Image

ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാഹകരോ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 18 May, 2020
ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാഹകരോ? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കോവിഡ് ഡ്യൂട്ടിയില്‍ ഉള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലോകത്തുടനീളം ഭുരനുഭവം നേരിടുന്ന വാര്‍ത്തകള്‍ നാം വായിക്കാറുണ്ട്. അമേരിക്കയില്‍ ആയാലും ഇന്ത്യയില്‍ ആയാലും സ്ഥിതി വ്യത്യസ്ഥമല്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷിതത്വവും, ആദരവും നല്‍കേണ്ടത് സമൂഹത്തിന്റെ കടമയല്ലേ?

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയായ ഡോക്ടര്‍ക്ക് ഉണ്ടായ അനുഭവം കോവിഡ് രോഗികളെ ചികില്‍സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന ചില അനുഭവങ്ങയില്‍ ഒന്ന് മാത്രം.

രോഗികളെ ജീവന്‍ പണയം വെച്ച് ചികില്‍സിച്ച ശേഷം രോഗബാധിതയായ ഡോക്ടര്‍, കോവിഡിനെ അതിജീവിച്ചു തിരികെ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ഹൃദയം പിടയും ദുരനുഭവം ഉണ്ടായത്. കോവിഡ് ഭേദമായി വിശ്രമിക്കാനായി ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള ഫ്‌ളാറ്റില്‍ മടങ്ങി എത്തിയപ്പോള്‍ അവിടെനിന്നും മടങ്ങണമെന്ന് അയല്‍വാസിയുടെ ഭീഷണി. തുടര്‍ന്ന് അവരെ ഫ്‌ളാറ്റില്‍ പൂട്ടിയിടുകയും കൊറോണ പരത്താന്‍ ഇറങ്ങി തിരിച്ചതാണ് എന്ന തരത്തില്‍ ശകാരവര്‍ഷം ചൊരിയുകയും ചെയ്തു

ഇതുപോലെ ഒരു അനുഭവം തമിഴ്‌നാട്ടിലും സംഭവിച്ചിരുന്നു. 55-0 വയസ്സില്‍ കോവിഡ് വന്ന് മരണപ്പെട്ട ന്യൂറോ സര്‍ജന്‍ ഡോ. സൈമണിന് ഉണ്ടായ ദുരനുഭവം. അദ്ദേഹത്തെ സംസ്‌കരിക്കുന്നതിനായി ചെന്നൈ കോര്‍പറേഷന്റെ ശ്മശാനത്തിലേക്ക് പോയത് അടുത്ത ബന്ധുക്കള്‍ ആയ പത്തില്‍ താഴെ ആളുകള്‍ മാത്രമാണ്. അവിടെ ഇരുനൂറോളം പേര്‍ തടിച്ചുകൂടി കോവിഡ് കൊണ്ട് മരണപ്പെട്ട ആളിനെ അടക്കുന്നതിനെതിരെ പ്രതിഷേധിച്ചു. തുടര്‍ന്ന് അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് കൊണ്ട് പോയി.

അവിടെയും സ്ഥിതി ഭിന്നമായിരുന്നില്ല. ആളുകള്‍ തടിച്ചു കൂടുകയും ബോഡിയുമായി ചെന്നവരെ കല്ലെറിഞ്ഞു ഓടിക്കുകയുമുണ്ടായി. ജീവനും കൊണ്ട് രക്ഷപെട്ട അവര്‍ തിരിച്ചു പോലീസ് കാവലോടെ വന്നപ്പോള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കരളലിയിക്കുന്നതായിരുന്നു.

ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയാണ് എന്ന് വിചാരിക്കരുത്, അമേരിക്കയിലും സ്ഥിതി ഭിന്നമല്ല.

അമേരിക്കയിലെ ആശുപത്രി ജീവനക്കാര്‍ മിക്കവാറും യൂണിഫോം ധരിച്ചാണ് ജോലിക്ക് പോകാറുള്ളത്. ജോലി സമയത്തു മിക്കവാറും ആഹാരം ഒന്നും കഴിക്കാന്‍ സമയം കിട്ടാറില്ല. ജോലിക്ക് ശേഷം എന്തെങ്കിലും ഒന്ന് വാങ്ങി കഴിക്കാമെന്ന് വിചാരിച്ചു വരുന്ന വഴിയില്‍ ഏതെങ്കിലും കടയില്‍ ചെന്നാല്‍ കൊറോണ വാഹകരാണ് എന്ന തരത്തില്‍ പല കമന്റുകളും കേള്‍ക്കാറുണ്ട്. യൂണിഫോമില്‍ കടയില്‍ പ്രവേശനം ഇല്ല എന്നുവരെ പല കടക്കാരും പറയാറുമുണ്ട്. പലരും യൂണിഫോമില്‍ പോയവരെ ആക്രമിക്കുക വരെ ചെതിട്ടുണ്ട്. അവര്‍ ധരിക്കുന്ന യൂണിഫോമുകളില്‍ വൈറസ്സ് ഉണ്ട് എന്നാണ് പലരും വിചാരിക്കുന്നത്.

ഐസലേഷന്‍ വാര്‍ഡില്‍ ജോലിചെയ്യുന്ന മിക്ക ജീവനക്കാരും വീട്ടില്‍ നിന്നും കൊണ്ടുപോകുന്ന യൂണിഫോം ആശുപത്രിയില്‍ മാറുകയും അവിടെനിന്നും ലഭിക്കുന്ന യൂണിഫോം ധരിച്ചാണ് ജോലിചെയ്യുന്നതും. ജോലിക്ക് ശേഷം യൂണിഫോം അവിടെ തന്നെ ഊരിയിട്ടശേഷം അവര്‍ വീട്ടില്‍നിന്നും കൊണ്ടുപോകുന്ന യൂണിഫോം ആണ് തിരികെ കൊണ്ടുപോരുന്നത്. ഇതൊന്നും അറിയതെ മറ്റുള്ളവര്‍ വിചാരിക്കുന്നത് രോഗികളെ ശുശ്രുഷിക്കുന്ന അതെ യൂണിഫോം ആയാണ് ഇവര്‍ പുറത്തേക്ക് വരുന്നതെന്ന്.

നമ്മള്‍ ദൈവങ്ങള്‍ എന്നും മലാഖമാരെന്നും ഒക്കെ വാഴ്ത്തുന്ന അവര്‍ക്ക് തന്നെയാണ് ഈ ദുരനുഭവങ്ങളും ഉണ്ടാകുന്നത്.

ലോകം മുഴുവന്‍ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തില്‍ ഇതില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് ആശുപത്രി ജീവനക്കാരാണ്. ജീവന്‍ പോലും പണയവെച്ചു ജോലിക്കു പോകുന്ന ഇവര്‍ക്ക് ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ വെള്ളം പോലും കുടിക്കാന്‍ സമയം കിട്ടാറില്ല. നേരത്തെ ഉള്ളതിനേക്കാള്‍ പകുതി സ്റ്റാഫും ഇരട്ടി രോഗികളുമാണ്. രാവും പകലും വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയം വച്ച് രോഗികളെ പരിചരിക്കുന്ന ഇവര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ കൂടെ പ്രശ്‌നമല്ലേ?

തീയിലേക്ക് പറന്നുവീണു എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെ പോലെ കൊറോണ എന്ന മഹാമാരിയിലേക്ക് വിണൊടുങ്ങാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും നമുക്ക് വേണ്ടി പൊരുതുന്ന നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചിലപ്പോള്‍ കിട്ടുന്ന പ്രതിഫലമാണ് ഇത്. ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരിക്കാം. പക്ഷേ യൂണിഫോം ധരിച്ചു പോകുബോള്‍ അവരുടെ സേഫ്റ്റി ഇന്ന് ഒരു പ്രശ്‌നമാണ്.
Join WhatsApp News
പാവം ഒരു നേഴ്‌സ് 2020-05-18 22:46:22
മാലാഖാമാരും ദേവന്മാരും ചെകുത്താന്മാരോ ? എത്ര പെട്ടെന്ന് പെട്ടെന്നാണ് അഭിപ്രായം മാറുന്നത്! ഇനി മാസ്ക്ക് മാത്രമല്ല ദേഹത്ത് ഒരു പറുത ഇട്ടുകൊണ്ടായിരിക്കും ഹോസ്പിറ്റലിൽ പോകുന്നത് . അല്ലെങ്കിൽ നിങ്ങളെപോലുള്ളവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ആർക്കറിയാം? 'മാളിക മുകളേറുന്ന മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ " നേഴ്‌സ്മാരെ മാലാഖ ആക്കുന്നതും ചെകുത്താനാകുന്നതും നിങ്ങൾ തന്നെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക