Image

ഡൈവ് ഇന്നുകളോട് വീണ്ടും പ്രിയം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 May, 2020
ഡൈവ് ഇന്നുകളോട് വീണ്ടും പ്രിയം (ഏബ്രഹാം തോമസ്)
കോവിഡ്-19 മൂലം ഏര്‍പ്പെടുത്തിയ സ്റ്റേ അറ്റ് ഹോം ഓര്‍ഡറിന്റെ കാലാവധി ടെക്‌സസില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചു. എന്നാല്‍ സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗ് ഇളവുകളോടെ തുടരുന്നതിനാല്‍ തിയേറ്ററുകളില്‍ പഴയതുപോലെ പോയിരുന്ന് ചിത്രം കാണാനാവില്ല, ഒരു വിനോദോപാധിയായ സിനിമ കാണല്‍ മാറ്റിവയ്ക്കാനും പലരും തയ്യാറല്ല. തൊള്ളായിരത്തി അന്‍പതുകളില്‍ ഡ്രൈവ് ഇന്‍ തിയേറ്ററുകള്‍ ഹരമായിരുന്നു. ഡ്രൈവ്് ഇന്നുകളില്‍ സിനിമകള്‍ കാണുന്നത് വര്‍ധിച്ചുവരുന്ന ഒരു പ്രവണതയായി ടെക്‌സസില്‍ മാറിയിരിക്കുകയാണ്.
ഡ്രൈവ് ഇന്നില്‍ അകലം പാലിച്ച് പാര്‍ക്ക് ചെയ്ത കാറുകളില്‍ ഇരുന്നാണ് സിനിമ കാണുന്നത്. സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗ് പാലിച്ചില്ല എന്ന് പരാതി ഉണ്ടാവില്ല. ഡാലസിനടുത്ത് നോര്‍ത്ത് വെസ്‌ററ് ഹൈവേയില്‍ ജോണ്‍ കെല്ലര്‍ക്ക് രണ്ട് ഡ്രൈവ് ഇന് തിയേറ്ററുകള്‍ ഉണ്ട്. വളരെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ രണ്ട് മാസങ്ങളായി രണ്ട് ഡ്രൈവ് ഇന്നുകളും 80% നിറഞ്ഞ സദസിലാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നതെന്ന് കെല്ലര്‍ പറയുന്നു. ഇവയോട് ചേര്‍ന്ന് ഡ്രൈവ് ഇന്‍ ബെര്‍ഗര്‍ റെസ്‌റ്റോറന്റുകളുണ്ട്. ഇവ ആവശ്യ വ്യവസായ സ്ഥാപനങ്ങളായതിനാല്‍ ലോക്ക്ഡൗണ്‍ ബാധകമായിരുന്നില്ല.

ഇത് തന്റെ വ്യവസായത്തിന് അനുയോജ്യമായി മാറിയതായി കെല്ലര്‍ പറഞ്ഞു. കെല്ലറിനെ പരിചയപ്പെടാതെ വളര്‍ന്നു വന്ന പുതിയ തലമുറയ്ക്ക് ഇത് പുതിയ അനുഭവമാണ്, കെല്ലര്‍ കൂട്ടിച്ചേര്‍ത്തു. സിനിമ കാണാനല്ലെങ്കിലും ബര്‍ഗറുകളും ഹോട്ട്‌ഡോഗുകളും ഷേക്കുകളും കഴിക്കാന്‍ എത്തുന്നവരുമുണ്ട്. എറിന്‍ മൊലിന തന്റെ കുട്ടികളോടും സുഹൃത്ത് ലോഗന്‍ വില്യംസിനോടും അവന്റെ സഹോദരനോടും ഒപ്പം എത്തിയത് റാം 1500 ലാണ്. വാഹനത്തിലിരുന്ന് അവര്‍ ചോക്‌ളേറ്റും വനിലയും സ്‌ട്രോബെറി ഷെയ്ക്കും ബര്‍ഗറും ആസ്വദിച്ച് കഴിച്ചു. മൊലിന  ആദ്യമായാണ് കെല്ലറില്‍ എത്തിയത്. ഒരു റെസ്‌റ്റോറന്റില്‍ ഇരുന്ന് ആഹാരം കഴിക്കുന്നതിനെക്കാള്‍ സുഖകരമായിരുന്ന കെല്ലറിലെ അന്തരീക്ഷം എന്നവര്‍ പറഞ്ഞു. വീട്ടില്‍ പാടിയോയില്‍ ഇരുന്ന് ആഹാരം കഴിക്കുന്നതിന്റെ പതിന്മടങ്ങ് വ്യത്യസ്തമായ അനുഭവം വളരെ നാളുകള്‍ക്ക് ശേഷം അവര്‍ക്ക് ഉണ്ടായതായും പറഞ്ഞു.

തന്റെ ചുവന്ന നിറമുള്ള ജീപ്പ് റാംഗളറിലിരുന്ന് റേ പെന ഭക്ഷണം ആസ്വദിച്ചു. താന്‍ പതിവായി കെല്ലേഴ്‌സില്‍  വരാറുണ്ടെന്ന് പെന പറഞ്ഞു. തന്റെ വാഹനത്തിലിരുന്ന് ആരും ശല്യപ്പെടുത്താതെ ഭക്ഷണം കഴിക്കുക തനിക്ക് ഏറെ പ്രിയമാണെന്നും കൂട്ടിച്ചേര്‍ത്തു. റെസ്റ്റോറന്റുകള്‍ ഡൈന്‍ ഇന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ ബിസിനസ് 15% കുറഞ്ഞതായി കെല്ലര്‍ പറഞ്ഞു.

ഡാലസ് ഡൗണ്‍ ടൗണില്‍ നിന്ന് 30 മൈല്‍ തെക്കോട്ടു മാറി എന്നിസ് നഗരത്തിലെ ഗ്യാലക്‌സി ഡ്രൈവ് ഇന്‍ തിയേറ്ററും ഇപ്പോള്‍ കൂടുതല്‍ ബിസിനസ് ചെയ്യുന്നു. മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഹൈവേ 45 ന്റെ സര്‍വീസ് റോഡില്‍ ഡ്രൈവ് ഇന്നിലേയ്ക്ക് കടക്കാന്‍ കാത്തുനില്‍്ക്കുന്ന വാഹനങ്ങളുടെ നിര കാണാം. ഇടയ്ക്ക് ഒരു കണ്‍ട്രി ഗായികയും സിനിമ കാണാന്‍ ഇവിടെ എത്തിയത് വാര്‍ത്തയായി.
ഗ്യാലക്‌സിയില്‍ സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണ, പാനീയങ്ങള്‍ വാങ്ങാന്‍ ലഭ്യമല്ല. ഇവ വീട്ടില്‍ നിന്ന് കൊണ്ടു വരണം. തികച്ചും അത്യാവശ്യമാണെങ്കില്‍ മാത്രമേ റെസ്റ്റ് റൂമുകള്‍ ഉപയോഗിക്കാന്‍ കഴിയൂ. പുതിയ, അത്ര നല്ല ചിത്രങ്ങള്‍ അല്ല ഡ്രൈവ് ഇന്നുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദ ഇന്‍വിസിബിള്‍മാന്‍ കണ്ടറെനേസേറും ഫാന്റസി ഐലന്റ് കണ്ട കെന്‍ഡല്‍ ഫാല്‍ക്കണും ചിത്രങ്ങളുടെ നിലവാരം തങ്ങള്‍ സാരമാക്കിയില്ലെന്ന് പറഞ്ഞു.

സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗ് തുടരുമ്പോള്‍ കൂടുതല്‍ വ്യവസായങ്ങളും സ്ഥാപനങ്ങളും ഡ്രൈവ് ഇന്‍ സേവനങ്ങളിലേയ്ക്ക് നീങ്ങുകയാണ്. ടെക്‌സസ് റേഞ്ചേഴ്‌സ് ജൂണില്‍ ഗ്ലോബ് ലൈഫ് ഫീല്‍ഡില്‍ ലൈവ് ഷോകളുടെ പരമ്പര നടത്തുകയാണ്. 800 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 400 വാഹനങ്ങളിലിരുന്ന് പ്രകടനങ്ങള്‍ എഫ് എം റിസീവറുകളിലൂടെ ആസ്വദിക്കാം. ഭക്ഷണ പാനീയങ്ങള്‍ വീടുകളില്‍ നിന്ന് കൊണ്ടുവരണം.
ചില ആരാധനാലയങ്ങള്‍ ഡ്രൈവ് ഇന്‍ മോഡലുകളിലേയ്ക്ക് മാറിയിട്ടുണ്ട്. വാക്‌സാഹാചി ബൈബിള്‍ ചര്‍ച്ച് ഏപ്രില്‍ മുതല്‍ ഡ്രൈവ് ഇന്‍ വര്‍ഷിപ്പ് സര്‍വീസ് നടത്തുന്നു. എന്നാല്‍ ഡൈവ് ഇന് സേവനങ്ങളുടെ പ്രധാനപ്രശ്‌നം ആവശ്യമായ വിസ്തീര്‍ണ്ണത്തില്‍ സ്ഥലം കണ്ടെത്തുകയാണെന്ന് കെല്ലര്‍ പറഞ്ഞു. ഡാലസില്‍ ഇപ്പോള്‍ സ്ഥലം കിട്ടുക പ്രയാസമാണ്. 1950 തന്റെ മാതാപിതാക്കള്‍ ബിസിനസ് ആരംഭിച്ച അവസ്ഥയല്ല ഇപ്പോള്‍, കെല്ലര്‍ കൂട്ടിച്ചേര്‍ത്തു.

ഡൈവ് ഇന്നുകളോട് വീണ്ടും പ്രിയം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക