നു (കേ നിക്കോൾ ഷ്വാസ് ഗാർഡിയൻ- വിവർത്തനം:നമത്)
ജോലി നഷ്ടപ്പെട്ട് കയ്യിലഞ്ചിൻ്റെ പൈസയില്ലാത്ത ഞാൻ ആശുപത്രിയിൽ ക്ലീനിങ്ങ് ജോലിക്കു പോയപ്പോൾ കണ്ട കാഴ്ചകൾ
കേ നിക്കോൾ - ഷ്വാസ് ഗാർഡിയൻ പത്രത്തിൻ്റെ ബ്ലഡ് സ്വെറ്റ് അൻഡ് ടിയേഴ്സ് സെഷനിലെഴുതിയത്.

മാർച്ച്മാസത്തിലാണ് എന്നോട് ചേർന്നിട്ടധികം കാലമായിട്ടില്ലാത്ത മാർക്കറ്റിങ്ങ് ജോലിയിൽ നിന്നും ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ പറഞ്ഞത്. ഒരു രാത്രികൊണ്ട് എൻ്റെ സാമ്പത്തിക സുരക്ഷിതത്വം ആവിയായി പോയി. വാടക കൊടുക്കാൻ വേറെ വഴിയൊന്നും തെളിഞ്ഞില്ല. സർക്കാർ സഹായം ഒരാശ്വാസമാകുമായിരുന്നു, പക്ഷെ അതും അധിക നേരം നീണ്ടു നിന്നില്ല. കട്ട് ഓഫ് തീയ്യതി കഴിഞ്ഞ് ജോലിക്കു ചേർന്നതു കൊണ്ട് എനിക്ക് സർക്കാർ സഹായത്തിനുളള അർഹതയില്ലായിരുന്നു.

ഗൂഗിൾ സെർച്ച് കാണിച്ചു തന്ന എല്ലാ താൽക്കാലിക ജോലികളുടെ ഏജൻസികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം ഉച്ചയ്ക്ക് എനിക്കൊരു കോൾ വന്നു. ഒരു ആശുപത്രിയിലേക്ക് ക്ലീനിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ആ ആശുപത്രിയിലെ ജോലിയിലേക്കുളള ഇൻഡക്ഷന് എൻ്റെ കൂടെ മുപ്പതോളം പേരുണ്ടായിരുന്നു. ഇരുപതുകളിലും മുപ്പതുകളിലുമുളള പല തൊഴിൽ പശ്ചാത്തലത്തിൽ നിന്നുളള ആളുകൾ. മിക്കവാറും ആളുകൾ ഇംഗ്ലണ്ടിലെത്തിയിട്ട് ആഴ്ചകൾ മാത്രമായ ആസ്ട്രേലിയക്കാരും ന്യൂസിലൻ്റുകാരുമായിരുന്നു. വരാൻ പറ്റിയ സമയം.

പ്രധാനപ്പെട്ട മറ്റായിരം കാര്യങ്ങളൊരേ സമയം ചെയ്തു കഷ്ടപ്പെടുന്ന ഒരു സ്ത്രീ ഞങ്ങൾക്ക് ഫയർ സേഫ്റ്റിയെ കുറിച്ചും അണുബാധ നിയന്ത്രണത്തെക്കുറിച്ചും വൃത്തിയാക്കൽ സമയക്രമത്തെക്കുറിച്ചും രീതികളെക്കുറിച്ചും ക്ലാസ്സെടുത്തു. ഉച്ച തിരിഞ്ഞപ്പോഴേക്കും ഞങ്ങൾ വൃത്തിയാക്കുന്ന ചില വാർഡുകളിൽ കൊറോണ വൈറസ് ബാധിച്ച രോഗികളുമുണ്ടാവുമെന്ന് ഞങ്ങളോട് പറഞ്ഞു. താൽക്കാലിക ജോലിക്കാളെ എടുത്ത ഏജൻ്റ് അതിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ലായിരുന്നതു കൊണ്ട്, അത് ഞങ്ങളെ അത്ഭുതപ്പെടുത്തി. എനിക്കു മാത്രമല്ല എല്ലാവർക്കും അതൊരു പുതിയ അറിവായിരുന്നു.

ജോലിയെ പരിചയപ്പെടുത്തുന്ന സെഷൻ അവസാനിച്ചപ്പോൾ ജോലിചെയ്തു തളർന്നവശനായി എന്നു തോന്നിക്കുന്ന ഒരാൾ ഞങ്ങളെ ഒരു വാർഡിലേക്കു നയിച്ചു. എല്ലാവരും കോറോണാ ബാധിതരായ വൃക്കരോഗികളുടെ വാർഡിലേക്കാണ് പോവുന്നതെന്ന് ലിഫ്റ്റിൽ വെച്ച് അയാൾ പറഞ്ഞു. വേവലാതി നിറഞ്ഞ പുഞ്ചിരികൾ എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു.

വ്യക്തിസുരക്ഷാ ഉപകരണങ്ങളൊക്കെയുണ്ടെങ്കിലും ആദ്യം അത് പേടിപ്പിക്കുന്ന അനുഭവമായിരുന്നു. നിങ്ങൾ മാധ്യമങ്ങളിൽ വായിക്കുന്ന കഥകളൊക്കെ ഓർക്കുന്നത് തടയാൻ സാധിച്ചില്ല. അപരിചിതമായ സ്ഥലത്ത് കൊറോണാ ബാധിതരെ കയ്യെത്തിത്തൊടാൻ പറ്റുന്ന അകലത്തിൽ എൻ്റെ ഹൃദയം പടപടാ മിടിച്ചു.

അടുത്ത കുറച്ചു മണിക്കൂറുകൾ കൊണ്ട് എൻ്റെ പുതിയ ജോലിയെ, കോവിഡ് രോഗികൾക്കിടയിൽ ക്ലീനിങ്ങ് നടത്തുന്നതും, നിരന്തരം കൈകൾ വൃത്തിയായി കഴുകുന്നതുമൊക്കെ പതിയെ പരിചയപ്പെട്ടു. ഒരു മാസത്തിനു ശേഷം കോവിഡ് രോഗികളുടെ പരിസരങ്ങൾ ക്ലീൻ ചെയ്യുന്നത് എന്നെ അത്ര ഭയപ്പെടുത്തുന്നില്ല. പക്ഷെ എനിക്ക് രോഗികളിൽ അകലം പാലിക്കുക എന്ന ആശുപത്രികളിൽ അസാധ്യമായ ആഡംബരമുണ്ടായിരുന്നു.

നഴ്സുമാർക്ക് അപകട സാധ്യത കൂടുതലാണ്. മറ്റേത് രോഗിയേം പോലെ ചിതറിത്തെറിക്കുന്ന ചുമയുളള കോവിഡ് രോഗിയേയും വൃത്തിയാക്കുകയും ഭക്ഷണം കൊടുക്കുകയുമൊക്കെ വേണം. ആശങ്കകളൊളിപ്പിച്ച ഒരു പുഞ്ചിരിയോടെ ഒരു നഴ്സ് പറഞ്ഞത് നിങ്ങൾക്ക് രണ്ടു മീറ്ററകലത്തു നിന്ന് രണ്ടു ബക്കറ്റു വെളളമെറിഞ്ഞ് രോഗിയെ വൃത്തിയാക്കാനൊക്കത്തില്ല. അതിനടുത്ത് തന്നെ പോവണം. തൊട്ടു തന്നെ ചെയ്യണം.

പല വിധ രോഗങ്ങൾക്കു സ്പെഷ്യലൈസ് ചെയ്തിട്ടുളള വാർഡുകളിൽ മിക്കവാറും എല്ലാവരും കോവിഡ് രോഗികളായിരുന്നു. സഹായം ആവശ്യമായി വരുമ്പോഴെല്ലാം ഞങ്ങൾ സഹായിച്ചു. ഞാൻ ജോലി ആരംഭിച്ചപ്പോൾ 'റെസ്പിറേറ്ററി ഐസലേഷൻ' എന്നെഴുതിയ പച്ച നിറമുളള ഒരു ബോർഡ് കോവിഡ് രോഗികളുളള മുറിയുടെ വാതിലുകളിൽ തൂങ്ങിക്കിടന്നു. രോഗികൾ നിറഞ്ഞപ്പോൾ പച്ച നിറമുളള ബോർഡിനു പകരം കൈയ്യക്ഷരത്തിലെഴുതിയതോ സാധാരണ കടലാസ്സിലു പ്രിൻ്റു ചെയ്തതോ ആയ ബോർഡുകൾ എല്ലായിടത്തും നിറഞ്ഞു.

ഓരോ വാർഡിലും ഏകദേശം അഞ്ചു മുതൽ പത്തു വരെ ഹെൽത്ത് കെയർ വർക്കർമാരും ഒരു ഹൌസ് കീപ്പറും രണ്ടു ക്ലീനിങ്ങ് സ്റ്റാഫുമുണ്ട്. സ്ഥിര ജീവനക്കാരെല്ലാം കിഴക്കൻ യൂറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നും കരീബിയൻ ദ്വീപുകളിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമൊക്കെ വന്നവരാണ്. ബ്രിട്ടീഷ് സ്വാദേശവാദങ്ങളെക്കുറിച്ചുളള ശബ്ദഘോഷങ്ങൾക്കെല്ലാം വിപരീതമായി, പലപ്പോഴും അതു കൊണ്ടു പ്രശ്നങ്ങളുണ്ടായ ലോകത്തെല്ലായിടത്തും നിന്നുമുളളവരാണ് എൻഎച്ച്എസ്സിനെ ഓടിച്ചു കൊണ്ടു പോവുന്നത്.

ആദ്യത്തെ രണ്ടാഴ്ച ആശുപത്രിയിൽ തിരക്കു വളരെ കൂടുതലും ജീവനക്കാർ വളരെ കുറവുമായിരുന്നു. പലപ്പോഴും നഴ്സുമാർ സ്റ്റാഫ് റൂമിൽ ഉച്ചഭക്ഷണ സമയത്ത് കസേരയിൽ കുത്തിയിരുന്നു ഒരു ബ്ലാങ്കറ്റു പുതച്ചുറങ്ങുന്നതു കാണാമായിരുന്നു. കോവിഡ് ബാധിച്ചതു കൊണ്ടോ അല്ലെങ്കിൽ ലക്ഷണങ്ങൾ കാണിച്ചതു കൊണ്ടോ അതുമല്ലെങ്കിൽ മുൻകരുതലെന്ന നിലയിൽ ഐസലേറ്റ് ചെയ്യുന്നതു കൊണ്ടോ ഒരുപാട് സ്ഥിരജീവനക്കാർക്ക് അവധിയെടുക്കേണ്ടി വന്നു.

നഴ്സ്മാർ തളർന്നവശരായിരുന്നു. ആകാംക്ഷ കൊണ്ടു വലയുന്നവരും ജോലിസ്ഥലത്ത് നിരന്തമുരുത്തിരിയുന്ന തുടർന്നു പോകുന്ന പ്രതിസന്ധിക്കനുസരിച്ചു സ്വന്തം ജീവിതം ചിട്ടപ്പെടുത്തേണ്ടവരുമായിരുന്നു. ഹോസ്പിറ്റലിൽ നിന്നും നൽകിയ പിപിഇ സുരക്ഷിതമാണെന്നു പലർക്കും തോന്നിയിരുന്നില്ല. ചിലരൊക്കെ കുടുംബാംഗങ്ങൾ സുരക്ഷിതരാവാൻ വേണ്ടി സ്വന്തം വീട്ടിലെ രീതികളും സമയക്രമങ്ങളും വരെ മാറ്റി. അത്യപൂർവ്വമായി കിട്ടുന്ന ടീ ബ്രേക്കുകളിൽ ഒന്നിൽ ഒരു നഴ്സെന്നോട് പറഞ്ഞത് അവരു വീട്ടിൽ മറ്റു കുടുംബാംഗങ്ങളുമായി അകലം പാലിക്കുമ്പോൾ കുഞ്ഞുകുട്ടികളുടെ എന്താണ് കെട്ടിപ്പിടിക്കാത്തതെന്ന ചോദ്യത്തിനു മുന്നിൽ കരഞ്ഞു പോകാറുണ്ടെന്നാണ്.

ഇപ്പോൾ കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടുന്ന ലക്ഷണം കാണുന്നുണ്ട്. കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചയായി വാർഡുകളിൽ തിരക്കൽപ്പം കുറഞ്ഞിട്ടുണ്ട്, ജീവനക്കാരുടെ അമിത ജോലിഭാരത്തിനൽപ്പം ശമനമുണ്ട്. നഴ്സുമാരുടെ ഡസ്കുകളിൽ വേവലാതി നിറഞ്ഞ അടക്കംപറച്ചിലുകൾ കുറവാണ്. രോഗികളായിരുന്ന ചിലരൊക്കെ ഭേദമായി തിരിച്ചു പോകുന്നത് അവരുടെ ആയാസം അൽപ്പം കുറച്ചിട്ടുണ്ട്. ആശുപത്രികളിൽ ടെസ്റ്റിങ്ങ് കിറ്റുകളൊക്കെ ലഭ്യമായിട്ടുണ്ട്. ഇതൊക്കെ ആളുകൾ ജോലിക്കെത്തുന്നതിൽ വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്.

നമ്മൾ ഫിനിഷിങ്ങ് ലൈനിലെത്തിയിട്ടൊന്നുമില്ല. പക്ഷെ ഞങ്ങൾ താല്കാലിക ജീവനക്കാരുടെ ഷിഫ്റ്റുകൾ വെട്ടിക്കുറച്ചു തുടങ്ങിയിട്ടുണ്ട്. സ്ഥിരജീവനക്കാർ തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്, ആശുപത്രികളിലെ രോഗികളുടെ എണ്ണം കുറഞ്ഞും. അതുകൊണ്ട് തന്നെ ഇനി ഞങ്ങളെ കൊണ്ട് വലിയ ആവശ്യങ്ങളൊന്നുമില്ല. പക്ഷെ അതിലു വലിയ കാര്യമില്ല, ലണ്ടനിലെവിടെയെങ്കിലുമൊക്കെ വൃത്തിയാക്കാൻ കാത്തു കിടക്കുന്ന പൊടി പിടിച്ച തറകളും ഷെൽഫുകളുമൊക്കെ കാണും, പതിയെ എൻ്റെ പഴയ മാർക്കറ്റിങ്ങ് ജോലിയിലേക്കു തിരിച്ചു പോവാൻ പറ്റുമായിരിക്കും.

പല കോലത്തിലുളള ഞങ്ങളുടെ താൽക്കാലിക ക്ലീനിങ്ങ് അവതാരങ്ങൾ ഇതിനു മുൻപൊരിക്കലും ഇത്തരം ജോലികളൊന്നും ചെയ്തിട്ടില്ല. പക്ഷെ അത് ഞങ്ങൾക്കെല്ലാവർക്കും എന്തൊക്കെയോ സംതൃപ്തികൾ തന്നു. ആദ്യമൊക്കെ അൽപ്പം ബുദ്ധിമുട്ടും ഭയങ്ങളുമൊക്കെയുണ്ടായിരുന്നു. പക്ഷെ അത് ചെയ്യുന്നത് എനിക്കിഷ്ടമായിരുന്നു. ആരെയെങ്കിലും സഹായിക്കുന്നു എന്ന തോന്നൽ തരുന്ന സന്തോഷം വേറെ. അസാധാരണമായ സാഹചര്യങ്ങളിലുളള അനിതരസാധാരണമായ അനുഭവമായിരുന്നത്. ആ അനുഭവമുണ്ടാവാൻ മാത്രം ഞാൻ ഭാഗ്യവാനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക