Image

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന, ആശങ്ക കൂടുന്നു

Published on 18 May, 2020
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന, ആശങ്ക കൂടുന്നു


കുവൈത്ത് സിറ്റി : കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ വര്‍ധന. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എണ്ണൂറിനു മേലെ വൈറസ് ബാധിതരാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യം പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും അണുബാധിതരുടെ ഏണ്ണം കൂടുന്നത് കടുത്ത ആശങ്കയാണ് ഉളവാക്കുന്നത്. ഇന്ന് മാത്രം 1048 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. അതിനിടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നത് നേരിയ ആശ്വാസമാകുന്നുണ്ട്. 250 പേര്‍ക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 4093 ആയി.രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10645 ആണ്. ഇതില്‍ 168 പേരുടെ നില ഗുരുതരമാണ്. ഇന്ന് 10 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 112 ആയി. 244,476 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

പൂര്‍ണ കര്‍ഫ്യൂവില്‍ രണ്ടുമണിക്കൂര്‍ ഇളവ് നല്‍കിയത് പലരും ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാതെ ആരോഗ്യ വകുപ്പിന്റെ എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും ലംഘിച്ചാണ് ആളുകള്‍ കൂട്ടമായി റോഡിലേക്ക് ഇറങ്ങുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇത്തരം സമ്പര്‍ക്കങ്ങള്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പൂര്‍ണകര്‍ഫ്യൂ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷവും അണുബാധയുടെ തോത് വര്‍ദ്ധിക്കുകയാണ്. വൈറസ് പടരാതിരിക്കാന്‍ അധികാരികള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയരുന്നുണ്ട് . ഇപ്പോയത്തെ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുത്തില്ലെങ്കില്‍ രാജ്യത്തെ ആരോഗ്യ വ്യവസ്ഥയെ ബാധിക്കുമെന്നും അതോടപ്പം കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വീകരിച്ച എല്ലാ നടപടികളും അര്‍ത്ഥശൂന്യമാകുമെന്നും ചില ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങളായി മരുന്നുകള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ കിട്ടാത്ത അവസ്ഥയാനുള്ളത്.വ്യോമ ഗതാഗതം മുടങ്ങിയത് കാരണം നാട്ടില്‍ നിന്നും മരുന്ന് കൊണ്ടുവരുവാന്‍ സാധിക്കുന്നില്ല. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് കൂടുതല്‍ പ്രയാസത്തിലായിരിക്കുന്നത്. വര്‍ഷങ്ങളായി കഴിക്കുന്ന മരുന്നുകള്‍ മുടങ്ങു ന്നത് നൂറ് കണക്കിനു ആളുകളുടെ ആരോഗ്യസ്ഥിതി വഷളാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ വന്ദേ ഭാരത് മിഷനുമായി ഉയര്‍ന്ന് വന്ന വിവാദങ്ങളും പ്രവാസിക്കിടയില്‍ നിരാശക്ക് കാരണമായിട്ടുണ്ട്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ പുറത്ത് നില്‍ക്കേ വിമാന യാത്രയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്ന സാഹചര്യം ശക്തമായ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

അതിനിടെ ഇന്ത്യക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം കൂടുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്ക ത്തന്നെയാണ് സൃഷ്ടിക്കുന്നത്. നിരവധി സാധാരണക്കാരായ പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ മഹാമാരി പിടിപെടുന്നവരുടെ എണ്ണം കൂടിവരികയും അസംഖ്യം പേര്‍ സമ്പര്‍ക്ക സാധ്യതാ ഭീഷണിയിലാവുകയും ചെയ്തതായും രോഗവ്യാപനത്തെക്കുറിച്ച ജാഗ്രതയില്ലായ്മയും സ്ഥിതി കൂടുതല്‍ ഭീതിതമാക്കിയിട്ടുണ്ട്. ബാച്ചിലേഴ്സ് താമസകേന്ദ്രങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, സമ്പര്‍ക്ക സാധ്യതയുള്ളവരെ പരിശോധിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തയും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ ലഭ്യമാകില്ലെന്ന പരാതിയും വ്യാപകമാണ്. ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസ്സി അടിയന്തരമായി ഇടപടണമെന്ന് പല സാമൂഹ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ബാസിയ, മഹബുള്ള തുടങ്ങിയ മലയാളികള്‍ ഏറെ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ കോവിഡ് പ്രോട്ടൊകോള്‍ പാലിക്കുന്നതില്‍ പ്രവാസികള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. കോവിഡിനെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഭയാനകമായ വിപത്തായിരിക്കും നമ്മേ കാത്തിരിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക