Image

സ്വർഗ്ഗാരോഹിണി (യാത്ര: റാണി ബി മേനോൻ)

Published on 17 May, 2020
സ്വർഗ്ഗാരോഹിണി (യാത്ര: റാണി ബി മേനോൻ)
യാത്രകൾ എന്നും ഹരമായിരുന്നു!
ജീവിതത്തിലെന്ന പോലെ തന്നെ, ഉദ്ദേശലക്ഷ്യങ്ങളില്ലാതെ, നീറ്റിൽ വീണൊരില പോലെ ആയാസരഹിതമായി ഒഴുകിപ്പോവുന്ന യാത്രകൾ. ഒഴുക്കെത്തിയ്ക്കുന്നിടത്ത് എത്തുക എന്നതാണ് ജീവിതത്തിലും, യാത്രയിലും എന്നും പിൻ പറ്റിയിട്ടുള്ള നയം.

കാശു കൊടുത്തു കഷ്ടപ്പാടു വാങ്ങുന്ന ട്രെക്കിംഗിനെ കുറിച്ച് പലരും പരിഹാസരൂപേണയും, സംശയപൂർണ്ണമായും ചോദ്യങ്ങളുന്നയിക്കാറുണ്ട്.
സ്വയം ഉരുത്തിരിച്ചെടുത്തിട്ടുള്ള ഉത്തരമിതാണ്:
ഓരോ യാത്രയും ജീവിതത്തിന്റെ ഒരു ഖണ്ഡമാണ്.
ഒപ്പമൊഴുകുന്ന നീർച്ചോല പോലെ, വന്നു കൂടിക്കലർന്നലിഞ്ഞ് വഴി പിരിഞ്ഞൊഴുകുന്ന കൈവഴികൾ പോലെ ജീവിതം....
പല സംസ്കൃതി, പല ഭാഷ പല ഭാവം, ചില അടിസ്ഥാനപരമായ സ്വാരൂപ്യങ്ങൾ, സൂക്ഷ്മവൈജാത്യങ്ങൾ.....
നമുക്കു പുറത്തും അകത്തും ജീവിയ്ക്കുന്ന ജീവിതങ്ങൾ, നാം ഉള്ളിലൂടുളിയിട്ടു പായാൻ കൊതിയ്ക്കുന്ന മനോകാമനകൾ, ചിന്തകൾ കാഴ്ച്ചപ്പാടുകൾ... അവയുടെ സുഗന്ധം വ്യത്യസ്ഥമാണ്.

ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേയ്ക്കുള്ള ആകാശയാത്രയിൽ ഔപചാരികത അലംഘനീയതയാണ്. ആ സഞ്ചാരത്തിൽ സ്ഥൂലമായ രൂപങ്ങളെ മാത്രമെ കണ്ടെത്തുന്നുള്ളൂ. പിന്നീടൊരിയ്ക്കൽ പോലും ഓർമ്മയിൽ കടന്നു വരാത്തവ.
കാഴ്ച്ചകൾ ഓടി മറയുന്ന ബസ്സ്/ട്രെയിൻ യാത്രകളിലോ, അപ്പൂപ്പൻ താടികൾ പോലെ, വെൺമേഘങ്ങൾ നിസ്വരായി തപസ്സനുഷ്ടിയ്ക്കുന്ന നീലാകാശപ്പരപ്പിലോ നിങ്ങൾക്ക് ആ സുഗന്ധം അനുഭവേദ്യമാകുന്നില്ല.

എന്നെ, എന്നോടു ചേർന്നു നടക്കുന്നവരെ, എന്നിൽ കുടി പാർക്കുന്നവരെ ഞാനീവഴിയിൽ കാണുന്നു, അനുഭവിയ്ക്കുന്നു, അത് ചിരപരിചിതമായ സുഗന്ധം, ജീവിതഗന്ധം.

എന്തുകൊണ്ട് ഹിമവാൻ?

ഭൂമിയുടെ ഹൃദയത്തിൽ നിന്നും, ആകാശത്തേയ്ക്കുയർത്തിയ മതിൽപോലെ നിൽക്കുന്നൊരീ കൽക്കെട്ടിന്, ഇതിലേ സഹസ്രാബ്ദങ്ങളായ് കടന്നു പോകുന്ന പദസഞ്ചലനങ്ങൾക്ക്, അവ കാറ്റിലയിയിച്ചു ചേർക്കുന്ന നിശ്വാസങ്ങൾക്ക് (അവ അവിടെ ചുറ്റിത്തിരിയുന്നുണ്ടാവുമെന്നു തന്നെയാണ് ഞാൻ വിശ്വസിയ്ക്കുന്നത്), ജീവിതത്തിലും, സംസാരത്തിലും നിന്നുൾവലിഞ്ഞ്, ഗുഹകളിൽ കുടി പാർത്ത് ലോകമറിയാതെ ജീവിച്ചു മരിച്ചു പോയ പരശ്ശതം ആളുകൾക്ക്, (എന്തായിരുന്നിരിയ്ക്കും അവർ തേടിയിരിയ്ക്കുക?) നമ്മോടെന്തെങ്കിലും പറയാനുണ്ടായിരുന്നുവോ? ഉണ്ടെങ്കിൽ എന്തായിരിയ്ക്കും? എന്നിവയെല്ലാം എന്നെ കൗതുകം കൊള്ളിയ്ക്കുന്നുണ്ട്.
ഒരിളം കാറ്റായി, ആ ഉൾത്തടത്തിൽ ഉലയാതെരിയുന്ന തിരിനാളമണയ്ക്കാതെ, അതിലെ ഇത്തിരിവെട്ടം; ഉള്ളിൽ നിറയുന്നാെരിത്തിരി സുഗന്ധം പുരട്ടി പുറത്തെത്തി അതു പകരാൻ കൊതിയുണ്ടേറെ.
അതിനാണീയലച്ചിൽ,
ആ മാന്ത്രിക വിദ്യ തേടി...

സ്വർഗ്ഗാരോഹിണി

സ്വർഗ്ഗാരോഹിണി യാത്ര കുറേ നാളായി മനസ്സിൽ കിടന്ന് കറങ്ങിക്കൊണ്ടിരുന്ന ഒന്നാണ്. അങ്ങനെ കറങ്ങാൻ ഒരു കാരണം, അവിടെ ഗുഹകളിൽ വേണം കിടന്നുറങ്ങാൻ എന്നാരോ പകർന്ന അറിവാണ്. അതാെരു രസകരമായ അനുഭവമാകുമല്ലോ എന്ന തോന്നലാവണം, അതിൽ മനസ്സു വയ്ക്കാൻ കാരണം. ഒന്നു രണ്ടുരുപുറപ്പെട്ട് വേണ്ടെന്നു വിട്ടു കളഞ്ഞതുമാണ്. ഒന്ന് സുരക്ഷ. ആ വഴിയ്ക്ക് വേണ്ടതെല്ലാം സ്വയം ഏറ്റിക്കൊണ്ടു പോകണം, സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കിയാൽ ധനവും ചിലപ്പോൾ പ്രാണനും നഷ്ടമാവും. അതു വേണ്ട എന്നു തോന്നിയതിനാലാണ്, അന്നത് വിട്ടു കളഞ്ഞത്!
അങ്ങിനെയിരിയ്ക്കെ 2018 ജനവരിയിൽ എൻ്റെ അഡ്രസ്സിൽ ഒരു മറാഠി കാറ്റലോഗ്, പൂനെയിൽ നിന്ന്, സ്വർഗ്ഗാരോഹിണി യാത്ര പ്ലാൻ ചെയ്യുന്നു താല്പര്യമുണ്ടെങ്കിൽ അറിയിക്കുക. എൻ്റെ തപാൽ വിലാസം എങ്ങിനെ അവരുടെ സംഘടനയ്ക്ക് കിട്ടിയെന്നറിയില്ല. ഏതായാലും വിളിച്ചപ്പോൾ കുഴപ്പമില്ല എന്നു തോന്നി. പണം കൊടുത്താൽ മതി. എല്ലാം അവർ ഏർപ്പാടാക്കും. ഞാനും രണ്ടു കൂട്ടുകാരികളും ബുക്കുചെയ്‌തു. ഒരുത്തി അവസാന നിമിഷം കാൻസൽ ചെയ്തു. എങ്കിലും പുറപ്പെടാൻ തന്നെ തീരുമാനിച്ചു.
അങ്ങിനെ ജൂൺ മാസത്തിൽ ഒരു നാൾ അങ്ങ് ഗ്രൂപ്പിനൊപ്പം നടപ്പു പിടിച്ചു ഏഴുദിവസം, up & Down.
ബദരീനാഥിൽ നിന്നുമാണ് യാത്ര തുടങ്ങിയത്. എല്ലായ്പ്പോഴും അവസാനം നടന്ന് ക്യാംപിലെത്തുന്ന ആൾ എന്ന (അപ)ഖ്യാതി ഞാനൊരിയ്ക്കലും ആർക്കും വിട്ടുകൊടുക്കാറില്ല.

കാൽക്കീഴിൽ ഉരുളുന്ന കല്ലുകളെ ബാലൻസ് ചെയ്യലാണ് ജീവിതം; യാത്രയും!
ബാലൻസ് ചെയ്യുന്നത്, കാലിന്നടിയിലെ കല്ലാവാം.
കല്ലിനു മുകളിലെ പാദമാവാം.
എല്ലാം ആപേക്ഷികം മാത്രം.
യാത്രാപഥം. കൽക്കെട്ടിനു താഴെ ആഴമറിയാത്ത ഹിമാനിയാവാം........

താഴെ, സതോപന്തിൽ നിന്നുൽഭവിച്ച അളകനന്ദ അലറി വിളിച്ച് ഒഴുകുന്നുണ്ട്. പലയിടങ്ങളിലും, ഒറ്റയടിപ്പാതകൾ, മണ്ണിടിഞ്ഞ് തൂർന്നു കൊണ്ടേയിരിയ്ക്കു ഇടങ്ങളുമുണ്ടിടയ്ക്ക്. പലയിടങ്ങളും വിശാലമായ താഴ് വരകൾ.

ചിത്രത്തിൽ ഒരു നേർരേയിലെ മണൽതിട്ടു പോലെ കാണുന്നതത്രയും ഏതാണ്ട് ഒന്നും രണ്ടും മീറ്റർ ക്യൂബുകളുള്ള പാറക്കല്ലുകളാണ്. ഇടിഞ്ഞുതൂരുന്ന മൺതിട്ടകളിൽ നിന്ന് തെന്നി മറിഞ്ഞു വീണ് ആ പാറക്കെട്ടുകളുടെ കൂർത്ത അറ്റങ്ങളിൽ പോയിടിച്ചാൽ, സ്വർഗ്ഗ പ്രാപ്തി അവിടെ തന്നെ!

ശരീരം മുഴുവൻ ഭസ്മം വാരിത്തേച്ച കോണകധാരികളുണ്ട് ഇടയ്ക്കിടെ. അവർ പറയുന്നത് നമുക്കു മനസ്സിലാവുമോ, നമ്മൾ പറയുന്നത് അവർക്ക് മനസ്സിലാവുമോ എന്നൊന്നുമറിയില്ല. ഏതായാലും സതോപന്ത് താലിനടുത്തുള്ള ആശ്രമത്തിലെ, ആരതിയ്ക്കും, സത്സംഗത്തിനുമൊന്നും പോയില്ല. മിക്കവാറും ഭാംഗ് അടിച്ച വീരന്മാരും കാണാനിടയുണ്ട് അവർക്കിടയിൽ.
തിരിച്ചുള്ള യാത്രയിൽ ആശ്രമത്തിൽ കയറി, ഒരു ചായ വാങ്ങിക്കുടിച്ചു. ഫ്രീ ആണ്. പഞ്ചാബിയായ ഒരു ട്രെയിനി സന്യാസിയാണ് ചായക്കാരൻ. വൃത്തിയുള്ള വസ്ത്രം ധരിച്ചിട്ടുണ്ട്. എന്തിനാണ് വീടുവിട്ടിറങ്ങിയത് എന്ന ചോദ്യത്തിന്, ആന്മാന്വേഷണമെന്ന ഉത്തരം!
ദാറ്റ്സ് ഫൈൻ!
അഞ്ഞൂറു രൂപ കൊടുത്തു ചിലവിലേയ്ക്ക്! ആത്മാന്വേഷി നിഷേധിച്ചു. നിർബ്ബന്ധമാണെങ്കിൽ മഹര്ഷി മഹാരാജിന് കാണിയ്ക്ക വയ്ക്കൂ എന്നു പറഞ്ഞു!
നാം തന്നെ ഒരു മഹാറാണിയാണ്, അതിനും മേലെ വളരെ കുറച്ചു പേർക്കേ സ്ഥാനമുള്ളൂ എന്നു പറഞ്ഞ്, പണം അയാളുടെ കയ്യിൽ പിടിപ്പിച്ചു പോന്നു!
പാവം ആത്മാന്വേഷി വേണം സാധനങ്ങൾ ചുമന്നുകൊണ്ടുവരാൻ ബദരീനാഥത്തിൽ നിന്ന്. കോവർകഴുതകൾ പോലും വരില്ല അവിടെയ്ക്ക് (ഒൻലി മനുഷ്യക്കഴുതകൾ)!

വിം സോപ്പൊക്കെയിട്ടാണ് വിദ്വാൻ പാത്രം കഴുകുന്നത്! അതും ഒഴുകിയെത്തുന്നുണ്ട് അളകനന്ദയിലേയ്ക്ക്, വളരെ ചെറിയ അളവിലെങ്കിലും!

മഹാഭാരതത്തിൽ

സ്വർഗ്ഗാരോഹിണീ പഥത്തെ കുറിച്ച്
അറിയുമായിരിയ്ക്കുമല്ലോ, യുദ്ധത്തിൽ, സഹോദര നിഗ്രഹം നടത്തി നേടിയെടുത്ത, മക്കളും, പ്രജകളും നഷ്ടപ്പെട്ട, കാശൊഴിഞ്ഞ പണപ്പെട്ടിയുടെ താക്കോലാവണം, യുദ്ധാനന്തരം പാണ്ഡവരും നേടിയിരിയ്ക്കുക!
ജീവിച്ചിരിയ്ക്കുന്നവർ, മരിച്ചവരോട് അസൂയപ്പെടുന്ന രാജ്യവും!
എല്ലാ യുദ്ധങ്ങളും വിജയികളെ കൊണ്ടു നിറുത്തുക അത്തരമൊരു മുനമ്പിലാവണം!
വിജയിയും പരാജിതനും ഏകാകിതയുടെ തണുത്ത കൊടുമുടിയിലാണ് വസിയ്ക്കുന്നത്.
ഒന്നിലേയ്ക്ക്, ആർക്കുമെത്താനാവാത്തതിനാൽ;
ഇനിയൊന്നിലേയ്ക്ക് ആരും എത്താൻ താല്പര്യപ്പെടാത്തതിനാൽ!

ജനനം മുതൽ മരണം വരെ ദുരന്ത നായകരായിരുന്നു പാണ്ഡവർ എന്നു തോന്നിയിട്ടുണ്ട്.
നടപ്പു കാലത്തിന്റെ വഴിവിട്ട അമ്മമാരുടെ (അച്ഛൻമാരുടെയും) മക്കൾക്ക് അധികാരത്തിന്റെ പുതപ്പുണ്ടെങ്കിൽ പോലും, കുത്തു/മുള്ളു വാക്കും പരിഹാസവുമായി ദുരന്തം കൂട്ടുണ്ടാവും; ആളിമാരുടെ, സുഹൃത്തുക്കളുടെ, ഒപ്പമെത്താൻ കഴിവു തികയാത്തവരുടെ....
ബാല്യകൗമാര ശേഷം സ്വന്തമായി അടയാളപ്പെടുത്താൻ യൗവ്വനത്തിൽ കിട്ടിയതോ....
ഒരു ഉസഘ; ദ്രുപത പുത്രി.
ഒരു മ്യൂച്വൽ ദുരന്തം.!!!
സഹോദര ദുരന്തം നേടിക്കൊടുത്ത വനവാസം!
അജ്ഞാതവാസ ദുരന്തം!
ഒടുവിൽ "അവകാശമായി" നേടിയയെടുക്കേണ്ട അധികാരമാകട്ടെ,
അമ്മയുടെ, ഭർത്താവിന്റെ, മുത്തശ്ശിയുടെ അച്ഛൻ, ഇരന്നും തുരന്നും വെറും ഒരു വയോവൃദ്ധന്റെ "കമ്പത്തിന്'' വിലയായി നേടിയെടുത്ത മറ്റൊരു പോരാളിയുടെ സ്വാഭാവികാധികാരവും.
പടനയിച്ച് നേടിയതാകട്ടെ, മക്കളുടേതടക്കം ബന്ധുക്കളുടെ ജീവന് വിലയായി കിട്ടിയ നിർജ്ജീവമായ രാജ്യം...
ദൈവങ്ങളുടെ ദൈവം കയ്യാളായ് കൂടെ നിന്നും, "അച്ഛൻ"ദൈവങ്ങൾ അദൃശ്യരായ് നിന്നും ഉന്തി ജയിപ്പിച്ച "ധർമ്മയുദ്ധ" പ്രോക്തമായ ആ ഐതിഹാസിക സമരത്തിലെ അധർമ്മങ്ങൾ ജയദ്രഥന്റെ ശിരസ്സായും, ദുര്യോധനന്റെ തുടയായും, ദുശ്ശാസനന്റെ ഉദരമായും ഗാഥകളിലത്രയും ഉയർന്നും, തകർന്നും പിളർന്നും കിടക്കുകയും......
ഇവയൊക്കെയായിരിയ്ക്കുമോ വരിയൊപ്പിച്ച്, വയസ്സൊപ്പിച്ച്, കഠിന പാതയിലൂടെ നടക്കവെ വിലയിരുത്തലുകളായി പാണ്ഡവരുടെ മനോമുകരത്തിലൂടെ കടന്നു പോയിരിയ്ക്കുക?
ലക്ഷ്മീ വനത്തിൽ തളർന്നുവീണകന്ന ദ്രുപദപുത്രി! സഹസ്രധാരയിൽ പൊലിഞ്ഞ നകുല സഹദേവ ദ്വന്തം!
ചക്രതീർത്ഥത്തിൽ പൊലിഞ്ഞ വില്ലാളി!
സതോപന്തം വരെ പിടിച്ചു നിന്ന ഭീമകായൻ.....
(അ)വിവേകിയും, വിദ്യാപാരംഗതനും, വയസ്സിന്റെ മൂപ്പിൽ മാത്രം എല്ലാം കയ്യടക്കിയവനുമായ യുധിഷ്ഠിരന് ഒരു നായയാൽ അനുഗതമായ, ആ സ്വർഗ്ഗാരോഹണം ഒരു കാവ്യനീതി തന്നെ.

തീർച്ചയായും മഹാഭാരത രചയിതാവായ മഹാകവി, ഈ വഴി വന്നിരിയ്ക്കണം സ്വർഗ്ഗസീമയിലേയ്ക്കെന്നവണ്ണം ഉയർന്ന് മേഘപാളികൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന കൊടുമുടികൾ,
അവയിലെ വെള്ളിക്കൽപ്പടവുകൾ പോലെ രൂപമാർന്ന പടിക്കെട്ടുകൾ, കവി, തൻ കണ്ണാൽ കണ്ടിരിയ്ക്കണം.....
ആ ഭാവനാ വിലാസം അനുപമം!

കയറ്റത്തിന്റെ കിതപ്പാറ്റി, ഇറക്കത്തിലേയ്ക്ക് കാൽ വയ്ക്കുകയായിരുന്നു.
ദൂരെ സ്വർഗ്ഗം മോഹിപ്പിച്ചു കൊണ്ടങ്ങിനെ, വെള്ളിത്തിളക്കമാർന്ന്....
പിൻവിളി പോലൊരു നോട്ടത്തിന്റെ തീക്ഷ്ണത പിൻകഴുത്തുപൊള്ളിച്ചു!
തിരിഞ്ഞു നോക്കവെ...ആരുമില്ല.
ഉണ്ട്.
നോട്ടം അറബിക്കടലിലേയ്ക്ക് പറിച്ചുനട്ടൊരാൾ!
അളകനന്ദ അറബിക്കടലിലെത്തിയോ?
"ഊം?"

"അടരുവാൻ വയ്യ, നിൻ ഹൃദയത്തിൽ നിന്നെനിയ്ക്കേതു സ്വർഗ്ഗം വിളിച്ചാലും"
സ്വർഗ്ഗാരോഹിണി (യാത്ര: റാണി ബി മേനോൻ)
Join WhatsApp News
Sudhir Panikkaveetil 2020-05-18 20:09:55
യാത്ര മഹാഭാരതത്തിലെ മഹാപ്രസ്ഥാനിക പർവ്വത്തിലേക്ക് കൂട്ടികൊണ്ടുപോയി. യാത്രയുടെ വിവരണത്തെക്കാൾ യാത്രപോയ സ്ഥലത്തിന്റെ മാഹാത്മ്യം വായനക്കാരന് കിട്ടുന്നു. പഞ്ചപാണ്ഡവന്മാർ ഓരോരുത്തരായി വീണു മരിച്ച് അവസാനം യുധിഷ്ഠരൻ സ്വർഗാരോഹണം ചെയ്ത സ്ഥലം. ഇന്ദ്രൻ തേരുമായി വന്നപ്പോൾ യുധിഷ്ടരൻ പറഞ്ഞു സഹോദരന്മാരും പത്നിയുമില്ലാത്ത സ്വർഗം അദ്ദേഹത്തിന് വേണ്ടെന്നു. എഴുത്തുകാരിയും പറയുന്നു: അടരുവാൻ വയ്യ, നിൻ ഹൃദയത്തിൽ നിന്നെനിക്ക് ഏതു സ്വർഗം വിളിച്ചാലും. വായന പുരാണങ്ങളുടെ പുണ്യങ്ങളിലേക്ക് ഒരു മാത്ര വെറുതെ കൊണ്ടുപോയി.
നാരയണ പ്രസാദ് 2020-05-31 20:41:56
അലഞ്ഞു തിരിയുന്ന മോക്ഷം കിട്ടാത്ത ആത്മാക്കളെ ആരെയെങ്കിലും കണ്ടുമുട്ടിയിരുന്നോ വഴിയിൽ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക